Pope at side altar of Salus Populi Romani in Mary Major Basilica Pope at side altar of Salus Populi Romani in Mary Major Basilica 

പാപ്പാ ഫ്രാന്‍സിസ് മടങ്ങിയെത്തി മാതൃസന്നിധിയില്‍ പുഷ്പാര്‍ച്ചന നടത്തി

സെപ്തംബര്‍ 10, ചൊവ്വാഴ്ച - ആഫ്രിക്ക അപ്പസ്തോലിക പര്യടനത്തിന് പരിസമാപ്തിയായി. പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ തിരിച്ചെത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സെപ്തംബര്‍ 4-ന് ബുധനാഴ്ച രാവിലെ ആരംഭിച്ച യാത്ര 10-Ɔο തിയതി ചൊവ്വാഴ്ച രാത്രി പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തിയതോടെയാണ് സമാപിച്ചത്. മഡഗാസ്കറിന്‍റെ തലസ്ഥാന നഗരമായ മപ്പൂത്തോയിലെ അന്തനാനരീവോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 9.20-ന്, ഇന്ത്യയിലെ സമയം 11.50-ന് എയര്‍ മഡഗാസ്കറിന്‍റെ എ340 വിമാനത്തില്‍ റോമിലേയ്ക്ക് യാത്രതിരിച്ചതോടെ ഒരാഴ്ച നീണ്ട മൊസാംബിക്, മഡഗാസ്കര്‍, മൗറീഷ്യസ് എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള അപ്പസ്തോലികയാത്ര സമാപിച്ചു. 10 മണിക്കൂറും 40 മിനിറ്റും കറുത്തഭൂഖണ്ഡത്തിന്‍റെ മുകളിലൂടെ പറന്ന് പാപ്പാ ഫ്രാന്‍സിസ് ചൊവ്വാഴ്ച ഇറ്റലിയിലെ സമയം രാത്രി 7 മണിക്ക് റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങി.

മാതൃസന്നിധിയില്‍
വിമാനത്താവളത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് മേരി മേജര്‍ ബസിലിക്കയിലേയ്ക്കാണ് പോയത്. അവിടെ പ്രതിഷ്ഠയുള്ള റോമിന്‍റെ രക്ഷിക (Salus Populi Romani) എന്ന അപരനാമത്തില്‍ നഗരവാസികള്‍ വണങ്ങുന്ന പരിശുദ്ധ കന്യകാനാഥയുടെ ചിത്രത്തിരുനടയില്‍ ആഫ്രിക്കയില്‍നിന്നും കൊണ്ടുവന്ന പൂച്ചെണ്ടു സമര്‍പ്പിച്ച്, 10 മിനിറ്റില്‍ അധികം പാപ്പാ ഫ്രാന്‍സിസ് അവിടെ ഇരുന്നു മൗനമായി പ്രാര്‍ത്ഥിച്ചു.  തുടര്‍ന്ന് കാറില്‍ ഏകദേശം 30 കി.മീ. സഞ്ചരിച്ച് വത്തിക്കാനില്‍ എത്തിയതോടെ അതിരുകള്‍ തേടിയുള്ള  മറ്റൊരു പ്രേഷിതയാത്രയ്ക്ക് പരിസമാപ്തിയായി.

മഡഗാസ്കറില്‍നിന്നും മടക്കയാത്ര 
സെപ്തംബര്‍ 10, ചൊവ്വാഴ്ച അനന്തനാനരീവോ നഗരപ്രാന്തത്തിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ പ്രാദേശിക സമയം രാവിലെ 7 മണിക്ക് പാപ്പാ ഫ്രാന്‍സിസ് ദിവ്യബലി അര്‍പ്പിച്ചു. 8.00 മണിക്ക് അപ്പസ്തോലിക് നൂണ്‍ഷ്യോ, ആര്‍ച്ചുബിഷപ്പ് പാവുളോ ഗ്വാള്‍ത്തിയേരിയോടു യാത്രപറഞ്ഞ് ഇറങ്ങിയ പാപ്പാ, അവിടെ വത്തിക്കാന്‍റെ മന്ദരത്തില്‍ സഹായത്തിനെത്തുന്ന ഒരു കൂട്ടം പാവങ്ങളുമായി നേര്‍ക്കാഴ്ച നടത്തുകയും, അവരോടു കുശലംപറയുകയും ചെയ്തശേഷം ഫോട്ടോ എടുത്തുകൊണ്ടാണ് കാറില്‍ വിമാനത്താവളത്തിലേയ്ക്കു പുറപ്പെട്ടത്.

വിമാനത്താവളത്തിലെ യാത്രയയപ്പ്
പ്രാദേശിക സമയം രാവിലെ 9 മണിയോടെ അന്തനാനരീവോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പാപ്പാ ഫ്രാന്‍സിസ്, മഡഗാസ്കറിന്‍റെ പ്രസിഡന്‍റ് ആന്‍ഡ്രി റെജൊലീനയുമായി ഏതാനും നിമിഷങ്ങള്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഔപചാരിക സൈനിക ബഹുമതി സ്വീകരിച്ചശേഷം പാപ്പാ വിമാനപ്പടവുകള്‍ കയറി. യാത്രയയപ്പിന് വിമാനത്താവളത്തില്‍ എത്തിയ വന്‍ജനാവലി ആവേശത്തോടെ പാപ്പായെ അഭിവാദ്യംചെയ്തു. വിമാനകവാടത്തില്‍ തിരിഞ്ഞുനിന്ന് കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ എല്ലാവരെയും ആശീര്‍വ്വദിച്ചുകൊണ്ട് പാപ്പാ യാത്രയായി. കൃത്യം 9.20-ന് എയര്‍ മ‍ഡഗാസ്കറിന്‍റെ വിമാനം പാപ്പാ ഫ്രാന്‍സിസിനെയും വത്തിക്കാന്‍ സംഘത്തെയും വഹിച്ചുകൊണ്ട് ആഫ്രിക്ക ഭൂഖണ്ഡത്തിന്‍റെ മുകളിലൂടെ പറന്ന്, മെഡിറ്ററേനിയന്‍ തീരങ്ങളുടെ ചക്രവാളത്തിലേയ്ക്ക് പറന്നുയര്‍ന്നു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 September 2019, 10:11