തിരയുക

ഫ്രാന്‍സിലെ പാരീസ് അതിരൂപതയില്‍ സ്വര്‍ഗ്ഗാരോപിത നാഥയുടെ തിരുനാള്‍ പ്രദക്ഷിണം 15/08/2019 ഫ്രാന്‍സിലെ പാരീസ് അതിരൂപതയില്‍ സ്വര്‍ഗ്ഗാരോപിത നാഥയുടെ തിരുനാള്‍ പ്രദക്ഷിണം 15/08/2019 

നവ മാനവികതയുടെ ശില്പികളാകുക!

ഫ്രാന്‍സിലെ പാരീസ് അതിരൂപതയില്‍ സ്വര്‍ഗ്ഗാരോപിത നാഥയുടെ തിരുനാള്‍ ആഘോഷത്തിന് ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യേക സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യേശുക്രിസ്തുവില്‍ രൂഢമൂലമായ നവ മാനവികതയുടെ ശില്പികളാകാന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

ആഗസ്റ്റ് 15-ന്  (15/08/2019) ആചരിക്കപ്പെട്ട പരിശുദ്ധ മറിയത്തിന്‍റെ  സ്വര്‍ഗ്ഗാരോപണത്തിരുന്നാളിനോടനുബന്ധിച്ച് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി  കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ ഒപ്പിട്ട്  ഫ്രാന്‍സിലെ, പാരീസ് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് മിഷേല്‍ ഔപെറ്റിക്കയച്ച (MICHEL AUPETIT) സന്ദേശത്തിലാണ് ഈ ആഹ്വാനമുള്ളത്.

ഈ അതിരൂപതയുടെ, പരിശുദ്ധ കന്യകാമറിയത്തിന്‍റെ നാമത്തിലുള്ള ഭദ്രാസനദേവാലയത്തിന് – “നോതൃ ദാം” കത്തീദ്രലിന്, ഇക്കൊല്ലം ഏപ്രില്‍ 15-ന് തീപിടിക്കുകയും ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതിനു ശേഷം ദേവാലയത്തിനകത്തും പരിസരത്തും, അന്തരീക്ഷത്തില്‍ ഈയത്തിന്‍റെ അംശം ആരോഗ്യത്തിന് ഹാനികരമായ അളവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ദേവാലയം ജൂലൈ അവസാനം മുതല്‍ അടച്ചിട്ടിരിക്കുകയാണ്. 

ഈ പശ്ചാത്തലത്തില്‍ സ്വര്‍ഗ്ഗാരോപണത്തിരുന്നാള്‍ പ്രദക്ഷിണം ഈ ദേവാലയം സ്ഥിതിചെയ്യുന്ന “സിത്തേ” (CITE) ദ്വീപിനെയും മറ്റൊരു ദ്വീപായ “സാന്‍ ലുയീ” (SAINT LOUIS) ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന “സാന്‍ ലുയീ” പാലത്തില്‍ നിന്ന് “സാന്‍ സുപ്ലൈസ്” ദേവാലയത്തിലേക്കാണ് നടത്തപ്പെട്ടത്. 

ഈ തിരുന്നാളില്‍ പങ്കെടുത്ത സകലവിശ്വാസികളുടെയും ചാരെ പാപ്പാ ആദ്ധ്യാത്മികമായി സന്നിഹിതനാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അറിയിച്ചു.

യഥാര്‍ത്ഥ അമ്മയെന്ന നിലയില്‍ പരിശുദ്ധ കന്യകാമറിയം നമ്മോടൊപ്പം ചരിക്കുകയും നമ്മോടൊപ്പം പോരാടുകയും ദൈവത്തിന്‍റെ സ്നേഹം അക്ഷീണം പ്രസരിപ്പിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വാസ്തുശൈലിയിലെ ഒരു മുത്തായ “നോതൃ ദാം” കത്തീദ്രലിന്‍റെ പുനര്‍നിര്‍മ്മാണം,    വീണ്ടും ജനിക്കലിന്‍റെയും ദൈവത്തില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസത്തിന്‍റെ  നവവീര്യവല്‍ക്കരണത്തിന്‍റെയും ശക്തമായ അടയാളമായി ഭവിക്കുന്നതിന് ഫ്രാന്‍സീസ് പാപ്പാ പരിശുദ്ധ കന്യകയുടെ മാദ്ധ്യസ്ഥ്യം വഴി ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

പാപ്പായുടെ സന്ദേശം “സാന്‍ സുപ്ലൈസ്” ദേവാലയത്തില്‍ വ്യാഴാഴ്ച (15/08/19) ആര്‍ച്ച്ബിഷപ്പ് മിഷേല്‍ ഔപെറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സ്വര്‍ഗ്ഗാരോപണത്തിരുന്നാള്‍ ദിവ്യബലിയുടെ അവസാനം “നോതൃ ദാം” കത്തീദ്രലിന്‍റെ  ചുമതലയുള്ള മോണ്‍സിഞ്ഞോര്‍ പാട്രിക് ഷുവെ (Patrick Chauvet) വായിച്ചു 

     

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 August 2019, 12:45