Pope Francis presides Vespers for the beginning of the Missionary Month Pope Francis presides Vespers for the beginning of the Missionary Month  

കഴിവു നല്കിയവന്‍ കണക്കു ചോദിക്കും : പാപ്പാ ഫ്രാന്‍സിസ്

മിഷണറി മാസത്തിന് ആരംഭം കുറിച്ച സായാഹ്ന പ്രാര്‍ത്ഥനയില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ വചനപ്രഭാഷണത്തിലെ ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒക്ടോബര്‍ 1-Ɔο തിയതി ചൊവ്വാഴ്ച വൈകുന്നേരം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സായാഹ്നപ്രാര്‍ത്ഥനമദ്ധ്യേ നല്കിയ പ്രഭാഷണത്തിലാണ് സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത് (മത്തായി 25, 14-30).

മിഷണറി മാസത്തില്‍‍ ചെയ്യാവുന്നത്!
വലിയ യജമാനനായ ദൈവം തന്‍റെ സ്വത്തുക്കള്‍ മനുഷ്യരായ നമ്മെ ഓരോരുത്തരെയുമാണ് ഭരമേല്പിച്ചിരിക്കുന്നത്. അവിടുന്ന് വ്യത്യസ്ത കഴിവുകള്‍ നമുക്കു നല്കിയിട്ടുണ്ട്. കഴിവുകള്‍ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല. അവ ധൈര്യത്തോടെയും ക്രിയാത്മകമായും ഉപയോഗിച്ച് ഫലമണിയിക്കണമെന്നത് അവ നമ്മെ ഭരമേല്പിച്ച യജമാനന്‍, ദൈവം ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ ഈ മിഷണറിമാസത്തില്‍ നന്മചെയ്യാന്‍ നമ്മെത്തന്നെ പ്രചോദിപ്പിക്കുകയും ഒരുക്കുകയും വേണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

രക്തസാക്ഷ്യത്തില്‍ ഊന്നിയ സാക്ഷ്യം
മിഷണറി മാസം പ്രായോഗികമാക്കാനുള്ള മാര്‍ഗ്ഗം ക്രിസ്തുവിനു സാക്ഷ്യംവഹിക്കുകയാണ്. സാക്ഷ്യമെന്ന വാക്ക് രക്തസാക്ഷ്യത്തില്‍ വേരൂന്നിയതാണ്. വിശ്വാസത്തിന്‍റെ ശ്രേഷ്ഠരായ സാക്ഷികള്‍ രക്തസാക്ഷികളാണ്. കാരണം വാക്കാലല്ല, തങ്ങളുടെ ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിച്ചവരാണവര്‍. അവര്‍ സമാധാനവും സ്നേഹവും ജീവിതപരിസരങ്ങളില്‍ പരത്തിക്കൊണ്ട്, ക്രിസ്തുവിനെപ്രതി എല്ലാവരെയും സ്നേഹിച്ചും സഹായിച്ചും ജീവിച്ചവരാണ്. ഇത് ക്രൈസ്തവന്‍റെ ധര്‍മ്മമാണ്. എത്ര നന്നായി ഞാന്‍ ക്രിസ്തുവിനു സാക്ഷ്യംവഹിക്കുന്നുവെന്ന് ഈ മിഷണറി മാസത്തില്‍ നമുക്ക് ആത്മപരിശോധനചെയ്യാം. പാപ്പാ ആഹ്വാനംചെയ്തു.

കഴിവുകള്‍ പൂഴ്ത്തിവച്ച അവിശ്വസ്തനായ ദാസന്‍
ഏല്പിച്ച സ്വത്തു വ്യയംചെയ്തു വര്‍ദ്ധിപ്പിച്ച ദാസനെ ഉപമയുടെ അവസാനത്തില്‍ യജമാനന്‍ നല്ലവനും വിശ്വസ്തനുമെന്നു വിശേഷിപ്പിക്കുമ്പോള്‍, ഏല്പിച്ചതു പൂഴ്ത്തിവച്ച ദാസനെ ദുഷ്ടനും അലസനുമെന്നു വിളിക്കുന്നു. ദൈവം നല്കിയ കഴിവുകള്‍ അയാള്‍ നശിപ്പിക്കുകയോ, അതുകൊണ്ട് ആരെയും ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. കഴിവുകള്‍ പൂഴ്ത്തിവച്ച അനാസ്ഥയെയും അലസതയെയുമാണ് ദൈവം ശിക്ഷിക്കുന്നത്.

കഴിവുകള്‍ പങ്കുവയ്ക്കുന്നതാണ് ജീവിതമേന്മ

ജീവനും അതിന്‍റെ കഴിവുകളും തനിക്കു മാത്രമായി ഉപയോഗിക്കുവാനോ, അതു പൂഴ്ത്തിവയ്ക്കുവാനോ ഉള്ളതല്ല. ജീവതത്തിന്‍റെ മേന്മ അതു നല്കുന്നതിലും പങ്കുവയ്ക്കുന്നതിലുമാണ്. ക്രിസ്തുവിനോടു ചേര്‍ന്നു നില്ക്കുന്നവര്‍ സ്വന്തമാക്കുന്നത് അവര്‍ മറ്റുള്ളവര്‍ക്കു നല്കുന്നതിലാണ്. അനാസ്ഥ അല്ലെങ്കില്‍ ഉപേക്ഷ ക്രൈസ്തവികതയ്ക്കു വിരുദ്ധമാണ്.

മാറ്റത്തിന് തയ്യാറല്ലാത്തവര്‍
ജീവിതത്തെ ഭാരമായി കാണാതെ ദാനമായി കാണേണ്ടതാണ്. ഉത്തരവാദിത്ത്വങ്ങളെ ഭയന്ന് നിസംഗതയില്‍ തളര്‍ന്നിരിക്കുന്നത് പാപമാണ്. ജീവിതപരിസരങ്ങളില്‍ സന്തോഷം പ്രസരിപ്പിക്കേണ്ടവരാണ് ക്രൈസ്തവര്‍. അതുപോലെ ഒന്നും ശരിയല്ലെന്നു പറഞ്ഞോ, വിലപിച്ചോ, ഒരു മാറ്റത്തിനും തയ്യാറാവാതെ, മാറ്റവും മാനസാന്തരവും അസാദ്ധ്യമാണെന്നു ശഠിച്ചിരിക്കുന്നത് അലസതയാണ്.

സന്തോഷത്തോടെ നല്കാം!
സന്തോഷത്തോടെ നല്കുന്നവനെ ദൈവം സ്നേഹിക്കുന്നു (2 കൊറി. 9, 7).
ദൈവം ഇഷ്ടപ്പെടുന്നത് സജീവമായൊരു സഭയെയാണ്. പ്രേഷിതയായ സഭ കുറവുകളെ ഓര്‍ത്ത് വിലപിച്ച് സമയം വൃഥാവില്‍ ചെലവഴിക്കുന്നില്ല. സഭയെ സ്വൗര്യതയുടെ ഒരു മരുപ്പച്ചയായി കാണരുത്, മറിച്ച് അത് ഭൂമിയുടെ ഉപ്പും ഉറയുമായി സ്വയം മനുഷ്യര്‍ക്കായി അലിഞ്ഞുചേരേണ്ടതാണ്. സഭയുടെ സാമൂഹികവും സ്ഥാപനപരവുമായ പ്രസക്തിക്കും അപ്പുറം, അത് വിനീത ശുശ്രൂഷയുടെയും പ്രതിനന്ദി പ്രതീക്ഷിക്കാതെ, നിര്‍ലോഭമായി എല്ലാം പങ്കുവയ്ക്കുന്ന അമ്മയാണ്.

മിഷണറി മാസത്തിലെ 3 മാതൃകകള്‍
മിഷണറിമാസത്തില്‍ മൂന്നു പുണ്യാത്മാക്കളെയാണ് പാപ്പാ ഫ്രാന്‍സിസ് മാതൃകയായി നല്കിയിരിക്കുന്നത്. പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ ഇന്ധനം പ്രാര്‍ത്ഥനയാണെന്നു കാണിച്ച കൊച്ചുത്രേസ്യ പുണ്യവതിയാണ് ആദ്യത്തെ മാതൃക. പൗലോസ് ശ്ലീഹായ്ക്കുശേഷം സഭയില്‍ പ്രേഷിത തീക്ഷ്ണത ആളിക്കത്തിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവര്‍ പ്രേഷിതസമര്‍പ്പണത്തിന്‍റെ രണ്ടാമത്തെ മാതൃകയാണ്. തന്‍റെ ചെറിയ ജോലിയില്‍നിന്നും ലഭിക്കുന്ന ഒരു ദിവസത്തെ വേദനത്തിന്‍റെ ചെറിയ പങ്കു ആഗോളസഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി ( Pontifical Mission Society) മാറ്റിവച്ച ധന്യയായ പോളിന്‍ ജാരിക്കോയെ  പ്രേഷിതപുണ്യത്തിന്‍റെ മൂന്നാമത്തെ മാതൃകയായും നല്കുകയാണ്.

ഏത് അവസ്ഥയിലും നന്മ ചെയ്യാം!
ഈ പുണ്യാത്മാക്കളെ അനുകരിച്ച് സുവിശേഷവും ജീവിതവും തമ്മില്‍ വേര്‍പിരിക്കാതെ, സുവിശേഷമൂല്യങ്ങള്‍ക്ക് അനുസൃതമായി അനുദിനം ജീവിക്കാനാന്‍ പരിശ്രമിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവര്‍ ആരും സഭയുടെ ദൗത്യത്തില്‍നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ലെന്നാണ് ഈ പുണ്യാത്മാക്കള്‍ പഠിപ്പിക്കുന്നത്. ജീവിതത്തിന്‍റെ ഏതു തുറയില്‍ ആയിരുന്നാലും, രോഗിയായി ഒരു കിടക്കയിലായിരുന്നാല്‍പ്പോലും നന്മചെയ്യാന്‍ പരിശ്രമിക്കേണ്ടത് ക്രൈസ്തവന്‍റെ കടമയാണ്.

തള്ളിനീക്കലല്ല പങ്കുവയ്ക്കലാണ് ജീവിതം!
ജീവിതം തള്ളിനീക്കുകയല്ല ആവശ്യം, അത് പങ്കുവയ്ക്കാനുള്ളതാണ്. ജീവിതത്തെക്കുറിച്ച് പരാതിപ്പെടാനല്ല, പരോന്മുഖമായി ജീവിക്കാനുള്ളതാണ്.Ad gentes, ജനതകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാന്‍, വിശിഷ്യാ സുവിശേഷത്തിന്‍റെ സന്ദേശവും ആനന്ദവും എത്തിപ്പെടാത്ത ജനതകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ ഈ മിഷണറിമാസം നമ്മെ മാടിവിളിക്കുന്നു! ജീവിതദൗത്യത്തിന്‍റെ ഫലദായകത്ത്വവും അതിന്‍റെ ആനന്ദവും കണ്ടെത്താന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വാക്കുകള്‍ ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 October 2019, 18:56