തിരയുക

കരുണാമയനായ യേശു കരുണാമയനായ യേശു 

കാരുണ്യത്തിന്‍റെ ദൂതരാകുക, ഫ്രാന്‍സീസ് പാപ്പാ

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവികകാരുണ്യത്തിന്‍റെ സാക്ഷികളാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു.

തിങ്കളാഴ്ച (23/09/19) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

“ലോകത്തില്‍ അന്ധാകരമുള്ളിടത്ത് വെളിച്ചം പരത്താനും, നിരാശ വാഴുന്നിടത്ത് പ്രത്യാശ പകരാനും പാപം പെരുകിയിടത്ത് രക്ഷ പ്രദാനം ചെയ്യാനും വേണ്ടി നമ്മള്‍ ദൈവികകരുണയുടെ സാക്ഷികളും ദൂതരുമായിത്തീരാന്‍ വിളിക്കപ്പെട്ടിരിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ചെയ്തു പോയ തെറ്റുകള്‍ക്ക് നന്മകൊണ്ടു പരിഹാരം ചെയ്യാന്‍ വൈകിയിട്ടില്ലെന്ന ഉറപ്പ് യേശു നല്കുന്നുവെന്ന് മാര്‍പ്പാപ്പാ ഞായറാഴ്ച (22/09/19) കുറിച്ച ട്വിറ്റര്‍ സന്ദേശത്തില്‍  ഉദ്ബോധിപ്പിച്ചു. 

 “ത്രികാലപ്രാര്‍ത്ഥന” (Angelus#) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ അന്ന്,അതായത്, ഞായറാഴ്ച, ലത്തീന്‍ റീത്തിന്‍റെ  ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട് ലൂക്കായുടെ സുവിശേഷം 16-Ↄ○ അദ്ധ്യായം 1-13 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന അവിശ്വസ്തനായ ഭൃത്യന്‍റെ ഉപമയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

“ചെയ്തുപോയ തെറ്റുകള്‍ക്ക് നന്മകൊണ്ട് പരിഹാരം ചെയ്യാന്‍ സമയം വൈകിയിട്ടില്ല. കണ്ണീരിനു കാരണക്കാരനായവന്‍ ആര്‍ക്കെങ്കിലും സന്തോഷം പ്രദാനം ചെയ്യട്ടെ; അപഹരിച്ചവന്‍ ആവശ്യത്തിലിരിക്കുന്നവന് സൗജന്യമായി നല്കട്ടെ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

ശനിയാഴ്ച (21/09/19) പാപ്പാ കണ്ണിചേര്‍ത്ത രണ്ടു ട്വിറ്റര്‍ സന്ദേശങ്ങളില്‍ ഒന്ന് ഇപ്രകാരമായിരുന്നു:

“ഇന്നത്തെ സുവിശേഷത്തില്‍ യേശു സഖേവൂസുമായി കൂടിക്കാഴ്ച നടത്തുന്നു. സഖേവൂസ് എന്നതിനര്‍ത്ഥം “ദൈവം ഓര്‍ക്കുന്നു” എന്നാണ്. ദൈവം നമ്മെ ഓര്‍ക്കുന്നു. അവിടന്ന് നമ്മെ മറക്കുന്നില്ല, അവിടന്നില്‍ നിന്ന് നമ്മെ അകറ്റി നിറുത്തുന്ന തടസ്സങ്ങള്‍ ഉണ്ടായാലും അവിടന്ന് നമ്മെ കാണുന്നു.”

പാപ്പാ “ഇന്നത്തെസുവിശേഷം”എന്ന ഹാഷ്ടാഗോടുകൂടിയ ഒരു സന്ദേശവും ശനിയാഴ്ച കണ്ണി ചേര്‍ത്തു. അത് ഇങ്ങനെയാണ്:

 “ഉന്നതത്തില്‍ നിന്ന് താഴേക്കല്ല മറിച്ച്, യേശു സഖേവൂസിനെ നോക്കിയതു പോലെ, താഴെ നിന്നു മുകളിലേക്കു നോക്കുന്ന ഇടമായിരിക്കട്ടെ സഭ; ഒരിക്കലും വിധിയാളന്മാരെപ്പോലെയല്ല, എന്നും സഹോദരങ്ങളെപ്പോലെ നോക്കുക”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരാണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2019, 09:48