Pope Francis' audience at the Vatican Pope Francis' audience at the Vatican 

ചിലിയിലെ ജനതയോട് ഒരു സമാധാന അഭ്യര്‍ത്ഥന

തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ പ്രതിസന്ധികള്‍ സംവാദത്തിന്‍റെ വഴികളില്‍ പരിഹരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ജനങ്ങളോടു പൊതുവായി അഭ്യര്‍ത്ഥിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സമാധാനത്തിനായി ഒരു പൊതുഅഭ്യര്‍ത്ഥന
ഒക്ടോബര്‍ 23-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന പതിവുള്ള പ്രതിവാര കൂടിക്കാഴ്ചയുടെ അന്ത്യത്തിലാണ് ചിലിയെ പ്രത്യേകം  പാപ്പാ അനുസ്മരിച്ചത്.  സംവാദത്തിന്‍റെ പാതയില്‍ രാഷ്ട്രത്തിന്‍റെ പൊതുനന്മയ്ക്കായി ജനങ്ങളും നേതാക്കളും ഒത്തൊരുമിച്ചു സമാധാനത്തിനായി  പരിശ്രമിക്കുകയും അക്രമത്തിന്‍റെ പാത വെടിയുകയും വേണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.

അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍
ചിലിയില്‍ ഈയിടെ ഉണ്ടായ അക്രമാസക്തമായ പ്രകടനങ്ങളും അതിക്രമങ്ങളും ഏറെ ആകാംക്ഷയോടെയാണ് താന്‍ കാണുന്നത്. കലാപം ഒഴിവാക്കി സംവാദത്തിന്‍റെ പാത പിന്‍തുടരണമെന്നും, അങ്ങനെ പ്രശ്നങ്ങള്‍ക്ക് പരിഹാരവും, ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരമാര്‍ഗ്ഗങ്ങളും കണ്ടെത്തുകയും വേണമെന്ന് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പൊതുവായ ഈ അഭ്യര്‍ത്ഥനയും കൂട്ടിച്ചേര്‍ത്തു.

അടിയന്തിരാവസ്ഥയില്‍ എത്തിച്ച
വിലക്കയറ്റത്തിനെതിരായ  പ്രതിഷേധം

നഗരങ്ങളിലുണ്ടായ വിലക്കയറ്റത്തെത്തുടര്‍ന്നാണ് (subway price hike) കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് തലസ്ഥാന നഗരമായ സന്ത്യാഗോയിലും മറ്റ് 5 നഗരങ്ങളിലും പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേരാ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എന്നിട്ടും കലാപങ്ങളും പ്രതിഷേധവും വര്‍ദ്ധിച്ച് ജനജീവിതം ക്ലേശകരമായ അവസ്ഥയിലാണ്. തലസ്ഥാനത്തും മറ്റു നഗരങ്ങളിലുമായുള്ള കാലപങ്ങളില്‍ 5 പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.

പെറു, ബൊളിവിയ, അര്‍ജെന്‍റീന എന്നീ രാജ്യങ്ങള്‍ അയല്‍പക്കങ്ങളായുള്ള തെക്കെ അമേരിക്കന്‍ രാജ്യമാണ് ചിലി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2019, 16:42