തിരയുക

Security chief, Dominici Giani (to the right of the frame) Security chief, Dominici Giani (to the right of the frame) 

രാജിവച്ച സുരക്ഷാമേധാവിയുടെ ഭവനം പാപ്പാ സന്ദര്‍ശിച്ചു

രാജിവച്ച വത്തിക്കാന്‍ പോലീസ് മേധാവി, ഡോമിനിക്ക് ജാനിയുടെ കുടുംബത്തെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സിനഡിനിടെ ഒരു കാരുണ്യസന്ദര്‍ശനം
ഒക്ടോബര്‍ 16-Ɔο തിയതി ചൊവ്വാഴ്ച വൈകുന്നേരം സിനഡു സമ്മേളനത്തിലെ തിരക്കിനുശേഷമാണ് ഇപ്പോഴും വത്തിക്കാന്‍ സിറ്റിക്ക് അകത്തു താമസിക്കുന്ന ജാനിയുടെ വീട്ടിലേയ്ക്ക് അപ്രതീക്ഷിതമായി പാപ്പാ സന്ദര്‍ശനം നടത്തയത്. തത്സമയം വീട്ടിലുണ്ടായിരുന്ന ഡോമിനിക്ക് ജാനിയെയും,  ഭാര്യ ക്യാരയെയും മകള്‍ ലൗറയെയും പാപ്പാ കണ്ടു ദീര്‍ഘനേരം സംസാരിച്ചു.  ജാനിയുടെ  സവിശേഷമായ സേവനങ്ങള്‍ക്ക് നന്ദിപറയുകയും പ്രാര്‍ത്ഥനനേരുകയും ചെയ്തതുകൊണ്ടുമാണ് പാപ്പാ മടങ്ങിയതെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു. ഏറെ തിരക്കുകളുള്ള പാപ്പായുടെ മിന്നല്‍ സന്ദര്‍ശന സമയത്ത്  ജോലിയിലായിരുന്ന മൂത്ത മകന്‍  ലൂക്കാ സ്ഥലത്തില്ലായിരുന്നു.

വീണ്ടും മറ്റൊരു “വാറ്റിലീക്ക്”
വത്തിക്കാന്‍ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയ കേസില്‍ വത്തിക്കാന്‍റെ 3 ഉദ്യോഗസ്ഥരെ ഒക്ടോബര്‍ ആദ്യവാരത്തില്‍ ജോലിയില്‍നിന്നും പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജാനിയുടെയും പേരും പൊന്തിവന്നിരുന്നു. എന്നാല്‍ നിരപരാധിയാണെന്നു തെളിയിക്കപ്പെടുകയും ചെയ്തു. ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇനിയും ജോലിയില്‍ തുടരുന്നത് ശരിയല്ലെന്ന സ്വന്തം മനസ്സാക്ഷിയുടെ വിളിയിലാണ് താന്‍ രാജിവച്ചതെന്ന് ജാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20 വര്‍ഷക്കാലം വത്തിക്കാന്‍റെ പൊലീസ് സേനയില്‍ സേവനപരിചയമുള്ള ഡോമിനിക് ജാനി ഒക്ടോബര്‍ 14-ന് ഒരു പരസ്യ പ്രഖ്യാപനത്തിലൂടെയാണ് രാജിവയ്ക്കല്‍ വത്തിക്കാനെ അറിയച്ചതും, പാപ്പാ ഫ്രാന്‍സിസ് അത് അംഗീകരിച്ചതും. വത്തിക്കാന്‍റെ പൊലീസ് വിഭാഗത്തിലെ ജോലിയില്‍ പ്രവേശിക്കും മുന്‍പ് 1999-വരെയ്ക്കും ജാനി ഇറ്റാലിയന്‍ നികുതി വകുപ്പില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.

സുരക്ഷാമേധാവിയുടെ സ്വമേധയായുള്ള രാജി
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെയും, മുന്‍പാപ്പാ ബെനഡിക്ടിന്‍റെ 16-Ɔമന്‍റെയും കാലത്ത് വത്തിക്കാന്‍ പേലീസില്‍ ജോലിചെയ്തിട്ടുള്ള ജാനി, പാപ്പാ ഫ്രാന്‍സിസിന്‍റെ കാലത്താണ് പൊലീസിന്‍റെ തലവനും പാപ്പായുടെ വ്യക്തിഗത സുരക്ഷാവലയത്തിന്‍റെ മേധാവിയുമായി ഉയര്‍ത്തപ്പെട്ടത്. വിരമിക്കുന്നതിനു മുന്‍പ് പാപ്പായുമായി ജാനി സ്വകാര്യകൂടിക്കാഴ്ച നടത്തിയിരുന്നു.  ജാനിയുടെ സേവനത്തെ പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ പ്രശംസിച്ചതായും, 20 വര്‍ഷം നീണ്ട സേവനത്തിന് നന്ദിപറഞ്ഞതായും ഒക്ടോബര്‍ 15-ന് സ്ഥാനമൊഴിയല്‍ പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് അറിയിച്ചിരുന്നു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2019, 17:55