തിരയുക

ഫ്രാന്‍സീസ് പാപ്പാ, മറിയം ത്രേസ്യയുള്‍പ്പടെ 5 പുണ്യാത്മാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ച തിരുക്കര്‍മ്മം, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ 13/10/2019 ഞായര്‍ ഫ്രാന്‍സീസ് പാപ്പാ, മറിയം ത്രേസ്യയുള്‍പ്പടെ 5 പുണ്യാത്മാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ച തിരുക്കര്‍മ്മം, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ 13/10/2019 ഞായര്‍ 

വിശ്വാസ ജീവിതം ഒരു യാത്ര

ഫ്രാന്‍സീസ് പാപ്പായുടെ വചനസമീക്ഷ: വിശ്വാസ പ്രയാണത്തിലെ മൂന്നു ഘട്ടങ്ങള്‍- പ്രാര്‍ത്ഥന,സഞ്ചാരം, നന്ദി പ്രകാശനം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഒക്ടോബര്‍ പതിമൂന്ന്, ഞായറാഴ്ച (13/10/2019) ആഗോളസഭയ്ക്ക്, വിശിഷ്യ, കേരളസഭയക്ക്, സവിശേഷമാം വിധം ആനന്ദം പകര്‍ന്ന ഒരു ദിനമായിരുന്നു. പഞ്ചക്ഷതധാരിണിയും പാവങ്ങളുടെ അമ്മയുമായ മറിയം ത്രേസ്യയുള്‍പ്പെടെ അഞ്ചു പുണ്യാത്മക്കള്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു.

ഇംഗ്ലിണ്ടിലെ കര്‍ദ്ദാനാള്‍ ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍, ബസീലിലെ പാവങ്ങളുടെ അമ്മ സിസ്റ്റര്‍ ദൂള്‍ചെ ലൊപെസ് പോന്തെസ്, ഇറ്റലിക്കാരി രോഗീപരിചാരികയായ സിസ്റ്റര്‍ ജുസെപ്പീന വന്നീനി, സ്വിറ്റ്സര്‍ലണ്ടുകാരിയാ അല്‍മായ മാര്‍ഗ്രറ്റ് ബെയ്സ് ഇതര നവവിശുദ്ധര്‍.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ആയിരുന്നു വിശുദ്ധപദപ്രഖ്യാപന തിരുക്കര്‍മ്മം. ആയിരക്കണക്കിന് മലയാളികളുള്‍പ്പടെ അമ്പതിനായിരത്തിലേറേപ്പേര്‍ വിശുദ്ധപദപ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ പങ്കുകൊണ്ടു. സീറോമലബാര്‍-ലത്തീന്‍ റീത്തുകളിലെ മെത്രാന്മാരും ഈ തിരുക്കര്‍മ്മത്തില്‍ സഹകാര്‍മ്മികരായി കേരളസഭയെ പ്രതിനിധാനം ചെയ്തു.

ഈ വിശുദ്ധപദപ്രഖ്യാപനതിരുക്കര്‍മ്മ മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം 17-Ↄ○ അദ്ധ്യായം 11-18 വരെയുള്ള വാക്യങ്ങള്‍, അതായത്, യേശുവിന്‍റെ  ഇടപെടല്‍ മൂലം പത്തു കുഷ്ഠരോഗികള്‍ രോഗവിമുക്തരാകുന്നതും അവരില്‍  വിജാതീയനായ ഒരുവന്‍ മാത്രം ദൈവത്തെ സ്തുതിച്ചുകൊണ്ട് തിരിച്ചു വന്ന് അവിടത്തോടു നന്ദിപറയുന്നതും അവന്‍റെ വിശ്വാസത്തെ യേശുനാഥന്‍ പ്രകീര്‍ത്തിക്കുന്നതുമായ ഭാഗം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

സുവിശേഷ പ്രഭാഷണം:

വിശ്വാസം വഴിയുള്ള രക്ഷ

“നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു”. ഇന്നത്തെ സുവിശേഷം എത്തിച്ചേരുന്നത് ഇവിടെയാണ്. അത് നമ്മുടെ മുന്നില്‍ വിശ്വാസ യാത്രയെ അനാവരണം ചെയ്യുന്നു. സൗഖ്യമാക്കപ്പെട്ട കുഷ്ഠരോഗികള്‍ അടയാളപ്പെടുത്തിയ 3 ഘട്ടങ്ങള്‍ ഈ വിശ്വാസപ്രയാണത്തില്‍ നാം കാണുന്നു. ഈ കുഷ്ഠരോഗികള്‍ യാചിക്കുന്നു, നടക്കുന്ന, നന്ദി പറയുന്നു, ഇവയാണ് ഈ ഘട്ടങ്ങള്‍.

വിശ്വാസ പ്രയാണ ഘട്ടങ്ങള്‍:യാചന

സര്‍വ്വോപരി അപേക്ഷിക്കുക. കുഷഠരോഗികളുടെ അവസ്ഥ അതിദാരുണമായിരുന്നു, സര്‍വ്വവിധേനെയും ഇല്ലായ്മചെയ്യേണ്ടതും, ഇന്നും കാണപ്പെടുന്നതുമായ കുഷ്ഠരോഗം മാത്രമല്ല സമൂഹം അവരെ ഒറ്റപ്പെടുത്തുന്നതും ഈ ദാരുണാവസ്ഥയ്ക്കു കാരണമായി. യേശുവിന്‍റെ കാലത്ത് കുഷ്ഠ രോഗികള്‍ അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ അവര്‍ മാറി ഒറ്റയ്ക്ക് താമസിക്കേണ്ടിയിരുന്നു.(ലേവി 13,46). വാസ്തവത്തില്‍ യേശു കടന്നുപോകുമ്പോള്‍ അവര്‍ അകലെ മാറി നില്ക്കുന്നതായിട്ടാണ് നാം കാണുക (ലൂക്കാ 17,12). അവരുടെ അവസ്ഥ അവരെ അകറ്റി നിറുത്തുന്നു എന്നിരുന്നാലും അവര്‍ യേശുവിനെ ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുന്നതായി സുവിശേഷം പറയുന്നു. മനുഷ്യരാല്‍ ഒറ്റപ്പെടുത്തപ്പെടുന്നത് അവരെ തളര്‍ത്തുന്നില്ല, അവര്‍ ആരെയും ഒറ്റപ്പെടുത്താത്ത ദൈവത്തോടു ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുന്നു. അവര്‍ അകലം കുറയ്ക്കുന്നതും, ഏകാന്തതയില്‍ നിന്ന് പുറത്തുവരുന്നതും എങ്ങനെയെന്നു നോക്കൂ. അവനവനില്‍ത്തന്നെയും സ്വന്തം ദുഃഖങ്ങളിലും സ്വയം അടച്ചിടാതെയും മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നു കരുതാതെയും കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചുകൊണ്ടാണ് അവര്‍ ഇതു ചെയ്യുന്നത്. എന്തെന്നാല്‍ ഏകാന്തന്‍റെ രോദനം കര്‍ത്താവ് കേള്‍ക്കുന്നു.

സൗഖ്യം ആവശ്യമായിരിക്കുന്ന നമ്മള്‍

ആ കുഷ്ഠരോഗികളെപ്പോലെ നമുക്കെല്ലാവര്‍ക്കും സൗഖ്യം ആവശ്യമായിരിക്കുന്നു. ആത്മവിശ്വാസമില്ലായ്മയിലും ജീവിതത്തോടും ഭാവിയോടും വിശ്വാസം ഇല്ലാത്തതിലും നിന്ന് നാം സുഖപ്പെടുത്തപ്പെടേണ്ടിയരിക്കുന്നു;. നിരവധിയായ ഭീതികളിലും നാം അടിമകളായിരിക്കുന്ന ദുശ്ശീലങ്ങളിലും നിന്ന് വിമുക്തരാകേണ്ടിയിരിക്കുന്നു; അനേകവിധത്തിലുള്ള തുറവില്ലായ്മകളിലും, വിനോദം, പണം, ടെലെവിഷന്‍, സെല്‍ഫോണ്‍, മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്ന ചിന്ത തുടങ്ങിയ അടിമത്തങ്ങളിലും ആസക്തികളിലും നിന്ന് നാം മോചിതരാകേണ്ടിയിരിക്കുന്നു. നാം കര്‍ത്താവിനെ വിളിക്കുകയും കര്‍ത്താവേ, എന്നെ സൗഖ്യമാക്കാന്‍ നിനക്കു കഴിയും  എന്നു ഞാന്‍ വിശ്വസിക്കുന്നു, എന്‍റെ തുറവില്ലായ്മകളില്‍ നിന്ന് എന്നെ മോചിപ്പിക്കണമെ,  യേശുവേ, തിന്മയിലും ആശങ്കയിലും നിന്ന് എന്നെ സ്വതന്ത്രനാക്കൂ എന്നു പറഞ്ഞ് നാം അവിടത്തെ വിളിച്ചപേക്ഷിക്കുകയാണെങ്കില്‍ അവിടന്ന് ഹൃദയത്തെ സ്വതന്ത്രമാക്കുകയും സൗഖ്യമാക്കുകയും ചെയ്യും. സുവിശേഷത്തില്‍ യേശുവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവരില്‍ പ്രഥമര്‍ കുഷ്ഠരോഗികളാണ്. അതിനുശേഷം ഒരു അന്ധനും ക്രൂശിക്കപ്പെട്ട നല്ല കള്ളനും അങ്ങനെ ചെയ്യുന്നുണ്ട്. ആവശ്യത്തിലിരിക്കുന്ന ജനം, ദൈവം രക്ഷിക്കുന്നു എന്നര്‍ത്ഥമുള്ള യേശു നാമം വിളിച്ചപേക്ഷിക്കുന്നു. ദൈവത്തെ പേരുപറഞ്ഞു വിളിക്കുന്നു, നേരിട്ടു വിളിക്കുന്നു, സ്വമേധയാ വിളിക്കുന്നു. പേരു പറഞ്ഞു വിളിക്കുകയെന്നത് ആത്മവിശ്വാസത്തിന്‍റെ അടയാളമാണെന്നു മാത്രമല്ല അത് കര്‍ത്താവിനു പ്രീതികരവുമാണ്. വിശ്വാസത്തോടുകൂടിയ യാചനയാല്‍ നമ്മുടെ വിശ്വാസം അഭിവൃദ്ധിപ്രാപിക്കുന്നു. നാം എന്തായിരിക്കുന്നുവോ അപ്രകാരം നാം നമ്മെത്തന്നെ, നമ്മുടെ ദുരവസ്ഥകള്‍ മറച്ചുവയ്ക്കാതെ, തുറന്ന ഹൃദയത്തോടെ  യേശുവിന്‍റെ മുന്നില്‍ വയ്ക്കുന്നു. അനുദിനം വിശ്വാസത്തോടെ, ദൈവം രക്ഷിക്കുന്നു എന്ന യേശുനാമം നാം വിളിച്ചപേക്ഷിക്കുന്നു. ആ നാമം നമുക്ക് ആവര്‍ത്തിക്കാം. യേശു എന്നു പറഞ്ഞ് പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥന വിശ്വാസത്തിന്‍റെ വാതിലാണ്, പ്രാര്‍ത്ഥന ഹൃദയത്തിനുള്ള ഔഷധമാണ്.

വിശ്വാസ പ്രയാണത്തിലെ ഘട്ടങ്ങള്‍:സഞ്ചാരം

രണ്ടാമത്തെ വാക്ക് നടക്കുക എന്നതാണ്. അത് വിശ്വാസത്തിന്‍റെ രണ്ടാമത്തെ ഘട്ടം ആണ്. ഇന്നത്തെ ഹ്രസ്വമായ സുവിശേഷഭാഗത്തില്‍ ചലനത്തെ ദ്യോതിപ്പിക്കുന്ന പത്തോളം ക്രിയകള്‍ കാണാം.  ഇവയില്‍ ശ്രദ്ധേയം, കുഷ്ഠരോഗികള്‍ സൗഖ്യം പ്രാപിക്കുന്നത് യേശുവിന്‍റെ  മുന്നില്‍ നില്‍ക്കുമ്പോഴല്ല, പ്രത്യുത, സ‍ഞ്ചരിക്കവെയാണ് എന്നതാണ്. “പോകുംവഴി അവര്‍ സുഖം പ്രാപിച്ചു” (ലൂക്കാ 17,14) എന്നാണ് സുവിശേഷം പറയുന്നത്. ജറുസലേമിലേക്കു പോകുമ്പോള്‍, അതായത്, കയറ്റം കയറിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ സൗഖ്യമാക്കപ്പെടുന്നു. ജീവിതയാത്രയിലാണ് ഒരുവന്‍ ശുദ്ധീകരിക്കപ്പെടുക, പലപ്പോഴും അത് കയറ്റത്തിലേക്കുള്ള യാത്രയാണ്, കാരണം അത് ഉന്നതത്തിലെത്തിക്കുന്നതാണ്. വിശ്വാസം ഒരു യാത്ര, ബഹിര്‍ഗ്ഗമനം ആവശ്യപ്പെടുന്നു. നമ്മുടെ സൗകര്യപ്രദമായ ഉറപ്പുകളില്‍ നിന്നു നാം പുറത്തു കടക്കുകയാണെങ്കില്‍, നമ്മുടെ സുരക്ഷിത തുറമുഖങ്ങള്‍ നാം വിടുകയാണെങ്കില്‍, സുഖപ്രദമായ കൂടുകളില്‍ നിന്നു നാം പുറത്തുകടക്കുകയാണെങ്കില്‍ ആ വിശ്വാസം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. ദാനത്തിലൂടെ വര്‍ദ്ധിക്കുന്നതും സാഹസികതയിലൂടെ വളരുന്നതുമാണ് വിശ്വാസം. ദൈവത്തിലുള്ള വിശ്വാസത്താല്‍ സജ്ജരായി നാം മുന്നോറികയാണെങ്കില്‍ വിശ്വാസം പുരോഗമിക്കും. കുഷ്ഠരോഗികളുടെ യാത്രയിലും ജോര്‍ദ്ദാന്‍ നദിയിലെ നാമാന്‍റെ സ്നാനത്തിലും പ്രകടമായതുപോലുള്ള വിനയാന്വിതവും സമൂര്‍ത്തവുമായ ചുവടുകളിലൂടെ വിശ്വാസം മുന്നോട്ടുപോകുന്നു. (2 രാജാക്കന്മാര്‍ 5,14-17). നമ്മെ സംബന്ധിച്ചും അപ്രകാരം തന്നെയാണ്. എളിമയാര്‍ന്നതും സമൂര്‍ത്തവുമായ സ്നേഹത്തോടും അനുദിന ക്ഷമയോടും യേശുവിനെ വിളിച്ചപേക്ഷിച്ചുകൊണ്ട് വിശ്വാസത്തില്‍ നമുക്കു മുന്നേറാം.

സംഘാത്മകത വിശ്വാസ യാത്രയില്‍

കുഷ്ഠരോഗികളുടെ യാത്രയില്‍ ശ്രദ്ധേയമായ മറ്റൊരു വശംകൂടിയുണ്ട്. അവര്‍ ഒരുമിച്ച് സഞ്ചരിക്കുന്നു. അവര്‍ പോകുകയായിരുന്നു, അവര്‍ സുഖം പ്രാപിച്ചു  എന്നാണ് സുവിശേഷം പറയുന്നത്. ബഹുവചനമാണ് ഇവിടെ കാണുന്നത്. വിശ്വാസം എന്നത് ഒറ്റയ്ക്കുള്ളതല്ല, കൂട്ടായ യാത്രയാണ്. എന്നാല്‍ ഒരിക്കല്‍ സൗഖ്യം നേടിക്കഴിഞ്ഞപ്പോള്‍ ഒമ്പതുപേര്‍ അവനവന്‍റെ വഴിക്കുപോയി, എന്നാല്‍ ഒരുവന്‍ മാത്രം നന്ദി പറയുന്നതിന് തിരിച്ചു പോകുന്നു. അപ്പോള്‍ യേശു തന്‍റെ അതൃപ്തി വെളിപ്പെടുത്തിക്കൊണ്ടു ചോദിക്കുന്നു: “മറ്റു ഒമ്പതു പേര്‍ എവിടെ” എന്ന് (ലുക്കാ 17,17). തിരിച്ചു വന്നവനോടു മറ്റുള്ളവരുടെ കണക്കു ചോദിക്കുന്ന ഒരു പ്രതീതിയുളവാകുന്നു. ശരിയാണ്, നമ്മുടെ, കൃതജ്ഞതാര്‍പ്പണമായ വിശുദ്ധ കുര്‍ബ്ബാനയില്‍ ഇവിടെ പങ്കുകൊള്ളുന്ന നമ്മുടെ, കടമയാണ്. യാത്ര നിറുത്തിയവരുടെയും വഴിതെറ്റിയവരുടെയും കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക നമ്മുട കടമയാണ്. വിദൂരസ്ഥരായ സഹോദരങ്ങളുടെ കാവല്‍ക്കാരാണ് നമ്മള്‍. നാം അവര്‍ക്കു വേണ്ടി മാദ്ധ്യസ്ഥ്യം യാചിക്കണം, അവരുടെ കാര്യത്തില്‍ നമുക്കു ഉത്തരവാദിത്വം ഉണ്ട്. അവരെക്കുറിച്ചു കണക്കു ബോധിപ്പിക്കാന്‍, അവരെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കാന്‍, വിളിക്കപ്പെട്ടവരാണ് നമ്മള്‍. ഇന്ന് ഇവിടെ ആയിരിക്കുന്ന നിനക്ക് വിശ്വാസത്തില്‍ വളരാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ അകലെ ആയിരിക്കുന്ന ഒരു സഹോദനെ, സഹോദരിയെ പരിചരിക്കൂ.

വിശ്വാസ പ്രയാണ ഘട്ടങ്ങള്‍: കൃതജ്ഞതാഭാവം

അപേക്ഷിക്കുക, സഞ്ചരിക്കുക, നന്ദി പറയുക. അവസാനം ഘട്ടം നന്ദിയേകലാണ്. നന്ദി രേഖപ്പെടുത്തുന്നവനോട് യേശു അരുളിച്ചെയ്തു: “നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (ലൂക്കാ 17,19). അവന്‍ ആരോഗ്യവാനാകുക മാത്രമല്ല രക്ഷ പ്രാപിക്കുകയും ചെയ്തു. ആരോഗ്യമല്ല, സുസ്ഥിതിയല്ല, യേശുവുമായുള്ള കൂടിക്കാഴ്ചയാണ് നാം എത്തിച്ചേരേണ്ട ലക്ഷ്യം എന്നാണ് ഇതു നമ്മോടു പറയുന്നത്. ആരോഗ്യത്തോടായിരിക്കുന്നതിന് വെള്ളം കുടിക്കുന്നതല്ല രക്ഷ, അത്, യേശുവാകുന്ന ഉറവയിലെത്തിച്ചേരുകയാണ്. അവിടത്തേക്കു മാത്രമെ തിന്മയില്‍ നിന്ന് രക്ഷിക്കാനും ഹൃദയത്തെ സൗഖ്യമാക്കാനും സാധിക്കുകയുള്ളു. അവിടന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു മാത്രമെ രക്ഷ പ്രദാനം ചെയ്യാനും ജീവിതത്തിനു പൂര്‍ണ്ണത നല്കാനും ജീവിത്തെ സുന്ദരമാക്കിത്തീര്‍ക്കാനും കഴിയുകയുള്ളു. യേശുവുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ സ്വാഭാവികമായും നമ്മില്‍ കൃതജ്ഞതാഭാവം ഉണരുന്നു. എന്തെന്നാല്‍ ജീവിതത്തില്‍ ഏറ്റം സുപ്രധാനമായതെന്തെന്ന് നാം കണ്ടെത്തുന്നു, അതായത്, അനുഗ്രഹം നേടുകയൊ പ്രശ്നം പരിഹരിക്കുകയൊ അല്ല, ജീവന്‍റെ നാഥനെ ആശ്ലേഷിക്കുകയാണ് ഏറ്റവും പ്രധാനം.

നന്ദി: ഹൃദയവാര്‍ദ്ധക്യത്തിന് മറുമരുന്ന്

സൗഖ്യം നേടിയ സമറായനായ ആ മനുഷ്യന്‍ പൂര്‍ണ്ണ ഹൃദയത്തോടെ സന്തോഷം പ്രകടിപ്പിക്കുന്നത് എത്ര മനോഹരമാണ്, ഉച്ചത്തില്‍ ദൈവത്തെ സ്തുതിക്കുകയും കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിക്കുകയും നന്ദിചൊല്ലുകയും ചെയ്യുന്നു. വിശ്വാസയാത്രയുടെ ഉച്ചകോടി നന്ദിയേകി ജീവിക്കുകയാണ്. നമുക്കു നമ്മോടുതന്നെ ചോദിക്കാം:ചുമക്കേണ്ട ഒരു ഭാരമായിട്ടാണോ അതോ അര്‍പ്പിക്കേണ്ട ഒരു സ്തുതി ആയിട്ടാണൊ ദിനങ്ങള്‍ നാം ജീവിക്കുന്നത്? അടുത്ത അനുഗ്രഹം ചോദിച്ചു വാങ്ങേണ്ടതിനായി നാം നമ്മുടെ കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കയാണോ അതോ കൃതജ്ഞതയര്‍പ്പിക്കുന്നതില്‍ നാം ആനന്ദം കണ്ടെത്തുകയാണോ? നാം നന്ദിയേകുമ്പോള്‍  അത് സ്വര്‍ഗ്ഗീയ പിതാവിന്‍റെ ഹൃദയത്തെ സ്പര്‍ശിക്കുകയും അവിടന്ന് പരിശുദ്ധാത്മാവിനെ നമ്മുടെ മേല്‍ വര്‍ഷിക്കുകയും ചെയ്യുന്നു. നന്ദി ചൊല്ലുകയെന്നത് ഉപചാരത്തിന്‍റെയൊ മര്യാദയുടെയൊ പ്രശ്നമല്ല, അത് വിശ്വാസത്തിന്‍റെ കാര്യമാണ്. നന്ദിപറയുന്ന ഹൃദയം യുവത്വത്തില്‍ നിലനില്ക്കുന്നു.  ഉറക്കമുണരുമ്പോഴും, ദിവസം മുഴുവനും, ഉറങ്ങാന്‍ പോകുന്നതിനു മുമ്പും  “കര്‍ത്താവേ നന്ദി” എന്നു പറയുന്നത് ഹൃദയവാര്‍ദ്ധക്യത്തിന് പ്രത്യൗഷധമാണ്. കുടുംബത്തിന്‍റെയും ദമ്പതികളുടെയും കാര്യത്തിലും അപ്രകാരം തന്നെയാണ്. നന്ദി പറയാന്‍ ഓര്‍ത്തിരിക്കുക. നന്ദി എന്ന പദം ഏറ്റം ലളിതവും ഗുണപ്രദവുമാണ്.

നവവിശുദ്ധര്‍

പ്രാര്‍ത്ഥിക്കുക, സഞ്ചരിക്കുക, നന്ദി ചൊല്ലുക. ഇന്നു നമുക്കു നവവിശുദ്ധരെ ലഭിച്ചതിന് നന്ദി പ്രകാശിപ്പിക്കാം. വിശ്വാസത്തില്‍ സഞ്ചരിച്ചവരാണ് അവര്‍. ഇപ്പോള്‍ നാം അവരെ മദ്ധ്യസ്ഥരായി വിളിച്ചപേക്ഷിക്കുന്നു. ഇവരില്‍ മൂന്നുപേര്‍ സന്ന്യാസിനികളാണ്. സമര്‍പ്പിത ജീവിതം ലോകത്തിലെ അസ്തിത്വപരമായ പ്രാന്തങ്ങളിലൂടെയുള്ള സ്നേഹസഞ്ചാരമാണെന്ന് അവര്‍ നമുക്ക് കാണിച്ചു തരുന്നു. മറിച്ച്, ഒരു തയ്യല്‍ക്കാരിയായിരുന്ന വിശുദ്ധ മര്‍ഗരെറ്റ് ബെയ്സ് ലളിതമായ പ്രാര്‍ഥനയും സ്ഥൈര്യമാര്‍ന്ന ക്ഷമയും നിശബ്ദ ദാനവും എത്രമാത്രം ശക്തമാണ് എന്ന് നമുക്കു കാണിച്ചുതരുന്നു. ഇവയിലൂടെ കര്‍ത്താവ് അവളില്‍, അവളുടെ എളിമയില്‍, പെസഹായുടെ തേജസ് പുനരാവിഷ്ക്കരിച്ചു. കര്‍ദ്ദിനാള്‍ ന്യൂമാന്‍ അനുദിന വിശുദ്ധിയെക്കുറിച്ചു പറയുന്നു: “ക്രൈസ്തവന്‍ അഗാധവും നിശബ്ദവും നിഗൂഢവുമായ ഒരു ശാന്തി അനുഭവിക്കുന്നു. അതു കാണാന്‍ ലോകത്തിനു സാധിക്കില്ല. ക്രൈസ്തവന്‍ ആനന്ദവും ശാന്തതയും ഉള്ളവനാണ്, അവനില്‍ നന്മയുണ്ട്, സ്നേഹവും ബഹുമാനവും ഉണ്ട്. അവന്‍ നിഷ്ക്കളങ്കനും വിനയമുള്ളവനുമാണ്. അവനില്‍ കാപട്യമില്ല. പ്രകടനപരതയില്‍ നിന്നേറെ അകലെയായിരിക്കും അവന്‍റെ  പെരുമാറ്റം. ഒറ്റ നോട്ടത്തില്‍ സാധാരണക്കാരനായി കാണാവുന്നവനായിരിക്കും അവന്‍”. ലോകത്തിന്‍റെ അന്ധകാരത്തില്‍ കരുണയുടെ പ്രകാശകിരണങ്ങളായിത്തീരുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം. “യേശുവേ, ഞങ്ങളോടുകൂടെ വസിക്കൂ, എങ്കില്‍, നന്നെപ്പോലെ പ്രകാശിക്കാന്‍ ഞങ്ങള്‍ക്കു കഴിയും. മറ്റുള്ളവര്‍ക്ക് വെളിച്ചമായിത്തീരാന്‍ ഞങ്ങള്‍ക്കു സാധിക്കും. ആമേന്‍.

ത്രികാലപ്രാര്‍ത്ഥനയ്ക്കു മുമ്പുള്ള അഭിവാദ്യങ്ങള്‍

വിശുദ്ധ കുര്‍ബ്ബാനയുടെ അവസാനഭാഗത്ത്, സമാപനാശീര്‍വ്വാദം നല്കുന്നതിനു മുമ്പ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു. പ്രാര്‍ത്ഥനയ്ക്കു മുമ്പ് പാപ്പാ വിശുദ്ധപദപ്രഖ്യാപന തിരുക്കര്‍മ്മത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും, നവവിശുദ്ധരുടെ കുടുംബാംഗങ്ങള്‍ക്കും വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍ക്കും നന്ദി പറഞ്ഞു.

ആംഗ്ലിക്കന്‍ സഭാകൂട്ടായ്മയുടെ പ്രതിനിധിസംഘത്തെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്യുകയും സ്വാഗതമോതുകയും ചെയ്തു.

സിറിയയ്ക്കും എക്വദോറിനും വേണ്ടിയുള്ള പ്രാര്‍ത്ഥന

മദ്ധ്യപൂര്‍വ്വദേശത്തിനുവേണ്ടി, പ്രത്യേകിച്ച്, സായുധ സംഘര്‍ഷങ്ങളാല്‍ പീഢിതിമായ സിറിയയ്ക്കു വേണ്ടി പാപ്പാ പ്രാര്‍ത്ഥിച്ചു.

ഫലപ്രദമായ പരിഹാരങ്ങള്‍ സംഭാഷണത്തിന്‍റെ പാതയിലൂടെ ആരായുന്നതിന് ആത്മാര്‍ത്ഥമായി പരിശ്രമിക്കാന്‍ പാപ്പാ അഭ്യര്‍ത്ഥിച്ചു.

എക്വദോറില്‍ അക്രമാസക്തമായ പ്രക്ഷോഭണങ്ങളില്‍ മരണമടഞ്ഞവര്‍ക്കും   മുറിവേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച പാപ്പാ സമൂഹത്തില്‍ സമാധാനം ഉണ്ടാകുന്നതിനു വേണ്ടി പരിശ്രമിക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും പ്രചോദനം പകര്‍ന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2019, 09:07