തിരയുക

കാലം ചെയ്ത കര്‍ദ്ദിനാള്‍ ജൊസേ മനുവേല്‍ ഏസ്തെപ്പ ല്യാവുറെന്‍സ് കാലം ചെയ്ത കര്‍ദ്ദിനാള്‍ ജൊസേ മനുവേല്‍ ഏസ്തെപ്പ ല്യാവുറെന്‍സ്  

കര്‍ദ്ദിനാള്‍ ജൊസേ മനുവേലിന്‍റെ വിയോഗത്തില്‍ പാപ്പാ അനുശോചിച്ചു

സ്പെയിന്‍ സ്വദേശിയായ കര്‍ദ്ദിനാള്‍ ജൊസേ മനുവേല്‍ ഏസ്തെപ്പ ല്യാവുറെന്‍സ് ഞായറാഴ്ച (21/07/19) കാലം ചെയ്തു. 93 വയസ്സായിരുന്നു പ്രായം.

ജോയി കരിവേലി വത്തിക്കാന്‍ സിറ്റി

കര്‍ദ്ദിനാള്‍ ജൊസേ മനുവേല്‍ ഏസ്തെപ്പ ല്യാവുറെന്‍സിന്‍റെ നിര്യാണത്തില്‍ ഫ്രാന്‍സീസ് പാപ്പാ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹം സഭയ്ക്കേകിയ ഉദാരമായ സേവനങ്ങള്‍ നന്ദിയോടെ അനുസ്മരിക്കുകയും ചെയ്യുന്നു.

93 വയസ്സു പ്രായമുണ്ടായിരുന്ന സ്പെയിന്‍ സ്വദേശിയായ കര്‍ദ്ദിനാള്‍ ഏസ്തെപ്പായ്ക്ക് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് (21/07/19) അന്ത്യം സംഭവിച്ചത്.

ചൊവ്വാഴ്ച (22/07/2019) സ്പെയിനിന്‍റെ തലസ്ഥാനമായ മാഡ്രിഡില്‍ സൈനിക കത്തീദ്രലില്‍ ആയിരിക്കും അന്ത്യോപചാര ശുശ്രൂഷ.

1998 മര്‍ച്ച് 7 വരെ അദ്ദേഹം സ്പെയിനിലെ സായുധസേനയുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള വിഭാഗത്തിന്‍റെ ആര്‍ച്ചുബിഷപ്പായിരുന്നു.

1926 ജനുവരി ഒന്നിന് സ്പെയിനിലെ ഹയേന്‍ രൂപതയില്‍പ്പെട്ട അന്തൂഹാറില്‍ ആയിരുന്നു കര്‍ദ്ദിനാള്‍ ജൊസേ മനുവേല്‍ ഏസ്തെപ്പ ല്യാവുറെന്‍സിന്‍റെ ജനനം. 1954 ജൂണ്‍ 27-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം മാഡ്രിഡ് അതിരൂപതയില്‍ സേവനമനുഷ്ഠിക്കുകയും 1972 ഒക്ടോബര്‍ 15-ന് മെത്രാനായി അഭിഷിക്തനാകുകയും 1983 ജൂലൈ 30-ന് ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെടുകയും പരിശുദ്ധസിംഹാസനത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുകയും 2010 നവമ്പര്‍ 20-ന് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്കുയര്‍ത്തപ്പെടുകയും ചെയ്തു.   

കര്‍ദ്ദിനാള്‍ ജൊസേ മനുവേല്‍ ഏസ്തെപ്പ ല്യാവുറെന്‍സിന്‍റെ മരണത്തോടെ കത്തോലിക്കാസഭയിലെ കര്‍ദ്ദിനാളന്മാരുടെ സംഘത്തിലെ അംഗസംഖ്യ 218 ആയി താണു. ഇവരില്‍ 98 പേര്‍ 80 വയസ്സു പൂര്‍ത്തിയായവരാകയാല്‍ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് സമ്മതിദാനാവാകശം ഇല്ലാത്തവരാണ്. ഈ വോട്ടവകാശം ഉള്ളവര്‍ 120 ആണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 July 2019, 07:46