തിരയുക

Vatican News
മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ നിന്നു തിരിച്ചെത്തുന്നു-ബംഗ്ലാദേശില്‍ നിന്നുള്ള ഒരു ദൃശ്യം മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ നിന്നു തിരിച്ചെത്തുന്നു-ബംഗ്ലാദേശില്‍ നിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

"സമുദ്ര ഞായര്‍" ആചരണം!

പാപ്പായുടെ ഞായറാഴ്ചത്തെ ട്വീറ്റുകള്‍!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഞായറാഴ്ച (14/07/19) പാപ്പാ 3 ട്വിറ്റര്‍ സന്ദേശങ്ങള്‍ കണ്ണിചേര്‍ത്തു. 

ഇവയില്‍ ആദ്യത്തേത് അനുവര്‍ഷം ജൂലൈ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന “സമുദ്ര ഞായറു”മായി ബന്ധപ്പെട്ടതായിരുന്നു. 

“സമുദ്രഞായര്‍ എന്ന ഹാഷ്ടാഗോടുകൂടിയ (#SeaSunday) പാപ്പായുടെ ആ ട്വിറ്റര്‍ സന്ദേശം ഇപ്രകാരം ആയിരുന്നു:

“കടല്‍ജീവനക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സമര്‍പ്പിതമായ “സമുദ്രഞായര്‍” ഇന്നു ആചരിക്കപ്പെടുന്നു. അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയും അവരുടെ മനുഷ്യാവകാശങ്ങള്‍ പരിപാലിക്കാനും ഉറപ്പാക്കാനുമുള്ള എല്ലാ പരിശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു”.

പാപ്പാ അന്നു കുറിച്ച രണ്ടാമത്തെ സന്ദേശം ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട സുവിശേഷഭാഗവുമായി ബന്ധപ്പെട്ടതായിരുന്നു:

“ഇന്നത്തെ സുവിശേഷത്തില്‍ യേശു സമറായക്കാരനെ മാതൃകയായി അവതരിപ്പിക്കുന്നു. തന്നെപ്പോലെ തന്നെ തന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുകയും ഒപ്പം യഥാര്‍ത്ഥ  മതാത്മകതയും പൂര്‍ണ്ണ മാനവികതയും ആവിഷ്ക്കരിക്കുകയും ചെയ്തു കൊണ്ട് ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടെ സ്നേഹിക്കേണ്ടത് എങ്ങനെയെന്ന് സമറായക്കാരന്‍ കാണിച്ചുതരുന്നു”.

സ്പാനിഷ് ഭാഷില്‍ മാത്രമായിരുന്ന അവസാനത്തെ ട്വിറ്റര്‍ സന്ദേശം തെക്കെ അമേരിക്കന്‍ നാടായ വെനെസ്വേലയില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെയും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന അടിച്ചമര്‍ത്തല്‍ നടപടികളുടെയും പശ്ചാത്തലത്തിലുള്ളതായിരുന്നു. 

“ദീര്‍ഘകാലമായി തുടരുന്ന പ്രതിസന്ധികളുടെ ഫലമായി യാതനകളനുഭവിക്കുന്ന വെനെസ്വേലക്കാരായ പ്രിയ ജനതയോടുള്ള എന്‍റെ സാമീപ്യം ഒരിക്കല്‍കൂടി പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ക്കറുതിവരുത്തുന്ന ഒരു ധാരണയില്‍ എത്രയും വേഗം എത്തിച്ചേരാന്‍ പരിശ്രമിക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് പ്രചോദനം പകരാന്‍ നമുക്കു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.  

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

15 July 2019, 07:43