സ്പെയിനിലെ മാഡ്രിഡില്‍ സംഘടിപ്പിക്കപ്പെട്ട ത്രിദിന (15-17- സെപ്റ്റംബര്‍ 2019) സമാധാന സമ്മേളനത്തിന്‍റെ ഉദ്ഘാടന യോഗത്തില്‍, ഐക്യരാഷ്ട്രസഭയുടെ കീഴില്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള വിഭാഗത്തിന്‍റെ ചുമതലയുള്ള ഹൈക്കമ്മീഷണര്‍ ഫിലിപ്പൊ ഗ്രന്തി  സംസാരിക്കുന്നു 15/09/2019 സ്പെയിനിലെ മാഡ്രിഡില്‍ സംഘടിപ്പിക്കപ്പെട്ട ത്രിദിന (15-17- സെപ്റ്റംബര്‍ 2019) സമാധാന സമ്മേളനത്തിന്‍റെ ഉദ്ഘാടന യോഗത്തില്‍, ഐക്യരാഷ്ട്രസഭയുടെ കീഴില്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള വിഭാഗത്തിന്‍റെ ചുമതലയുള്ള ഹൈക്കമ്മീഷണര്‍ ഫിലിപ്പൊ ഗ്രന്തി സംസാരിക്കുന്നു 15/09/2019 

വിഭജനത്തിന്‍റെ മതിലുകള്‍ തകരണം, സമാധാനം പുലരണം!

സമധാനം എന്ന ദാനത്തെ യുദ്ധങ്ങള്‍ കൊണ്ടും പുതിയ മതിലുകളും പ്രതിരോധങ്ങളും തീര്‍ത്തുകൊണ്ടും ഇല്ലായ്മചെയ്യാന്‍ ശ്രമിച്ച ദൗര്‍ഭാഗ്യകരങ്ങളായ സംഭവങ്ങള്‍ക്ക് ഇക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ നാം സാക്ഷികളായി. വിഭജനത്തിന്‍റെ മതിലുകളെ, പ്രത്യേകിച്ച്, ഭൂ നിവാസികളെ തമ്മിലടിപ്പിക്കുന്ന വിഭജനങ്ങളെ, നമ്മുടെ പൊതുഭവനത്തിന് സഹിക്കാനവില്ല, ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആയുധങ്ങളാലല്ല, പ്രാര്‍ത്ഥനയാലും, കീഴ്പ്പെടുത്തലിനാലല്ല സമാധാനാഭിവാഞ്ഛയാലും ഉപരോധിക്കപ്പെടുമ്പോള്‍ വിഭജനത്തിന്‍റെ മതിലുകള്‍ തകര്‍ന്നു വീഴുമെന്ന് പാപ്പാ.

1986 ഒക്ടോബറില്‍ വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ അസ്സീസിയില്‍ സംഘടിപ്പിച്ച വിശ്വശാന്തിക്കായുള്ള സര്‍വ്വമത പ്രാര്‍ത്ഥനാസമ്മേളനാന്തരം തുടക്കം കുറിക്കപ്പെട്ട സമാധാന തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായ മുപ്പത്തിരണ്ടാമത്തെതായ സമാധാന പ്രാര്‍ത്ഥനാ സമ്മേളനം സ്പെയിന്‍റെ തലസ്ഥാനമായ മാഡ്രിഡില്‍ ഞായറാഴ്ച (15/09/19) ആരംഭിച്ച പശ്ചാത്തലത്തില്‍, മാഡ്രിഡ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ്, കര്‍ദ്ദിനാള്‍ കാര്‍ലോസ് ഒസോറൊ സിയേറയ്ക്കും സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്കുമായി നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

15 മുതല്‍ 17  (15-17/09/2019)വരെയുള്ള ഈ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം “സീമാതീത സമാധാനം” എന്നതാണെന്നും പാപ്പാ അനുസ്മരിക്കുന്നു.

3 പതിറ്റാണ്ടുകള്‍ക്കു മുമ്പ് ബര്‍ലിന്‍ മതില്‍ തകര്‍ന്നതും അങ്ങനെ ലോകമഖിലം സമാധാനത്തെക്കുറിച്ചുള്ള നവമായ പ്രത്യാശ പടര്‍ന്നതും തന്‍റെ സന്ദേശത്തില്‍ പാപ്പാ പരാമര്‍ശിക്കുന്നു.

സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

ഇക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളില്‍ സമധാനം എന്ന ദാനത്തെ യുദ്ധങ്ങളും പുതിയ മതിലുകളും പ്രതിരോധങ്ങളും തീര്‍ത്തുകൊണ്ട് ഇല്ലായ്മചെയ്യാന്‍ ശ്രമിച്ച ദൗര്‍ഭാഗ്യകരങ്ങളായ സംഭവങ്ങള്‍ക്ക് നാം സാക്ഷികളായി എന്ന വസ്തുതയും പാപ്പാ തന്‍റെ സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

ലോകത്തിന്‍റെയും ജനതകളുടെയും നന്മയ്ക്കുവേണ്ടി എന്നു പറഞ്ഞുകൊണ്ട് കെട്ടിടയ്ക്കുകയും ജനതകളെ വിഭജിക്കുകയും ചെയ്യുന്നത് വാസ്തവത്തില്‍ ജനങ്ങളെ പരസ്പരം ശത്രുക്കളാക്കിത്തീര്‍ക്കുകയും ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ആതിഥ്യം നിഷേധിക്കുകയുമാണെന്നും അങ്ങനെ ലോകത്തെ ചെറു കഷണങ്ങളാക്കി മുറിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പാ കുറ്റപ്പെടുത്തുന്നു. 

ഇതു പോലെ തന്നെയാണ് പ്രകൃതിയെയും നമ്മുടെ പൊതുഭവനത്തെയും നശിപ്പിക്കുന്നതെന്നും പാപ്പാ പറയുന്നു.

ഇവിടെ സ്നേഹവും പരിചരണവും ആദരവും ആണ് ആവശ്യമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വിഭജനത്തിന്‍റെ മതിലുകളെ, പ്രത്യേകിച്ച്, ഭൂ നിവാസികളെ തമ്മിലടിപ്പിക്കുന്ന വിഭജനങ്ങളെ, നമ്മുടെ പൊതുഭവനത്തിന് സഹിക്കാനവില്ലയെന്നും പാപ്പാ പറയുന്നു.

ഇവിടെ ആവശ്യമായിരിക്കുന്നത് വൈവിധ്യങ്ങളെ ആദരിച്ചുകൊണ്ടും കൂട്ടുത്തരവാദിത്വത്തോടുകൂടിയും സമാധാനത്തില്‍ ജീവിക്കുന്നതിനു വേണ്ടിയുള്ള പരസ്പര വിനിമയത്തിനും കൂടിക്കാഴ്ചയ്ക്കും സഹായകമായ തുറന്നിട്ട വാതിലുകള്‍ ആണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 September 2019, 09:31