ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാസന്ദേശം നല്കുന്നു-04/08/2019 ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാസന്ദേശം നല്കുന്നു-04/08/2019 

മാനുഷിക പദ്ധതിയും ദൈവിക പദ്ധതിയും!

ഭൗതിക വസ്തുക്കള്‍ക്കും സമ്പത്തിനുമായുള്ള കടിഞ്ഞാണില്ലാത്ത ഓട്ടം പലപ്പോഴും അസ്വസ്ഥയ്ക്കും വിപത്തിനും, ചാഞ്ചല്യത്തിനും, യുദ്ധങ്ങള്‍ക്കുമൊക്കെ കാരണമാകും. അനേകം യുദ്ധങ്ങള്‍ക്ക് കാരണം അത്യാഗ്രഹമാണ്. പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നീലാംബരം മേലാപ്പു ചാര്‍ത്തിയിരുന്ന റോമില്‍ ഈ ഞായാറാഴ്ചയും (04/08/19)   വേനല്‍ക്കാല സൂര്യതാപം ശക്തിയാര്‍ജ്ജിച്ചു നിന്ന ദിനങ്ങളില്‍ ഒന്നായിരുന്നു. എങ്കിലും അന്ന് മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിന് വിവിധരാജ്യാക്കാരായ നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. സൂര്യകിരണങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് പലരും കുടകള്‍ ചൂടുകയോ തൊപ്പി ധരിക്കുകയോ ചെയ്തിരുന്നു. പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന്, പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന്, പതിവുപോലെ, പേപ്പല്‍ അരമനയുടെ ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (04/08/19) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച്  വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം 12-Ↄ○ അദ്ധ്യായം 13-21 വരെയുള്ള വാക്യങ്ങള്‍, അതായത്, ദൈവസന്നിധിയല്‍ സമ്പന്നനാകാതെ, ഭൗതികസമ്പത്ത് കുന്നുകൂട്ടുന്ന ഭോഷനായ ധനികനെക്കുറിച്ചുള്ള ഉപമയായിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ധനികന്‍റെ സുരക്ഷാ പദ്ധതിയുടെ ഭോഷത്തരം

കുടുംബത്തിന്‍റെ പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട നൈയമിക പ്രശ്നം പരിഹരിക്കുന്നതിന് ഒരുവന്‍ ജനക്കുട്ടത്തിനിടയില്‍ നിന്ന് യേശുവിനോട് ആവശ്യപ്പെടുന്ന രംഗത്തോടുകൂടിയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. എന്നാല്‍ തന്‍റെ പ്രത്യുത്തരത്തില്‍ അവിടന്ന് ഈ പ്രശ്നം പരിഗണിക്കുന്നില്ല, മറിച്ച് അത്യാഗ്രഹത്തില്‍ നിന്ന്, ദ്രവ്യാസക്തിയില്‍നിന്ന് അകന്നു നില്ക്കാന്‍ ഉപദേശിക്കുന്നു. സമ്പത്തിനായുളള ഭ്രാന്തമായ നെട്ടോട്ടത്തില്‍ നിന്ന് തന്‍റെ ശ്രോതാക്കളുടെ ശ്രദ്ധ തിരിക്കുന്നതിന് യേശു ഭോഷനായ ധനികന്‍റെ ഉപമ പറയുന്നു. ഒരു വര്‍ഷം തനിക്ക് സമൃദ്ധമായി വിളവു ലഭിച്ചതില്‍ സന്തോഷിക്കുകയും താന്‍ സ്വരുക്കൂട്ടിയ സമ്പത്തില്‍ താന്‍ സുരക്ഷിതനാണെന്നു കരുതുകയും ചെയ്യുന്നു ആ ധനികന്‍. ഇന്ന് ഈ സുവിശേഷ ഭാഗം നിങ്ങള്‍ വായിക്കുന്നത് ഗുണകരമാണ്; ലൂക്കായുടെ സുവിശേഷം 12-Ↄ○ അദ്ധ്യയത്തില്‍ 13-Ↄ○ വാക്യത്തില്‍ നിന്നാരംഭിക്കുന്ന ഈ ഉപമ നമ്മെ ഒത്തിരിക്കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ധനവാന്‍ അവനു വേണ്ടിത്തന്നെ സ്വയം തയ്യാറാക്കുന്ന പദ്ധതിയും ദൈവം ഈ ധനികനുവേണ്ടി തയ്യാറാക്കുന്ന പദ്ധതിയും തമ്മിലുള്ള വൈപരീത്യം ഇവിടെ പ്രകമ്പനം സൃഷ്ടിക്കുന്നു. 

ഭൗതിക സമ്പത്തിന്‍റെ ക്ഷണികാവസ്ഥ

സമ്പന്നന്‍ അവന്‍റെ ആത്മാവിന്‍റെ മുന്നില്‍, അതായത്, അവന്‍റെ മുന്നില്‍ മൂന്നൂ കാര്യങ്ങള്‍ വയ്ക്കുന്നു. കുന്നുകൂട്ടിയ സമ്പത്ത്, ഈ സമ്പത്ത് അനേക വര്‍ഷത്തേക്ക് തനിക്കേകുന്ന സുരക്ഷിതത്വം,  മൂന്നാമതായി, വിശ്രമവും മതിമറന്ന ആഘോഷവും. എന്നാല്‍ ദൈവം അവനോടു പറയുന്ന വാക്കുകള്‍ ഈ പദ്ധതികളെ നിഷ്പ്രഭമാക്കുന്നു. അനേക വര്‍ഷങ്ങളുടെ സ്ഥാനത്ത് ദൈവം സൂചിപ്പിക്കുന്നത് ആസന്നമായ രാത്രിയെയാണ്. ഈ രാത്രി നീ മരിക്കും. ജീവിതാസ്വാദനത്തിന്‍റെ സ്ഥാനത്ത് ജീവന്‍ നല്കലിനെക്കുറിച്ചു സൂചിപ്പിക്കുന്നു; ജീവന്‍ ദൈവത്തിന് തിരിച്ചുകൊ‌ടുക്കേണ്ടിവരും, അനന്തര ഫലവും അവിടന്നു വ്യക്തമാക്കുന്നു. “നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടെതാകും” എന്ന 20-Ↄ○ വാക്യത്തിന്‍റെ വ്യാഗ്യാര്‍ത്ഥം, താന്‍ കുന്നു കൂട്ടിവച്ച സമ്പത്തിന്‍റെ കാര്യത്തില്‍  ധനികന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പാരമ്പര്യസ്വത്തിനെ പ്രതിയുള്ള വഴക്കുകള്‍ നാം കാണുന്നുണ്ട്, സ്വത്തിനെ ചൊല്ലി കുടുംബങ്ങളില്‍ കലഹങ്ങളുണ്ടാകുന്നു. ഒരാളുടെ മരണം ആസന്നമായിരിക്കുന്ന വേളയില്‍ സംഭവിക്കുന്ന ചില കഥകളെങ്കിലും നമുക്കറിയാം. എനിക്കുള്ളത് എന്താണ് ? അതു നോക്കാന്‍ ഭാഗിനേയരും മറ്റും എത്തുന്നു, എല്ലാം എടുത്തുകൊണ്ടു പോകുന്നു. ആ ധനികനെ “ഭോഷന്‍” എന്ന് ദൈവം സംബോധന ചെയ്യുന്നത്  ഈ വൈപരീത്യത്തിനു മുന്നില്‍ ന്യായീകരണം കണ്ടെത്തുന്നു. കാരണം ആ വസ്തുക്കള്‍ സമൂര്‍ത്തങ്ങളാണെന്നു അവന്‍ കരുതുന്നു, എന്നാല്‍ അവ മായയാണ്. ദൈവവുമായുള്ള ധാരണയില്‍ എത്താതെ, അവിടത്തെ നിഷേധിക്കുന്നതിനാല്‍ ഈ സമ്പന്നന്‍ ഭോഷനാണ്.

ഉന്നതത്തിലുള്ളവ അന്വേഷിക്കുക

സുവിശേഷകന്‍ ഈ ഉപമയ്ക്കു നല്കുന്ന സമാപനത്തിന്‍റെ ഫലക്ഷമത അദ്വിതീയമാണ്. “ഇതുപോലെതന്നെയാണ് ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചു വയ്ക്കുന്നവനും”  (ലൂക്കാ 12:21). നാമേവരും നോക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന ചക്രവാളത്തെ ചൂണ്ടിക്കാട്ടുന്ന ഒരു ഓര്‍മ്മപ്പെടുത്താലാണിത്. ഭൗതികവസ്തുക്കള്‍ ജീവിതത്തിന് ആവശ്യമാണ്, അവ വസ്തുക്കളാണ്, നമ്മുടെ അസ്തിത്വത്തിന്‍റെ ലക്ഷ്യമല്ല. സത്യസന്ധമായും ആവശ്യത്തിലിരിക്കുന്നവരുമായി പങ്കുവച്ചും ജീവിക്കുന്നതിനുള്ള ഉപാധിമാത്രമാണ് ഭൗതിക വസ്തുക്കള്‍. നമ്മുടെ ഹൃദയങ്ങളെ തളച്ചിടാനും സ്വര്‍ഗ്ഗീയ നിക്ഷേപത്തില്‍ നിന്ന് നമ്മുടെ ശ്രദ്ധ തിരിക്കാനും കഴിവുറ്റവയാണ് ഭൗമിക സമ്പത്ത് എന്ന് മനസ്സിലാക്കാന്‍ യേശു നമ്മെ ക്ഷണിക്കുകയാണ്. ഇന്നത്തെ രണ്ടാമത്തെ വായനയില്‍ പൗലോസപ്പസ്തോലനും ഇതു നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: “ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍” (പൗലോസ് അപ്പസ്തോലന്‍ കൊളോസോസുകാര്‍ക്കെഴുതിയ ലേഖനം 3:1-2)

മൂല്യങ്ങള്‍ തിരയുക, കൈവശമാക്കുക

യാഥാര്‍ത്ഥ്യത്തോടു മുഖം തിരിച്ചു നില്ക്കുകയല്ല, യഥാര്‍ത്ഥ മൂല്യങ്ങള്‍ ഉള്ളവയെ അന്വേഷിക്കുകയാണ് ഇവിടെ വിവക്ഷ എന്ന് വ്യക്തമാണ്. നീതിയും ഐക്യദാര്‍ഢ്യവും, സ്വീകരണവും, സാഹോദര്യവും സമാധാനവും, മനുഷ്യന്‍റെ  യഥാര്‍ത്ഥ ഔന്നത്യത്തിനു രൂപം നല്കുന്ന സകലവും അന്വേഷിക്കുക. ലോകത്തിന്‍റെ  ശൈലിക്കനുസൃതമല്ല, മറിച്ച്, സുവിശേഷാരുപിക്കനുസരണം ജീവിതം സാക്ഷാത്ക്കരിക്കുന്നതിന് ശ്രമിക്കുക എന്നാണര്‍ത്ഥം. അതായത്, നമ്മുടെ പൂര്‍ണ്ണാസ്തിത്വത്തോടുകൂടി  ദൈവത്തെ സ്നേഹിക്കുക, യേശു സ്നേഹിച്ചതു പോലെ, അതായത്, ശുശ്രൂഷയേകിയും ആത്മദാനം ചെയ്തും, നമ്മളും നമ്മുടെ അയല്‍ക്കാരനെ സ്നേഹിക്കുക. ദ്രവ്യാസക്തിയും സമ്പത്താര്‍ജ്ജിക്കാനുള്ള മോഹവും ഹൃദയത്തെ തൃപ്തിപ്പെടുത്തില്ല, മറിച്ചു കൂടുതല്‍ സമ്പാദിക്കാനുള്ള ആഗ്രഹമുളവാക്കുകയാണ് ചെയ്യുക. അത്യാഗ്രഹം നല്ല മിഠായി പോലെയാണ്, നീ അതിലൊന്നെടുത്തിട്ടു പറയുന്നു: എന്തു നല്ല മിഠായി. എന്നിട്ട് ഒന്നുകൂടി എടുക്കുന്നു, വീണ്ടും അതാവര്‍ത്തിക്കുന്നു. അത്യാഗ്രഹം അങ്ങനെയാണ്. ഒരിക്കലും മതിയാകില്ല. ജാഗ്രതയുള്ളവരായിരിക്കുക. തീക്ഷണതയോടെ ജീവിക്കുന്ന സ്നേഹം യഥാര്‍ത്ഥ  ആനന്ദത്തിന്‍റെ ഉറവിട‌മാണ്. എന്നാല്‍ ഭൗതിക വസ്തുക്കള്‍ക്കും സമ്പത്തിനുമായുള്ള കടിഞ്ഞാണില്ലാത്ത ഓട്ടം പലപ്പോഴും അസ്വസ്ഥയ്ക്കും വിപത്തിനും, ചാഞ്ചല്യത്തിനും, യുദ്ധങ്ങള്‍ക്കുമൊക്കെ കാരണമാകും. അനേകം യുദ്ധങ്ങള്‍ക്ക് കാരണം അത്യാഗ്രഹമാണ്.

ക്ഷണികമായ സുരക്ഷിതത്വത്തിനാല്‍ ആകര്‍ഷിക്കപ്പെടാതിരിക്കുന്നതിനും സുവിശേഷത്തിന്‍റെ ശാശ്വത മൂല്യങ്ങള്‍ക്ക് അനുദിനം വിശ്വാസയോഗ്യരായ സാക്ഷികളായിരിക്കുന്നതിനും പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.        

ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ  മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു. 

അമേരിക്കന്‍ ഐക്യനാടുകളിലെ വെടിവെയ്പു ദുരന്തം

ആശീര്‍വ്വാദാനന്തരം ഫ്രാന്‍സീസ് പാപ്പാ അമേരിക്കന്‍ ഐക്യനാടുകളില്‍ പലയിടത്തായി നടന്ന വെടിവെയ്പ്പു ദുരന്തത്തിനിരകളായവരെ അനുസ്മരിച്ചു.

നിരപരാധികളുടെ നേര്‍ക്ക് നിറയൊഴിച്ചുകൊണ്ട് അമേരിക്കന്‍ ഐക്യനാടുകളിലെ ടെക്സസ്, കാലിഫോര്‍ണിയ, ഒഹായിയൊ എന്നിവിടങ്ങളെ ഈ ദിനങ്ങളില്‍  നിണപങ്കിലമാക്കിയ അക്രമസംഭവങ്ങള്‍ക്കിരകളായവരുടെ ചാരെ താന്‍ ആത്മീയമായി സന്നിഹിതനാണെന്ന് പാപ്പാ പറഞ്ഞു. ഈ ആക്രമണങ്ങളില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള തന്‍റെ പ്രാര്‍ത്ഥനയില്‍ ഒന്നു ചേരാന്‍ എല്ലാവരെയും ക്ഷണിച്ച പാപ്പാ തുടര്‍ന്ന്  നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലി.

വിശുദ്ധ ജോണ്‍ മരിയ വിയാന്നിയുടെ തിരുന്നാളും വൈദികര്‍ക്കുള്ള കത്തും

ഈ പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ, സകലവൈദികര്‍ക്കും നന്മയുടെയും ഉപവിയുടെയും മാതൃകയായ ആഴ്സിലെ വിശുദ്ധ ജോണ്‍ മരിയ ബാപ്റ്റിസ്റ്റ് വിയാന്നി 160 വര്‍ഷം മുമ്പ് ആഗസ്റ്റ് 4-ന് മരണമടഞ്ഞത് അനുസ്മരിച്ചു. വിശുദ്ധ മരിയ വിയാന്നിയുടെ ഇക്കൊല്ലത്തെ തിരുന്നാള്‍ ദിനത്തില്‍ താന്‍ ലോകത്തിലെ എല്ലാ കത്തോലിക്കാ വൈദികര്‍ക്കുമായി ഒരു കത്തു നല്കിയതിനെക്കുറിച്ചു പാപ്പാ തുടര്‍ന്ന് സൂചിപ്പിച്ചു. കര്‍ത്താവ് എന്തു ദൗത്യത്തിനായി വിളിച്ചിരിക്കുന്നുവോ ആ ദൗത്യത്തോടു വിശ്വസ്തരായിരിക്കാന്‍ വൈദികര്‍ക്ക് പ്രചോദനം പകരുകയാണ് ഈ കത്തിന്‍റെ  ലക്ഷ്യമെന്ന് പാപ്പാ വെളിപ്പെടുത്തി.

വിനയാന്വിതനും തന്‍റെ ജനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചവനുമായ ഈ ഇടവക വികാരിയുടെ സാക്ഷ്യം ഇന്നത്തെ സമൂഹത്തില്‍ ശുശ്രൂഷാപൗരോഹിത്യത്തിന്‍റെ  മനോഹാരിതയും പ്രാധാന്യവും കണ്ടെത്തുന്നതിന് സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.  

തുടര്‍ന്നു പാപ്പാ റോമാക്കാരെയും വിവിധ രാജ്യാക്കാരെയും കുടുംബങ്ങളെയും സംഘടനകളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. യുവജനങ്ങളെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ അവര്‍ എവിടെയുണ്ടോ അവിടം ശബ്ദമുഖരിതമാകുമെന്നും അത് ഒരു അനുഗ്രഹമാണെന്നും പറഞ്ഞു. 

സമാപനം

തദ്ദനന്തരം എല്ലാവര്‍ക്കും  ശുഭ ഞായര്‍ ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 August 2019, 12:41