ഫ്രാന്‍സീസ് പാപ്പാ ജപ്പാനിലെ നാഗസാക്കി നഗരത്തില്‍, "ബേസ്ബോള്‍" സ്റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണത്തിനെത്തുന്നു, 24/11/19 ഞായര്‍ ഫ്രാന്‍സീസ് പാപ്പാ ജപ്പാനിലെ നാഗസാക്കി നഗരത്തില്‍, "ബേസ്ബോള്‍" സ്റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണത്തിനെത്തുന്നു, 24/11/19 ഞായര്‍ 

ക്രുശിതന്‍റെ "വക്താവായി" മാറുന്ന "നല്ല കള്ളന്‍"

ഫ്രാന്‍സീസ് പാപ്പാ, ജപ്പാനിലെ അണുബോംബു ദുരന്ത നഗരങ്ങളില്‍ ഒന്നായ, നാഗസാക്കിയിലെ "ബേസ്ബോള്‍" സ്റ്റേഡിയത്തില്‍ ഞായറാഴ്ച (24/11/19) ക്രിസ്തുരാജന്‍റെ തിരുന്നാള്‍ക്കുര്‍ബ്ബാന അര്‍പ്പിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജപ്പാനിലെ തന്‍റെ ഇടയസന്ദര്‍ശനത്തിന്‍റെ രണ്ടാം ദിനമായിരുന്ന ഞായറാഴ്ച (24/11/19) വൈകുന്നേരം ഫ്രാന്‍സീസ് പാപ്പാ,  നാഗസാക്കിയിലെ "ബേസ്ബോള്‍ " സ്റ്റേഡിയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഈ വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പാപ്പാ പങ്കുവച്ച ചിന്തകളില്‍ നിന്ന്:

ലൂക്കായുടെ സുവിശേഷം ഇരുപത്തിമൂന്നാം അദ്ധ്യായത്തില്‍ അവതരിപ്പിച്ചിരിക്കുന്ന സംഭവം, അതായത്, കാല്‍വരിയില്‍ യേശുവിന്‍റെ ഇടത്തും വലത്തുമായി ക്രൂശിക്കപ്പെട്ട രണ്ടു കള്ളന്മാരില്‍ ഒരുവന്‍ അനുതപിക്കുന്നതും അവന് യേശുനാഥന്‍ പറുദീസാ വാഗ്ദാനം ചെയ്യുന്നതുമായ സംഭവം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

“യേശുവേ, നീ നിന്‍റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ”, പശ്ചാത്തപിച്ച കുറ്റവാളിയുടെ ഈ വാക്കുകള്‍, ലൂക്കായുടെ സുവിശേഷം ഇരുപത്തിമൂന്നാം അദ്ധ്യായം നാല്പത്തിരാണ്ടാം വാക്യം, ഉദ്ധരിച്ചുകൊണ്ട് തന്‍റെ വചനസമീക്ഷ ആരംഭിച്ച ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം തുടര്‍ന്നു.

ക്രൂശിതനു വേണ്ടി സ്വരമുയര്‍ത്തിയ കുരിശിലേറ്റപ്പെട്ട കള്ളന്‍

ആരാധനാക്രമവത്സരത്തിലെ അവസാനത്തെതായ ഈ ഞായറാഴ്ച (24/11/19) നമ്മുടെ, സ്വരവും യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടവനും അവിടത്തെ തിരിച്ചറിയുകയും, രാജാവായി അംഗീകരിക്കുകയും ചെയ്തവനുമായ ആ കുറ്റവാളിയുടേതിനോടൊന്നു ചേര്‍ക്കാം. അവിടെ, വിജയത്തിന്‍റെയും ആനന്ദത്തിന്‍റെയും പ്രഭയില്ലാത്ത ഒരു വേളയില്‍, നിന്ദനത്തിന്‍റെയും അപമാനത്തിന്‍റെയും അട്ടഹാസത്തിന്‍റെ അവസരത്തില്‍, ആ കുറ്റവാളിക്ക് സ്വരമുയര്‍ത്താനും സ്വന്തം വിശ്വാസം ഏറ്റുപറയാനും സാധിച്ചു. യേശു ശ്രവിച്ച അവസാന വാക്കുകളായിരുന്നു അത്. പിതാവിന്‍റെ കരങ്ങളില്‍ തന്നെത്തന്നെ സമര്‍പ്പിക്കുന്നതിനു മുമ്പ് യേശു അവസാനമായി ഉച്ചരിക്കുന്ന വാക്കുകള്‍ ഇവയാണ്: “സത്യമായി ഞാന്‍ നിന്നോടു പറയുന്നു: നീ ഇന്ന് എന്നോടു കൂടെ പറൂദീസയില്‍ ആയിരിക്കും” (ലൂക്കാ 23,43). ആ കള്ളന്‍റെ സങ്കീര്‍ണ്ണമായിരുന്ന ജീവിതത്തിന് ഒരു നിമിഷം നൂതനമായ ഒരര്‍ത്ഥം കൈവരുന്നു. ക്രിസ്തുവിന്‍റെ  സഹനങ്ങളെ അവന്‍ അടുത്തു പിന്‍ചെല്ലുന്നതായി തോന്നുന്നു. എവിടെയും രക്ഷ പ്രദാനം ചെയ്യുകയെന്ന യേശുവിന്‍റെ ജീവിതത്തിന് സ്ഥിരീകരണം നല്കുകയല്ലാതെ മറ്റൊന്നുമല്ല അവന്‍ ആ സമയത്ത് ചെയ്യുന്നത്.

പ്രത്യാശാദായക പദം : കാല്‍വരി

ഭീകരതയുടെയും അനീതിയുടെയും ഇടമായി മാറിയ കാല്‍വരി, നിസ്സഹായതയോടും തെറ്റിദ്ധാരണയോടുമൊപ്പം നിരപരാധിയായ ഒരുവന്‍റെ  മരണത്തിനു മുന്നില്‍ നിസ്സംഗരായവരുടെ പരിഹാസവും അധിക്ഷേപവും നിറഞ്ഞ വാക്കുകളും പ്രബലമായ ഇടമായ കാല്‍വരി, നല്ല കള്ളന്‍റെ മനോഭാവത്താല്‍, നരകുലത്തിനു മുഴുവന്‍ പ്രത്യാശ പകരുന്ന ഒരു പദമായി മാറുന്നു. വ്യഥ അനുഭവിക്കുന്ന ഒരു നിരപരാധിക്കു മുന്നില്‍ ഉയര്‍ന്ന “ നീ നിന്നെത്തന്നെ രക്ഷിക്കൂ” എന്ന പരിഹാസ്യമായ അലര്‍ച്ച ഇനി അവസാന വാക്കല്ല; മറിച്ച് ഹൃദയത്തെ തൊടാന്‍ അനുവദിക്കുന്നവരുടെയും ചരിത്രം കെട്ടിപ്പടുക്കുന്നതിന് കാരുണ്യം തിരഞ്ഞെടുക്കുന്നവരുടെയും പ്രതികരണം ഉളവാക്കും.

നമ്മുടെ പരിമിതികള്‍ക്കും പരാജയങ്ങള്‍ക്കുമല്ല അന്ത്യവാക്ക്

ഇവിടെ ഇന്ന് നാം നമ്മുടെ വിശ്വാസവും നമ്മുടെ കടമകളും നവീകരിക്കാന്‍ ആഗ്രിഹിക്കുന്നു. നല്ല കള്ളനെപ്പോലെ നമുക്കും നമ്മുടെ ചരിത്രത്തിലുണ്ടായിട്ടുള്ള പരാജയങ്ങളും പാപങ്ങളും പരിമിതികളും നല്ലവണ്ണം അറിയാം. എന്നാല്‍ അവയെ നമ്മുടെ വര്‍ത്തമാന-ഭാവി കാലങ്ങള്‍ക്ക് രൂപമേകാന്‍ നാം അനുവദിക്കില്ല.

ക്രിസ്തു നമ്മുടെ പ്രത്യാശ

നമ്മുടെ വിശ്വാസം ജീവനുള്ള ദൈവത്തിലാണ്. ക്രിസ്തു ജീവിക്കുന്നു. നമ്മുടെ മദ്ധ്യേ പ്രവര്‍ത്തനനിരതനായിരിക്കുന്നു, ജീവന്‍റെ പൂര്‍ണ്ണതയിലേക്ക് നമ്മെ നയിക്കുന്നു. അവിടന്ന് ജീവിക്കുന്നു, നാം ജീവനുള്ളവരായിരിക്കണമെന്ന് അവിടന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ക്രിസ്തുവാണ് നമ്മുടെ പ്രത്യാശ.

സുധീര വിശ്വാസ പ്രഖ്യാപനം

അന്ന് കാല്‍വരിയില്‍ അനേകര്‍ നിശബ്ദരായിരുന്നു, മറ്റനേകര്‍ പരിഹാസത്തോടെ അട്ടഹസിച്ചു. എന്നാല്‍, പീഡയനുഭവിക്കുന്ന നിരപരാധിക്കുവേണ്ടി സ്വരമുയര്‍ത്തിയത് ആ കള്ളന്‍ മാത്രമാണ്. ധീരമായ ഒരു വിശ്വാസപ്രഖ്യാപനമായിരുന്നു അത്. നമുക്കും ആ അവസരം നല്കപ്പെട്ടിരിക്കുന്നു. മൗനം പാലിക്കണോ പരിഹസിക്കണോ പ്രവചിക്കണോ എന്നു തീരുമാനിക്കേണ്ടത് നാം ഓരോരുത്തരുമാണ്. പ്രിയ സഹോദരങ്ങളേ, ഭേദമാക്കാന്‍ പ്രയാസമായ മുറിവു നാഗസാക്കി സ്വന്തം ആത്മാവില്‍ പേറുന്നു. നിരപരാധികളായ അനേകരുടെ വാചാതീതസഹനത്തിന്‍റെ    അടയാളമാണത്. ഗതകാലയുദ്ധങ്ങള്‍ക്ക് ഇരകളായവരുടെ സഹനത്തിന്‍റെ അടയാളം. എന്നാല്‍ ഇന്ന് അനേകര്‍ നുറുങ്ങു നുറുങ്ങു മൂന്നാം ലോകയുദ്ധങ്ങളാല്‍ യാതനകള്‍ അനുഭവിക്കുന്നുണ്ട്. ഇന്നും ഈ പാപത്തിന്‍റെ ഫലമായി ശാരീരികമായി യാതനകള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ട് നമുക്കു ഏകയോഗമായി സ്വരമുയര്‍ത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം. മൗനം പാലിക്കുകയും പരിഹസിക്കുകയും ചെയ്യാതെ സത്യത്തിന്‍റെയും നീതിയുടെയും വിശുദ്ധിയുടെയും കൃപയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും രാജ്യത്തിന് പ്രവാചകസാക്ഷ്യം വഹിക്കാന്‍ "നല്ലകള്ളനെ"പ്പോലുള്ള നിരവധിയാളുകള്‍ ഉണ്ടാകട്ടെ.

                                                                      ...........

തന്‍റെ മുപ്പത്തിരണ്ടാമത്തെ വിദേശ അജപാലന സന്ദര്‍ശത്തിലെ രണ്ടാമത്തെ രാജ്യമായ ജപ്പാനില്‍ ശനിയാഴ്ച (23/11/19) ആണ് പാപ്പാ എത്തിയത്. പാപ്പായുടെ ഈ സന്ദര്‍ശനം ചൊവ്വാഴ്ച (26/11/19) സമാപിക്കും. ഈ അപ്പസ്തോലിക പര്യടനത്തിന്‍റെ പ്രഥമ വേദി തായ്‌ലന്‍റ് ആയിരുന്നു. പത്തൊമ്പതാം തീയതി (19/11/19) ചൊവ്വാഴ്ച വൈകുന്നേരം റോമില്‍ നിന്നു പുറപ്പെട്ട പാപ്പാ ബുധനാഴ്ച (20/11/19) ഉച്ചയോടെ തായ്‌ലന്‍റില്‍ എത്തി. ഇരുപത്തിമൂന്നു വരെ പാപ്പാ തായ്‌ലന്‍റില്‍ ഉണ്ടായിരുന്നു.    

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2019, 07:44