തിരയുക

Vatican News
ITALY-VATICAN-RELIGION-POPE-THAILAND-JAPAN ITALY-VATICAN-RELIGION-POPE-THAILAND-JAPAN  (AFP or licensors)

ജപ്പാന്‍ - തായിലന്‍റ് അപ്പസ്തോലിക യാത്രയ്ക്ക് തുടക്കമായി

നവംബര്‍ 19-മുതല്‍ 26-വരെ നീളുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ 32-Ɔമത് രാജ്യാന്തര പര്യടനം. ആദ്യപദം തായിലന്‍റിലും പിന്നെ ജപ്പാനിലും...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. നീണ്ടയാത്രയുടെ ആരംഭം
നവംബര്‍ 19 ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നരം 6 മണിക്ക് പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് കാറില്‍ റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കു പുറപ്പെട്ടു. പുറപ്പെടുന്നതിന് മുന്‍പ് പാവങ്ങളുടെ എളിയ സഹോദരിമാരുടെ (Little Sisters of the Poor) റോമിലെ വിങ്കോളിയിലെ സമൂഹത്തിന്‍റെ പരിചരണത്തിലുള്ള ഒരു കൂട്ടം വയോജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന കര്‍ദ്ദിനാള്‍ അന്ത്രയ ക്രജേസ്കിയും സിസ്റ്റേഴ്സും ചേര്‍ന്നാണ് പാവങ്ങളായ വയോജനങ്ങളെ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പേപ്പല്‍ വസതി, സാന്താ മാര്‍ത്തയില്‍ എത്തിച്ചത്. ഏതാനും നിമിഷങ്ങള്‍ പാപ്പാ അവരോടു കുശലംപറയുകയും അവരെ ആശിര്‍വ്വദിക്കുകയും ചെയ്തു.  തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അവരോടു  പ്രത്യേകം ആവശ്യപ്പെട്ടു. എന്നിട്ടാണ് കാറില്‍ വിമാനത്താവളത്തിലേയ്ക്ക് യാത്ര പുറപ്പെട്ടത്.

2. അല്‍-ഇത്താലിയയുടെ പ്രത്യേക വിമാനം
പ്രാദേശിക സമയം 6.50-ന് ഫുമിച്ചീനോയിലെ ലിയനാര്‍ഡോ ദാ വീഞ്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പാപ്പാ എത്തിച്ചേര്‍ന്നു. പതിവുപോലെ കറുത്ത തുകല്‍ ബാഗുമായി അല്‍-ഇത്താലിയയുടെ എ330 പ്രത്യേക വിമാനത്തിന്‍റെ പടവുകള്‍ കയറിയ പാപ്പാ, കവാടത്തില്‍ തിരിഞ്ഞുനിന്നുകൊണ്ട് തന്നെ യാത്ര അയയ്ക്കുവാന്‍ എത്തിയവരെയും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്ന എല്ലാവരെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തു. അടുത്തു നിന്നിരുന്ന വിമാനത്തിന്‍റെ പൈലറ്റുമാരെയും മറ്റു ജോലിക്കാരെയും അഭിവാദ്യംചെയ്തുകൊണ്ടാണ് പാപ്പാ ക്യാബിനിലേയ്ക്കു നീങ്ങിയത്.   സായാഹ്നം 7. 15-ന് പാപ്പായുടെ വിമാനം നവംബറിന്‍റെ നീലിമയുള്ള ആകാശത്തിലൂടെ തായിലന്‍റിന്‍റെ  കിഴക്കന്‍ ചക്രവാളങ്ങളം ലക്ഷ്യമാക്കി പറന്നുയര്‍ന്നു.

3. രണ്ട് ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക്
നവംബര്‍ 19-Ɔο തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് ഈ അപ്പസ്തോലിക പര്യടനം നടത്തുന്നത് ക്രൈസ്തവര്‍ ഏറെ ന്യൂനപക്ഷവും ബുദ്ധമതക്കാര്‍ ബഹുഭൂരിപക്ഷവുമുള്ള തായിലണ്ട് ജപ്പാന്‍ രാജ്യങ്ങളിലേയ്ക്കാണ്. അവിടെയുള്ള കത്തോലിക്കരായ ചെറിയ അജഗണത്തെ പിന്‍തുണയ്ക്കുവാനും പ്രോത്സാഹിപ്പിക്കുവാനും, ഒപ്പം ഇതര മതങ്ങളുമായി സൗഹൃദസംവാദത്തില്‍ ഏര്‍പ്പെടുവാനും സമാധാനം വളര്‍ത്തുവാനുമാണ് പാപ്പാ ഫ്രാന്‍സിസ് ഈ നീണ്ടയാത്ര നടത്തുന്നത്. ആഗോള കത്തോലിക്കാ സഭയുടെ സാരഥ്യം 2013 മാര്‍ച്ചില്‍ ഏറ്റെടുത്തതില്‍പ്പിന്നെയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ 32-Ɔമത്തെ രാജ്യാന്തര പര്യടനമാണിത്.
2014-ല്‍ തെക്കന്‍ കൊറിയയും, 2015-ല്‍ ശ്രീലങ്കയും ഫിലിപ്പീന്‍സും, 2017-ല്‍ ബാംഗ്ലാദേശ്, മ്യാന്മര്‍ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള പാപ്പായുടെ ഏഷ്യയിലേയ്ക്കുള്ള 4-Ɔമത്തെ യാത്രയാണിത്.

4. തായിലന്‍റിലെ ആദ്യഘട്ട സന്ദര്‍ശനം
ഇത്തവണ പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്രയുടെ ആദ്യപാദം തായിലന്‍റിലേയ്ക്കാണ്. 7 കോടിയോളമാണ് അവിടത്തെ ജനസംഖ്യ. അതില്‍ 50 ശതമാനം ജനങ്ങള്‍ ഗ്രാമീണരും, 30 ശതമാനം 25 വയസ്സിനു താഴെയുമാണ്. തായിലന്‍റിലെ കത്തോലിക്കര്‍ 4 ലക്ഷത്തില്‍ താഴെയാണ്. 1984-ല്‍ തായിലന്‍റ് സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്കുശേഷം ആ മണ്ണില്‍ കാലുകുത്തുന്ന പത്രോസിന്‍റെ രണ്ടാമത്തെ പിന്‍ഗാമിയാണ് പാപ്പാ ഫ്രാന്‍സിസ്. “സിയാം” (Siam) എന്നു വിളിക്കപ്പെട്ടിരുന്ന തായിലന്‍റിലെ ജനതയുമായി 1669-ല്‍ വത്തിക്കാന്‍ “സിയാം മിഷന്‍” എന്ന പേരില്‍ നയതന്ത്രബന്ധത്തില്‍ ഏര്‍പ്പെട്ടതിന്‍റെ 350-Ɔο വാര്‍ഷികം അവസരമാക്കിയാണ് ഈ അപ്പസ്തോലിക സന്ദര്‍ശനം. “ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ പ്രേഷിതരാണ്” (Disciples of Christ missionary disciples) എന്നത് ഈ സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യമാണ്.

5. തായിലണ്ടിന്‍റെ ക്രൈസ്തവ ചരിത്രം
തായിലന്‍റിന്‍റെ മണ്ണില്‍ ആദ്യമായി വിശ്വാസവെളിച്ചം എത്തിച്ചത്
1567-ല്‍ ഡോമിനിക്കന്‍ മിഷണറിമാരാണ്. അവര്‍ അവിടെ കൊല്ലപ്പെട്ടതിനു പിറകെ അടുത്തവര്‍ഷം 1568-ല്‍ ഫ്രാന്‍സിസ്കന്‍ മിഷണറിമാര്‍ സിയാമില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് 1606-ല്‍ അവിടെ എത്തിച്ചേര്‍ന്ന ഈശോസഭാംഗങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദേവാലയങ്ങളും തുറക്കുകയുണ്ടായി. താമസിയാതെ 1662-ല്‍ മിഷണറി സഭാംഗങ്ങള്‍ എത്തിയതിനുശേഷം, 7 വര്‍ഷം കഴി‍ഞ്ഞ് വത്തിക്കാന്‍ അവിടെ സിയാം അപ്പസ്തോലിക വികാരിയത്ത് (Apostolic Vicariate of Siam) രൂപീകരിച്ചതിന്‍റെ ജൂബിലി നിറവിലാണ് പാപ്പാ ഫ്രാന്‍സിസ് തായിലന്‍റില്‍ കാലുകുത്തുന്നത്. നവംബര്‍ 19-ന് വൈകുന്നേരം റോമില്‍നിന്നും പുറപ്പെട്ട് 20-ന് ബുധനാഴ്ച പ്രാദേശിക സമയം മദ്ധ്യാഹ്നത്തില്‍ പാപ്പാ തലസ്ഥാന നഗരമായ ബാങ്കോക്കില്‍ എത്തിച്ചേരും. അവിടത്തെ മിലിട്ടറി വിമാനത്താവളത്തിലെ ഔപചാരിക സ്വീകരണച്ചടങ്ങുകള്‍ക്കുശേഷം ബാങ്കോക്കിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കു പോകും. തായിലന്‍റ് സന്ദര്‍ശന നാളുകളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ വിശ്രമസങ്കേതം അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരമാണ്.

6. രാഷ്ട്രപ്രതിനിധികളും മതനേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍
രാഷ്ട്രനേതാക്കളും ക്രൈസ്തവ സമൂഹവുമായുള്ള കൂടിക്കാഴ്ചകള്‍ക്കും പരിപാടികള്‍ക്കും പുറമേ, ഇതര മതസ്ഥരും അവരുടെ നേതാക്കളുമായി പാപ്പാ ഫ്രാന്‍സിസ് നേര്‍ക്കാഴ്ചകള്‍ നടത്തും. കാലികമായി തായിലന്‍റ് നേരിടുന്ന മനുഷ്യക്കടത്ത്, ലൈംഗിക വിനോദസഞ്ചാരം എന്നീ സമകാലീന പ്രശ്നങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് തന്‍റെ അപ്പസ്തോലിക യാത്രയില്‍ അഭിസംബോധനചെയ്യും. നവംബര്‍ 23-Ɔο തിയതി ശനിയാഴ്ച മദ്ധ്യാഹ്നത്തോടെ തായിലന്‍റിലെ പരിപാടികള്‍ക്കു തിരശ്ശീല വീഴുമ്പോള്‍, വൈകുന്നേരം ജപ്പാന്‍റെ തലസ്ഥാന നഗരം ടോക്കിയോയിലേയ്ക്കു പാപ്പാ യാത്രയാകും.

7. ജപ്പാന്‍റെ മണ്ണിലേയ്ക്ക്
സ്വപ്നസാക്ഷാത്ക്കാരമായ ഒരു യാത്ര

തായിലണ്ടിലെ 3 ദിവസങ്ങള്‍ക്കുശേഷം നവംബര്‍ 23-ന് ശനിയാഴ്ച രാവിലെ ബാങ്കോക്കില്‍നിന്നും ജപ്പാന്‍റെ തലസ്ഥാന നഗരം ടോക്കിയോയില്‍ എത്തുന്നതോടെ പാപ്പാ ഫ്രാന്‍സിസിന്‍റെ യാത്രയുടെ രണ്ടാംഘട്ടം പരിപാടികള്‍ ആരംഭിക്കും. 13 കോടക്ക് അടുത്താണ് ജപ്പാന്‍റെ ജനസംഖ്യം. ബഹുഭൂരിപക്ഷം ജപ്പാന്‍കാരും ബുദ്ധമതക്കാരാണ്. കത്തോലിക്കര്‍ 5 ലക്ഷത്തില്‍ താഴെയാണ്. 16 രൂപതകളും രണ്ടു അതിരൂപതകളുമായി സഭ പ്രവര്‍ത്തിക്കുന്നു. ജപ്പാനിലെ വത്തിക്കാന്‍റെ സ്ഥാനപതി, കേരളത്തില്‍ ചങ്ങാനാശ്ശേരി അതിരൂപതാംഗമായ ആര്‍ച്ചുബിഷപ്പ് ജോസഫ് ചേന്നോത്താണ്.

8. ആണവ നിരായുധീകരണത്തിനുള്ള ആഹ്വാനം
“എല്ലാ ജീവനും സംരക്ഷിക്കപ്പെടണം” (Protect all life) എന്ന സന്ദേശവുമായിട്ടാണ് പാപ്പാ “ഉദയസൂര്യന്‍റെ നാട്ടില്‍” (Land of Sunrise) കാലുകുത്തുന്നത്. നവംബര്‍ 24, ഞായറാഴ്ച ഹിരോഷിമ നാഗസാക്കി നഗരങ്ങള്‍ പാപ്പാ സന്ദര്‍ശിക്കുമ്പോള്‍ തന്‍റെ പ്രഭാഷണങ്ങളില്‍ ആണവായുധ നിരായുധീകരണത്തിന്‍റെ നിലപാടുകള്‍ ശക്തമായി പ്രതിധ്വനിക്കുമെന്നതില്‍ സംശയമില്ല. 1945 ആഗസ്റ്റ് 6-ന് ഹിരോഷിമയിലും, മൂന്നു ദിവസങ്ങള്‍ക്കുശേഷം നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച ആണവ ബോംബുകളോടെ രണ്ടാം ലോകയുദ്ധത്തിന് അറുതിയായി. എന്നാല്‍ 4 ലക്ഷം പേരാണ് തത്സമയവും, ആറ്റംബോംബുകളുടെ തുടര്‍ന്നുണ്ടായ ആണവ പ്രസരണത്തിലും കൊല്ലപ്പെട്ടത്. തന്‍റെ മുന്‍ഗാമി പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ ആണവശക്തിയെ സംബന്ധിച്ച നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിനായും, പ്രതിരോധനത്തിനായിപ്പോലും ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയോ സംഭരിക്കുകയോ അരുതെന്ന് ജപ്പാന്‍റെ മണ്ണില്‍നിന്നുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് ലോകത്തോട് അഭ്യര്‍ത്ഥിക്കുമ്പോള്‍ ദേശീയ അന്തര്‍ദേശിയ തലങ്ങളില്‍ ഉയരുന്ന ആണവ നിരായുധീകരണ നിലപാടുകള്‍ക്ക് പാപ്പായുടെ വാക്കുകള്‍ തണലേകും.

2011-ല്‍ മൂന്നു തരത്തില്‍ അനുഭവിച്ച കൂട്ടദുരന്തത്തിന് (triple disasters of Earthquake, Tsunami & Fukushi Atomic Center collapse) ഇരകളായ ഫുക്കൂഷിമ പ്രവിശ്യയിലെ‍ ജനങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തും. ക്രൈസ്തവ സമൂഹങ്ങളും, ജപ്പാനിലെ ഇതരമതസ്ഥരുമായുള്ള കൂടിക്കാഴ്ചകള്‍ കൂടാതെ ജപ്പാന്‍റെ ഭരണകര്‍ത്താക്കളുമായും ചക്രവര്‍ത്തിയുമായും പാപ്പാ നേര്‍ക്കാഴ്ച നടത്തും. ഹിരോഷിമ, നാഗസാക്കി നഗരങ്ങളിലെ വന്‍ആണവ ദുരന്തത്തെ അതിജീവിച്ചവരില്‍ ഇനിയും ബാക്കിയുള്ളവരുമായി നേരി‍ല്‍ക്കണ്ടു സംസാരിക്കുവാനും പാപ്പാ ഫ്രാന്‍സിസ് സമയം കണ്ടെത്തും.

9. ജപ്പാന്‍റെ പ്രേഷിതന്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍
യുവവൈദികനായിരിക്കെ ജപ്പാനിലേയ്ക്ക് മിഷണിറിയായി പോകാന്‍ ആഗ്രഹിച്ച പാപ്പാ ഫ്രാന്‍സിസിന് സ്വപ്നസാക്ഷാത്ക്കാരമായ യാത്രയാണിത്. 1549-ല്‍ ഈശോസഭാംഗമായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് ജപ്പാനില്‍ ക്രൈസ്തവീകതയുടെ വെളിച്ചമേകിയത്. തുടര്‍ന്ന് ഈശോസഭാംഗങ്ങള്‍ ജപ്പാനില്‍ പ്രവര്‍ത്തിച്ചെങ്കിലും 1614-ല്‍ ക്രിസ്തുമതം അവിടെ പൂര്‍ണ്ണമായും നിരോധിക്കപ്പെട്ടു. മിഷണറിമാര്‍ നാടുകടത്തപ്പെട്ടപ്പോള്‍, തദ്ദേശീയരായ വിശ്വാസികള്‍ രക്ഷസാക്ഷിത്വത്തിനോ ഒളിവില്‍ പാര്‍ക്കുവാനോ നിര്‍ബന്ധിതരായി. 1873-ല്‍ മാത്രമാണ് ജപ്പാനില്‍ ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. ഒളിവില്‍ ജീവിച്ചുകൊണ്ട് വിശ്വാസം സംരക്ഷിച്ച ക്രൈസ്തവരുടെ തലമുറക്കാരില്‍ ബാക്കിയുള്ള ചെറുസമൂഹവുമായും പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തും.

പാപ്പാ ഫ്രാന്‍സിസിന് പ്രാര്‍ത്ഥനാപൂര്‍വ്വം ശുഭയാത്ര നേരുന്നു!
 

19 November 2019, 19:56