വയനാടു ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന  മേപ്പാടിയില്‍ നിന്നുള്ള ഒരു ദൃശ്യം വയനാടു ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മേപ്പാടിയില്‍ നിന്നുള്ള ഒരു ദൃശ്യം 

ദുരന്തബാധിത മലയാള നാടിനും പാപ്പായുടെ പ്രാര്‍ത്ഥനാസഹായം!

കേരളമുള്‍പ്പടെ ഭിന്ന സംസ്ഥാനങ്ങളില്‍ പ്രളയദുരന്തം- പാപ്പായുടെ അനുശേചനവും പ്രാര്‍ത്ഥനയും!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഭാരതത്തില്‍ കേരളത്തിലുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലുണ്ടായിരിക്കുന്ന പ്രകൃതിദുരന്തത്തിനിരകളായവരെ മാര്‍പ്പാപ്പാ വേദനയോടെ അനുസ്മരിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഇതറിയിച്ചുകൊണ്ടുള്ള അനുശോചന സന്ദേശം തിങ്കളാഴ്ച (12/08/19) വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, പ്രളയദുരന്തബാധിത പ്രദേശങ്ങളായ കേരളം, കര്‍ണ്ണാട്ടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ അധികാരികള്‍ക്കയച്ചു.

ഈ സംസ്ഥാനങ്ങളില്‍ ഈ ദിനങ്ങളിലുണ്ടായ പേമാരിയില്‍ അനേകര്‍ക്ക് ജീവനും  ജീവനോപാധികളും പാര്‍പ്പിടങ്ങളും നഷ്ടപ്പെട്ടതില്‍ പാപ്പാ ദുഃഖിക്കുകയും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും തന്‍റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു. 

ഇപ്പോള്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പാപ്പാ പ്രാര്‍ത്ഥനാസഹായം നല്കുകയും ഈ ദുരന്തത്തെ നേരിടുന്നതിനുള്ള പരിശ്രമങ്ങളില്‍ കരുത്തും സ്ഥൈര്യവും ലഭിക്കുന്നതിനായി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 

ജലപ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ജീവനപഹരിച്ചവരുടെ സംഖ്യ കേരളത്തില്‍ മാത്രം 80 കടന്നിരിക്കുന്നു. 9600 ഓളം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. ഇവയില്‍ എണ്ണൂറിലേറെ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.

ആയിരത്തി നാനൂറില്‍പ്പരം ദുരിതാശ്വാസ കേന്ദ്രങ്ങളി‍ലായി കഴിയുന്നവരുടെ സംഖ്യ രണ്ടുലക്ഷത്തി അറുപതിനായിരത്തോളം വരും.

വിവധ സംസ്ഥാനങ്ങളിലായി മൊത്തം 180 ലേറേപ്പേര്‍ മരണമടഞ്ഞതായി കണക്കാക്കപ്പെടുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 August 2019, 12:05