പാപ്പാ സോഫിയാ സർവ്വകലാശാലയില്‍...  പാപ്പാ സോഫിയാ സർവ്വകലാശാലയില്‍...  

യുവജനങ്ങളെ പ്രതീക്ഷയോടെ കാണുന്ന സഭ

ജപ്പാനിലെ സോഫിയാ സർവ്വകലാശാലയില്‍ പാപ്പാ നല്‍കിയ പ്രഭാഷണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജപ്പാന്‍ രാജ്യത്തിലെ തന്‍റെ സന്ദര്‍ശനം ഹ്രസ്വവും എന്നാൽ തീക്ഷണത നിറഞ്ഞതായിരുന്നുവെന്ന് ചൂണ്ടി കാണിച്ച പാപ്പാ, വിശുദ്ധ  ഫ്രാൻസിസ് സേവ്യറിന്‍റെ  ജീവിതത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചതും നിരവധി രക്തസാക്ഷികളുടെ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിച്ചതുമായ ജപ്പാൻ രാജ്യം സന്ദർശിക്കാനുള്ള അവസരത്തിന് ദൈവത്തിനും ജപ്പാനിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയുകയും ചെയ്തു. ക്രൈസ്തവർ ന്യൂനപക്ഷമാണെങ്കിലും അവരുടെ സാന്നിധ്യം വലുതാണെന്ന് സൂചിപ്പിച്ച പാപ്പാ  ജപ്പാൻ സമൂഹത്തിന്‍റെ സ്വഭാവവും ക്രമവും ഉണ്ടായിരുന്നിട്ടും, മാനുഷീകവും, അനുകമ്പയും, കരുണയും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാനുള്ള  തീവ്രമായ ആഗ്രഹം ജപ്പാന്‍ ജനതയുടെ ഹൃദയങ്ങളിൽ  വർദ്ധിച്ചു വരുന്നതു കാണുവാൻ കഴിഞ്ഞുവെന്ന്  വെളിപ്പെടുത്തി.

സംസ്കാര സമ്പത്ത്

പഠനവും ധ്യാനവും എല്ലാ സംസ്കാരത്തിന്‍റെയും ഭാഗമാണ്. ഈ അർത്ഥത്തിൽ ജപ്പാന്‍റെ സംസ്കാരം അതിന്‍റെ പുരാതന സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ച് അഭിമാനിക്കുകയും ഏഷ്യയിലെ ചിന്തകളെയും മതങ്ങളെയും മൊത്തത്തിൽ സമന്വയിപ്പിച്ച് കൊണ്ട് ഒരു പ്രത്യേക സ്വത്വമുള്ള ഒരു സംസ്കാരം സൃഷ്ടിക്കാനും ജപ്പാന് കഴിഞ്ഞുവെന്ന് പാപ്പാ സൂചിപ്പിച്ചു. വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ വളരെയധികം ആകർഷിച്ച ആഷികാഗാ വിദ്യാലയം   ജപ്പാന്‍റെ സംസ്കാരത്തിന് അറിവ് സ്വാംശീകരിക്കാനും കൈമാറാനുമുള്ള കഴിവിന്‍റെ ഉദാഹരണമാണ്. ഇന്നത്തെ സംസ്കാരത്തിൽ പഠന, ധ്യാന, ഗവേഷണ കേന്ദ്രങ്ങൾ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.  ഭാവി നേതാക്കളായി തീരുന്ന യുവജനങ്ങള്‍ക്ക് പരിശീലനം നൽകുന്ന പ്രധാന സ്ഥലമായി സർവ്വകലാശാലകൾ നിലനിൽക്കുന്നതിനാൽ, അറിവും സംസ്കാരവും അവരുടെ എല്ലാ ജീവിതവീഥിയിലും നൽകുവാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എല്ലാ മേഖലകളിലും പ്രചോദനം നൽകണം.  ഇത് അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങള സമന്വയിപ്പിക്കുവാനും സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും പ്രാപ്തരാക്കും.മനുഷ്യന് എല്ലായ്പ്പോഴും ക്രിയാത്മകവും കാര്യക്ഷമവുമായ രീതിയിൽ അവന്‍റെ കഴിവുകളെ  വിനിയോഗിക്കുന്നതിനു യഥാർത്ഥ ജ്ഞാനം ആവശ്യമാണ്. മത്സരാധിഷ്ഠിതവും സാങ്കേതീകാധിഷ്ഠിതവുമായ ഇന്നത്തെ സമൂഹത്തിൽ,  ഈ സർവ്വകലാശാല ബൗദ്ധിക രൂപീകരണത്തിന്‍റെ കേന്ദ്രമായി മാത്രമല്ല, മെച്ചപ്പെട്ട സമൂഹത്തിനും, പ്രതീക്ഷയുള്ള ഭാവിക്കും രൂപം കൊടുക്കുന്ന ഒരിടമായിരിക്കണം. ‘ലൗദേത്തോ സി’യിൽ  സൂചിപ്പിച്ചിരിക്കുന്നത് പോലെ ഏഷ്യൻ സംസ്കാരങ്ങളിൽ കാണുന്ന പ്രകൃതിയോടുള്ള സ്നേഹം, നമ്മുടെ പൊതു ഭവനമായ ഭൂമിയുടെ സംരക്ഷണത്തിനായുള്ള ബുദ്ധിപരവും മുൻ‌കൂട്ടി കാണുന്നതുമായ ഒരു പരിഗണന ഇവിടെയും പ്രകടിപ്പിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.

സോഫിയാ സർവ്വകലാശാല

സോഫിയാ സർവ്വകലാശാല  എല്ലായ്പ്പോഴും അതിന്‍റെ മാനവിക, ക്രൈസ്തവ, അന്തർദ്ദേശീയ സ്വത്വത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് ചൂണ്ടി കാണിച്ച പാപ്പാ അതിന്‍റെ സ്ഥാപനം മുതൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫസർമാരുടെ സാന്നിധ്യത്താൽ അത് സമ്പന്നമാക്കപ്പെട്ടിരിക്കുന്നുവെന്നും, ചിലപ്പോൾ പരസ്പരം വൈരുദ്ധ്യമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫസർമാർ പോലും ജപ്പാനിലെ യുവജനങ്ങൾക്ക് ഏറ്റവും നല്ലത് നൽകണമെന്ന ആഗ്രഹത്താൽ അവരെല്ലാവരും ഒരുമയോടെ പ്രവർത്തിക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കി. ജപ്പാനിലും വിദേശത്തും ഏറ്റവും ആവശ്യമുള്ളവർക്ക്  അവർ നൽകുന്ന സഹായങ്ങളെ അനുസ്മരിച്ച പാപ്പാ സർവ്വകലാശാലയുടെ തനിമ  എല്ലായ്പ്പോഴും ശക്തിപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും അതിലൂടെ   ഇന്നത്തെ മികച്ച സാങ്കേതിക വികസനത്തെ കൂടുതൽ മാനുഷികവും നീതിപൂർവ്വകവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തമുള്ള വിദ്യാഭ്യാസത്തിന്‍റെ  സേവനത്തിൽ ഉൾപ്പെടുത്താൻ സോഫിയാ  സർവ്വകലാശാലയ്ക്ക് കഴിയുമെന്നു സൂചിപ്പിക്കുകയും ചെയ്തു. ഇഗ്നേഷ്യൻ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയ സോഫിയാ സർവ്വകലാശാലയിലെ  അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും വിവേകവും വിവേചനബുദ്ധിമുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ ഉത്തേജിപ്പിക്കണം. ഈ സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയും ഉത്തരവാദിത്തത്തോടും, സ്വതന്ത്രമായും, എങ്ങനെ തിരഞ്ഞെടുക്കാമെന്ന് പഠിക്കാതെ ബിരുദം നേടരുത്. പാപ്പാ ഉദ്ബോധിപ്പിച്ചു.

യുവജനങ്ങളെ പ്രതീക്ഷയോടെ കാണുന്ന സഭ

യുവജന സിനഡും അതിനെ തുടർന്ന് പ്രസിദ്ധീകരിക്കപ്പെട്ട  അപ്പോസ്തോലിക പ്രബോധനത്തിലും ചൂണ്ടിക്കാണിക്കുന്നത് പോലെ സാർവ്വത്രിക സഭ ലോകമെമ്പാടുമുള്ള യുവജനങ്ങളെ പ്രതീക്ഷയോടും താൽപ്പര്യത്തോടും കൂടി കാണുന്നുവെന്നും നിങ്ങളുടെ സർവ്വകലാശാല യുവജനങ്ങളിൽ  ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് അവർ യോഗ്യതയുള്ള ഒരു വിദ്യാഭ്യാസത്തിന്‍റെ സ്വീകർത്താക്കൾ മാത്രമല്ല  മറിച് വിദ്യാഭ്യാസത്തിൽ പങ്കാളികളാകുകയും അവരുടെ ആശയങ്ങളും,   കാഴ്ചപ്പാടുകളും, ഭാവിയെ കുറിച്ചുള്ള  അവരുടെ  പ്രതീക്ഷകളും പങ്കിടുകയും വേണമെന്നും പാപ്പാ തന്‍റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു. സോഫിയയുടെ ക്രിസ്തീയവും മാനവികവുമായ പാരമ്പര്യം താന്‍ സൂചിപ്പിച്ച മറ്റൊരു മുൻഗണനയുമായി പൂർണ്ണമായും യോജിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ നമ്മുടെ  ലോകത്തിലുള്ള ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടൊപ്പം സ‍ഞ്ചരിക്കണമെന്ന് ആവശ്യപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ടവരെ സർവ്വകലാശാലാ പാഠ്യപദ്ധതിയിൽ ക്രിയാത്മകമായി ഉൾപ്പെടുത്തുകയും, വിള്ളലും ദൂരവും കുറയ്ക്കാൻ കഴിവുള്ള ഗുണനിലവാരമുള്ള ഒരു വിദ്യാഭ്യാസ ശൈലിയുടെ ആവശ്യത്തെയും പാപ്പാ ചൂണ്ടികാണിച്ചു.   വിദ്യാഭ്യാസം ചിലരുടെ പ്രത്യേകാവകാശമായി കണക്കാക്കപ്പെടുന്നതിനുപകരം നീതിയുടെയും, പൊതുനന്മയുടെയും സേവകരാണെന്ന അവബോധത്തോടെയായിരിക്കണം. പാപ്പാ വ്യക്തമാക്കി.

പ്രിയപ്പെട്ട  യുവജനങ്ങൾ,  സോഫിയ സർവകലാശാലയിലെ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ എല്ലാവരെയും കൃതജ്ഞതയോടെ അനുസ്മരിച്ച പാപ്പാ,  ദൈവീക ജ്ഞാനം അന്വേഷിക്കുവാനും , കണ്ടെത്തുവാനും  പ്രചരിപ്പിക്കുവാനും  ഇന്നത്തെ സമൂഹത്തിന് സന്തോഷവും പ്രത്യാശയും നൽകണമെന്ന ദൗത്യത്തിന്‍റെ  നായകരായി ദൈവവും അവിടുത്തെ സഭയും നിങ്ങളെ കണക്കാക്കുന്നുവെന്ന് പറഞ്ഞു. തനിക്കു വേണ്ടിയും,  നമ്മുടെ സഹായം  ഏറ്റവും ആവശ്യമുള്ളവർക്കു വേണ്ടിയും  പ്രാർത്ഥിക്കാൻ  മറക്കരുതെന്നവശ്യപെട്ട പാപ്പാ ജപ്പാനിലെ ജനങ്ങള്‍ പാപ്പായ്ക്ക് നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയും തന്‍റെ പ്രാർത്ഥനയിൽ അവരെ കൂടെകൊണ്ടുപോകുന്നുവെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് പ്രഭാഷണം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 November 2019, 15:45