യുവജനങ്ങളും കുടുംബങ്ങളുമായി നടത്തിയ മരിയൻ സംഗമത്തിൽ ഫ്രാൻസിസ് പാപ്പാപ്രഭാഷണം നല്‍കുന്നു യുവജനങ്ങളും കുടുംബങ്ങളുമായി നടത്തിയ മരിയൻ സംഗമത്തിൽ ഫ്രാൻസിസ് പാപ്പാപ്രഭാഷണം നല്‍കുന്നു 

കൂട്ടായ്മയുടെ സുകൃതം കുടുംബാന്തരീക്ഷത്തെ സൃഷ്ടിക്കുന്നു

യുവജനങ്ങളും കുടുംബങ്ങളുമായി നടത്തിയ മരിയൻ സംഗമത്തിൽ ഫ്രാൻസിസ് പാപ്പാ നല്‍കിയ പ്രഭാഷണം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കൂട്ടായ്മയുടെ കുടുംബാനുഭവം

യുവാക്കളാലും, മുതിർന്നവരാലും ചുറ്റപ്പെട്ട് ഇവിടെ നിങ്ങളോടൊത്തിരിക്കുമ്പോള്‍ വീട്ടിലെത്തി ഒരു കുടുംബത്തിന്‍റെ ഭാഗമായതു പോലെയാണ് അനുഭവിക്കുന്നത്. പാപ്പാ നിങ്ങളോടൊപ്പം വീട്ടിലായത് പോലെയാണത്. എനിക്കു നല്‍കിയ ഊഷമളമായ സ്വാഗതത്തിനും നിങ്ങളുടെ സാക്ഷ്യത്തിനും നന്ദി. ശക്തനായ പിതാവായ പേത്റു മെത്രാൻ നിങ്ങളെ എല്ലാവരേയും ആമുഖത്തിൽ ഉൾപ്പെടുത്തി. എഡ്വാർഡ്,(യുവാവ്) നീ ഈ സമ്മേളനത്തിൽ യുവാക്കളെ മാത്രമല്ല നിങ്ങളുടെ മാതാപിതാക്കളേയും അപ്പുപ്പനമ്മുമ്മമാരേയും വേണമെന്നാഗ്രഹിച്ചു എന്ന് പറഞ്ഞു.

ഇന്ന് റൊമേനിയായിൽ കുട്ടികളുടെ ദിനമാണ്. കരഖോഷത്തോടെ അവരെ നമുക്ക് അഭിവാദ്യം ചെയ്യാം. ആദ്യം, പരിശുദ്ധകന്യകയുടെ തിരുവസ്ത്രത്തിന്‍റെ തണലിൽ അവർക്ക് അഭയമേകട്ടെയെന്ന് പ്രാർത്ഥിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. യേശു അപ്പോസ്തലന്മാരുടെ മദ്ധ്യേ ശിശുക്കളെ നിറുത്തിയതുപോലെ  നമ്മളും അവരെ മദ്ധ്യത്തിൽ നിറുത്താൻ ആഗ്രഹിക്കുന്നു. കർത്താവു അവരെ സ്നേഹിക്കുന്ന അതേ സ്നേഹത്താൽ സ്നേഹിക്കാനും അവരുടെ നല്ല ഭാവി ഉറപ്പിക്കാനും വേണ്ടതെല്ലാം ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുന്നു.

ദൈവത്തിന്‍റെ കുടുംബം

കുട്ടികളും, യുവാക്കളും, ദമ്പതികളും, സമർപ്പിതരും, റൊമാനിയയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുതിർന്നവരും മോൾഡോവയിൽ നിന്നുവന്നവരും ചേർന്ന ദൈവത്തിന്‍റെ കുടുംബത്തിന്‍റെ മുഖം ഞാൻ ഈ ചത്വരത്തിൽ കാണുന്നതിൽ സന്തോഷിക്കുന്നു. ഒന്നായിരിക്കുന്നതിന്‍റെ സന്തോഷം തിരിച്ചറിയാൻ നമ്മെ ഇവിടെ വിളിച്ചതും,ഒന്നിച്ച് യാത്രചെയ്യാൻ അനുവദിച്ചതും പരിശുദ്ധാത്മാവാണ്. ഓരോരുത്തർക്കും അവരവരുടെ   ഭാഷയും, സംസ്കാരവുമുണ്ടെങ്കിലും, "പഴയകാലത്തെ ഞായറാഴ്ചകളെപ്പോലെ എല്ലാവരും ഒരുമിച്ച് പള്ളിയിൽ പോകുംപോലെ" നിങ്ങൾക്കു  മറ്റുള്ളവരുമായി ഒന്നിച്ചിരിക്കാൻ സന്തോഷമുണ്ടെന്ന് എലിസബെത്തയും, ഇയൊവാനാ എന്ന ദമ്പതികളും അവരുടെ 11 മക്കളും പങ്കുവച്ചു.മക്കൾ ചുറ്റുമുള്ളപ്പോൾ  മാതാപിതാക്കൾക്കുള്ള സന്തോഷം പോലെ ഇന്ന് സത്യമായും ഈ കാഴ്ച കാണുമ്പോള്‍ സ്വർഗ്ഗത്തിൽ ആനന്ദമുണ്ടാകും.

പെന്തക്കോസ്താ അനുഭവം

ആത്മാവ് നമ്മുടെ വ്യത്യാസങ്ങളെ പുണർന്ന് പ്രത്യാശയുടെ പാത തുറക്കാൻ ശക്തിപകരുന്നു. ഓരോരുത്തരിലും ഏറ്റവും നല്ലതു പുറത്തുകൊണ്ടുവരുന്ന ഒരു പുതിയ പെന്തക്കോസ്താ അനുഭവമാണ് നമ്മൾ വിശുദ്ധഗ്രന്ഥ വായനയിൽ ശ്രവിച്ചത്.  അപോസ്തലന്മാർ 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വീകരിച്ച അതേവഴിയാണിത്. ഇന്ന് നമ്മൾ അവരുടെ സ്ഥാനമെടുക്കാനും നല്ല വിത്തു വിതയ്ക്കാനുമായി ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഒന്നിച്ചുയാത്രചെയ്യാൻ അത്ര എളുപ്പമല്ല അല്ലെ? ഇത് നമ്മൾ ചോദിക്കാനുള്ള  ഒരു വരമാണ്.

വേരുകളിൽ നിന്നുള്ള യാത്ര

നമ്മൾ എവിടെയാണ് ആരംഭിക്കേണ്ടത്? നാം ആരംഭിക്കേണ്ടത് നമ്മുടെ വേരുകളില്‍ നിന്നാണ്. എവിടെപ്പോയാലും, എന്തുചെയ്താലും നമ്മൾ നമ്മുടെ വേരുകൾ മറക്കരുത്. നിങ്ങൾ ഓരോദിവസവും വളർന്ന്, ശക്തിപ്രാപിച്ച്,  പ്രാവീണ്യം പ്രാപിക്കുമ്പോഴും, നിങ്ങൾ കുടുംബത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ മറക്കരുത്. അത് കാലങ്ങളായി ലഭിക്കുന്ന വിജ്ഞാനമാണ്. നിങ്ങൾ വളർന്നുവരുമ്പോൾ നിങ്ങളുടെ അമ്മമാരെയും മുത്തശ്ശീമാരെയും, അവർക്കു മുന്നോട്ടുപോകാനും ഉപേക്ഷിക്കാതിരിക്കാനും ശക്തിപകർന്ന അവരുടെ ശക്തമായ വിശ്വാസത്തെയും മറക്കരുത്. നിങ്ങള്‍ക്ക് നന്ദി പറയാൻ കാരണമായ വീട്ടിൽ വളർത്തിയ വിശ്വാസമാണത്. അതാണ് ദൈവരാജ്യം കെട്ടിപ്പടുക്കുന്നത്.

കൂട്ടായ്മയുടെ ശക്തമായ ആത്മീയ അടിത്തറ

പിതൃസഹജമായ സ്നേഹത്താലാണ് പിതാവായ ദൈവം നമ്മെ സ്നേഹിക്കുന്നത്. നാം ഓരോരുത്തരും നമ്മുടെ  ജീവിതവും ദൈവത്തിന്‍റെതാണ്.നാം ദൈവത്തിന്‍റെ മക്കളാണ് എന്നാൽ കുഞ്ഞുങ്ങൾ, ദമ്പതികൾ, മുത്തശ്ശിമുത്തച്ഛൻമ്മാർ, സുഹൃത്തുക്കൾ, അയൽക്കാർ എന്നനിലയിലും സഹോദരീസഹോദരങ്ങളായും നാം ജീവിക്കുന്നു. തിന്മയുടെ ആത്മാവ് നമ്മെ വിഭജിച്ച് ചിതറിക്കുന്നു. അവൻ ഭിന്നതയും, സംശയങ്ങളും വിതയ്ക്കുന്നു. പരിശുദ്ധാത്മാവ് അതിനുവിപരീതമായി നമ്മെ, നമ്മൾ നാമഹീനരായവരല്ല, മുഖമില്ലാത്തവരല്ലായെന്നും, അർത്ഥമില്ലാത്ത ഉപരിപ്ലവമായവരല്ലായെന്നും നമുക്ക് നമ്മെ ഒന്നിപ്പിക്കുന്ന ഒരു ശക്തമായ ആത്മീയ അടിത്തറയുണ്ടെന്നും, ആ വേരാണ് നമ്മൾ മറ്റുള്ളവരുടേതാണെന്നും നമ്മുടെ ജീവിതങ്ങൾ മറ്റുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഓർമ്മിപ്പിക്കുന്നു.

അയൽക്കാർ തമ്മിലുള്ള വഴികളടയുന്നതാണ് ലോകാന്ത്യം

ലോകത്തിന്‍റെ അന്ത്യമെന്നൊണെന്ന്  തന്നോടു ചോദിച്ച ഒരു പുരോഹിതനോടു അയൽക്കാർ തമ്മിലുള്ള വഴികൾ അടയുമ്പോഴാണെന്നു റൊമേനിയൻ സന്ന്യാസിയായ ഗലേഷ്യൻ പറഞ്ഞതിനെ ഞാൻ ഓർമ്മിക്കുന്നു. സഹോദരീസഹോദരർ, ബന്ധുക്കൾ, ക്രിസ്ത്യാനികൾ, ജനങ്ങൾ എന്നിവർ തമ്മിൽ, എപ്പോൾ ക്രിസ്തീയസ്നേഹവും പരസ്പര ധാരണയും അവസാനിക്കുന്നുവോ അപ്പോൾ ലോകം അവസാനിക്കും. കാരണം ദൈവവും സ്‌നേഹവുമില്ലാതെ ഈ ലോകത്തിൽ നമുക്ക് അസ്ഥിത്വമില്ല.

വിശ്വാസം നമുക്ക് വലിയ വെല്ലുവിളികളെ സമ്മാനിക്കുന്നു. നമ്മിലേക്കുതന്നെ ചുരുങ്ങുന്നതിൽനിന്നും, ഒറ്റപ്പെടുന്നതിൽ നിന്നും പുറത്തുവന്ന് നമ്മിലെ ഏറ്റവും ശ്രേഷ്ടമായവയെ നൽകുവാനുള്ള വെല്ലുവിളിയാണത്. ദൈവമാണ് ആദ്യം നമ്മെ വെല്ലുവിളിക്കുന്നത്. അയൽക്കാർതമ്മിലുള്ള പാതകൾ അടയുന്നതും പാതകളേക്കാൾ കൂടുതല്‍ കുഴികൾ കാണുന്നതുമാണ് ഏറ്റവും വലിയ ശാപം. നമ്മുടെ യാത്രകളെ തളർത്തുന്ന ചൂളംവിളിയെക്കാൾ കർത്താവ് നൽകുന്ന സംഗീതത്തിന് ശക്തിയുണ്ട്. ദൈവത്തിന്‍റെ സംഗീതം മനോഹരവും വെല്ലുവിളി നിറഞ്ഞതുമാണ്.  മറ്റുള്ളവരെ സേവിക്കുന്നതിനായി ദൈവം നമ്മുക്ക് നൽകിയിട്ടുള്ള കഴിവുകളെ കണ്ടെത്താനുള്ളതാണ് ദൈവം നമുക്ക് നൽകുന്ന വിളി.  അവിടുന്നു നമ്മുടെ സ്വാതന്ത്ര്യത്തെ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമായി ഒരു സ്നേഹപദ്ധതിക്കും, ഒരു മുഖത്തിനും, ഒരു നോട്ടത്തിനും നേരെ അതെ എന്ന് പറയുന്നതിനായി  ഉപയോഗിക്കാൻ ആവശ്യപ്പെടുന്നു. നമ്മളെ ചലിപ്പിക്കുന്ന, കുഴികളടയ്ക്കുന്ന, പുതിയ പാന്ഥാവുകൾ തുറക്കുന്ന നമ്മൾ എല്ലാവരും മക്കളും സഹോദരീ സഹോദരരുമാണെന്നു ഓർമ്മിപ്പിക്കുന്നഒരുവിളിയാണിത്.

നമ്മുടെ അസ്ഥിത്വം ദൈവത്തിലും സ്നേഹത്തിലും

മധ്യകാലഘട്ടത്തിൽ തീർത്ഥാടകർ നിങ്ങളുടെ സാംസ്കാരിക ചരിത്രതലസ്ഥാനത്തുനിന്നു ട്രാൻസിൽവാനിയ വഴി സാന്തിയാഗോ ദേ കംപോസ്റ്റെല്ലയിലേക്കു പോയിരുന്നു. ഇന്ന് ലോകത്തിന്‍റെ പലഭാഗത്തുനിന്നും വിദ്യാർത്ഥികൾ ഇവിടെ ജീവിക്കുന്നു. സ്‌കോളാസ് ഓക്കുരെന്തെസുമായി  നടത്തിയ ഒരു സമ്മേളനത്തിൽ നിന്നും  ഞാനറിഞ്ഞത് ഈ വര്‍ഷം നിങ്ങളുടെ നഗരം യുവാക്കളുടെ തലസ്ഥാനമാണെന്നാണ് അറിയപ്പെടുന്നുവെന്നാണ്.  നിങ്ങള്‍ക്ക് ഇവിടെ രണ്ടു വലിയ കാര്യങ്ങളുണ്ട്:തുറവിക്കും,സംസര്‍ഗ്ഗ  വൈഭവത്തിന് പേരുകേട്ടതും, ലോകത്തിൽ നിന്നുള്ള യുവജനങ്ങൾക്ക്‌ ആതിഥ്യമരുളാൻ കഴിയുന്നതുമായ ഒരു നഗരം. ഈ രണ്ടു കാര്യങ്ങളും ഒന്നിച്ച് യാത്രചെയ്യാനും അതിള്ള വഴി തുറന്നു കൊടുക്കാനും നിങ്ങള്‍ക്ക് ചെയ്യാൻ കഴിയുന്ന വലിയ പ്രേഷിതത്വത്തെ ഓർമ്മിപ്പിക്കുന്നു. സ്നേഹമില്ലാതെയും ദൈവമില്ലാതെയും ആർക്കും ഈ ലോകത്ത് ജീവിക്കാൻ കഴിയുകയില്ല. ഇന്ന് ഇവിടെനിന്ന് ഭാവിയിലേക്കുള്ള പുതിയ വഴികൾ യൂറോപ്പിലേക്കും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും തുറക്കുവാൻ കഴിയും. നമ്മെ ഒന്നിപ്പിക്കുന്ന ബന്ധത്തെ വിഭാവനം ചെയ്ത് നിങ്ങള്‍ക്ക് 21 ആം നൂറ്റാണ്ടിന്‍റെ തീർത്ഥാടകരാകാൻ കഴിയുംഇത് വിശ്വാസത്തെ വളർത്താൻ അനുവദിക്കുന്നതിനെക്കുറിച്ചാണ് അല്ലാതെ കാര്യപരിപാടികളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമല്ല.

വിശ്വാസം പ്രവര്‍ത്തനങ്ങളിലൂടെ...

ഞാൻ ആദ്യം പറഞ്ഞതുപോലെ വിശ്വാസം വാക്കുകൊണ്ട് മാത്രമല്ല പ്രചരിപ്പിക്കേണ്ടത്, നമ്മുടെ അമ്മമാരും, മുത്തശ്ശിമാരും ചെയ്തതുപോലുള്ള, ഭാവങ്ങളിലൂടെയും, നോട്ടങ്ങളിലൂടെയും, പരിലാളനങ്ങളിലൂടെയും വഴിയാണ്. കുടുംബത്തിൽ  നിന്ന് നാം പഠിച്ചത് നേരായ ലളിതമായ വഴിയാണ്. ബഹളങ്ങളിൽ  ശ്രവണത്തെയും, ആശയക്കുഴപ്പങ്ങളിൽ സ്വരച്ചേർച്ചയെയും, അനിശ്ചിതത്വങ്ങളിൽ തെളിച്ചത്തെയും കൊണ്ടുവരാന്‍ നമുക്ക്പരിശ്രമിക്കാം. മറ്റുള്ളവരെ ഒഴിവാക്കുന്നയിടങ്ങളിൽ ഐക്യത്തെയും, അക്രമണങ്ങളുള്ളിടത്ത് സമാധാനത്തെയും, നുണപ്രചാരണങ്ങളുള്ളിടത്ത് സത്യത്തെയും കൊണ്ടുവരാൻ പരിശ്രമിക്കാം. എല്ലാറ്റിലും മക്കളും, സഹോദരീസഹോദരന്മാരുമാണെന്ന ഒരു ഭാഗധേയത്തിന്‍റെ വികാരം പകരുന്ന പാത തുറക്കുകയെന്നതിനെ നമ്മുടെ പ്രധാന വിഷയമാക്കാം.

റൊമേനിയാ ദൈവമാതാവിന്‍റെ  പൂന്തോട്ടം

റൊമേനിയാ ദൈവമാതാവിന്‍റെ  പൂന്തോട്ടമാണെന്ന് ഈ സമ്മേളനത്തോടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. തന്‍റെ മക്കളുടെ സ്വപ്നങ്ങളെയും, പ്രതീക്ഷകളെയും, പ്രോത്സാഹിപ്പിക്കുകയും, അവരുടെ കുടുംബങ്ങളിൽ ആനന്ദം കൊണ്ടുവരുകയും ചെയ്യുന്ന അമ്മയാണ് മറിയം. നമ്മെ കരുതുന്ന വാത്സല്യമുള്ള യഥാർത്ഥ അമ്മയാണവൾ. നമ്മുടെ അമ്മയ്ക്ക് സമർപ്പിക്കാൻ കഴിയുന്നതും, ജീവിക്കുന്നതും, തഴച്ചുവളരുന്നതും, പ്രത്യാശ നിറഞ്ഞതുമായ സമൂഹമാണ് നിങ്ങൾ. യുവാക്കളുടെയും, കുടുംബങ്ങളുടെയും സഭയുടെയും ഭാവിയെ നമുക്ക് ദൈവമാതാവിന് പ്രതിഷ്ഠിക്കാം. നന്ദി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 June 2019, 14:48