തിരയുക

ഫ്രാന്‍സീസ് പാപ്പാ മഢഗാസ്ക്കറില്‍, അന്തനനാറിവൊയില്‍ അക്കമസ്വായിലുള്ള "സൗഹൃദം നഗരം" സന്ദര്‍ശിച്ച വേളയില്‍, 08/09/2019 ഫ്രാന്‍സീസ് പാപ്പാ മഢഗാസ്ക്കറില്‍, അന്തനനാറിവൊയില്‍ അക്കമസ്വായിലുള്ള "സൗഹൃദം നഗരം" സന്ദര്‍ശിച്ച വേളയില്‍, 08/09/2019 

ദാരിദ്ര്യം വിധികല്പിതമല്ല- ഫ്രാന്‍സീസ് പാപ്പാ

"ദാരിദ്ര്യത്തിന്‍റെ വിനാശകരമായ ഫലങ്ങള്‍ക്കു മുന്നില്‍ നിങ്ങള്‍ അടിയറവു പറയരുത്, സുഖജീവിതത്തിനൊ, നിങ്ങള്‍ നിങ്ങളില്‍ തന്നെ ചുരുങ്ങിപ്പോകുന്ന ഒരു ജീവിതത്തിനൊ ഉള്ള പ്രലോഭനത്തില്‍ വീഴരുത്..." പാപ്പാ യുവതയോട്.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആഫ്രിക്കയിലെ, മൊസാംബിക്ക്, മഢഗാസ്ക്കര്‍ , മൗറീഷ്യസ് എന്നീ നാടുകളിലായി സപ്തദിന സന്ദര്‍ശനം നടത്തിയ ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (08/09/19) മഢഗാസ്ക്കറിന്‍റെ തലസ്ഥാനമായ അന്തനനാറിവൊയിലുള്ള അക്കമസ്വായില്‍ പേദ്രോസ് ഒപേക്ക എന്ന വൈദികന്‍ തീര്‍ത്ത "സൗഹൃദ നഗരം" സന്ദര്‍ശിക്കുകയും  അവിടത്തെ പാവ്വപ്പെട്ടവരായ ജനങ്ങളെ സംബോധന ചെയ്യുകയും ചെയ്തു.

“നല്ല ചങ്ങാതികള്‍” എന്നര്‍ത്ഥം വരുന്ന “അക്കമസ്വാ”യിലെ “സൗഹൃദ നഗര”ത്തില്‍ പാപ്പാ നടത്തിയ പ്രഭാഷണത്തിലെ മുഖ്യ ആശയം വിശ്വാസം കര്‍മ്മാധിഷ്ഠിതമാകണം എന്നതായിരുന്നു.

അക്കമസ്വായിലെ മഹാസംരംഭമായ “സൗഹൃദ നഗരത്തി”ലെ നിവാസികളുമായുള്ള കൂടിക്കാഴ്ചയില്‍ തനിക്കുള്ള അതിയായ ആനന്ദം പ്രകടിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ പ്രഭാഷണം ആരംഭിച്ചത്.

പ്രഭാഷണ സംഗ്രഹം:

പാവപ്പെട്ടവര്‍ക്കിടയില്‍ ദൈവസാന്നിധ്യം

“അക്കമസ്വാ”, സ്വന്തം ദരിദ്രജനത്തിന്‍റെ മദ്ധ്യേയുള്ള ദൈവത്തിന്‍റെ സാന്നിധ്യത്തിന്‍റെ   ആവിഷ്ക്കാരമാണ്. ഇത് അപൂര്‍വ്വമൊ യാദൃശ്ചികമൊ ആയ ഒരു സാന്നിധ്യമല്ല. മറിച്ച് സ്വന്തം ജനത്തിന്‍റെ മദ്ധ്യേ, എന്നും ജീവിക്കാനും ആയിരിക്കാനും നിശ്ചയിച്ചുറച്ച ദൈവത്തിന്‍റെ സാന്നിധ്യമാണ്.

ഈ സായാഹ്നത്തില്‍ “മൈത്രി നഗരത്തിന്‍റെ”ഹൃദയഭാഗത്ത് നിങ്ങള്‍ അനേകര്‍ സമ്മേളിച്ചിരിക്കുന്നു. “ നിങ്ങള്‍ നിങ്ങളുടെ തന്നെ കരങ്ങളാല്‍ കെട്ടിപ്പടുത്തതാണ് ഈ “സൗഹൃദ നഗരം” എന്നതില്‍ സംശയമില്ല. അനേകം കുടുംബങ്ങള്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ കഴിയുന്നതിനായി ഈ നിര്‍മ്മാണ പ്രക്രിയ ഇനിയും നിങ്ങള്‍ തുടരുക. നിങ്ങളുടെ പ്രകാശം സ്ഫുരിക്കുന്ന വദനങ്ങള്‍ കാണുമ്പോള്‍ ഞാന്‍, പാവങ്ങളുടെ രോദനം ശ്രവിക്കുകയും ഈ നഗരത്തെപ്പോലുള്ള ദൃശ്യ അടയളങ്ങളാല്‍ തന്‍റെ   സ്നേഹം പ്രകടമാക്കുകയും ചെയ്ത കര്‍ത്താവിന് നന്ദി പറയുന്നു. ഒരു മേല്‍ക്കൂരയില്ലാതെ ജീവിക്കാനും പോഷണവൈകല്യം അനുഭവിച്ചു മക്കള്‍ വളരുന്നതു കാണാനും കഴിയില്ല എന്ന അവസ്ഥയിലും തൊഴിലില്ലായ്മയിലും അനേകര്‍ കാട്ടുന്ന നിസ്സംഗതയിലും നിന്നുയിര്‍കൊണ്ട നിങ്ങളുടെ നിലവിളി നിങ്ങള്‍ക്കും നിങ്ങളെ നോക്കുന്നവര്‍ക്കും പ്രത്യാശാഗീതമായി പരിണമിച്ചു. ഈ നഗരത്തിന്‍റെ ഒരോ കോണിലുമുള്ള വിദ്യാലയമൊ, ആതുരാലയമൊ പ്രത്യാശയുടെ ഗാനമാണ്. സകലതും വിധികല്പിതം എന്ന വിശ്വാസത്തെ അതു ഖണ്ഡിക്കുകയും നിശബ്ദമാക്കുകയും ചെയ്യുന്നു. നമുക്കു അതിശക്തിയോടെ ഉദ്ഘോഷിക്കാം: ദാരിദ്ര്യം വിധികല്പിതമല്ല.

മലയെ മാറ്റാന്‍ ശക്തമായ വിശ്വാസത്തിന്‍റെ ആവിഷ്ക്കാരം

ഈ നഗരം, വാസ്തവത്തില്‍, ധീരതയുടെയും പരസ്പരസഹായത്തിന്‍റെയും നീണ്ട ചരിത്രം ഉള്‍ക്കൊള്ളുന്നതാണ്. വര്‍ഷങ്ങള്‍ നീണ്ട കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ് ഈ ജനത. “മലയെ മാറ്റാന്‍” കഴിവുറ്റ സമൂര്‍ത്ത പ്രവൃത്തികളായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഓജസുറ്റ വിശ്വാസമാണ് ഇതിന്‍റെ അടിത്തറ. സന്ദിഗ്ദ്ധാവസ്ഥ മാത്രം ഉള്ളിടത്ത് സാധ്യതയും, വിപത്തുള്ളിടത്ത് പ്രത്യാശയും, മരണവും നാശവും അനേകര്‍ വിളംബരം ചെയ്തിരുന്നവിടെ ജീവനും കാണാന്‍ പ്രാപ്തമാക്കിയ ഒരു വിശ്വാസമാണത്. യാക്കോബ്ശ്ലീഹാ പറയുന്നു: “പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജ്ജീവമാണ്” (2,17)

യുവതയ്ക്ക് ഒരു സന്ദേശം

അക്കമസ്വായിലെ പ്രിയ യുവജനങ്ങളെ നിങ്ങള്‍ക്ക് പ്രത്യേകം ഒരു സന്ദേശം നല്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ദാരിദ്ര്യത്തിന്‍റെ വിനാശകരമായ ഫലങ്ങള്‍ക്കു മുന്നില്‍ നിങ്ങള്‍ അടിയറവു പറയരുത്, സുഖജീവിതത്തിനൊ, നിങ്ങള്‍ നിങ്ങളില്‍ തന്നെ ചുരുങ്ങിപ്പോകുന്ന ഒരു ജീവിതത്തിനൊ ഉള്ള പ്രലോഭനത്തില്‍ വീഴരുത്... പ്രിയ യുവജനമേ, മുതിര്‍ന്നവര്‍ പൂര്‍ത്തിയാക്കിയ ഈ കര്‍മ്മം ഇനി മുന്നോട്ടു കൊണ്ടു പോകേണ്ടത് നിങ്ങളാണ്. അതിനുള്ള ശക്തി നിങ്ങള്‍ കണ്ടെത്തേണ്ടത് നിങ്ങളുടെ വിശ്വാസത്തിലും നിങ്ങളുടെ ജീവിതത്തിന്‍റെ മൂശയില്‍ വാര്‍ത്തെടുത്ത സജീവ സാക്ഷ്യത്തിലും ആണ്. കര്‍ത്താവേകിയ ദാനങ്ങള്‍ നിങ്ങളില്‍ തഴച്ചു വളരാന്‍ നിങ്ങള്‍ അനുവദിക്കുക.

അക്കമസ്വായുടെ സുഹൃത്തുക്കള്‍ക്കും “സൗഹൃദ നഗര”ത്തിന്‍റെ സ്ഥാപകനായ വൈദികന്‍ പേദ്രൊ ഒപേക്കയ്ക്കും (Fr.Pedro Opeka) അവരുടെ പ്രവാചികവും പ്രത്യാശാജനകവുമായ സാക്ഷ്യത്തിനും കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ടും തനിക്കായ് പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 September 2019, 09:45