ഫ്രാൻസിസ് മാർപാപ്പാ നിർദ്ധനരായവരുമായി 2018ലെ ലോക ദരിദ്ര ദിനത്തില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പ് പകര്‍ത്തപ്പെട്ട ചിത്രം. ഫ്രാൻസിസ് മാർപാപ്പാ നിർദ്ധനരായവരുമായി 2018ലെ ലോക ദരിദ്ര ദിനത്തില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പ് പകര്‍ത്തപ്പെട്ട ചിത്രം. 

വിശുദ്ധിയിലേക്കുളള വിളി: കരുണ​ - ദൈവത്തിന് ഏറ്റവും പ്രീതികരമായ ആരാധന

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 104-106 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു ക്രിസ്തു പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പാ നമ്മെ നയിക്കുന്നു.

104. ദൈവത്തിന് ഏറ്റവും പ്രീതികരമായ ആരാധന

കാരുണ്യം ദൈവത്തിന്‍റെ യഥാർത്ഥ മക്കൾ ആരെന്നു തിരിച്ചറിയിപ്പിക്കുന്ന അടയാളമാണെന്നു പാപ്പാ ഇവിടെ ഉദ്ബോധിപ്പിക്കുമ്പോൾ കരുണയാണ് നമ്മുടെ ജീവിതത്തിന്‍റെ അടിത്തറയെന്നു നാം മനസ്സിലാക്കണം. ആനന്ദിച്ചാഹ്ലാദിക്കുവിൻ എന്ന അപ്പോസ്തോലിക പ്രബോധനത്തിലെ 104ആം ഭാഗത്തിൽ കരുണയില്ലാത്ത പ്രാർത്ഥനയിൽ ദൈവം സംപ്രീതനാകുന്നില്ല എന്ന് പാപ്പാ സൂചിപ്പിക്കുന്നു. പാപ്പായുടെ ഈ വാക്കുകൾ "ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്" എന്ന ദൈവത്തിന്‍റെ  ആഗ്രഹത്തിലേക്കാണ് നമ്മെ നയിക്കുന്നത്. പ്രാർത്ഥനയിലൂടെ ദൈവത്തോടു നമുക്ക് ബന്ധപ്പെടാമെന്നത് സത്യമാണെണെങ്കിലും ആ ദൈവം നമ്മെ അന്ത്യവിധിയിൽ നമ്മോടു ബന്ധപ്പെടുന്നത് കരുണയുടെ പേരിലായാരിക്കും. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ  25ആം അദ്ധ്യായത്തില്‍ അത് വ്യക്തമാക്കപ്പെടുന്നു.

ദൈവത്തിന്‍റെ കരുണ ലഭിക്കുന്നതിന് നാം മറ്റുള്ളവരോടു കരുണ കാണിക്കണമെന്നും കരുണയുള്ളവർ ഭാഗ്യവാന്മാരെന്നും അഷ്ടസൗഭാഗ്യം നമ്മെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തു വാകട്ടെ "നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" എന്ന് നമ്മോടു ആഹ്വാനം ചെയ്യുന്നു. കരുണയുള്ളവരായിരിക്കാൻ നാമെന്താണ് ചെയ്യേണ്ടത്? മറ്റുള്ളവരിൽ ദൈവത്തിന്‍റെ തിരുമുഖം കാണുവാൻ കഴിയുമെങ്കിൽ നമുക്ക് കരുണയോടെ മറ്റുള്ളവരോടു പെരുമാറാൻ കഴിയും. ഇന്ന് നമ്മുടെ സമൂഹത്തിൽ കരുണയുടെ മുകുളങ്ങൾ വിടരാതെ സ്വാർത്ഥതയാൽ അടയ്ക്കപ്പെട്ടിരിക്കുന്നു. അത്കൊണ്ടാണ് വേദനിക്കുന്ന സഹോദരങ്ങളുടെ നോവനുഭവിക്കാൻ പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നത്. നമ്മുടെ വാതിലിൽ മുട്ടുന്ന ദരിദ്രനായ സഹോദരന്‍റെ നിലവിളി കേൾക്കാതെ  അന്നന്നുള്ള അപ്പം നമുക്ക് നൽകണമെന്ന് ദൈവത്തിന്‍റെ മുമ്പിൽ നാമുയർത്തുന്ന പ്രാർത്ഥനയിൽ ദൈവം സംപ്രീതനാകണമെന്നു ആഗ്രഹിക്കുന്നത് വിഡ്ഡിത്തമാണ്.

105. ജീവിതത്തിന്‍റെ അടിത്തറ കാരുണ്യമാണ്

“അതുപോലെതന്നെ, നമ്മുടെ പ്രാർത്ഥന സത്യസന്ധമോ എന്ന് വിവേച്ചറിയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം കാരുണ്യത്തിന്‍റെ പ്രകാശത്തിൽ നമ്മുടെ ജീവിതം എന്തുമാത്രം രൂപാന്തരപ്പെട്ടു എന്ന് വിലയിരുത്തുന്നതാണ്. എന്തെന്നാൽ കാരുണ്യം എന്നത് സ്വർഗ്ഗസ്ഥനായ പിതാവിന്‍റെ ഒരു പ്രവൃത്തി മാത്രമല്ല; അവിടുത്തെ യഥാർത്ഥ മക്കൾ ആരെന്നു നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡവും കൂടിയാണ്. കാരുണ്യം ജീവിതത്തിന്‍റെ അടിത്തറ തന്നെയാണ്. കാരുണ്യം നീതിയും സമാധാനവും ഒഴിവാക്കുന്നില്ല എന്ന് ആവർത്തിക്കുവാൻ ഞാനാഗ്രഹിക്കുന്നു. വാസ്തവത്തിൽ കാരുണ്യം എന്നത് നീതിയുടെ പൂർണ്ണതയും ഏറ്റവും പ്രകാശപൂർണമായ പ്രകടനവുമാണ് എന്ന് പറയാം. ഇത് സ്വർഗ്ഗത്തിന്‍റെ താക്കോലാണ്."

കാരുണ്യം ജീവിതത്തിന്‍റെ അടിത്തറയും സ്വർഗ്ഗത്തിന്‍റെ താക്കോലുമാണെന്നു പാപ്പാ നമ്മെ പ്രബോധിപ്പിക്കുമ്പോൾ നമുക്ക് നമ്മിൽ തന്നെ പുനഃപരിശോധന ചെയ്യേണ്ടതായി വരുന്നു. ഓരോ ദിവസവും കാരുണ്യപ്രവർത്തികൾ ചെയ്യാൻ എത്രയെത്ര സാഹചര്യങ്ങളാണ് നമുക്ക് ലഭിക്കുന്നത്. നമുക്ക് ചുറ്റും എത്രയെത്ര മനുഷ്യരാണ് കാരുണ്യത്തിനായി യാചിക്കുന്നത്. ഈ ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യം ഭക്ഷണത്തിനു വേണ്ടിയാണെന്ന് മാത്രം നാം കരുതരുത്. പട്ടിണി മാത്രമല്ല. ഈ ലോകത്തിലെ ഏറ്റവും വലിയ വേദനകളിൽ ഒന്നാണ് ഏകാന്തത. ആത്മാഭിമാനത്തോടെ ജീവിക്കാനാവാതെ വരുന്ന സാഹചര്യങ്ങളിൽ കഴിയുന്നവർ അനുനിമിഷം അനുഭവിക്കുന്ന വേദനകളെ വായിക്കുവാൻ നമുക്ക് കഴിയണം. അവർക്കു നാം നൽകുന്ന കരുണയ്ക്കു ദൈവസന്നിധിയിൽ വിലയുണ്ടാകും.

കരുണ സുവിശേഷത്തിന്‍റെ ഹൃദയമാണെന്ന് ഒരവസരത്തിൽ പാപ്പാ സൂചിപ്പിച്ചു. മരണത്തിലൂടെ എന്നേക്കുമായി നഷ്ട്ടപ്പെട്ട ഏകമകനെ നായിമിലെ വിധവയ്ക്ക് ജീവനോടെ തിരികെ നൽകുമ്പോൾ ക്രിസ്തുവിന്‍റെ മനസ്സിൽ നിറഞ്ഞു നിന്നത് കരുണ മാത്രമായിരുന്നു. പാപിനിയായ സ്ത്രീയോടും, വിശന്നിരുന്ന അയ്യായിരത്തിലധികം വരുന്ന ജനങ്ങളോടും ക്രിസ്തു കരുണ കാണിച്ചു. അവസാനം ക്രൂശിക്കപ്പെടുമ്പോഴും കുരിശിൽ കിടന്നു കൊണ്ട് തന്നെ മുറിപ്പെടുത്തിയവർക്കായി കരുണയോടെ പ്രാർത്ഥിച്ചു. ഇങ്ങനെ കരുണയെ തന്‍റെ ഭാഷയാക്കിയ ക്രിസ്തു നാമും കരുണയുടെ ആദ്ധ്യാത്മികതയെ സ്വന്തമാക്കണമെന്നു ആഗ്രഹിക്കുന്നു.

106. മറ്റുള്ളവരുടെ ന്യൂനതകളെ പരിഹരിക്കുന്നതിന് കാരുണ്യം സഹായിക്കുന്നു

"ഇവിടെ, ഞാൻ വിശുദ്ധ തോമസ് അക്വിനാസിനെ കുറിച്ച് ചിന്തിക്കുന്നു: അദ്ദേഹം ചോദിച്ചു: നമ്മുടെ പ്രവർത്തികളിൽ ഏതാണ് ഏറ്റവും മികച്ചത്? നമ്മുടെ ഏത് ബാഹ്യപ്രവർത്തിയാണ് ദൈവത്തോടുള്ള നമ്മുടെ സ്നേഹം ഏറ്റവും പ്രകടമാക്കുന്നത്? സംശയലേശമന്യെ തോമസ് ഉത്തരവും നൽകി. "നമ്മുടെ ആരാധനാ പ്രവർത്തികളേക്കാൾ  സഹോദരരോടുള്ള  കാരുണ്യപ്രവർത്തികളാണവ." നാം ബാഹ്യമായ ബലികളും കാഴ്ചകളും വഴി ദൈവത്തെ ആരാധിക്കുന്നത് അവിടുത്തേക്ക് വേണ്ടിയല്ല. നമുക്കും, നമ്മുടെ അയൽക്കാരനും വേണ്ടിയാണ്. അവിടുത്തേക്ക് നമ്മുടെ ബലികള്‍ ആവശ്യമില്ല. എങ്കിലും നമ്മുടെ അയൽക്കാരൻ പ്രയോജനപ്പെടുന്നതിനു വേണ്ടിയും നമ്മുടെ ഭക്തി ഉണർത്തപ്പെടുവാനുമായി അവ അർപ്പിക്കപ്പെടുവാൻ അവിടുന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട് മറ്റുള്ളവരുടെ ന്യൂനതകളെ പരിഹരിക്കുന്നതിന് നാം കാണിക്കുന്ന കാരുണ്യം, അത് നമ്മുടെ അയൽക്കാരന്‍റെ ക്ഷേമത്തിന് നേരിട്ട് സഹായമാകുന്നതിനാൽ അവിടുത്തെക്ക് കൂടുതൽ സ്വീകാര്യമാണ്."

നമ്മുടെ ആരാധനാ പ്രവർത്തികളേക്കാൾ  സഹോദരരോടുള്ള  കാരുണ്യ പ്രവർത്തികൾ ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തെ പ്രകടമാക്കുമെന്നു വിശുദ്ധ തോമസ് അക്വിനാസിന്‍റെ  വാക്കുകളെ പാപ്പാ അനുസ്മരിപ്പിക്കുന്നു. നാം ബാഹ്യമായി ചെയ്യുന്ന ഓരോ നല്ല പ്രവർത്തികളിലും നമുക്കും നമ്മുടെ  സഹോദരങ്ങൾക്കും നന്മ ലഭിക്കുന്നുവെന്ന് പഠിപ്പിക്കുന്ന പാപ്പാ മറ്റുള്ളവരുടെ വൈകല്യങ്ങളെ പരിഹരിക്കുന്നതിനും കരുണ സഹായിക്കുന്നുവന്നു വ്യക്തമാക്കുകയും ചെയ്യുന്നു. കരുണ നാം മറ്റുള്ളവർക്ക് നൽകുന്ന ഔദാര്യമായി കാണരുത്. കാരണം നാം അർഹിക്കാതെ നമുക്ക് ലഭിക്കുന്നതാണ്  ദൈവത്തിന്‍റെ കാരുണ്യം.  പ്രാർത്ഥനയിലൂടെയും, നിയമപാലനത്തിലൂടെയും രക്ഷ പ്രാപിക്കാൻ ശ്രമിക്കുമ്പോൾ കരുണയുടെ ഗോവണികളെയും നാം മറക്കരുത്. ദൈവം മനുഷ്യരിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു. മനുഷ്യരോടു കരുണ കാണിക്കുമ്പോൾ ദൈവത്തെ തന്നെയാണ് നാം സംപ്രീതനാക്കുന്നതെന്ന വിശ്വാസത്തോടെ ജീവിക്കാന്‍ പരിശ്രമിക്കാം.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 September 2019, 14:17