Nobel laurate, prof. Stefan Walter Hell Nobel laurate, prof. Stefan Walter Hell 

നോബല്‍ സമ്മാനജേതാവ് വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമി അംഗം

പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ അംഗമായി നോബല്‍ സമ്മാനജേതാവ്, പ്രഫസര്‍ സ്റ്റേഫാന്‍ വാള്‍ട്ടര്‍ ഹേലിനെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വൈദ്യശാസ്ത്ര ഗവേഷകന്‍ - പ്രഫസര്‍ സ്റ്റേഫാന്‍ വാള്‍ട്ടര്‍ ഹേല്‍
ജര്‍മ്മനിയിലെ മാക്സ് പ്ലാങ്ക് വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയും ജീവനെ പിന്‍തുണയ്ക്കുന്ന മൈക്രോസ്കോപ്പ് ലെന്‍സ്-റെസൊല്യൂഷന്‍ ( Lens resolution of miscroscope) ഗവേഷണ കണ്ടുപിടുത്തങ്ങള്‍ക്ക് 2014-ലെ നോബല്‍ സമ്മാനജേതാവുമായ ജര്‍മ്മന്‍കാരന്‍, പ്രഫസര്‍ സ്റ്റേഫാന്‍ വാള്‍ട്ടര്‍ ഹേലിനെയാണ് പാപ്പാ വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയുടെ പ്രത്യേക അംഗമായി നിയമിച്ചത്. ജൂലൈ 23, ചൊവ്വാഴ്ച നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെയാണ് പ്രഫസര്‍ സ്റ്റേഫാന്‍ വാള്‍ട്ടറിന്‍റെ നിയമനം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്. 57 വയസ്സുകാരനായ ഇദ്ദേഹം വിഖ്യാതനായ ഊര്‍ജ്ജതന്ത്രജ്ഞനാണ്. റൊമേനിയ സ്വദേശിയാണെങ്കിലും ജര്‍മ്മനിയിലാണ് ബാല്യകാലം മുതലുള്ള ജീവിതം.

ജീവനോടുള്ള ആദരവില്‍ ആകൃഷ്ടനായി
ജീവനെ സംബന്ധിക്കുന്ന വളരെ കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ പഠിക്കുകയും ലോകത്തെ പഠിപ്പിക്കുകയും, ജീവന്‍റെ ധാര്‍മ്മിക മേഖലയില്‍ സത്യസന്ധമായ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്ന വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയുടെ ഭാഗമായിരിക്കുക സന്തോഷമുള്ള കാര്യമാണെന്ന് പ്രഫസര്‍ വാള്‍ട്ടര്‍ ഹേല്‍ പ്രസ്താവിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ ഭരണകാലത്ത് വത്തിക്കാനില്‍ പ്രവര്‍ത്തിക്കുന്നതും വീണുകിട്ടിയ ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ ഈ പദവിയിലേയ്ക്കു ക്ഷണിച്ച പാപ്പാ ഫ്രാന്‍സിസിന് പ്രത്യേകം നന്ദിയര്‍പ്പിക്കുന്നതായും തന്‍റെ ബ്ലോഗിലും ട്വിറ്ററിലും പാപ്പായുടെ ഈ നിയമനത്തോടു സന്തോഷത്തോടെ പ്രതികരിച്ചുകൊണ്ട് പ്രഫസര്‍ സ്റ്റേഫാന്‍ വാള്‍ട്ടര്‍ എഴുതുകയുണ്ടായി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2019, 16:21