ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍ പ്രഭാഷ​ണം ചെയ്യുന്നവസരത്തില്‍... ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍ പ്രഭാഷ​ണം ചെയ്യുന്നവസരത്തില്‍... 

വിശുദ്ധിയിലേക്കുളള വിളി: തിന്മ പരത്തുന്ന ലോകം.

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 115-117 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു. നാലാമത്തെ അദ്ധ്യായം ദൈവ സ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും

 നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരുവിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെ ടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

അപരനെ അപകടത്തിലാക്കുന്ന നാവ്

115. ക്രൈസ്തവരും സൂക്ഷിച്ചില്ലെങ്കിൽ ഇന്‍റെര്‍നെറ്റ് വഴിയും ആധുനിക മാധ്യമ സമ്പർക്കം വഴിയും വാക്കുകളാലുള്ള അക്രമങ്ങളിൽ കുടുങ്ങി പോകാവുന്നതാണ്. കത്തോലിക്കാ മാധ്യമങ്ങളിൽ പോലും അതിരുവിട്ട് അപകീർത്തിയും അപവാദവും പരത്തുന്നത് സാധാരണമാകുന്നതും എല്ലാം സാധാര​ണമാക്കാവുന്നതും സദാചാര മാനദണ്ഡങ്ങളും എല്ലാമ ഉപേക്ഷിക്കുകയും മറ്റുള്ളവരുടെ സൽപ്പേരിന് കളങ്കം വരുത്തുന്നത് പതിവായിരിക്കുകയും ചെയ്തിരിക്കുന്നു. അതിന്‍റെ ഫലമോ, അപകടകരമായ ഒരു വിഭാഗീകരണമാണ്. പൊതുവേദിയിലെ ഒരു പ്രഭാഷണത്തിൽ പറയരുതാത്ത കാര്യങ്ങൾ ആധുനിക ജനസമ്പർക്ക മാധ്യമങ്ങളിൽ പറയാവുന്നത് കൊണ്ട് മറ്റുള്ളവരെ പഴിച്ചുകൊണ്ട് അവർ തങ്ങളുടെ തന്നെ അസന്തുഷ്ടിയുടെ കുറവ് നികത്തുന്നു. ശ്രദ്ധേയമായ കാര്യം, ചിലപ്പോൾ മറ്റു കൽപ്പനകൾ എല്ലാം മുറുകെ പിടിക്കുന്നു എന്ന് അവകാശപ്പെട്ടു കൊണ്ട് തന്നെ കള്ളസാക്ഷി പറയരുത് എന്ന എട്ടാം പ്രമാണത്തെ പാടെ അവഗണിക്കുന്നു. നരകത്തീ കത്തുന്ന, തടയിടാത്ത ഒരു നാവ്, എല്ലാറ്റിനെയും കത്തിച്ചു ചാമ്പലാക്കുന്നതെങ്ങനെയെന്ന് ഇവിടെ നാം കാണുന്നു. (യാക്കോ.3: 6)

തിന്മ പരത്തുന്ന ലോകം

ഇന്നത്തെ കാലഘട്ടത്തിന്‍റെ ഏറ്റവും മ്ലേച്ഛമായ ഒരു തിന്മയെ ഇവിടെ ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ഇന്‍റർനെറ്റ് നന്മ ചെയ്യാൻ എത്ര മാത്രം ഉപയോഗിക്കപ്പെടുന്നുവോ അതിനെക്കാളേറെ തിന്മകൾ പരത്തുവാനും മറ്റുള്ളവരുടെ സല്‍പേര് നശിപ്പിക്കാനും ഉപയോഗിക്കുന്നത് സർവ്വസാധാരണമെന്ന് പാപ്പാ നിരീക്ഷിക്കുന്നു. പരസ്യമായി നേരിട്ട് പറയാൻ കഴിയാത്തവ മറഞ്ഞിരുന്ന് മുഖം വെളിപ്പെടുത്താതെ ചെയ്യാൻ പറ്റുന്ന ഒരിടമായതിനാൽ സ്വന്തം അസന്തുഷ്ടിയെ മറ്റുള്ളവരുടെ നേർക്ക് തിരിച്ചുവിടുന്നുവെന്നാണ് ഇക്കാര്യത്തെ പാപ്പാ കാണുന്നത്. എല്ലാ പ്രമാണങ്ങളും കാക്കുന്നു എന്നവകാശപ്പെടുന്നവർ പോലും എട്ടാം പ്രമാണത്തിലെ കള്ള സാക്ഷ്യവും നുണയും കൊണ്ട് മറ്റുള്ളവരെ ദുഷിപ്പിക്കുന്ന പ്രവണതയെ പൂർണ്ണമായും അവഗണിക്കുന്നിവിടെ. നരകം തീവയ്ക്കുന്ന തളയ്ക്കാത്ത നാവിൽ നിന്ന് സകലതും കത്തി വെണ്ണീരാകുന്നത് ചൂണ്ടിക്കാണിക്കുന്നു.

നാവ് തീയാണ്. ചുട്ട് പൊള്ളിക്കുന്ന തീ. ഊതുമ്പോൾ തീ കത്തുന്നു. തുപ്പിക്കളയുമ്പോൾ തീ കെട്ടുപോകുന്നു. രണ്ടും ഒരേ വായിൽ നിന്നാണ് വരുന്നത്. നന്മയും-തിന്മയും,അഭിനന്ദനവും-അവഹേളനവും, അനുഗ്രഹവും-ശാപവും,പ്രോത്സാഹനവും-നിരുത്സാഹനവും എല്ലാം വരുന്നത് ഒരേ നാവിൽ നിന്ന് തന്നെയാണ്. നമ്മുടെ വാക്കുകൾക്കു ഒരു വ്യക്തിയുടെ ജീവനെ നിലനിർത്തുവാനും,നശിപ്പിക്കാനും സാധിക്കും.നാവു കൊണ്ട് സ്വയം നശിക്കുന്നവരും മറ്റുള്ളവരെ നശിപ്പിക്കുന്നവരുമുണ്ട്. നാം തൊടുത്തു വിടുന്ന വാക്കുകൾ പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിലൂടെ നാം പങ്കുവയ്ക്കുന്ന വാക്കുകൾ മറ്റുള്ളവരെ പരസ്യമായി അഭിനന്ദിക്കുന്നതുപോലെ തന്നെ ചിലരെ സമൂഹത്തിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യുന്നു. ദൈവം മാത്രം വിധിയാളനായിരിക്കുമ്പോൾ നമ്മുടെ അവ്യക്തതയിൽ നിന്നും, കേട്ട്കേൾവിയിൽ നിന്നും മറ്റുള്ള ജീവിതങ്ങളെ മുറിപ്പെടുത്താൻ നമുക്ക് അവകാശമില്ലെന്ന് നാം തിരിച്ചറിയണമെന്ന് പാപ്പായുടെ ഈ പ്രബോധനം നമ്മോടു ആവശ്യപ്പെടുന്നു.

കൃപ പൊങ്ങച്ചത്തെയും ദുരഭിമാനത്തെയും ദൂരെയകറ്റുന്നു

116. ഇന്നത്തെ ജീവിതത്തിന്‍റെ ഭാഗമായി തീർന്നാലെന്നപോലുള്ള അക്രമ വാസനയാല്‍ നാം വലിച്ചുകൊണ്ടുപോകാൻ ഇടവരാത്തവിധം അന്തഃസ്ഥിതമായ ശക്തി കൃപാവരത്തിന്‍റെ പ്രവർത്തനം എന്ന നിലയിൽ നമ്മെ സംരക്ഷിക്കുന്നു. എന്തെന്നാൽ കൃപാവരം നമ്മുടെ ഗര്‍വ്വിനെ അകറ്റി ഹൃദയത്തിന് ശാന്തത ഉളവാക്കുന്നു. വിശുദ്ധർ മറ്റുള്ളവരുടെ വീഴ്ചകളെ കുറിച്ച് പരിഭവം പറഞ്ഞു തങ്ങളുടെ ഊർജ്ജം ദുർവ്യയം ചെയ്യുന്നില്ല. തങ്ങളുടെ സഹോദരി സഹോദരന്മാരുടെ കുറവുകളെ മുമ്പിൽ തങ്ങളുടെ നാവിനെ അടക്കി നിർത്താനാവർക്കാകും. മറ്റുള്ളവരോടു ഹീനമായും മോശമായും പെരുമാറുന്നതായ വാക്കുകളാലുള്ള ക്രൂരത അകറ്റിനിർത്താൻ അവർക്കാകും. കാഠിന്യത്തോടുകൂടി മറ്റുള്ളവരോടു പെരുമാറാൻ വിശുദ്ധർ വിമുഖരാണ്: മറ്റുള്ളവർ തങ്ങളെക്കാൾ ശ്രേഷ്ഠരാണെന്ന് അവർ കരുതുന്നു.(ഫിലി.2:3)

വിശുദ്ധിയുടെ വഴിയിൽ പുണ്യങ്ങളുടെ പേരു ചൊല്ലി കൃപയിൽ നിന്നു വരുന്ന ആന്തരീകശക്തി കൊണ്ട് വേണം ഇന്നത്തെ ലോകത്തിൽ ഉയരുന്ന അക്രമാസക്തിയിൽ നിന്ന് നമ്മെ രക്ഷിക്കാൻ എന്ന് പാപ്പാ പറയുന്നു. കൃപ പൊങ്ങച്ചത്തെയും ദുരഭിമാനത്തെയും ദൂരെയകറ്റുന്നു. ഹൃദയം ശാന്തമാക്കുന്നു. മറ്റുള്ളവരുടെ തെറ്റുകളുടെ മുന്നിൽ അവരെ കുറ്റം പറഞ്ഞു ആരോഗ്യം കളയാതെ, സ്വന്തം നാവടക്കി, മറ്റുള്ളവരെ ദുഷിപ്പിക്കുന്ന വാക്കുകളാൽ  ആക്രമിക്കാതെ, സ്വന്തം കുറവുകൾ തിരിച്ചറിയുമ്പോൾ മറ്റുള്ളവർ തങ്ങളേക്കാൾ എത്ര നല്ലവരെന്ന് കരുതുന്നവരാണ് വിശുദ്ധിയുള്ളവർ. വളരെ പച്ചയായ യാഥാർത്ഥ്യങ്ങളിലേക്ക് നമ്മെ ക്ഷണിക്കുകയാണ് ഫ്രാൻസിസ് പാപ്പാ. മനുഷ്യന്‍റെ മാനുഷീകതയിൽ നിന്ന് കൃപാവര സഹായത്താൽ നടത്തുന്ന ഒരു കടന്ന് പോക്കായി വേണം വിശുദ്ധിയെ കരുതാൻ എന്ന് ഇതിൽ നിന്ന് നാം മനസ്സിലാക്കണം. സ്വന്തം ബലഹീനതകളെക്കുറിച്ച് തിരിച്ചറിവു പകരുന്ന കൃപാ വെളിച്ചത്തിൽ മറ്റുള്ളവരുടെ നേരെ പരുഷമായി പെരുമാറാതെ, അവർ നമ്മെക്കാൾ എത്രയോ നല്ലവരെന്ന് കരുതുന്നവരാണ് വിശുദ്ധിയുള്ളവർ എന്ന് ഫിലിപ്പിയർക്കെഴുതിയ ലേഖനം ഉദ്ധരിച്ച് പാപ്പാ സമർത്ഥിക്കുകയും ചെയ്യുന്നു.

കുലീനതയില്ലാത്തവര്‍ കുറവുകള്ള മാത്രം കണ്ടെത്തും

മറ്റുള്ളവരെ നല്ലവരായി കാണാൻ, അവരിലെ നന്മയെ കൂടുതൽ പ്രകാശിപ്പാക്കാൻ ഈ ഭൂമിയിലായിരുന്നപ്പോൾ പരിശ്രമിച്ചവരാണ് വിശുദ്ധർ. മരണത്തിനു ശേഷവും അവർ ദൈവത്തിന്‍റെ മുന്നിൽ മാദ്ധ്യസ്ഥം വഹിച്ചു കൊണ്ട്  ഈ പ്രവർത്തി തുടർന്ന് കൊണ്ടിരിക്കുന്നു. അത്കൊണ്ടാണ് അവരെ നാം വിശുദ്ധരെന്നു വിളിക്കുന്നത്.  മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരായി കാണുവാൻ സാധിക്കണമെങ്കിൽ നാം കുലീനരായിരിക്കണം. നമ്മിൽ ഈ കുലീനത ഇല്ലെങ്കിലോ നാം മനുഷ്യത്വം ഇല്ലാത്തരവരാണെന്നു സ്വയം ഈ ലോകത്തോടു വിളിച്ചു പറയുകയാണ് ചെയ്യുന്നത്. എപ്പോഴും എല്ലാറ്റിലും മറ്റുള്ളവരിൽ കുറ്റം കാണാനും അവരുടെ നന്മകളെ പോലും തിന്മയായി വ്യാഖ്യാനിക്കാനും, സ്വയം ശ്രേഷ്ഠരായി കരുതി തങ്ങളുടെ തന്നെ കഴിവിൽ ഈ ലോകത്തെ കാണാൻ ശ്രമിക്കുന്ന മനുഷ്യർ ജീവിതത്തിൽ ഒരിക്കലും സംതൃപ്തരായി ജീവിക്കുന്നില്ല. കാരണം അവരുടെ കണ്ണുകളും, നാവും, മനസ്സും, ചിന്തയുമെല്ലാം അപരനെ കുറിച്ചുള്ള ആകുലതയിലായിരിക്കും. ഇങ്ങനെ ജീവിക്കുന്ന മനുഷ്യർ അവർക്കു ദൈവം നൽകിയിരിക്കുന്ന താലന്തുകളെ കുഴിച്ചു  മൂടുക മാത്രമല്ല മറ്റുള്ളവരുടെ താലന്തുകളെ ഇല്ലാതാക്കാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും. എന്നാൽ ഇവരുടെ പരിശ്രമങ്ങളെ പരാജയപ്പെടുത്തുന്നത് ദൈവം തന്നെയാണ്. കാരണം ദൈവം പരിശുദ്ധിയുടെ പൂര്‍ണ്ണതയാണ്. പരിശുദ്ധനായ ദൈവം നന്മ ചെയ്യുന്നവര്‍ക്ക് എപ്പോഴും കാവലിരിക്കുന്നു.

മറ്റുള്ളവരുടെ മേൽ ആധിപത്യം പുലർത്തുന്നത് അക്രമത്തിന്‍റെ ഒരു രൂപം

117. ഹൃദയശൂന്യമായ വിധിയാളന്മാരായി മറ്റുള്ളവരുടെ മേൽ ആധിപത്യം പുലർത്തുന്നതും എപ്പോഴും അവരെ പാഠം പഠിപ്പിക്കാൻ ഉദ്യമിക്കുന്നതും നല്ലതല്ല. അത് തന്നെയും അക്രമത്തിന്‍റെ ഒരു നിശിതമായ രൂപമാണ്. കുരിശിന്‍റെ വിശുദ്ധ യോഹന്നാൻ വ്യത്യസ്ഥ പാദ നിർദ്ദേശിക്കുന്നു. “ഏറ്റവും നിസ്സാരമായ വ്യക്തിയെപ്പോലും പഠിപ്പിക്കുക എന്നതിനേക്കാൾ എപ്പോഴും എല്ലാവരാലും പഠിപ്പിക്കപ്പെടുന്നതിന് മുൻഗണന കൊടുക്കുക.” പിശാചിനെ അകറ്റി നിർത്തുന്നതെങ്ങനെ എന്ന ഉപദേശം അദ്ദേഹം നൽകുന്നു. “നിങ്ങളുടെ നന്മയെന്ന പോലെ മറ്റുള്ളവരുടെ നന്മയിൽ സന്തോഷിക്കുക. എല്ലാ കാര്യങ്ങളിലും അവർക്ക് നിങ്ങളെക്കാൾ മുൻഗണന കിട്ടാൻ അനുഗ്രഹിക്കുക. ഇത് നീ പൂർണ്ണഹൃദയത്തോടെ കൂടി ചെയ്യണം. അങ്ങനെ നിങ്ങൾ തിന്മയെ നന്മ കൊണ്ട് ജയിക്കും. പിശാചിനെ തുരത്തും. ആനന്ദഭരിതമായ ഒരു ഹൃദയം സ്വന്തമാക്കും. മറ്റുള്ളവരെ ആകർഷിക്കുന്നതിൽ പിന്നോട്ട് നിൽക്കുന്ന വ്യക്തികള്‍ ഇത് അഭ്യസിക്കണം. ഇപ്രകാരം നീ നിന്നെ തന്നെ പരിശീലിപ്പിക്കുന്നില്ലെങ്കിൽ നീ ശരിയായ സ്നേഹം പ്രാപിക്കുകയോ അതിൽ വളരുകയോ ഇല്ല എന്ന് ഗ്രഹിച്ചു കൊള്ളുവിൻ”.

ഏറ്റവും എളിയവരാൽ പോലും പഠിപ്പിക്കപ്പെടാൻ ആഗ്രഹിക്കുക

വളരെ മനോഹരമായ ഒരു പ്രായോഗിക പാഠവുമായാണ് പാപ്പാ ഈ ഖണ്ഡിക എഴുതി വയ്ക്കുന്നത്. ഹൃദയമില്ലാത്ത ന്യായാധിപന്മാരെ പോലെ മറ്റുള്ളവരെ വിധിക്കാനും പഠിപ്പിക്കാനുമുള്ള നമ്മുടെ പ്രവണതയെ അക്രമത്തിന്‍റെ സൂക്ഷ്മ രൂപമായാണ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത്. മറ്റുള്ളവരെ പഠിപ്പിക്കാൻ ശ്രമിക്കാതെ കുരിശിന്‍റെ വിശുദ്ധ യോഹന്നാൻ പറയുന്നതുപോലെ "മറ്റുള്ളവരാൽ, ഏറ്റം എളിയവരാൽ പോലും പഠിപ്പിക്കപ്പെടാൻ ആഗ്രഹിക്കുക" എന്നത് വിശുദ്ധിയുടെ ഒരു അടയാളമായി പാപ്പാ കാണിച്ചുതരുന്നു. കൂടാതെ നമ്മുടെ ജീവിതയാത്രയിൽ നമ്മളാൽ ആകർഷിക്കപ്പെടുന്ന ഒരു പാട് വ്യക്തികളുണ്ട്. അതേപോലെ തന്നെ ഒട്ടും ആകർഷകമായി തോന്നാത്ത വ്യക്തിത്വങ്ങളും.

ദൈവം അല്ലാതെ മറ്റാരും പൂർണ്ണരല്ല. എന്നാൽ ദൈവപിതാവിനെ പോലെ പൂർണ്ണരാകാനുള്ള വിളിയെ കുറിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലൂടെ  ക്രിസ്തു നമ്മോടു പറയുന്നു. സ്വയം പൂർണ്ണരാണെന്ന മിഥ്യാധാരണയിൽ മറ്റുള്ളവരെ പഠിപ്പിക്കാനും കുറ്റപ്പെടുത്താനും മാത്രമായി ജീവിതത്തെ മാറ്റി നിറുത്തിയ മനുഷ്യർ നമ്മോടൊപ്പം ജീവിക്കുന്നുണ്ടാവാം. ഇവർ യഥാർഥത്തിൽ അന്ധരാണ്. ഇവരുടെ അന്ധതയ്ക്കു കാരണം ഇവരുടെ ഇല്ലായ്മക്കളെ കുറിച്ചും മറ്റുള്ളവരുടെ നിറവുകളെ കുറിച്ചുമുള്ള അജ്ഞതയാണ്. ഇത് തിന്മയും പൈശാചികവുമാണ്. ഇങ്ങനെയുള്ള വ്യക്തികൾ മറ്റുള്ളവരെ ശാന്തമായി ജീവിക്കാൻ അനുവദിക്കുകയില്ല. കാരണം അവരിൽ തന്നെ അവർ പ്രശാന്തത അനുഭവിക്കുന്നില്ല.  ഇവിടെ കുരിശിന്‍റെ വിശുദ്ധ യോഹന്നാൻ സാത്താനെ ദൂരെയകറ്റി നിറുത്താൻ നമുക്ക് പറഞ്ഞു തരുന്ന വിദ്യയെന്നത്  നമുക്ക് ഒട്ടും ആകർഷണം തോന്നാത്ത വ്യക്തികളുടെ നന്മകളെ കാണുമ്പോള്‍ അത് നമ്മുടെ സ്വന്തം എന്ന് കരുതി ആനന്ദിക്കാനും, അവർക്ക് മനപ്പൂർവ്വം മുൻതൂക്കം നല്‍കാനും അങ്ങനെ നമ്മിലെ തിന്മയെ നന്മ കൊണ്ട് നേരിട്ട് സാത്താന്‍റെ തന്ത്രങ്ങളെ അകറ്റി സന്തോഷമുള്ള ഒരു ഹൃദയം സമ്പാദിക്കാൻ ശ്രമിക്കാനുമാണ്. ഇതാണ് യഥാർത്ഥ ഉപവി നേടിയെടുക്കാനും അതിൽ വളരാനും നമ്മൾ പരിശീലിക്കേണ്ട മാർഗ്ഗമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 October 2019, 15:39