തിരയുക

Vatican News
വിശുദ്ധ എഡിത്ത് സ്റ്റെയിന്‍ (വി.ത്രേസ്യ ബെനദേത്ത) വിശുദ്ധ എഡിത്ത് സ്റ്റെയിന്‍ (വി.ത്രേസ്യ ബെനദേത്ത) 

നിണസാക്ഷിയായ വിശുദ്ധ എഡിത്ത് സ്റ്റെയിന്‍!

സകലവിധ അസഹിഷ്ണുതകള്‍ക്കും അബദ്ധസിദ്ധാന്തങ്ങള്‍ക്കും എതിരായ ജീവിതത്തില്‍ ആവിഷ്കൃതമായ സുധീരമായ തിരഞ്ഞെടുപ്പുകള്‍ക്കുടമയായ വിശുദ്ധ എഡിത്ത് സ്റ്റെയിന്‍!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

രക്തസാക്ഷിയായ വിശുദ്ധ എഡിത്ത് സ്റ്റെയിന്‍ ജീവിതത്തില്‍ നടത്തിയ സുധീരമായ തിരഞ്ഞെടുപ്പുകള്‍ നാം മനസ്സിലാക്കണമെന്ന് മാര്‍പ്പാപ്പാ.

ബുധനാഴ്ച (07/08/19) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്യവെ, ഫ്രാന്‍സീസ് പാപ്പാ, അനുവര്‍ഷം ആഗസ്റ്റ് 9-ന്, നിണസാക്ഷിയും കന്യകയും യുറോപ്പിന്‍റെ സഹസ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയുമായ കുരിശിന്‍റെ  വിശുദ്ധ ത്രേസ്യ ബെനദേത്തയുടെ അഥവാ, എഡിത്ത് സ്റ്റെയിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചുകൊണ്ടാണ് ഈ ക്ഷണം നല്കിയത്.

ക്രിസ്തുവിലേക്കുള്ള യഥാര്‍ത്ഥ മാനസാന്തരത്തിലും അതുപോലെതന്നെ എല്ലാത്തരത്തിലുമുള്ള അസഹിഷ്ണുതയ്ക്കും അബദ്ധസിദ്ധാന്തങ്ങള്‍ക്കും എതിരായ ജീവിതത്തിലും ആവിഷ്കൃതമായ അവളുടെ സുധീരമായ തിരഞ്ഞെടുപ്പുകളിലൂടെ കണ്ണോടിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ജീവിത വഴികള്‍

പോളണ്ടില്‍ ജര്‍മ്മനിയുടെ ആധിപത്യത്തിലായിരുന്ന വ്രൊസ്വാഫ് (Wrocław- Breslau) ആണ് വിശുദ്ധ എഡിത്ത് സ്റ്റെയിനിന്‍റെ ജന്മസ്ഥലം.

1891 ഒക്ടോബര്‍ 12-ന് ഒരു യഹൂദ കുടുംബത്തില്‍ സിഗ്ഫ്രീഡ് ഔഗുസ്ത കുറാന്‍ ദമ്പതികളുടെ പുത്രിയായി ജനിച്ച എഡിത്ത് സറ്റെയിന്‍ കുറെനാള്‍ നാസ്തികയായി ജീവിക്കുകയും പിന്നീടു ക്രിസ്തുവിശ്വാസം ആശ്ലേഷിക്കുകയുമായിരുന്നു. 2 വയസ്സുള്ളപ്പോള്‍ പിതാവ് നഷ്ടപ്പെട്ട അവള്‍ പിന്നീട് അമ്മയുടെ സംരക്ഷണയിലായിരുന്നു. കഠിനാദ്ധ്വാനിയും കര്‍ക്കശക്കാരിയും നിശ്ചയദാര്‍ഢ്യത്തിനുടമയും ആയിരുന്ന അമ്മയെക്കുറിച്ച് എന്നും മതിപ്പു പുലര്‍ത്തിയിരുന്ന വിശുദ്ധ എഡിത്ത് സ്റ്റെയിന്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുറെനാള്‍ പഠനത്തില്‍ നിന്നു വിട്ടു നില്ക്കുകയും മറ്റൊരിടത്തേക്കു താമസം മാറുകയും പ്രധാനമായും പുരാതന സാഹിത്യഗ്രന്ഥങ്ങളും സമാകാലീന സാഹിത്യഗ്രന്ഥങ്ങളും തത്വശാസ്ത്ര ഗ്രന്ഥങ്ങളും വായിക്കുന്നതില്‍ തല്പരയാവുകയും ചെയ്തു. ക്രമേണ നിരീശ്വരവാദത്തില്‍ അവള്‍ എത്തിച്ചേര്‍ന്നു. വീണ്ടും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയ അതീവ ബുദ്ധിശാലിയായിരുന്ന എഡിത്ത് സ്റ്റെയിന്‍ 1913 ഏപ്രിലില്‍ ഗോട്ടിംഗയിലെ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. എന്നാല്‍ അടുത്ത വര്‍ഷം തന്നെ ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതോടെ അവള്‍ പഠനം ഉപേക്ഷിച്ച് വ്രൊസ്വാഫിലെ വീട്ടിലേക്കു മടങ്ങി.

യുദ്ധം ആരംഭിച്ചതോടെ അവള്‍ സന്നദ്ധസേവകയായി ആതുരശുശ്രൂഷാരംഗത്തേക്കു കടന്നു. 

പിന്നീട് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ അവള്‍ വീണ്ടും സന്നദ്ധസേവകയായി. ആയിടയ്ക്ക് ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ ജീവിചരിത്രം വായിക്കാന്‍ ഇടയാവുകയും അങ്ങനെ, എഡിത്ത് സ്റ്റെയിന്‍, ക്രമേണ ക്രിസ്തുവിലേക്കാകര്‍ഷിക്കപ്പെടുകയും കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയും ചെയ്തു. 1922 ജനുവരി ഒന്നിന് മാമ്മോദീസാ സ്വീകരിച്ച എഡിത്ത സ്റ്റെയിന്‍ ഡൊമേനിക്കന്‍ സഭയുടെ കീഴിലുള്ള വിദ്യാലയത്തില്‍ അദ്ധ്യാപികയായി.

ആയിടയ്ക്ക് നാസികളോടുള്ള തന്‍റെ എതിര്‍പ്പ് ശക്തമായി പ്രകടിപ്പിച്ച എഡിത്ത് സ്റ്റെയിന്‍, യുഹൂവിരുദ്ധതയ്ക്കെതിരെ ശബ്ദമുയര്‍ത്താനും നാസിസത്തെ അപലപിക്കാനും പതിനൊന്നാം പീയുസ് പാപ്പായോട് അഭ്യര്‍ത്ഥിക്കാന്‍, അന്ന് ജര്‍മ്മനിയിലെ അപ്പ്സതോലിക് നുണ്‍ഷ്യൊ ആയിരുന്ന, പിന്നീട് പന്ത്രണ്ടാം പീയൂസ് പാപ്പാ ആയിത്തീര്‍ന്ന, എവുജേനിയൊ മരിയ ജുസേപ്പെ പച്ചേല്ലിയോട് (Eugenio Maria Giuseppe Giovanni Pacelli) കത്തു മുഖേന ആവശ്യപ്പെട്ടു.

അതിനിടെ സമര്‍പ്പിത ജീവിതത്തിലേക്കുള്ള വിളി മനസ്സിലാക്കിയ എഡിത്ത് സ്റ്റെയിന്‍ 1934-ല്‍ കൊളോണിലെ കര്‍മ്മലീത്താസഭയില്‍ ചേരുകയും കുരിശിന്‍റെ വിശുദ്ധ ത്രേസ്യ ബെനെദേത്ത എന്ന നാമം സ്വീകരിക്കുകയും ചെയ്തു. അഡോള്‍ഫ് ഹിറ്റലറിന്‍റെ   നേതൃത്വത്തില്‍ യഹൂദര്‍ക്കെതിരായ ആക്രമണം ശക്തിപ്രാപിച്ച ഒരു സമയമായിരുന്നു അത്. യഹൂദമതം ഉപേക്ഷിച്ചവരെയും നാസിപ്പടെ വെറുതെ വിട്ടില്ല. യഹൂദമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരെയും തടവിലാക്കാന്‍ 1942 ജൂലൈ 20-ന് ഹിറ്റ്ലര്‍ ഉത്തരവിട്ടു. എഡിത്ത് സ്റ്റെയിനും യഹൂദമതം ഉപേക്ഷിച്ചഅവളുടെ സഹോദരി റോസയും അറസ്റ്റുചെയ്യപ്പെട്ടു. പോളണ്ടിലെ ഓഷ്വിറ്റ്സിലെ നാസി തടങ്കല്‍ പാളയത്തിലേക്കു കൊണ്ടുപോകപ്പെട്ട അവരിരുവരും 1942 ആഗസ്റ്റ് 9 ന് വിഷവാതക അറയില്‍ കൊല്ലപ്പെട്ടു.

വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ, എഡിത്ത് സ്റ്റെയിനെ, 1987 മെയ് 21-ന് വാഴ്ത്തപ്പെട്ടവളായും 1998 ഒക്ടോബര്‍ 11-ന് വിശുദ്ധയായും പ്രഖ്യാപിച്ചു.

യൂറോപ്പിന്‍റെ സ്വര്‍ഗ്ഗീയ സഹസംരക്ഷകയാണ് വിശുദ്ധ എഡിത്ത് സ്റ്റെയിന്‍. വിശുദ്ധകളായ സീയെന്നായിലെ കത്രീനയും, സ്വീഡനിലെ ബ്രജിറ്റയുമാണ് യുറോപ്പിന്‍റ ഇതര സ്വര്‍ഗ്ഗീയ സഹസംരക്ഷകകള്‍. 

 

08 August 2019, 09:02