ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ  

സ്ത്രീകളെ ലൈംഗികചൂഷണത്തിന് ഇരകളാക്കരുത്!

ലൈംഗികചൂഷണത്തിന് ഇരകളാക്കപ്പെടുന്ന പാവം സ്ത്രീകളെ ഈ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയെന്നത് ഒരു കാരുണ്യപ്രവൃത്തിയും സന്മനസ്സുള്ള സകലരുടെയും കടമയുമാണ്, ഫ്രാന്‍സീസ് പാപ്പാ .

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മനുഷ്യ വ്യക്തിയെ ഒരിക്കലും വില്പനച്ചരക്കാക്കരുതെന്ന് മാര്‍പ്പാപ്പാ.

ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായുടെ നാമത്തിലുള്ള സമൂഹത്തിലെ അംഗമായ വൈദികന്‍ ആല്‍ദൊ ബൊന്‍അയൂത്തൊ “ക്രൂശിത മഹിളകള്‍. തെരുവു വേശ്യാവൃത്തിയുടെ നാണക്കേട്” (Donne crocifisse. La vergogna della tratta raccontata dalla strada) എന്ന ശീര്‍ഷകത്തില്‍ പുറത്തിറക്കിയ ഗ്രന്ഥത്തിന്‍റെ മുഖവുരയിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

കാരുണ്യത്തിന്‍റെ അസാധാരണ ജൂബിലി വത്സരത്തിലെ ഒരു “കാരുണ്യ വെള്ളിയാഴ്ച” താന്‍ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായു‌ടെ നാമത്തിലുള്ള ഒരു ഭവനം സന്ദര്‍ശിച്ചതും വേശ്യാവൃത്തിയുടെ പിടിയിലും ചൂഷണത്തിലും നിന്നു രക്ഷപ്പെടുത്തി അവിടെ അഭയം നല്കിയിട്ടുള്ള സ്ത്രീകളുടെ കദന കഥകള്‍ താന്‍ ശ്രവിച്ചതും ഈ ആമുഖത്തില്‍ അനുസ്മരിക്കുന്ന പാപ്പാ സ്ത്രീകളെ സാമ്പത്തിക നേട്ടത്തിനായി വേശ്യാവൃത്തിയിലേക്ക് തള്ളിയിടുന്നതും അവരെ ചൂഷണം ചെയ്യുന്നതും മനുഷ്യക്കടത്തും സമൂഹത്തെ മലീമസമാക്കുന്ന കുറ്റകൃത്യമാണെന്ന് വിശദീരിച്ചു.

ഈ അഴിമതി ഒരിക്കലും താനേ സൗഖ്യമാകാത്ത ഒരു രോഗമാണെന്നും അതില്ലാതാക്കുന്നതിന് വൈക്തികവും സാമൂഹ്യവുമായ അവബോധം അനിവാര്യമാണെന്നും പാപ്പാ പറയുന്നു.

വേശ്യവൃത്തിയുടെ എല്ലാ രൂപങ്ങളും അടിമത്തവും കുറ്റകൃത്യവും ലൈംഗിക വൈകൃതവും ആണെന്ന് പാപ്പാ കുറ്റപ്പെടുത്തുന്നു.

അതു സമൂഹമനസ്സാക്ഷിക്കേല്പിക്കുന്ന മുറിവാണെന്നും ഉപയോഗിച്ചു വലിച്ചെറിയുന്ന ഒരു വസ്തുവായി സ്ത്രീയെ ചൂഷണം ചെയ്യുന്നത് രോഗഗ്രസ്തമായ ഒരു മനോഭാവത്തെയാണ് ആവിഷ്ക്കരിക്കുന്നതെന്നും പാപ്പാ പറയുന്നു.

ഇത്തരത്തിലുള്ള പാവം സ്ത്രീകളെ ഈ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുകയെന്നത് ഒരു കാരുണ്യപ്രവൃത്തിയും സന്മനസ്സുള്ള സകലരുടെയും കടമയുമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ലോകവീഥികളില്‍ നിഷ്ക്കളങ്കരുടെ രക്തം ചിന്തപ്പെടുന്നതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകി ഒഴിഞ്ഞുമാറാനോ മുഖം തിരിക്കാനോ ആര്‍ക്കും ആവില്ലെന്നു പാപ്പാ പറയുന്നു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 July 2019, 12:37