പാനമയിലെ ഒരു ദ്വീപിന്‍റെ ആകാശ വീക്ഷണം പാനമയിലെ ഒരു ദ്വീപിന്‍റെ ആകാശ വീക്ഷണം 

പ്രകൃതിക്കേല്പിക്കുന്ന മുറിവുകള്‍ ഭേദപ്പെടുത്താനാവില്ല, പാപ്പാ

പ്രകൃതിയുമായി നൂതനമായൊരു ബന്ധം സൃഷ്ടിക്കപ്പെടണമെങ്കില്‍ മനുഷ്യന്‍ പുതി സൃഷ്ടിയായി മാറേണ്ടതുണ്ട്- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സാമൂഹ്യനീതിയും പരിസ്ഥിതിയും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ ആവര്‍ത്തിച്ചോര്‍മ്മിപ്പിക്കുന്നു.

പ്രകൃതിയെ സംരക്ഷിക്കാന്‍ മനുഷ്യനുള്ള കടമയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന “ലൗദാത്തൊ സീ” എന്ന തന്‍റെ ചാക്രികലേഖനത്തിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികളും സംഘടനകളും അടങ്ങുന്ന, പ്രസ്ഥാനമായ “ലൗദാത്തോ സീ സമൂഹ”ത്തിന്‍റെ  രണ്ടാം ചര്‍ച്ചാവേദിക്കയച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപെടുത്തല്‍ ഉള്ളത്.

2016 ആഗസ്റ്റ് 24-ന് മദ്ധ്യഇറ്റലിയിലുണ്ടായ ശക്തമായ ഭൂമികുലുക്കത്തില്‍ തകര്‍ന്ന  അമത്രീച്ചെ  (AMATRICE) എന്ന സ്ഥലത്ത് ശനിയാഴ്ച (06/07/19) ആണ് ഈ ചര്‍ച്ചായോഗം സംഘടിപ്പിക്കപ്പെട്ടത്.

ഇവിടം തന്നെ ഈ കൂടിക്കാഴ്ചയ്ക്കായി തിരഞ്ഞെടുത്തത് ആ ഭീകരദുരന്തത്തിന്‍റെ  ഭീതിയുടെ പിടിയില്‍ നിന്ന് ഇപ്പോഴും വിമുക്തരായിട്ടില്ലാത്ത നിരവധിയായ സഹോദരീ സഹോദരങ്ങളോടുള്ള സാമീപ്യത്തിന്‍റെ അടയാളം മാത്രമല്ല, കൊടിയ പ്രകൃതിനശീകരണത്തിന് ഏറ്റവും കൂടുതല്‍ വില നല്കണ്ടിവരുന്നത് പാവപ്പെട്ടവരാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍കൂടിയാണെന്നും പാപ്പാ പറയുന്നു.

പ്രകൃതിക്കേല്പിക്കുന്ന മുറിവുകള്‍  ഏറ്റം വേധ്യമായ നരകുലത്തിനേല്പിക്കുന്ന ഭേദപ്പെടുത്താനാവാത്ത മുറിവുകള്‍ ആണെന്ന് പാപ്പാ മുന്നറിയിപ്പു നല്കുന്നു.

ആകയാല്‍ പ്രകൃതിയുമായി നൂതനമായൊരു ബന്ധം സൃഷ്ടിക്കപ്പെടണമെങ്കില്‍ മനുഷ്യന്‍ പുതി സൃഷ്ടിയായി മാറേണ്ടതുണ്ടെന്നും പാപ്പാ പറയുന്നു.

ആമസോണ്‍ പ്രദേശത്തു നടക്കുന്ന പ്രകൃതിനശീകരണ പ്രക്രിയകളെക്കുറിച്ചും വേദനയോടെ അനുസ്മരിക്കുന്ന പാപ്പാ അത് ലോകത്തിന്‍റെ വിവധഭാഗങ്ങളില്‍ നീതിയെ കുരുതികൊടുക്കുന്ന അന്ധവും വിനാശകരവുമായ മനോഭാവത്തിന് ഉദാഹരണമാണെന്ന് പറഞ്ഞു.

ആമസ്സോണ്‍ പ്രദേശത്തു നടക്കുന്ന നശീകരണ പ്രവര്‍ത്തനങ്ങളുടെ ദുരന്തഫലങ്ങള്‍ ആഗോളവ്യാപകമായിരിക്കുമെന്ന് പാപ്പാ മുന്നറിയിപ്പേകി.

സഹസ്രാബ്ദങ്ങളായി മണ്ണും മനുഷ്യനും തമ്മിലുള്ള സന്തുലിതമായ ബന്ധത്തെ തകര്‍ക്കുകയും ആ ജനനതളുടെ പാരമ്പര്യങ്ങളെയും സംസ്ക്കാരങ്ങളെയും ഇല്ലായ്മചെയ്യുകയും ആ ജനതയെ സ്വന്തം മണ്ണില്‍ നിന്നു തുരത്തുകയും ചെയ്യുന്ന ഉന്മൂലനപ്രക്രിയയ്ക്കു മുന്നില്‍ കാഴ്ചക്കാരായും നിസ്സംഗരായും നില്ക്കാന്‍ മനുഷ്യന് ആവില്ല, സഭയ്ക്ക് ഒട്ടും സാധിക്കില്ല എന്ന് പാപ്പാ പറഞ്ഞു.

സഭ പാവപ്പെട്ടവരുടെ സ്വരമാകണം എന്ന വിശുദ്ധ പോള്‍ ആറാമന്‍റെ വാക്കുകള്‍ പാപ്പാ അനുസ്മരിക്കുകയും ചെയ്തു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2019, 12:45