Press conference on flight from Madagascar Press conference on flight from Madagascar 

യുദ്ധം എല്ലാം നശിപ്പിക്കും! സമാധാനശ്രമങ്ങള്‍ നന്മ വളര്‍ത്തും!!

സമൂഹത്തിലും നാട്ടിലും വീട്ടിലും യുദ്ധം അരുതെന്ന് പാപ്പാ ഫ്രാന്‍സിസ് – വിമാനത്തില്‍ നല്കിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വിമാനത്തിലെ വാര്‍ത്താസമ്മേളനം

ആഫ്രിക്ക അപ്പസ്തോലിക പര്യടനം കഴിഞ്ഞ് സെപ്തംബര്‍ 10-Ɔο തിയതി ചൊവ്വാഴ്ച മഡഗാസ്കരില്‍നിന്ന് റോമിലേയ്ക്കു മടങ്ങവെ കൂടെയുണ്ടായിരുന്ന രാജ്യാന്തര മാധ്യമപ്രവര്‍ത്തകരുമായി വിമാനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. ആഫ്രിക്കയില്‍ ഇന്നും നിലനില്ക്കുന്ന പരദേശിസ്പര്‍ദ്ധയെയും സമാധാനപ്രക്രിയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടായിരുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ മറുപടി.

സമാധാനശ്രമങ്ങളില്‍ മടിയരുത്!
മൊസാംബിക്കിലെ അഭ്യന്തരകലാപവും സമാധാനപ്രക്രിയയും വളരെ നീണ്ടതായിരുന്നു. അനുദിന ജീവിതത്തില്‍ നാം എല്ലാവരും സമാധാനശ്രമങ്ങള്‍ തുടരണം, സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണമെന്ന് പാപ്പാ പറഞ്ഞു. ശത്രുവിനെ കാണാന്‍ ചെല്ലുന്നത് ഭീതി ഉയര്‍ത്തുന്ന കാര്യമാണ്. സമാധാനത്തിനുള്ള പരിശ്രമം ജീവന്‍ പണയംവച്ചും നിര്‍വ്വഹിക്കുന്നതാണ്. പരിശ്രമം സമാധാനത്തിന്‍റെ പാതയിലെ മുന്നോട്ടുള്ള ചുവടുവയ്പ്പുകളാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.

സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടമാകുന്ന സമാധാനം
ചിലപ്പോള്‍ ഒരു കപ്പു കാപ്പിപ്പുറത്തുളള സംഭാഷണവും, ആവര്‍ത്തിച്ചുള്ള സംവാദവുമാണ് സമാധാനവഴികള്‍ തുറക്കുന്നത്. ആഫ്രിക്കന്‍ നാടുകളില്‍ സമാധാനത്തിനായി പ്രവര്‍ത്തിച്ച ഈശോസഭാ വൈദികന്‍ മൈക്കിള്‍ ചേര്‍ണിയെ അടുത്തുവരുന്ന കണ്‍സിസ്ട്രിയില്‍ കര്‍ദ്ദിനാളായി വാഴിക്കുന്നത് പാപ്പാ ചൂണ്ടിക്കാട്ടി. ആഫ്രിക്കന്‍ നാടുകള്‍ക്ക്  അദ്ദേഹം സമാധാനത്തിനായി ചെയ്ത സമര്‍പ്പണത്തിനുള്ള പ്രതിസമ്മാനമാണ്.

സമാധാനശ്രമങ്ങള്‍ കൊട്ടിഘോഷിക്കേണ്ടതല്ല!
സമാധാനത്തിനായി പരിശ്രമിച്ചത് വലിയ വിജയമായി കൊട്ടിഘോഷിക്കാതെ സമാധാനത്തെ വിജയമായി കാണണമെന്ന് പാപ്പാ പറഞ്ഞു. സമാധാന ശ്രമത്തില്‍ ഒരിക്കലും വിജയം അവകാശപ്പെടാനാവില്ല, കാരണം അത് വളരെ ലോലമാണ്, തുടര്‍ന്നു സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടപ്പെടാവുന്നതാണെന്ന് പാപ്പാ താക്കീതുനല്കി. സാമൂഹികമായുള്ള അനുരഞ്ജന-സമാധാന ശ്രമങ്ങളെ സംബന്ധിച്ച് ഒരു വിജയാഘോഷത്തിന് അര്‍ത്ഥമില്ലെന്ന് പാപ്പാ സമര്‍ത്ഥിച്ചു. സമാധാനം നേടിയതോ, അതിനായി പരിശ്രമിച്ചതോ നാം കൊട്ടിഘോഷിക്കേണ്ടതല്ല. സമാധാനവും, സമാധാനമുള്ള ജീവിതവുമായിരിക്കണം വിജയാഘോഷം!

മനുഷ്യത്വത്തിന് എതിരായ ക്രൂരത
ഒന്നാം ലോകയുദ്ധത്തിന്‍റെ ശതാബ്ദിസ്മരണയില്‍ താന്‍ ഇറ്റലി-ഒസ്ട്രിയ അതിര്‍ത്തിയിലുള്ള റെഡിപൂളിയ സെമിത്തേരി സന്ദര്‍ശിച്ചത് പാപ്പാ അനുസ്മരിച്ചു. യുദ്ധത്തില്‍ മരണമടഞ്ഞ 46,000-ല്‍ അധികം ഭടന്മാര്‍ അടക്കംചെയ്യപ്പെട്ട വിസ്തൃതമായ സെമിത്തേരിയാണത്. ക്രൂരമായൊരു യുദ്ധത്തിന്‍റെ അന്ത്യമാണത്. നാസി-ഫാസിസ്റ്റ് ഐകാധിപത്യം കാണിച്ച മനുഷ്യത്ത്വത്തിന് എതിരായ ചരിത്രത്തിലെ ക്രൂരതയായിരുന്നു ഒന്നാം ലോകയുദ്ധം. അതിനാല്‍ യുദ്ധമരുത്, ചെറുതായാലും വലുതായാലും; സമൂഹങ്ങള്‍ തമ്മിലായാലും, രാഷ്ട്രങ്ങള്‍ തമ്മിലായാലും യുദ്ധമരുതെന്ന് പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 September 2019, 18:50