പൊതു കൂടികാഴ്ച്ചയില്‍  പകര്‍ത്തപ്പെട്ട ചിത്രം പൊതു കൂടികാഴ്ച്ചയില്‍ പകര്‍ത്തപ്പെട്ട ചിത്രം  

വിശുദ്ധിയിലേക്കുളള വിളി: ആനന്ദത്തിന്‍റെ വിളി

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 121-123 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരുവിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

ക്രിസ്തുവാണ് നമ്മുടെ സമാധാനം

121.ഈ രീതിയിൽ വർത്തിക്കുവാൻ, കൊടിയ അഹംഭാവത്തിൽ നിന്ന് ഉടലെടുക്കുന്ന ധാർഷ്ട്യത്തിൽ നിന്നും വിമുക്തമായും ക്രിസ്തുവുമായി സമാധാനം പുലർത്തുന്നതുമായ ഒരു ഹൃദയമാണ് ആവശ്യമായിട്ടുള്ളത്. കൃപാവരത്തിന്‍റെ ഫലമായ സമാധാനവ്യവസ്ഥ തന്നെ നാം, " മരണത്തിന്‍റെ നിഴൽ വീണ താഴ്വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും"(സങ്കീ.23 :4), "ഒരു സൈന്യം തന്നെ എനിക്കെതിരെ പാളയമടിച്ചാലും" (സങ്കീ.27 :3),നമ്മുടെ ആന്തരിക പ്രതീക്ഷ നിലനിറുത്തതാനും, നന്മയിൽ സ്ഥിരോത്സാഹത്തോടു കൂടെ നിലനിൽക്കാനും നമ്മെ സുധാര്യരാക്കിത്തീർക്കുന്നു. പാറ തന്നെയായ കർത്തവിൽ ഉറച്ചു നിന്ന് കൊണ്ട് നമുക്ക് പാടാനാകും:"ഞാൻ പ്രശാന്തമായി കിടന്നുറങ്ങും;" എന്തെന്നാൽ കർത്താവേ, അവിടുന്ന് തന്നെയാണ് എനിക്ക് സുരക്ഷിതത്വം നൽകുന്നത് (സങ്കീ.4 :8). ഒറ്റവാക്കിൽ "ക്രിസ്തുവാണ് നമ്മുടെ സമാധാനം" (എഫേ.2 :14). അവിടുന്ന് വന്നത് സമാധാനത്തിന്‍റെ പാതയിൽ നമ്മുടെ പാദങ്ങളെ നയിക്കുവാനാണ് (ലൂക്കാ.1 :79). അവിടുന്ന് വിശുദ്ധ ഫൗസ്തീനാ കൊവാൽസ്‌ക്കിയോടു അരുള്‍ചെയ്തത് പോലെ "എന്‍റെ കാരുണ്യത്തിലേക്കു പ്രത്യാശയോടു കൂടി തിരിയുന്നത് വരെ മനുഷ്യകുലത്തിനു സമാധാനമുണ്ടാകുകയില്ല." അത്കൊണ്ട്, വിജയത്തിലോ, മൂഢസന്തോഷത്തിലോ, സമ്പാദ്യങ്ങളിലോ, മറ്റുള്ളവരുടെ മേലുള്ള അധികാരത്തിലോ, സാമൂഹിക സ്ഥാനമാനങ്ങളിലോ നമ്മുടെ സുരക്ഷിതത്വം തേടുക എന്ന പ്രലോഭനത്തിനു നമുക്ക് അടിമപ്പെടാതിരിക്കാം. യേശു അരുളിച്ചെയ്യുന്നു: "എന്‍റെ സമാധാനം നിങ്ങള്‍ക്ക് ഞാൻ നൽകുന്നു. ലോകം നൽകുന്നത് പോലെയല്ല ഞാൻ സമാധാനം നൽകുന്നത്" (യോഹ.14 :27)

ദൈവാശ്രയമുള്ളവരാകാം

ജീവിതത്തിന്‍റെ അനര്‍ത്ഥ നിമിഷങ്ങളിലും ദൈവത്തിന്‍റെ കാൽച്ചുവട്ടിൽ ആശ്വാസം കണ്ടെത്താനും നമുക്ക് വേണ്ടി അവഹേളനം ഏറ്റുവാങ്ങിയ ക്രിസ്തുവിനെ പ്രതി സന്തോഷപൂർവ്വം നമുക്ക് ലഭിക്കുന്ന അപമാനങ്ങളെ സ്വീകരിക്കാനും കഴിയണമെങ്കിൽ നമ്മുടെ അഹംഭാവത്തിൽ നിന്നും രൂപം കൊള്ളുന്ന ധാർഷ്ട്യത്തിൽ നിന്ന് വിമുക്തരായി ക്രിസ്തു നാഥനുമായി സമാധാനത്തിൽ വർത്തിക്കുന്ന ഒരു ഹൃദയം വേണമെന്ന് പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഈ ഖണ്ഡികയിലുടനീളം ദൈവാശ്രയത്തെ കുറിച്ചും പ്രത്യേകിച്ച് ദുരിതങ്ങളുടെയും വേദനകളുടെയും വെല്ലുവിളികളുടെയും മുന്നിൽ നിൽകുമ്പോൾ എങ്ങനെ ദൈവത്തിൽ മാത്രം ജീവിതത്തെ കേന്ദ്രീകരിച്ചു മുന്നോട്ടു പോകാനാകുമെന്ന് തിരുവചനത്തെ ഉദ്ധരിച്ചു കൊണ്ട് പാപ്പാ വ്യക്തമാക്കുന്നു. ദൈവ പരിപാലനയിൽ പൂർണ്ണമായി വിശ്വസിക്കുന്ന വ്യക്തി മരണത്തിന്‍റെ താഴ്വരയിലൂടെ സഞ്ചരിക്കുമ്പോഴും ശത്രു സൈന്യം വലയം ചെയ്യുമ്പോഴും പ്രശാന്തമായി കിടന്നുറങ്ങുന്നു എന്ന സങ്കീര്‍ത്തന വചനത്തെ ഓർമ്മിപ്പിക്കുന്നു.

ദൈവം നൽകുന്ന സംരക്ഷണം ഈ ഭൂമിയിൽ മനുഷ്യർ നമുക്ക് നൽകുന്ന സംരക്ഷണം പോലെയല്ല. നാം മറ്റുള്ളവരെ സംരക്ഷിക്കുന്നതും സഹായിക്കുന്നതും നമ്മുടെ സുരക്ഷിതത്വത്തെ നിലനിറുത്തിക്കൊണ്ടാണ്. എന്നാൽ ദൈവം നമ്മുടെ സുരക്ഷിതത്വത്തിനു നൽകുന്ന വില സ്വന്തം ജീവനാണ്. സ്വന്തം ജീവൻ നൽകി നമ്മോടുള്ള തന്‍റെ സ്നേഹത്തെ ദൈവം വെളിപ്പെടുത്തുന്നു. ദൈവപുത്രന്‍റെ മഹിമ വെടിഞ്ഞ്, മനുഷ്യനായി അവതരിച്ച് പാപികളുടെയും പരിത്യക്തരുടെയും കൂടെ ജീവിച്ച ക്രിസ്തു നാം ഏതവസ്ഥയിലായിരുന്നാലും അതേ അവസ്ഥയിൽ നമ്മെ സ്വീകരിക്കുന്നു എന്ന് കാണിച്ചു തരുന്നു. ഈ വെളിപ്പെടുത്തൽ അവിടുത്തെ കരുണയുടെ മുഖത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ആ കരുണയിൽ നാം ആശ്രയിക്കുന്നില്ലെങ്കിൽ നമുക്ക് സമാധാനം കണ്ടെത്താൻ കഴിയുകയില്ല എന്ന് ക്രിസ്തു നാഥൻ തന്നെ വിശുദ്ധ ഫൗസ്റ്റീനായോടു പറയുന്നു. അത് കൊണ്ട്  ശ്രേഷ്ടമെന്നു കരുതി  നാം വിലകൊടുക്കുന്ന വിജയത്തിലോ, മൂഢസന്തോഷത്തിലോ, സമ്പാദ്യങ്ങളിലോ, മറ്റുള്ളവരുടെ മേലുള്ള അധികാരത്തിലോ, സാമൂഹിക സ്ഥാനമാനങ്ങളിലോ നമ്മുടെ സുരക്ഷിതത്വം തേടുക എന്ന പ്രലോഭനത്തിനു നാം അടിമപ്പെടാതിരിക്കണമെന്ന് പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

നമ്മുടെ ഇന്നത്തെ ജീവിതത്തെ നാം ജീവിക്കുന്ന ചുറ്റുപാടുകളിൽ ധ്യാനപൂർവ്വം കൊണ്ട് ചെല്ലാം. നമ്മുടെ അടുത്തും അകലങ്ങളിലുമായി അനേകം പേരുടെ ജീവിതങ്ങൾ നമ്മെ ചില വെളിപാടുകളിലേക്ക് നയിക്കും. ജീവിതത്തിന്‍റെ ദുരന്തങ്ങളിൽ ദൈവത്തിൽ മാത്രം ആശ്രയിച്ചു ദൈവകരുണയിൽ തങ്ങളുടെ വേദനകളെ സ്നാനപ്പെടുത്തി ദൈവത്തോടുള്ള തങ്ങളുടെ അചഞ്ചലമായ വിശ്വാസത്തെ  നിശബ്ദതയുടെ വിശുദ്ധിയിൽ പ്രഘോഷിക്കുന്ന മനുഷ്യരെ നമുക്ക് കാണുവാൻ കഴിയും. ദൈവാശ്രയം എന്ന തോണി കൊണ്ട് തങ്ങളുടെ സങ്കടപുഴകളെ അവർ ധീരതയോടെ തുഴഞ്ഞു നീങ്ങുന്നു. അന്ത്യവിധിയിൽ ദൈവത്തിന്‍റെ മുന്നിൽ നിന്ന് ദൈവത്താൽ നീതികരിക്കപ്പെടുവാൻ ഈ ഭൂമിയിലെ തങ്ങളുടെ ജീവിതത്തെ സ്വർഗ്ഗത്തെ പദംവെച്ച് നീങ്ങാൻ അവർ ധൈര്യം കാണിക്കുന്നു. ഇത് പോലുള്ള അചഞ്ചലമായ ദൈവാശ്രയത്തെക്കുറിച്ചാണ് പാപ്പാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ആഹ്ലാദവും നർമ്മബോധവും

122. വിശുദ്ധർ ഒട്ടും തന്നെ ഭയമുള്ളവരോ, കർക്കശരോ, കടുപ്പക്കാരോ, വിഷാദികളോ, മ്ലാനവദനരോ അല്ല; ആഹ്ലാദമുള്ളവരും, നർമ്മഭാവമുള്ളവരുമാണ്. യാഥാർത്ഥ്യബോധമുള്ളവരാണെങ്കിലും, വസ്തുനിഷ്ഠവും, പ്രതീക്ഷാ നിര്‍ഭരവുമായ ചൈതന്യമുള്ളവരുമാണ്. ക്രൈസ്തവജീവിതം പരിശുദ്ധാത്മാവിലുള്ള ആനന്ദമാണ്. (റോമാ.14 :17). എന്തെന്നാൽ," പരസ്നേഹത്തിന്‍റെ അനിവാര്യമായ ഫലം ആനന്ദമാണ്. അനിർവാര്യത ആനന്ദമാണ്. എന്തെന്നാൽ, സ്നേഹിക്കുന്ന ഓരോ വ്യക്തിയും സ്നേഹിക്കപെടുന്നയാളുമായി ഐക്യപ്പെടുമ്പോൾ ആനന്ദിക്കുന്നു. സ്നേഹത്തിന്‍റെ ഫലം ആനന്ദമാണ്."ദൈവത്തിന്‍റെ വചനമാകുന്ന മനോഹരമായ സമ്മാനം നാം സ്വീകരിച്ചിട്ട്, " അതിനെ വളരെ ക്ലേശങ്ങൾക്കിടയിലും പരിശുദ്ധാത്മാവിനാൽ പ്രചോദിതമായ ആനന്ദത്തിൽ ആശ്ലേഷിക്കുന്നു" (1തെസ്സ്.1:6) നമ്മുടെ ജീവിതം വ്യതിയാനപ്പെടുത്തുന്നതിനു നാം കര്‍ത്താവിനെ അനുവദിക്കുമെങ്കിൽ, നമുക്ക് വിശുദ്ധ പൗലോസിനെ പോലെ പറയുവാനാകും: "നിങ്ങൾ എപ്പോഴും നമ്മുടെ കർത്താവിൽ ആനന്ദിക്കുവിൻ! ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ ആനന്ദിക്കുവിൻ" (ഫിലി.4 :4).

സ്നേഹത്തിന്‍റെ ജീവിതം ആനന്ദമാണ്

ആനന്ദത്തെ കുറിച്ച് പാപ്പാ ഇവിടെ ഉദ്ബോധിപ്പിക്കുന്നു. സ്നേഹത്തിന്‍റെ ജീവിതം ആനന്ദമാണ്. പരിശുദ്ധാത്മാവിലുള്ള ആനന്ദത്തിൽ ജീവിച്ചവരാണ് വിശുദ്ധർ. വിശുദ്ധിയിലേക്കുള്ള വിളിയിൽ നാം എല്ലാവരും ഈ ആനന്ദത്തിലായിരിക്കണമെന്നു വിശുദ്ധ പൗലോശ്ലീഹാ നമ്മോടു ആഹ്വാനം ചെയ്യുന്നു. നമുക്ക് എപ്പോഴാണ് ആനന്ദത്തിലായിരിക്കാൻ കഴിയുക? ആനന്ദത്തിലായിരുന്ന വിശുദ്ധരുടെ തനിമയത്വത്തെ കുറിച്ച് പാപ്പാ ഇവിടെ ചൂണ്ടി കാണിച്ചു കൊണ്ട് ദൈവം നൽകുന്ന ആനന്ദത്തിലേക്കു പ്രവേശിക്കാൻ നമ്മെ ക്ഷണിക്കുന്നു. വിശുദ്ധർ ഒട്ടും തന്നെ ഭയമുള്ളവരോ, കർക്കശരോ, കടുപ്പക്കാരോ, വിഷാദികളോ, മ്ലാനവദനരോ അല്ല; ആഹ്ലാദമുള്ളവരും, നർമ്മഭാവമുള്ളവരുമാണ്. യാഥാർത്ഥ്യബോധമുള്ളവരാണെങ്കിലും, വസ്തുനിഷ്ഠവും, പ്രതീക്ഷാ നിര്‍ഭരവുമായ ചൈതന്യമുള്ളവരുമാണെന്ന് പറയുമ്പോള്‍ വിശുദ്ധിയുടെ ജീവിതം സഹനങ്ങള നിറഞ്ഞതാണെങ്കിലും അത് നമ്മെ ദുഃഖിപ്പിക്കുന്നില്ല എന്നും ശാരീരികവും, മാനസികവും, ആത്മീയവും, ബൗദ്ധീകവുമായി വിശുദ്ധർ പീഡനങ്ങള്‍ അനുഭവിക്കുമ്പോൾ ദൈവം നൽകിയ ആനന്ദത്തിൽ അവർ നിർവൃതി കണ്ടെത്തിയിരുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

പഞ്ചക്ഷതങ്ങളായി ജീവിച്ച വിശുദ്ധ പാദ്രേ പിയോയുടെ സഹനങ്ങളും ആത്മീയ ദർശനങ്ങളും ചോദ്യം ചെയ്യപ്പെട്ടു. പിശാചിനാൽ അദ്ദേഹത്തിന്‍റെ ശരീരം പീഡിപ്പിക്കപ്പെട്ടു. എന്നിട്ടും അദ്ദേഹം പാപഭാരവുമായി തന്‍റെ അടുക്കല്‍ വന്ന എല്ലാവരോടും അനുരജ്ഞന എന്ന കൂദാശയിലൂടെ പാപമോചനം എന്ന ആനന്ദത്തിലേക്കു നയിച്ചു. മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ടു ശരീരത്തിലെ വിണ്ടു കീറിയ മുറിവുകളെ വീണ്ടും വീണ്ടും മുറിപ്പെടുത്തിയിട്ടും വിശുദ്ധ ബഖീത്താ ദൈവത്തിന്‍റെ ആനന്ദം തന്നിൽ നിന്നും നഷ്ടപെടുത്തിയില്ല. ഉപവി പ്രവർത്തനത്തിലൂടെ ദൈവത്തിന്‍റെ ആനന്ദം അനിവഭവിച്ച വിശുദ്ധ മാർട്ടിൻ ഡി പോറെസ്, കുഷ്ഠരോഗികളുടെ പുഞ്ചിരിയിൽ ആനന്ദം കണ്ടെത്തിയ വിശുദ്ധ ഡാമിയൻ, കുപ്പമേടുകളിൽ ജീവന്‍റെ തുടുപ്പിനെ തിരിച്ചറിഞ്ഞ് ജീവൻ നൽകി ആ ജീവനിൽ ആനന്ദം കണ്ടെത്തിയ വിശുദ്ധ മദർ തെരേസാ എന്നിങ്ങനെ  വിശുദ്ധരായ എല്ലാവരും നാം ആയിരിക്കുന്ന ജീവിതാവസ്ഥയില്‍ ആനന്ദം കണ്ടെത്താൻ ക്ഷണിക്കുന്നു.

123. നമ്മുടെ കാലഘട്ടത്തെയും, ഈശോയുടെ കാലഘട്ടത്തെയും ആനന്ദത്തിന്‍റെ ഒരാവിഷ്കരണമായി പ്രവാചകന്മാർ പ്രഘോഷിച്ചു. "ആർത്തട്ടഹസിക്കുവിൻ" (ഏശ. 12:6). " സദ്വാർത്തയുമായി വരുന്ന സീയോനെ, ഉയർന്ന മലയിൽ കയറി ശക്തിയോടെ സ്വരമുയർത്തി പറയുക: സദ്വാർത്തയുമായി വരുന്ന ജെറുശലേമേ, നിർഭയം വിളിച്ചു പറയുക"(ഏശ.40 :9). മലകളെ, ആർത്തു പാടുക; കർത്താവു തന്‍റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തന്‍റെ ജനത്തോടു അവിടുന്ന് കാരുണ്യം കാണിക്കും" (ഏശ.49 :13). " സീയോൻ പുത്രീ, അതിയായി ആനന്ദിക്കുക; ജെറുസലേം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ നിന്‍റെ രാജാവ് നിന്‍റെ അടുക്കലേക്കു വരുന്നു. അവൻ പ്രതാപവാനും ജയശാലിയുമാണ്" (സഖാ.9 :9). നെഹെമിയായുടെ പ്രബോധനവും നമുക്ക് മറക്കാനാകുമോ? " നിങ്ങൾ വിലപിക്കരുത്; കർത്താവിന്‍റെ ആനന്ദമാണ് നിങ്ങളുടെ ബലം!"(8 :10).

യേശുവിന്‍റെ കാലഘട്ടം ആനന്ദഭരിതമായ കാലം

കർത്താവായ യേശുവിന്‍റെ കാലഘട്ടം ആനന്ദഭരിതമായ ഒരു കാലമായാണ് പ്രവാചകന്മാർ വിളമ്പരം ചെയ്തതെന്ന് വിവിധ പ്രവാചക വചനങ്ങൾ ഉദ്ധരിച്ച് പാപ്പാ നമുക്ക് പറഞ്ഞു തരുന്നു. യേശുവിന്‍റെ മനോഭാവം കൈവരിക്കുന്ന ഏവർക്കും ആ സുവിശേഷം എങ്ങനെയാണ് ആനന്ദമായി മാറാത്തതെന്ന് ചിന്തിക്കുകയാണ് നാമിവിടെ ചെയ്യേണ്ടത്. അന്ധർക്ക് കാഴ്ച്ചയും ചെകിടന് കേൾവിയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും പകരുന്ന ആ സുവിശേഷം ആന്തരീകവൽക്കരിക്കുമ്പോൾ, ദൈവ പിതാവിന്‍റെ മക്കളെന്ന സ്ഥാനത്തിനവകാശികളായി മാറുമ്പോൾ, പാപിയെ വെറുക്കാതെ കരുണയിൽ വിരുന്നൊരുക്കുന്ന ആ ആദ്രസ്നേഹാശ്രയത്തില്‍ അമരുമ്പോൾ ആനന്ദം ആന്തരീകവും ബാഹീകവുമാകും.  ഒരു പഴയ ആങ്കലേയ ചൊല്ലു പറയും പോലെ ഒരു പുഞ്ചിരി കൊണ്ട് നീ അപരനെ പുഞ്ചിരിപ്പിക്കുമ്പോൾ, പുഞ്ചിരികൾ പടർന്ന് പടർന്ന് മൈലുകൾ നീളുന്ന പുഞ്ചിരികളായി മാറും. സന്തോഷപൂർവ്വം അപരനായി വിളമ്പാൻ നാഥൻ വിളിക്കുന്ന വിരുന്നിൽ ഭാഗഭാക്കാകുന്ന ഓരോ ക്രിസ്ത്യാനിയും ആനന്ദത്തിന്‍റെ കൂദാശകളായി മാറേണ്ടവരാണ് എന്നോർമ്മിപ്പിക്കുകയാണ് നമ്മെ ഫ്രാൻസിസ് പാപ്പാ. കരുണാദ്രസ്നേഹത്തിന്‍റെ സുവിശേഷാനന്ദത്തിൽ സ്നാനം ചെയ്തു പുറപ്പെടുന്ന ക്രൈസ്തവന്‍റെ മുഖമുദ്ര ആനന്ദം തന്നെയല്ലാതെ മറ്റെന്താകാനാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 October 2019, 15:36