MADAGASCAR-andhohalo Immaculate Conception, Cathedral MADAGASCAR-andhohalo Immaculate Conception, Cathedral 

“സമൂഹത്തിന്‍റെ സമഗ്രപുരോഗതിയാണ് സുവിശേഷവത്ക്കരണം…!”

മഡഗാസ്കറിലെ ദേശീയ മെത്രാന്‍ സംഘത്തിനു പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിലെ ഏതാനും ചിന്തകള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സെപ്തംബര്‍ 7, ശനിയാഴ്ച വൈകുന്നേരം അന്തഹാലോയിലെ അമലോത്ഭവനാഥയുടെ ഭദ്രാസനദേവാലയത്തില്‍ വച്ചാണ് അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ പാപ്പാ മെത്രാന്മാരെ അഭിസംബോധനചെയ്തത്.

സമ്പന്നതയും ദാരിദ്ര്യവും ഒരുപോലെ ഇടതിങ്ങിയ നാട്
സമ്പന്നമായ നാടാണെങ്കിലും ദാരിദ്രത്തിന്‍റെയും ധാരാളിത്തമുള്ള നാടാണിത്. പുരാതന സംസ്കാരവും പരമ്പരാഗത അറിവുകളുമുള്ളിടമാണിത്. ജീവനോട് ആദരവുള്ളതും, മനുഷ്യാന്തസ്സു മാനിക്കുന്നതുമായ നാടാണിത്. എന്നാല്‍ അസമത്വവും അനീതിയും അഴിമതിയും അധികമായുള്ള നാടും ഭൂഖണ്ഡവുമാണ് ആഫ്രിക്കയെന്ന് അനുസമരിച്ചുകൊണ്ടാണ് അമലോത്ഭവനാഥയുടെ നാമത്തിലുള്ള അന്തലാഹോ ഭദ്രാസന ദേവാലയത്തില്‍ മഡഗാസ്ക്കറിലെ മെത്രാന്മാരുമായുള്ള കുടിക്കാഴ്ചയ്ക്ക് പാപ്പാ ഫ്രാന്‍സിസ് തുടക്കം കുറിച്ചത്. സഭ ഈ മണ്ണില്‍ ക്രിസ്തുവിന്‍റെ നാമത്തില്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യങ്ങള്‍ വൈരുദ്ധ്യങ്ങള്‍ക്കിടയിലും നിര്‍വ്വഹിക്കുവാനുള്ള വലിയ ഉത്തരവാദിത്വമാണ് അജപാലകര്‍ക്കും സഭാമക്കള്‍ക്കുമുള്ളത്. അതിനാല്‍ ക്രിസ്തുവിന്‍റെ അജപാലകന്‍റെ ദൗത്യം ഒട്ടും എളുപ്പമല്ല.

സമാധാനത്തിന്‍റെ വിതക്കാരന്‍
സമാധാനത്തിന്‍റെയും പ്രത്യാശയുടെയും വിതക്കാരന്‍, എന്നത് മഡഗാസ്കര്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ആദര്‍ശവാക്യമാണ്. സഭ ഇവിടെ ഏറ്റെടുത്തിരിക്കുന്ന പ്രേഷിതദൗത്യത്തിന്‍റെ പ്രതിധ്വനിയാണിത്. അങ്ങനെ അജപാലകര്‍ വിതക്കാരും കര്‍ഷകരുമാണ്. വിതക്കാരന്‍ ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ടു പ്രത്യാശയോടെ വേണം അദ്ധ്വാനിക്കാന്‍. ഒപ്പം അറിയണം, വിത്ത് വേരെടുത്തു വളര്‍ന്ന് ഫലം നല്കാന്‍ മറ്റു ഘടകങ്ങളും  ആവശ്യമാണെന്ന്. വിതക്കാരന് ആശങ്കയും ആകുലതുയുമുണ്ടാകാം. എങ്കിലും അയാള്‍ പ്രത്യാശ കൈവെടിയാതെ പരിശ്രമിക്കുന്നു. അയാള്‍ ഒരിക്കലും നിരാശനായി പിന്മാറുകയോ പതറുകയോ, തന്‍റെ കൃഷിയിടം കത്തിച്ചുകളയുകയോ ചെയ്യുന്നില്ല. മറിച്ച് പ്രത്യാശയോടെ തുടര്‍ന്നും പരിശ്രമിക്കുന്നു. കാത്തിരിക്കാനും, വിശ്വാസമര്‍പ്പിക്കാനും, തന്‍റെ വിതയുടെ പരിമിതികളുമെല്ലാം അയാള്‍ നന്നായി മനസ്സിലാക്കി മുന്നേറുന്നു. തന്നെ ഏല്പിച്ചിരിക്കുന്ന വയല്‍, അയാള്‍ ഒരിക്കലും  വിറ്റുകളയുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല, മറിച്ച് പിന്നെയും പിന്നെയും... നിരന്തരമായി വിളവെടുക്കുവോളം ദൈവത്തില്‍ ആശ്രയിച്ച് അതില്‍ കഠിനാദ്ധ്വാനം ചെയ്യുന്നു.

നിലം അറിയുന്ന കൃഷിക്കാരന്‍
കര്‍ഷകന്‍ അയാളുടെ നിലത്തെ തൊട്ടറിയുന്നു. അതില്‍ അയാള്‍ കഠിനമായി അദ്ധ്വാനിച്ച്, ഉഴുതൊരുക്കി, വിത്തു പാകി, നനച്ചും വളമിട്ടും രാപകല്‍ പണിയെടുക്കുന്നു. അവസാനം ഫലം നല്കുവോളം അതിനായി അദ്ധ്വാനിക്കുകയും പ്രത്യാശയോടെ പാര്‍ത്തിരിക്കുകയും ചെയ്യുന്നു.

ആത്മീയതയുടെ വിതക്കാരായ അജപാലകരെക്കുറിച്ച്
അജപാലകര്‍, മെത്രാന്മാര്‍ വിതക്കാരനെപ്പോലെ ഭൂമിയില്‍ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും വിത്തു പാകാന്‍ വിളിക്കപ്പെട്ടവരാണ്. വിതയ്ക്കു ഗുണകരമാകുന്നതും വിനയാകുന്നതുമായ കാര്യങ്ങളെ തിരിച്ചറിയാനുള്ള വിവേചനം സംബന്ധിച്ച് പാപ്പാ ഉപയോഗിച്ച രൂപകം, നല്ലതും മോശവും “മണത്തറിയാനുള്ള കഴിവ്” (sense of smell) എന്നാണ്. അതിനാല്‍ ഒരു കര്‍ഷകനെപ്പോലെ, മെത്രാന്മാരും അജപാലന മേഖലയില്‍ ശാസ്ത്രീയമായ എല്ലാ അറിവുകളും സമ്പാദിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതത്തെയും ചുറ്റുപാടുകളെയും, അവരുടെ ധാര്‍മ്മികതയെയും സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യാനുള്ള കടമയുണ്ട്. സുവിശേഷവത്ക്കരണം എന്നു പറയുന്നത് വ്യക്തികളുടെ സമഗ്രപുരോഗതികൂടിയാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

ഈ ജീവിതം മറന്നൊരു സ്വര്‍ഗ്ഗമുണ്ടോ?
മതാത്മക കാര്യങ്ങള്‍ക്കുള്ള സ്ഥാപനമായോ, മനുഷ്യന്‍റെ ആത്മരക്ഷയെ മാത്രം സംബന്ധിക്കുന്ന ഉപകരണമായോ സഭയെ കാണരുത്. ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേയ്ക്കു കൊണ്ടുപോകാനുള്ള മാര്‍ഗ്ഗം മാത്രമായും സഭയെ വ്യാഖ്യാനിക്കരുത്. എല്ലാവരും നിത്യതയ്ക്കായി വിളിക്കപ്പെട്ടവരാണെങ്കിലും, ഈ ഭൂമിയിലെ മനുഷ്യന്‍റെ ജീവിതസന്തോഷവും ദൈവം ആഗ്രഹിക്കുന്നുണ്ട്. കാരണം  “ഈ ലോകത്തിലെ ധനവാന്മാരോട് അഹങ്കാരം ഉപേക്ഷിക്കാനും തങ്ങളുടെ പ്രതീക്ഷകള്‍ അനിശ്ചിതമായ സമ്പത്തില്‍ വയ്ക്കാതെ, അവയെല്ലാം നമുക്ക് അനുഭവിക്കുവാന്‍വേണ്ടി ധാരാളമായി നല്കിയിട്ടുള്ള ദൈവത്തില്‍ അര്‍പ്പിക്കാനും, നീ ഉദ്ബോധിപ്പിക്കുക. അവര്‍ നന്മചെയ്യുകയും വേണം (1 തിമോത്തി 6, 17), എന്ന് പൗലോസ് അപ്പസ്തോലന്‍ തിമോത്തിക്ക് എഴുതിയ ലേഖനത്തില്‍ ഉദ്ബോധിപ്പിക്കുന്നുണ്ട്.

(സന്ദേശത്തിന്‍റെ തര്‍ജ്ജിമ ആദ്യഭാഗം മാത്രം....)
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 September 2019, 19:28