2019.11.27  Affresco del Presepe di Greccio 2019.11.27 Affresco del Presepe di Greccio 

ആദ്യ “ക്രിബ്ബി”ല്‍ പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ഫ്രാന്‍സിസ് വീണ്ടും

ഡിസംബര്‍ 1, ഞായറാഴ്ച പ്രദേശിക സമയം വൈകുന്നേരം 4-ന് ഗ്രേച്യോയിലെ‍ തിരുപ്പിറവിയുടെ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കും.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഗ്രേച്യോയിലേയ്ക്ക്  ഒരു തീര്‍ത്ഥാടനം
നവംബര്‍ 27, ബുധനാഴ്ച വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് റോമിന്‍റെ വടക്കു കിഴക്കന്‍ പട്ടണമായ ഗ്രേച്യോയിലെ തിരുപ്പിറവിയുടെ തീര്‍ത്ഥാടനകേന്ദ്ര സന്ദര്‍ശനത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തിയത്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് നിര്‍മ്മിച്ച ആദ്യപുല്‍ക്കൂടിന്‍റെ ചരിത്രസ്ഥാനത്ത് ഡിസംബര്‍ 1-Ɔο തിയതി, ഞായറാഴ്ച താന്‍ പ്രാര്‍ത്ഥിക്കുവാന്‍ പോവുകയാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

2. പുല്‍ക്കൂടിന്‍റെ അര്‍ത്ഥം വിവരിക്കുന്ന
അപ്പസ്തോലിക ലേഖനം 

അവിടെവച്ച് പൂല്‍ക്കൂടിന്‍റെ യഥാര്‍ത്ഥമായ അര്‍ത്ഥം എന്താണെന്ന് ലോകത്തെ അറിയിക്കുന്ന ഒരു കത്ത് പ്രസിദ്ധപ്പെടുത്തുമെന്നും പാപ്പാ അറിയിച്ചു. ഞായറാഴ്ച പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 4-മണിക്ക് പാപ്പാ ഗ്രേച്യോയില്‍ എത്തിച്ചേരും.  സന്ദര്‍ശനത്തെക്കുറിച്ച് വത്തിക്കാനില്‍വച്ച് പാപ്പാ തന്നെ പൊതുകൂടിക്കാഴ്ചാ വേദിയില്‍ ജനങ്ങളെ അറിയിച്ചതുകൊണ്ട്, വാര്‍ത്ത മാധ്യമങ്ങളിലൂടെ ഇറ്റലിയില്‍ മാത്രമല്ല, ലോകത്തിന്‍റെ നാനാഭാഗത്തും എത്തിയിട്ടുള്ളതിനാല്‍ ഗ്രേച്യോയിലേയ്ക്ക് ഒരു ജനപ്രവാഹം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന്, സ്ഥലത്തെ ഫ്രാന്‍സിസ്ക്കന്‍ തീര്‍ത്ഥസ്ഥാനത്തിന്‍റെ വികാരി, ഫാദര്‍ ലൂച്യാനോ ദി ഗ്വിസ്തി, കപ്പൂച്ചിന്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് നവംബര്‍ 28, വ്യാഴാഴ്ച നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

3. ആദ്യക്രിബ്ബ് 800 വര്‍ഷങ്ങള്‍ക്കു മുന്‍പ്
1223-ലെ ക്രിസ്തുമസ് നാളിലാണ് ചരിത്രത്തില്‍ ആദ്യമായി വിശുദ്ധ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന പ്രകാരം ഗ്രേച്യോയിലെ ഗുഹയില്‍ സമൂഹത്തിലെ സഹോദരങ്ങള്‍, ശിലാരൂപങ്ങള്‍ കൊണ്ടല്ല, ദിവ്യശിശുവിനെയും, മേരിയെയും യൗസേപ്പിനെയും, ഇടയന്മാരെയും മാലാഖമാരെയും പുനരാവിഷ്ക്കരിച്ചത് വ്യക്തികളെക്കൊണ്ടാണ്. അതുപോലെ അവര്‍ക്കൊപ്പം ആടുമാടുകളും പക്ഷിമൃഗാദികളാലും ആദ്യത്തെ പുല്‍ക്കൂട്ടില്‍ സജീവമായി സംവിധാനംചെയ്യപ്പെട്ടു.  ഗ്രേച്യോ ഗുഹയില്‍ ആ രാവില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ഫ്രാന്‍സിസും സഹോദരങ്ങളും മാത്രമല്ല,  സിദ്ധന്‍റെ ക്രിബ്ബിലെ ബലിയര്‍പ്പണത്തില്‍ പങ്കുചേരാന്‍  ഗ്രേച്യോ പട്ടണത്തില്‍നിന്നും മഞ്ഞുപെയ്യുന്ന രാത്രിയില്‍ ധാരാളം പേര്‍ ഓടിയെത്തി.  ആദ്യക്രിബ്ബിന്‍റെ ഗുഹയില്‍ ആ നൂറ്റാണ്ടില്‍ത്തന്നെ വരച്ചുവച്ച ചുവര്‍ച്ചിത്രമാണ് ഈ ലേഖനത്തിന്‍റെ തലക്കെട്ടില്‍ ചേര്‍ത്തിട്ടുള്ളത്.

4. പുല്‍ക്കൂടിന്‍റെ പ്രചാരണം
അടുത്ത വര്‍ഷം അത് വത്തിക്കാനിലും, അസ്സീസി പട്ടണത്തിലും ആവര്‍ത്തിക്കപ്പെട്ടു. സഭയുടെ ആസ്ഥാനത്തുനിന്നും അത് ലോകമെമ്പാടും പ്രചരിക്കുകയായിരുന്നു. 1226-ല്‍ സിദ്ധന്‍ മരണമടഞ്ഞെങ്കിലും അസ്സീസിയുടെ ചൈതന്യമായി പുല്‍ക്കൂട് ലോകമെമ്പാടും പ്രചരിച്ചു. ആള്‍രൂപങ്ങള്‍ കാലക്രമത്തില്‍ കളിമണ്‍ പ്രതിമകളായും, കല്ലിലും മരത്തിലും, പ്ലാസ്റ്റിക്കിലും പളുങ്കിലും, പിന്നെ പള്‍പ്പിലും ഫൈബറിലുമെല്ലാം രൂപംകൊണ്ടെന്നു മാത്രം.

5. വിശ്വാസത്തെ പ്രചോദിപ്പിക്കുന്ന
മനോഹരമായ കലാസംവിധാനം

ആദ്യപുല്‍ക്കൂട് തുടങ്ങിയതില്‍ പിന്നെ 8 നൂറ്റാണ്ടുകള്‍ പിന്നിട്ടുവെങ്കിലും വിശ്വാസത്തെ പ്രചോദിപ്പിക്കുന്ന മനോഹരമായ കലാസംവിധാനമാണ് പുല്‍ക്കൂടുകള്‍ ഇന്നും എവിടെയും. അത് ലോകമെമ്പാടും ദൈവികസ്നേഹത്തിന്‍റെ ലാളിത്യമാര്‍ന്ന ചിഹ്നമായി ജനതകള്‍ പുനരാവിഷ്ക്കരിക്കുന്നു. ഒരോ ജനതയ്ക്കും അവരുടെ സംസ്കാരത്തനിമയോടെ അത് ഉടലെടുക്കുന്നു എന്ന വ്യത്യാസമുണ്ടെങ്കിലും, ഉള്ളടക്കത്തില്‍ ദൈവം മനുഷ്യനായതിന്‍റെയും, മനുജരോടൊത്തു വസിച്ചതിന്‍റെയും വിശ്വാസസത്യം പ്രഘോഷിക്കുകയാണിത്. (യോഹ.1, 14).

6. ഇതു രണ്ടാമത്തെ സന്ദര്‍ശനം
2016 ജനുവരി 4-ന് പാപ്പാ ഫ്രാന്‍സിസ് ഗ്രേച്യോ സന്ദര്‍ശിച്ചിട്ടുള്ളതാണ്. അന്ന് വിശുദ്ധ ഫ്രാന്‍സിസ് നിര്‍മ്മിച്ച ആദ്യക്രിബ്ബിന്‍റെ ചുവര്‍ചിത്രത്തിനു മുന്നില്‍ (fresco) പ്രാര്‍ത്ഥിക്കുകയും, തുടര്‍ന്ന് അവിടെയുള്ള ഫ്രാന്‍സിസ്ക്കന്‍ സഹോദരങ്ങള്‍ക്കൊപ്പം സംവാദത്തില്‍ സമയം ചെലവഴിക്കുകയും ചെയ്തു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2019, 17:10