ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാന്‍റെ മാദ്ധ്യവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക്, ഈ വിഭാഗത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തോടനുബന്ധിച്ച്, വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചപ്പോള്‍ 23/09/2019 ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാന്‍റെ മാദ്ധ്യവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക്, ഈ വിഭാഗത്തിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനത്തോടനുബന്ധിച്ച്, വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചപ്പോള്‍ 23/09/2019 

സാക്ഷ്യം അനിവാര്യമായ ആശയവിനിമയം!

നമ്മുടെ മാദ്ധ്യമപ്രവര്‍ത്തനം ക്രീസ്തീയമായിരിക്കണം, നാം നിണസാക്ഷികളുടെ ശൈലി സ്വായത്തമാക്കണം, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആശയവിനിമയം സഭയുടെ ഒരു ദൗത്യമാണെന്നും ദൈവവചനം പ്രസരപ്പിക്കുന്നതിന് എത്ര മുതല്‍ മുടക്കിയാലും അത് അധികമാകില്ലെന്നും മാര്‍പ്പാപ്പാ.

വത്തിക്കാന്‍റെ മാദ്ധ്യമവിഭാഗത്തിന്‍റെ, ഈ മാസം 23-25 (23-25/09/2019) വരെ, വത്തിക്കാനില്‍, നടക്കുന്ന സമ്പൂര്‍ണ്ണ സമ്മേളനത്തോടനുബന്ധിച്ച് ഈ വിഭാഗത്തിന്‍റെ മേധാവികളും അതില്‍ സേവനമനുഷ്ഠിക്കുന്നവരുമുള്‍പ്പടെ 500-ഓളം പേരെ ഈ സമ്പൂര്‍ണ്ണസമ്മേളനത്തിന്‍റെ പ്രാരംഭദിനത്തില്‍, അതാത്, തിങ്കളാഴ്ച,(23/09/19) വത്തിക്കാനില്‍ സ്വീകരിച്ച വേളയില്‍  ഫ്രാന്‍സീസ് പാപ്പാ വരമൊഴിയായി നല്‍കിയ സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.

വത്തിക്കാന്‍റെ മാദ്ധ്യമ വിഭാഗത്തില്‍ അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും കൃതജ്ഞതയര്‍പ്പിക്കുകയും പ്രചോദനം പകരുകയും ചെയ്യുന്ന പാപ്പാ “നാം ഒരേ ശരീരത്തിന്‍റെ അവയവങ്ങളാണ്” എന്ന, എഫേസോസുകാര്‍ക്കുള്ള ലേഖനം, 4-Ↄ○ അദ്ധ്യായത്തിലെ ഇരുപത്തിയഞ്ചാമത്തെതായ, വാക്യം ഈ സമ്പൂര്‍ണ്ണ  സമ്മേളനത്തിന്‍റെ വിചിന്തനപ്രമേയമായി സ്വീകരിച്ചിരിക്കുന്നത് സാരസാന്ദ്രമാണെന്ന് വിശദീകരിക്കുന്നു.

ഒരേ ഗാത്രത്തിന്‍റെ അവയവങ്ങളാണ് എന്ന വാക്യം സൂചിപ്പിക്കുന്ന ആ ഐക്യത്തില്‍ മാത്രമെ നമുക്കു സഭയുടെ ദൗത്യത്തിന്‍റെ ആവശ്യങ്ങളോട് ഉപരിമെച്ചപ്പെട്ട വിധത്തില്‍ പ്രത്യുത്തരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വത്തിക്കാന്‍റെ മാദ്ധ്യമവിഭാഗത്തിന്‍റെ, ദീര്‍ഘവീക്ഷണത്തോടും വിവേകബുദ്ധിയോടും കൂടിയ ആയസകരമായ നവീകരണപ്രക്രിയയെക്കുറിച്ചും പാപ്പാ പരാമര്‍ശിക്കുന്നു. 

ലഭിച്ച ദാനത്തോടു വിശ്വസ്തരായിരിക്കുന്നതിന് മാറ്റത്തിനുള്ള ധൈര്യം പ്രകടിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ, കപടമായ സുരക്ഷിതബോധത്തില്‍ നിന്ന് പുറത്തുകടന്ന് ഭാവിയുടെ വെല്ലുവിളി സ്വീകരിക്കേണ്ടതുണ്ടെന്നും എല്ലാം തികഞ്ഞുവെന്ന തോന്നലുണ്ടാകരുതെന്നും നിരാശയില്‍ നിപതിക്കരുതെന്നും ഓര്‍മ്മിപ്പിക്കുന്നു.

കാലത്തിന്‍റെ സരണിയിലൂടെ കടന്നുപോകുകയെന്നത് ഗതകാല സ്മരണകളെ മായിച്ചുകളയുകയല്ലയെന്നും അഗ്നി അണയാതെ നിലനിറുത്തകായാണെന്നും പാപ്പാ പറയുന്നു.

മാദ്ധ്യമരംഗത്തെ വെല്ലുവിളികള്‍ അതിശക്തമാം വിധം വര്‍ദ്ധിച്ചിരിക്കുന്നുവെന്നും, ക്രൈസ്തവരും മാദ്ധ്യമപ്രവര്‍ത്തകരും എന്ന നിലയില്‍ നേരിടേണ്ട വെല്ലുവിളി വളരെ വലുതാണെന്നും ആകയാല്‍ അതിനെ നേരിടുന്നതിന് നമ്മുടെ ശക്തി മാത്രം പോരാ, ഉന്നതത്തില്‍ നിന്നുള്ള കരുത്ത് അനിവാര്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ദൈവത്തോടുള്ള സ്നേഹത്താല്‍ പ്രചോദിതരായി നമുക്കു ആശയവിനിമയം നടത്താനും അപരന്‍ എന്ന ദാനം സ്വീകരിക്കാനും ആ ദാനത്തെ മനസ്സിലാക്കാനും അതുനോടു പ്രത്യുത്തരിക്കാനും സാധിക്കുമെന്നും ഈ പങ്കുചേരലും പങ്കവയ്ക്കലുമാണ് സഭയില്‍ വിനിമയത്തിന് സവിശേഷതയേകുന്ന തത്വമെന്നും പാപ്പാ വിശദീകരിക്കുന്നു.

ഈ വിനിമയം സാക്ഷ്യമായി പരിണമിക്കുമ്പോള്‍ മാത്രമെ, അത്, യഥാര്‍ത്ഥത്തില്‍ ഫലപ്രദമാകുകയുള്ളുവെന്നു പാപ്പാ പറയുന്നു.

മാദ്ധ്യമരംഗം ഇടയന്മാരും സമര്‍പ്പിതരും അല്മായവിശ്വാസികളും തമ്മിലുള്ള സഹകരണം ആവശ്യപ്പെടുന്ന ഒന്നാകയാല്‍ അനുദിന പ്രവര്‍ത്തനത്തില്‍ ഈ കൂട്ടായ്മയില്‍ മുന്നേറാന്‍ പാപ്പാ പ്രചോദനം പകരുകയും ചെയ്യുന്നു. 

ഈ കുടിക്കാഴ്ചാവേളയില്‍ മുന്നൊരുക്കമില്ലാതെ നടത്തിയ പ്രഭാഷണത്തില്‍ പാപ്പാ മാദ്ധ്യമപ്രവര്‍ത്തനമെന്നത് പരസ്യം ചെയ്യലായി മാറരുതെന്നും അത് ക്രിസ്തീയമാകണമെന്നും ഓര്‍മ്മിപ്പിച്ചു. 

നിണസാക്ഷികളെപ്പോലെ, അതായത്, ക്രിസ്തുവിനു സാക്ഷ്യം നല്കിയവരെപ്പോലെ ആശയവിനിമയം നടത്തണമെന്നും നിണസാക്ഷികളുടെ ശൈലി സ്വായത്തമാക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. 

വത്തിക്കാന്‍റെ മാദ്ധ്യമ വിഭാഗത്തിന്‍റെ മോധാവി പാവൊളൊ റുഫീനി പാപ്പായക്ക് നന്ദിയര്‍പ്പിക്കുകയും ഈ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം കാലോചിതവും രചനാത്മകവുമാക്കിത്തീര്‍ക്കുന്നതിനായി പരിശ്രമിക്കുന്നുണ്ടെന്നും പരിശ്രമിക്കുമെന്നും ഉറപ്പുനല്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2019, 08:45