ഫ്രാന്‍സീസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാവേളയില്‍, വത്തിക്കാനില്‍ പേപ്പല്‍ അരമനയുടെ ജാലകത്തിങ്കല്‍, ഞായര്‍ 25/08/2019 ഫ്രാന്‍സീസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാവേളയില്‍, വത്തിക്കാനില്‍ പേപ്പല്‍ അരമനയുടെ ജാലകത്തിങ്കല്‍, ഞായര്‍ 25/08/2019 

പദവികളല്ല, എളിയജീവിതം മുഖമുദ്രയാക്കുക!

രക്ഷപ്രാപിക്കാന്‍ ദൈവത്തെയും അയല്‍ക്കാരനെയും സ്നേഹിക്കണം. ഇതത്ര സുഖകരമല്ല. ഇത് ഇടുങ്ങിയ വാതിലാണ്...... ഫ്രാന്‍സീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാര്‍ത്ഥനാ പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇക്കഴിഞ്ഞ ഞായാറാഴ്ച (25/08/19), അതായത്, ഇരുപത്തിയഞ്ചാം തീയതി മദ്ധ്യാഹ്നത്തില്‍ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ വിവിധരാജ്യാക്കാരായ നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു. വേനല്‍ക്കാലമാകയാല്‍ പലരും സൂര്യകിരണങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന് കുടകള്‍ ചൂടുകയോ തൊപ്പി ധരിക്കുകയോ ചെയ്തുകൊണ്ടാണ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരുന്നത്. പ്രാദേശികസമയം 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന്, പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിന്, പതിവുപോലെ, പേപ്പല്‍ അരമനയുടെ ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച (25/08/19) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച്  വിശുദ്ധകുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍, ലൂക്കായുടെ സുവിശേഷം 13-Ↄ○ അദ്ധ്യായം 22-30 വരെയുള്ള വാക്യങ്ങള്‍, അതായത്, രക്ഷപ്രാപിക്കുന്നതിന് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാനും, എന്നാല്‍, അതിനു ശ്രമിക്കുന്നവരില്‍ ചിലര്‍ക്കു മാത്രമെ അതിനു കഴിയുകയുള്ളുവെന്നും യേശു വിശദീകരിക്കുന്ന ഭാഗമായിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ  പരിചിന്തനം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

രക്ഷപ്രാപിക്കുന്നവര്‍?

നാമെല്ലാവരുടെയും രക്ഷയ്ക്കായി താന്‍ കുരിശില്‍ മരിക്കേണ്ട ഇടമാണ് ജറുസലേം എന്ന് അറിയാമായിരുന്ന യേശു,  നഗരങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് ജറുസലേം നഗരം ലക്ഷ്യമാക്കി നീങ്ങുന്ന സംഭവമാണ് ഇന്നത്തെ സുവിശേഷ ഭാഗം, അതായത്, ലൂക്കായുടെ സുവിശേഷം 13-Ↄ○ അദ്ധ്യായം 22-30 വരെയുള്ള വാക്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ ഒരു അവസരത്തിലാണ് ഒരുവന്‍ യേശുവിനോട് ഒരു ചോദ്യം ഉന്നയിക്കുന്നത്: “കര്‍ത്താവേ, രക്ഷപ്രാപിക്കുന്നവര്‍ വിരളമാണോ?” (ലൂക്കാ:13,23) രക്ഷപ്രാപിക്കുന്നവരെത്രയാണ്, രക്ഷപ്പെടാത്തവര്‍ എത്രയാണ് എന്നത് അക്കാലഘട്ടത്തില്‍ ഒരു ചര്‍ച്ചാവിഷയമായിരുന്നു. രക്ഷയെ സംബന്ധിച്ചുള്ള തിരുലിഖിത ഭാഗങ്ങളെ, അവരെടുക്കുന്ന ഭാഗമനുസരിച്ച്, വ്യത്യസ്ത രീതികളില്‍ വ്യാഖ്യാനിച്ചിരുന്നു. കൂടുതലായും എണ്ണത്തില്‍ കേന്ദ്രീകൃതമായിരുന്ന ചോദ്യത്തെ, അതായത്, “രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ” എന്ന ചോദ്യത്തെ,  യേശു കീഴ്മേല്‍ മറിക്കുകയാണ്. അവിടന്ന് ഉത്തരവാദിത്വവുമായി ബന്ധപ്പെടുത്തിയുള്ള ഉത്തരമാണ് നല്കുന്നത്, വര്‍ത്തമാനകാലത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ അവിടന്ന് ക്ഷണിക്കുകയാണ്. വാസ്തവത്തില്‍ അവിടന്നു പറയുന്നു:” ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ പരിശ്രമിക്കുവിന്‍, ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും എന്നാല്‍ അവര്‍ക്കു സാധിക്കില്ല”(ലൂക്കാ:13,24).

“വിശ്വാസത്തിന്‍റെ നല്ല പോരാട്ടം”

ഈ വാക്കുകളിലൂടെ യേശു വ്യക്തമാക്കുന്നത് ഇത് സംഖ്യയുമായി ബന്ധപ്പെട്ടതല്ല, പറുദീസയില്‍ എണ്ണത്തിന് പരിധി കല്പിച്ചിട്ടില്ല എന്നാണ്. ഇവിടെ ആവശ്യമായിരിക്കുന്നത് ഇപ്പോള്‍ മുതല്‍ തന്നെ ശരിയായ മാര്‍ഗ്ഗത്തിലൂടെ കടക്കുക എന്നതാണ്. എല്ലാവരും കടക്കേണ്ട പാതയാണിത്. ഈ പാത ഇടുങ്ങിയതാണ് എന്നതാണ് പ്രശ്നം. “നിങ്ങള്‍ ശാന്തരായിരിക്കുവിന്‍, ഇതു വളരെ എളുപ്പമാണ്, വിശാലമായ ഒരു വീഥിയുണ്ട്, അതിന്‍റെ അവസാനം ആനവാതിലുമുണ്ട്” എന്നു പറഞ്ഞുകൊണ്ട് നമ്മെ വ്യാമോഹിപ്പിക്കാന്‍ യേശു ആഗ്രഹിക്കുന്നില്ല. യേശു അങ്ങനെയല്ല പറയുന്നത്, മറിച്ച്, ഇടുങ്ങിയ വാതിലിനെക്കുറിച്ചാണ് അവിടന്ന് നമ്മോടു പറയുന്നത്. കാര്യങ്ങളുട നിജസ്ഥിതി അവിടന്ന് വ്യക്തമാക്കുന്നു. മാര്‍ഗ്ഗം  ഇടുങ്ങിയതാണ്. എന്താണ് ഇതിനര്‍ത്ഥം? ഇതിന്‍റെ പൊരുള്‍ ഇതാണ്, അതായത്, രക്ഷപ്രാപിക്കുന്നതിന് ദൈവത്തെയും അയല്‍ക്കാരനെയും സ്നേഹിക്കണം, ഇതത്ര സുഖകരമല്ല. ഇത് ഇടുങ്ങിയ വാതിലാണ്. കാരണം അത് നമ്മെ നിര്‍ബന്ധിക്കുന്നതാണ്. സ്നേഹം സദാ നിര്‍ബന്ധിക്കുന്നു, പരിശ്രമം ആവശ്യപ്പെടുന്നു, അതായത്, സുവിശേഷാനുസൃതം ജീവിക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യവും സ്ഥൈര്യവും അതാവശ്യപ്പെടുന്നു. വിശുദ്ധ പൗലോസ് ഇതിനെ വിളിക്കുന്നത് “വിശ്വാസത്തിന്‍റെ നല്ല പോരാട്ടം” (1 തിമോത്തെയോസ് 6,12) എന്നാണ്. ദൈവത്തെയും അയല്‍ക്കാരനെയും സ്നേഹിക്കുന്നതിന് അനുദിനം, ദിവസം മുഴുവനും പരിശ്രമിക്കണം.

പദവികളല്ല, എളിമയാര്‍ന്ന കര്‍മ്മാധിഷ്ഠിത വിശ്വാസ ജീവിതം അനിവാര്യം

ഇതു വിശദീകരിക്കുന്നതിന് യേശു ഒരു ഉപമ പറയുന്നു. കര്‍ത്താവിനെ പ്രതിനിധാനം ചെയ്യുന്ന ഒരു വീട്ടുടമസ്ഥന്‍. അവന്‍റെ ഭവനം നിത്യജീവന്‍റെ, അതായത്, രക്ഷയുടെ പ്രതീകമാണ്. ഇവിടെ വാതിലിന്‍റെ ചിത്രം വീണ്ടും കടന്നു വരുന്നു. യേശു പറയുന്നു:” വീട്ടുടമസ്ഥന്‍ എഴുന്നേറ്റ് വാതില്‍ അടച്ചുകഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്, കര്‍ത്താവേ, ഞങ്ങള്‍ക്കു വാതില്‍ തുറന്നു തരണമെ എന്നു പറഞ്ഞ് വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെനിന്നുള്ളവരാണെന്ന് ഞാന്‍ അറിയുന്നില്ല” (ലൂക്കാ 13,25). അപ്പോള്‍ അവര്‍ വീട്ടുടമസ്ഥനെ സ്വയം പരിചയപ്പെടുത്താന്‍ ശ്രമിക്കും:”നിന്‍റെ സാന്നിധ്യത്തില്‍ ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിട്ടുണ്ട്... നിന്‍റെ ഉപദേശങ്ങള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ട്, പൊതുസ്ഥലത്തുവച്ചു നിന്‍റെ പ്രബോധനങ്ങള്‍ ഞങ്ങള്‍ ശ്രവിച്ചിട്ടുണ്ട്... (ലൂക്കാ 13,26) നീ സമ്മേളനം നടത്തിയപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു..... എന്നാല്‍ അവരെ അറിയല്ലെന്ന നിലപാട് കര്‍ത്താവ് ആവര്‍ത്തിക്കുകയും അനീതി പ്രവര്‍ത്തിക്കുന്നവര്‍ എന്ന് അവരെ സംബോധനചെയ്യുകയും ചെയ്യും. ഇവിടെയാണ് പ്രശ്നം. നമ്മുടെ പദവികളാലല്ല കര്‍ത്താവ് നമ്മെ തിരിച്ചറിയുക. നമ്മള്‍ പറയും, കര്‍ത്താവേ, നോക്കൂ, ഞാന്‍ ആ സംഘടനയില്‍ അംഗമാണ്, ആ മോണ്‍സിഞ്ഞോറിന്‍റെ, ആ കര്‍ദ്ദിനാളിന്‍റെ, ആ പുരോഹിതന്‍റെ സുഹൃത്താണ്.... എന്നൊക്കെ” ഇല്ല, പദവികള്‍ക്ക് ഇവിടെ വിലയില്ല, അവ പരിഗണനാര്‍ഹങ്ങളല്ല. നാം നയിക്കുന്ന എളിമയാര്‍ന്ന  ജീവിതത്താല്‍, നല്ല ജീവിതത്താല്‍, കര്‍മ്മാധിഷ്ഠിതമായ വിശ്വാസജീവിതത്താല്‍ ആണ് കര്‍ത്താവ് നമ്മെ തിരിച്ചറിയുക.

യേശുവുമായി കൂട്ടായ്മയിലായിരിക്കുക

ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം ഇതിനര്‍ത്ഥം നാം യേശുവുമായി യഥാര്‍ത്ഥ കൂട്ടായ്മയിലായിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നാണ്. പ്രാര്‍ത്ഥനായലും പള്ളിയില്‍ പോകുന്നതുവഴിയും കൂദാശകള്‍ സ്വീകരിക്കുന്നതിലൂടെയും  യേശുവിന്‍റെ വചനം ശ്രവിക്കുന്നതുവഴിയും ആണ് ഈ കൂട്ടായ്മയില്‍ പ്രവേശിക്കേണ്ടത്. ഇത് നമ്മുട വിശ്വാസത്തെ നിലനിറുത്തുകയും പ്രത്യാശയെ ഊട്ടുകയും ഉവിയ്ക്ക് നവജീവന്‍ പകരുകയും ചെയ്യും. അങ്ങനെ ദൈവത്തിന്‍റെ കൃപയാല്‍, നമുക്ക്, നമ്മുടെ ജീവിതം സഹോദരങ്ങളുടെ നന്മയ്ക്കുവേണ്ടി ഉഴിഞ്ഞു വയ്ക്കാനും സകലവിധ തിന്മകള്‍ക്കും എല്ലാ അനീതികള്‍ക്കുമെതിരെ പോരാടാനും സാധിക്കും, അപ്രകാരം നാം ചെയ്യുകയും വേണം. 

പരിശുദ്ധ കന്യകാമറിയം- സ്വര്‍ഗ്ഗത്തിന്‍റെ കവാടം

പരിശുദ്ധ കന്യകാമറിയം അതിനു നമ്മെ സഹായിക്കട്ടെ. അവള്‍  യേശുവാകുന്ന ഇടുങ്ങിയ വാതിലിലൂടെ കടന്നു. അവിടത്തെ അവള്‍ പൂര്‍ണ്ണ ഹൃദയത്തോടുകൂടി സ്വീകരിക്കുകയും, ഒന്നും മനസ്സിലായില്ലെങ്കിലും, തന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോയപ്പോഴും, തന്‍റെ അനുദിന ജീവിതത്തില്‍ അവിടത്തെ പിന്‍ചെല്ലുകയും ചെയ്തു. അതുകൊണ്ടാണ് “സ്വര്‍ഗ്ഗകവാടമേ” എന്ന് നാം അവളെ സംബോധന ചെയ്യുന്നത്. മറിയം, സ്വര്‍ഗ്ഗത്തിന്‍റെ വാതിലാണ്. യേശുവിന്‍റെ രൂപത്തെ സസൂക്ഷ്മം പിന്‍ചെല്ലുന്ന ഒരു വാതിലാണ് അവള്‍. നിര്‍ബ്ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നതും, നാമെല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നതുമായ ദൈവത്തിന്‍റെ ഹൃദയ കവാടം ആണ്.

 

ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ  മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു. 

ആശീര്‍വ്വാദാനന്തരം പാപ്പാ, റോമാക്കാരും വിവിധ രാജ്യാക്കാരുമടങ്ങുന്ന വിശ്വാസികളെയും തീര്‍ത്ഥാടകരെയും അഭിവാദ്യം ചെയ്തു. വടക്കെ അമേരിക്കന്‍ പൊന്തിഫിക്കല്‍ കോളേജില്‍ നിന്നുള്ളവരെ, പ്രത്യേകിച്ച്, പുതിയ വൈദികാര്‍ത്ഥികളെ സംബോധന ചെയ്ത പാപ്പാ ആദ്ധ്യാത്മികതയിലും ക്രിസ്തുവിനോടും സുവിശേഷത്തോടും സഭാപ്രബോധനങ്ങളോടുമുള്ള വിശ്വസ്തതയിലും വളരുന്നതിന് പരിശ്രമിക്കാന്‍ ആഹ്വാനം ചെയ്തു. ഈ സ്തംഭങ്ങളിന്മേല്‍ പണിതുയര്‍ത്താത്ത പക്ഷം അവരുടെ പൗരോഹിത്യ വിളി കെട്ടിപ്പടുക്കാന്‍ ആകില്ലയെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. 

ആമസോണ്‍ വനപ്രദേശത്തെ അഗ്നിബാധ, പാപ്പായുടെ പ്രാര്‍ത്ഥന

 പാപ്പാ ആമസോണ്‍ ആരണ്യകത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ ആശങ്കയറിയിച്ചു.

സകലരുടെയും പരിശ്രമത്താല്‍ തീ എത്രയും വേഗം അണയ്ക്കാന്‍ കഴിയുന്നതിനായി പാപ്പാ പ്രാര്‍ത്ഥിച്ചു.

വനപ്രദേശമാകുന്ന ആ “ശ്വാസകോശം” നമ്മുടെ ഗ്രഹത്തെ സംബന്ധിച്ചിടത്തോളം ജീവല്‍പ്രധാനമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

സമാപനാഭിവാദ്യം

ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച തന്‍റെ നാട്ടുകാരെയും അഭിവാദ്യം ചെയ്തതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും  ശുഭ ഞായര്‍ ആശംസിക്കുകയും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു. അതിനുശേഷം, എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാം, “അരിവെദേര്‍ച്ചി" (arrivederci) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറയുകയും ചെയ്തുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 August 2019, 12:18