ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ 

നമ്മുടെ താലന്തുകള്‍ പരസേവനത്തിനുപയോഗിക്കുക!

ഫ്രാന്‍സീസ് പാപ്പായുടെ ട്വീറ്റുകള്‍!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മുടെ താലന്തുകള്‍ കണ്ടറിയുന്നതിനുള്ള വിളി ദൈവം നമുക്കേകുന്നുവെന്ന് മാര്‍പ്പാപ്പാ.

തിങ്കളാഴ്ച (29/07/2019) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

“നമ്മുടെ താലന്തുകളും കഴിവുകളും കണ്ടെത്താനും അവ പരസേവനത്തിനായി വിനിയോഗിക്കാനുമുള്ള വിളി ദൈവം നമുക്കെല്ലാവര്‍ക്കും നല്കുന്നു” എന്നാണ് പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം.

ഞായറാഴ്ചത്തെ ട്വിറ്റര്‍ സന്ദേശം

പ്രാര്‍ത്ഥനയെന്നത് സ്നേഹിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ള, വിശ്വാസാധിഷ്ഠിത സംഭാഷണമാണെന്ന് മാര്‍പ്പാപ്പാ.

ഇരുപത്തിയെട്ടാം തിയതി, ഞായറാഴ്ച (28/07/2019) ലത്തീന്‍ റീത്തിന്‍റെ  ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗത്തെ അവലംബമാക്കി ഫ്രാന്‍സീസ് പാപ്പാ അന്നു കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഈ ഉദ്ബോധനം കാണുന്നത്.

പാപ്പായുടെ പ്രസ്തുത സന്ദേശം ഇപ്രകാരമായിരുന്നു:” പിതാവുമായി നേരിട്ടു ബന്ധപ്പെട്ടുകൊണ്ട് പ്രാര്‍ത്ഥനാനുഭവത്തിലായിരിക്കാന്‍ യേശു ഇന്നത്തെ സുവിശേഷത്തില്‍ നമ്മെ ക്ഷണിക്കുന്നു. ക്രിസ്തീയപ്രാര്‍ത്ഥനയുടെ നവീനത കുടികൊള്ളുന്നത് ഇതിലാണ്! അത് പരസ്പരം സ്നേഹിക്കുന്ന രണ്ടു വ്യക്തികള്‍ തമ്മിലുള്ളതും വിശ്വാസത്തില്‍ അധിഷ്ഠിതവുമായ സംഭാഷണമാണ്”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 July 2019, 14:51