തിരയുക

2018 ആഗസ്റ്റ് 14-ന് ഇറ്റലിയിലെ  ജേനൊവ പട്ടണത്തില്‍ തകര്‍ന്ന  “മൊറാന്തി” പാലം 2018 ആഗസ്റ്റ് 14-ന് ഇറ്റലിയിലെ ജേനൊവ പട്ടണത്തില്‍ തകര്‍ന്ന “മൊറാന്തി” പാലം  

ദുര്‍ബ്ബലമായ മാനുഷിക വചസ്സുകള്‍!

ജേനൊവ പട്ടണത്തില്‍ "മൊറാന്തി പാലം" തകര്‍ന്നതിന്‍റെ വാര്‍ഷികത്തില്‍ പാപ്പായുടെ ഒരു കത്ത്!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ചില സംഭവങ്ങള്‍ക്കു മുന്നില്‍ നമ്മുടെ മാനുഷികമായ ദുര്‍ബ്ബല വചസ്സുകള്‍ അപര്യാപ്തങ്ങളാണെന്ന് മാര്‍പ്പാപ്പാ.

2018 ആഗസ്റ്റ് 14-ന് ഇറ്റലിയിലെ സമയം ഉച്ചയ്ക്ക് 11.36-ന് ജേനൊവ പട്ടണത്തിലെ “മൊറാന്തി” പാലം തകരുകയും 43 പേര്‍ മരണമടയുകയും ചെയ്തിട്ട് ഒരു വര്‍ഷം  തികയാന്‍ പോകുന്നതിനോടനുബന്ധിച്ച് ഇറ്റലിയിലെ ദിനപ്പത്രമായ, “പത്തൊമ്പതാം നൂറ്റാണ്ട്” എന്നര്‍ത്ഥം വരുന്ന “ഇല്‍ സേക്കൊളൊ ദിച്ചന്നോവേസിമൊ”യ്ക്ക് (IL SECOLO XIX) അയച്ച ഒരു കത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ദുരന്തത്തെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് ഇപ്രകാരം കുറിച്ചിരിക്കുന്നത്.

ഇത്തരം ദുരന്തങ്ങള്‍ക്കു മുന്നില്‍ തനിക്ക് ഒരുത്തരം ഇല്ലയെന്നും, കണ്ണീരൊഴുക്കുകയും മൗനം പാലിക്കുകയും നാം കെട്ടിപ്പടുക്കുന്നവയുടെ ബലഹീനതയുടെ കാരണത്തെക്കുറിച്ച് സ്വയം ചോദിക്കുകയും, സര്‍വ്വോപരി, പ്രാര്‍ത്ഥിക്കുകയുമാണ് കരണീയമെന്നും പാപ്പാ എഴുതുന്നു. 

എന്നാല്‍ ഒരു പിതാവിനും സഹോദരനുമടുത്ത തന്‍റെ  ഹൃദയത്തില്‍ നിന്നുയരുന്നതായ ഒരു സന്ദേശം പകര്‍ന്നുതരാന്‍ തനിക്കുണ്ടെന്നു വെളിപ്പെടുത്തിയ പാപ്പാ ജേനൊവയിലെ സമൂഹത്തെ നെയ്തെടുത്ത ബന്ധങ്ങളെ തകര്‍ക്കാന്‍ ജീവിതത്തിലെ ഇത്തരം ദുരന്തങ്ങളെ അനുവദിക്കരുതെന്ന് ഉദ്ബോധിപ്പിക്കുന്നു.

ജേനൊവയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ തന്‍റെ മനസ്സിലേക്കെന്നും ഓടിയെത്തുന്നത് തുറമുഖവും തന്‍റെ  പിതാവ് യാത്രയാരംഭിച്ച സ്ഥലവുമാണെന്നും പാപ്പാ അനുസ്മരിക്കുന്നു.

ഫ്രാന്‍സീസ് പാപ്പായുടെ പിതാവ്, ഇറ്റലിക്കാരനായ മാരിയൊ ബെര്‍ഗോളിയൊ 1928-ല്‍ ജേനൊവ തുറമുഖത്തുനിന്നാണ് അര്‍ജന്തീനയിലെ ബുവെനോസ് അയിരെസിലേക്ക് കപ്പല്‍ കയറിയത്.

പാലം തകര്‍ന്ന ദുരന്തത്തിനിരകളായവരെയും അവരുടെ കുടുംബങ്ങളെയും മുറിവേറ്റവരെയും സ്വഭവനങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നവരെയും താന്‍ ഓര്‍ക്കുകയും അവര്‍ക്കെല്ലാവര്‍ക്കും, ജേനൊവയിലെ ജനങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുയും ചെയ്യുന്നുണ്ടെന്ന് പാപ്പാ അറിയിക്കുകയും അവര്‍ ഒറ്റയ്ക്കല്ലയെന്ന ഉറപ്പു നല്കുകയും ചെയ്യുന്നു.   

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 August 2019, 12:28