തിരയുക

THAILAND-RELIGION-POPE THAILAND-RELIGION-POPE 

പാപ്പാ ഫ്രാന്‍സിസ് തായിലന്‍റിന്‍റെ പൗരസമൂഹത്തെ അഭിസംബോധനചെയ്തു

ബാങ്കോക്കിലെ ഗവണ്‍മെന്‍റ് മന്ദിരത്തില്‍വച്ചായിരുന്നു (Government House, Bangkok) പാപ്പായുടെ ആദ്യ പ്രഭാഷണം :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

തായിലന്‍റ് രാഷ്ട്രത്തോട്... ശബ്ദരേഖ

1. തായിലന്‍റ് ഗവണ്‍മെന്‍റ് മന്ദിരത്തിലെ സ്വീകരണം
തായിലന്‍റിന്‍റെ പ്രധാനമന്ത്രിയെയും മറ്റു ഭരണകര്‍ത്താക്കളെയും നയതന്ത്ര പ്രതിനിധികളെയും പൗരപ്രമുഖരെയും മതനേതാക്കളെയും പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യംചെയ്തു. നവംബര്‍ 21, വ്യാഴാഴ്ച  രാവിലെ തായിലന്‍റിലെ സമയം 9.30-ന് സര്‍ക്കാരിന്‍റെ കാര്യാലയത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പുരാതനമായ ആത്മീയ സംസ്കാരിക പാരമ്പര്യമുള്ള നാടു സന്ദര്‍ശിക്കുന്നതിലുള്ള സന്തോഷവും നന്ദിയും ആദ്യമായി രേഖപ്പെടുത്തി. തായാലന്‍റിന്‍റെ രാജാവ്, രാമന്‍ 10-Ɔമനെയും രാജകുടുംബത്തെയും അനുസ്മരിച്ചു, അവരുടെ ആതിഥ്യത്തിനു കൃതജ്ഞതയര്‍പ്പിച്ചു.

2. കിഴക്കന്‍ രാജ്യങ്ങളിലെ സമാധാനവഴികള്‍
ലോക വ്യാപകമായി പ്രതിസന്ധികള്‍ തിങ്ങിയ കാലഘട്ടമാണിത്. അതിനാല്‍ ജനതകള്‍ തമ്മില്‍ നീതിയും ഐക്യദാര്‍ഢ്യവും പാലിക്കേണ്ടതാണ്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തികളിലെ പ്രതിസന്ധികള്‍ സമാധാനപരമായി ക്രമീകരിക്കുവാനുള്ള ഏഷ്യന്‍ (ASEAN) സംഘടനയുടെ സമാധാനവഴികളിലെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ശ്രമങ്ങളെ പാപ്പാ ശ്ലാഘിക്കുകയും, തായിലന്‍റ് വഹിക്കുന്ന പ്രധാന പങ്കിനെ അനുമോദിക്കുകയുംചെയ്തു.

3. കാലഘട്ടത്തിന്‍റെ അടയാളമായി ആഗോളവത്ക്കരണം
വിവിധ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് കൂട്ടായ്മ വളര്‍ത്തുവാനും, സമാധാനം നിലനിര്‍ത്തുവാനും തായിലന്‍റ് കാണിച്ചിട്ടുള്ള തുറവും പരിശ്രമങ്ങളും ശ്രദ്ധേയമാണ്. കാലഘട്ടത്തിന്‍റെ അതിരടയാളമായ ആഗോളവത്ക്കരണം സാമ്പത്തിക കാര്യങ്ങളില്‍ ഒതുങ്ങുന്നതാണ്. അത് ജനതകളുടെ ആത്മീയതയെ ഇല്ലാതാക്കുന്നുണ്ട്. എന്നാല്‍ വൈവിധ്യങ്ങളിലും തെളിഞ്ഞുനില്ക്കുന്ന ഐക്യം ഇനിയും ഭാവിതലമുറയ്ക്ക് പ്രത്യാശ പകരുന്നതാണ്.

4. തായിലന്‍റിലെ വിവിധ മതങ്ങളുടെ കൂട്ടായ്മ
ജനതകളുടെ ആത്മീയ പാരമ്പര്യത്തെ നിലനിര്‍ത്തുന്നതിന് പരമ്പരാഗത മതങ്ങളെ കൂട്ടിയിണക്കി ഒരു സാമൂഹിക ധാര്‍മ്മിക കമ്മിഷന്‍ രൂപീകരിക്കുവാനുള്ള തായിലന്‍റിന്‍റെ ശ്രമത്തെ പാപ്പാ അഭിനന്ദിച്ചു. രാജ്യത്ത് സാമൂഹിക കൂട്ടായ്മ വളര്‍ത്താന്‍ പോരുന്ന നീതിയും, ഉത്തരവാദിത്ത്വവും, പാരസ്പരികതയും യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്ന ഇവിടത്തെ ബുദ്ധമതത്തിന്‍റെ ശ്രേഷ്ഠാചാര്യനുമായി (Patriarch) കൂടിക്കാഴ്ച ന‌ടത്തുന്ന അവസരത്തിനായി സന്തോഷത്തോടെ താന്‍ കാത്തിരിക്കുകയാണെന്നും പാപ്പാ പ്രസ്താവിച്ചു.

5. ചെറിയ അജഗണമേ, ഭയപ്പെടരുത്!
ഭയപ്പെടാതെ സമാധാനവും സ്നേഹവും ജീവിതത്തിന്‍റെ അടയാളമായി സമൂഹത്തില്‍ തെളിഞ്ഞുനില്ക്കാന്‍ തായിലന്‍റിലെ ചെറിയ കത്തോലിക്കാ സമൂഹത്തോടും പാപ്പാ ആഹ്വാനംചെയ്തു. സമൂഹത്തില്‍ ഇന്നു നിരവധി സഹോദരങ്ങള്‍ നേരിടുന്ന ദാരിദ്ര്യം, അതിക്രമങ്ങള്‍, അനീതി എന്നിവയെ ഇല്ലായ്മചെയ്യുവാനുള്ള പരിശ്രമത്തില്‍ പ്രതിജ്ഞാബദ്ധരാകണമെന്നും അഭ്യര്‍ത്ഥിച്ചു. എല്ലാത്തരം അസമത്വങ്ങളും ഇല്ലാതാക്കി ഉത്തവാദിത്വപൂര്‍ണ്ണമായ പാരസ്പരീകത വളരുമ്പോഴാണ് സമൂഹം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാകുന്നത്.

6. കാലഘട്ടത്തിന്‍റെ പ്രതിഭാസം - കുടിയേറ്റം
ഇക്കാലഘട്ടത്തെ നിര്‍വ്വചിക്കുന്ന പ്രതിഭാസമാണ് കുടിയേറ്റം. എന്നാല്‍ തലമുറയുടെ ധാര്‍മ്മികതയെ സ്പര്‍ശിക്കുന്ന ഘടകവുമാണിത്. അതിനാല്‍ കുടിയേറ്റത്തിന്‍റെ പ്രതിസന്ധികളെ തള്ളിക്കളയാവുന്നതല്ല. അയല്‍രാജ്യങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അതിര്‍ത്തികള്‍ തുറന്നുകൊടുക്കുവാന്‍ വിശാലത കാട്ടിയ തായിലന്‍റിന്‍റെ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ജനസഞ്ചയങ്ങളുടെ കൂട്ടപ്പുറപ്പാടിനു കാരണമാക്കിയ വേദനാജനകമായ പ്രതിസന്ധികള്‍ രാജ്യാന്തര സമൂഹം പരിഹരിക്കാന്‍ പരിശ്രമിക്കും എന്നു പ്രത്യാശിക്കുന്നു. അതുപോലെ കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും അന്തസ്സും അവകാശങ്ങളും മാനിക്കുവാന്‍ രാജ്യങ്ങള്‍ ഫലപ്രദമായ പ്രതിവിധികള്‍ കണ്ടെത്തുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. അനിശ്ചിതത്ത്വത്തിന്‍റെയും ചൂഷണത്തിന്‍റെയും ഭീതിയില്‍ കഴിയുകയും, അപകടങ്ങള്‍ അനുദിനം നേരിടുകയും ചെയ്യുന്ന കുടിയേറ്റ ജനതയെ സംരക്ഷിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ രാഷ്ട്രങ്ങള്‍ സംവിധാനം ചെയ്യേണ്ടതാണ്. കാരണം കുടിയേറ്റക്കാര്‍ സമൂഹത്തിന്‍റെ തന്നെ മുഖമാണ്.

7. ചൂഷണംചെയ്യപ്പെടുന്ന സ്ത്രീകളും കുട്ടികളും
മുറിപ്പെട്ടവരെയും, അതിക്രമങ്ങള്‍ക്ക് ഇരയായവരെയും, ചൂഷണ വിധേയരായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും പാപ്പാ തല്‍ക്ഷണം അനുസ്മരിച്ചു. ഈ ശാപം തുടച്ചുനീക്കാന്‍ തായ് സര്‍ക്കാര്‍ എടുക്കുന്ന നിശ്ചയദാര്‍ഢ്യമുള്ള തീരുമാനങ്ങളെ ശ്ലാഘിച്ചു. കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച യുഎന്‍ സമ്മേളനത്തിന്‍റെ (UN Charter for the Rights of Children) 30-Ɔο വാര്‍ഷികമാണെന്ന് സമ്മേളനത്തെ പാപ്പാ അനുസ്മരിപ്പിച്ചു. കുട്ടികളുടെ ക്ഷേമവും, അവരുടെ സാമൂഹികവും, ബൗദ്ധികവുമായ വികസനത്തെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അവരുടെ വിദ്യാഭ്യാസം, ശാരിരികവും മാനസികവും ആത്മീയവുമായ വളര്‍ച്ച എന്നിവ ഏറെ ശ്രദ്ധിക്കേണ്ട മേഖലകളാണ്. കുട്ടികള്‍ക്കു നല്കുന്ന അന്തസ്സുള്ള ഭാവിയാണ് ജനതകളുടെ സുസ്ഥിതിയുള്ള ഭാവിക്കും നിദാനമാകുന്നത്. പൂര്‍വ്വോപരി, ആതിഥേയത്വത്തിന്‍റെ ശില്പികളാകണമെന്നും പാപ്പാ ആഹ്വാനംചെയ്തു. 

8. നീതിക്കും ഐക്യദാര്‍ഢ്യത്തിനുവേണ്ടി നിലകൊള്ളാം!
മാനവകുടുംബത്തിന്‍റെ നീതിക്കും ഐക്യദാര്‍ഢ്യത്തിനും സാഹോദര്യ കൂട്ടായ്മയ്ക്കുമായി സമര്‍പ്പിതരാകാം! സമൂഹത്തിന്‍റെ പൊതുനന്മ രാജ്യത്തിന്‍റെ ഓരോ മുക്കിനും മൂലയിലും ശ്രദ്ധയോടെ പാലിക്കപ്പെടണം. രാഷ്ടപ്രമുഖരുടെയും, പൗരപ്രമുഖരുടെയും, സാമൂഹ്യനേതാക്കളുടെയും ശ്രദ്ധ അതിനായി എല്ലായിടങ്ങളിലും പതിക്കേണ്ട മഹത്തായ ഉത്തരവാദിത്വവുമാണ്. രാഷ്ട്രനേതാക്കളില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യങ്ങളില്‍ ഉറച്ചുനില്ക്കാന്‍ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ! അറിവിലും, നീതിയിലും, സമാധാനത്തിലും തായിലന്‍റ് രാജ്യത്തെയും എല്ലാ കുടുംബങ്ങളെയും ദൈവം നയിക്കട്ടെ! ആശംസയോടും പ്രാര്‍ത്ഥനയോടുംകൂടിയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 November 2019, 14:58