ഫ്രാന്‍സീസ് പാപ്പാ കര്‍മ്മലീത്താ സമൂഹത്തിന്‍റെ പൊതുസംഘത്തില്‍, അഥവാ, ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്ന  സന്ന്യസ്തരുമായി ശനിയാഴ്ച (21/09/19) വത്തിക്കാനില്‍ കൂടക്കാഴ്ച നടത്തിയപ്പോള്‍ ഫ്രാന്‍സീസ് പാപ്പാ കര്‍മ്മലീത്താ സമൂഹത്തിന്‍റെ പൊതുസംഘത്തില്‍, അഥവാ, ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്ന സന്ന്യസ്തരുമായി ശനിയാഴ്ച (21/09/19) വത്തിക്കാനില്‍ കൂടക്കാഴ്ച നടത്തിയപ്പോള്‍ 

കര്‍മ്മലീത്താ സമൂഹം ധ്യാത്മകതയുടെ കളരി!

ഫ്രാന്‍സീസ് പാപ്പാ, കര്‍മ്മലീത്താസമൂഹത്തിന്‍റെ പൊതുസംഘത്തില്‍ സംബന്ധിക്കുന്നവരെ വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്തു. കര്‍മ്മലീത്താ സമൂഹം അതിന്‍റെ പ്രയാണത്തില്‍ പിന്‍ചെല്ലേണ്ടുന്ന മൂന്നു പാതകള്‍ഃ “വിശ്വസ്തതയും ധ്യാനവും” “തുണയേകലും പ്രാര്‍ത്ഥനയും” “സ്നിഗ്ദ്ധതയും സഹാനുഭൂതിയും”

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

തങ്ങള്‍ക്കു ലഭിച്ചവ ഉത്സാഹത്തോടും ഉദാരതയോടുകൂടെ പങ്കുവച്ചുകൊണ്ട് സഭയെ സമ്പുഷ്ടമാക്കുകയും സുവിശേഷാനന്ദം ലോകത്തിനു പകര്‍ന്നുനല്കുകയും ചെയ്യുകയെന്ന സവിശേഷ സിദ്ധിയേകി ദൈവം കര്‍മ്മലീത്ത സന്ന്യാസസമൂഹത്തെ അനുഗ്രഹിച്ചിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ഈ സമൂഹത്തിന്‍റെ പൊതുസംഘത്തില്‍, അഥവാ, ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്നവരടങ്ങിയ നൂറോളം സന്ന്യസ്തരുമായി ശനിയാഴ്ച (21/09/19) വത്തിക്കാനില്‍ കൂടക്കാഴ്ച നടത്തിയ ഫ്രാന്‍സീസ് പാപ്പാ, അവരെ സംബോധന ചെയ്യവെയാണ് ഇതു പറഞ്ഞത്.

“നിങ്ങള്‍ എന്‍റെ സാക്ഷികളാണ്” (ഏശയ്യാ,43:10) ഏശയ്യാ പ്രവചാകന്‍റെ പുസ്തകത്തില്‍ നിന്നുള്ള ഈ വാക്യം പൊതുസംഘത്തിന്‍റെ വിചിന്തനപ്രമേയമായി സ്വീകരിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ “ദാനമായി നിങ്ങള്‍ക്കു കിട്ടി, ദാനമായിത്തന്നെ കൊടുക്കുവിന്‍” (മത്തായി 10:8) എന്ന ശൈലിയില്‍ മുന്നേറാന്‍ കര്‍മ്മലീത്താസമൂഹത്തിന് പ്രചോദനം പകര്‍ന്നു.

ഈ പ്രയാണത്തില്‍ പിന്‍ചെല്ലേണ്ടുന്ന മൂന്നു പാതകളായി പാപ്പാ “വിശ്വസ്തതയും ധ്യാനവും” “തുണയേകലും പ്രാര്‍ത്ഥനയും” “സ്നിഗ്ദ്ധതയും സഹാനുഭൂതിയും” മുന്നോട്ടു വച്ചു.

സഭ, കര്‍മ്മലീത്താസമൂഹത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, ധ്യാനാത്മകതയുടെ കളരിയായി ഈ സമൂഹത്തെ കാണുന്നുവെന്നു പറഞ്ഞ പാപ്പാ, ദൈവവുമായുള്ള വൈയക്തിബന്ധത്തില്‍ എത്രമാത്രം ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്നതിനെ ആശയിച്ചിരിക്കുന്നു ഈ സമൂഹത്തിന്‍റെ ദൗത്യത്തിന്‍റെ ഫലദായകത്വം എന്ന് ആദ്ധ്യാത്മിക പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നത് അനുസ്മരിക്കുകയും ചെയ്തു.

ദൈവജനത്തെ എല്ലാത്തരം ശുശ്രൂഷയിലൂടെയും പ്രേഷിത പ്രവര്‍ത്തനത്തിലൂടെയും സേവിക്കാന്‍ കര്‍മ്മലീത്താസമൂഹത്തിന്‍റെ ധ്യാനാത്മക ശൈലി ആ സമൂഹത്തിലെ അംഗങ്ങളെ പ്രാപ്തരാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

“തുണയേകലും പ്രാര്‍ത്ഥനയും” എന്ന സരണിയെക്കുറിച്ചു വിശദീകരിക്കവെ പാപ്പാ “കാര്‍മല്‍” എന്ന പദം ആന്തരികജീവിതത്തിന്‍റെ പര്യായമായി പരിണമിച്ചിരിക്കുന്നുവെന്നും “ദൈവത്തിലായരിക്കുക” എന്നതും, “ദൈവത്തിന്‍റെ  കാര്യങ്ങളില്‍ വ്യാപൃതരായിരിക്കുക” എന്നതും എല്ലായ്പ്പോഴും ഏകീഭവിക്കണമെന്നില്ലയെന്ന് മനസ്സിലാക്കിയവരാണ് കര്‍മ്മലീത്തക്കാരായ യോഗികളും എഴുത്തുകാരുമെന്നും പറഞ്ഞു.

ദൈവത്തില്‍ വേരൂന്നാതെ അവിടത്തെതായ ആയിരം കാര്യങ്ങളില്‍ മുഴുകിയാല്‍ നമ്മുടെ യാത്രയില്‍ നമുക്ക് അവിടത്തെ നഷ്ടമായി എന്ന് ഇപ്പോഴല്ലെങ്കില്‍ പിന്നീട് നാം മനസ്സിലാക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. 

ദൈവവുമായി സൗഹൃദം സ്ഥാപിക്കാന്‍ മറ്റുള്ളവരെ സഹായിക്കാനും പാപ്പാ സമൂഹാംഗങ്ങള്‍ക്ക് പ്രചോദനം പകര്‍ന്നു.  

കോലാഹലങ്ങളിലും ബദ്ധപ്പാടുകളിലും ആദ്ധ്യാത്മിക വരള്‍ച്ചയിലും നിന്നു പുറത്തു കടക്കാന്‍ നിരവധിയാളുകളെ സഹായിക്കാന്‍ പ്രാര്‍ത്ഥനയുടെ അദ്ധ്യാപകരായ കര്‍മ്മലീത്താക്കാര്‍ക്ക് സാധിക്കുമെന്നും ലോകം ദൈവത്തിനായി ദാഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ധ്യാനനിരതന്‍ അനുകമ്പയുള്ള ഹൃദയത്തിനുടമായിരിക്കുമെന്ന് പാപ്പാ “സ്നിഗ്ദ്ധതയും സഹാനുഭൂതിയും” എന്ന മൂന്നാമത്തെ സരണിയെക്കുറിച്ചു വിശദീകരിക്കവെ ഉദ്ബോധിപ്പിച്ചു.

സ്നേഹം ക്ഷയിച്ചാല്‍ സകലത്തിന്‍റെയും സ്വാദ് നഷ്ടമാകുമെന്നും ഔത്സുക്യമുള്ളതും രചനാത്മകവുമായ സ്നേഹം തളര്‍ന്ന് അവശരായവര്‍ക്കും ഉപേക്ഷിക്കപ്പെട്ടതിന്‍റെ വേദന അനുഭവിക്കുന്നവര്‍ക്കും ഔഷധ തൈലമാണെന്നും പാപ്പാ പറഞ്ഞു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 September 2019, 12:24