തിരയുക

സുവിശേഷ ഭാഗ്യങ്ങള്‍ സുവിശേഷ ഭാഗ്യങ്ങള്‍ 

വിശുദ്ധിയിലേക്കുളള വിളി: അഷ്ട്സൗഭാഗ്യങ്ങൾ ക്രൈസ്തവന്‍റെ തിരിച്ചറിയൽ രേഖ

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 63-66 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു ക്രിസ്തു പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പാ നമ്മെ നയിക്കുന്നു.

ദിവ്യഗുരുവിന്‍റെ  പ്രകാശത്തിൽ

63.ʺവിശുദ്ധിയുടെ മാനങ്ങളെകുറിച്ച് വൈവിധ്യമാർന്ന വിശദീകരണങ്ങളോടും വ്യത്യാസങ്ങളോടും കൂടിയ നിരവധി സിദ്ധാന്തങ്ങൾ ഉണ്ടാവാം. പ്രയോജനങ്ങളാണെങ്കിലും യേശുവിന്‍റെ വചനങ്ങളിലേക്ക് തിരിയുകയും സത്യം പഠിപ്പിക്കുന്ന അവിടുത്തെ രീതി മനസ്സിലാക്കുകയും ചെയ്യുന്നതിനേക്കാൾ പ്രകാശം പരത്തുന്ന മറ്റൊന്നുമില്ല. സുവിശേഷഭാഗ്യങ്ങൾ (മത്താ.5:3-12;ലൂക്കാ.6:20-23) നൽകിയപ്പോൾ വിശുദ്ധി എന്നാൽ എന്താണെന്ന് അവിടുന്ന് വളരെ ലളിതമായി പറഞ്ഞു തന്നു. സുവിശേഷഭാഗ്യങ്ങൾ ഒരു ക്രൈസ്തവന്‍റെ തിരിച്ചറിയൽ രേഖ പോലെയാണ്.അതുകൊണ്ട് “ഒരു നല്ല ക്രൈസ്തവനാകുവാൻ എന്ത് ചെയ്യണം” എന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം വ്യക്തമാണ്. ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞത് നാം ഓരോരുത്തരും നമ്മുടെ ജീവിതസാഹചര്യങ്ങളിൽ സാക്ഷാത്കരിക്കേണ്ടതുണ്ട്. നമ്മുടെ അനുദിന ജീവിതത്തിൽ പ്രതിഫലിപ്പിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്ന ദിവ്യനാഥന്‍റെ ഒരു ചിത്രം സുവിശേഷഭാഗ്യങ്ങളില്‍ നാം ദർശിക്കുന്നു.ʺ

മൂന്നാം അദ്ധ്യായത്തിന്‍റെ ആദ്യഭാഗത്തിൽ തന്നെ വിശുദ്ധി എന്താണെന്നും സുവിശേഷ ഭാഗ്യങ്ങളാണ് ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അവന്‍റെ തിരിച്ചറിയൽ രേഖയെന്നും അത്കൊണ്ട് ക്രൈസ്തവനായി ജനിച്ച ഓരോരുത്തരും എങ്ങനെ ജീവിക്കണമെന്നും പരിശുദ്ധ പിതാവ് “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന തന്‍റെ അപ്പോസ്തോലിക  പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തില്‍ വ്യക്തമാക്കി തരുന്നു. ഈ ലോകത്തിൽ ജീവിക്കുന്ന ഓരോ ക്രൈസ്തവനും വ്യത്യസ്ഥമായി ജീവിക്കേണ്ടവനാണ്.

കാരണം ആഡംബരത്തിന്‍റെയും,അധികാരത്തിന്‍റെയും,വിശ്വാസത്തിന്‍റെയും, നീതിയുടേയും, കാരുണ്യത്തിന്‍റെയും, ദൈവീകപഠനങ്ങളുടെയും, ആചാരങ്ങളുടെയും, നിയമങ്ങളുടെയും നിലവിലുണ്ടായിരുന്ന മുഖത്തിനു വ്യത്യസ്ഥമായ ഒരു പുതുമുഖം നല്‍കിയവനാണ് ക്രിസ്തു.

ക്രിസ്തുവിന്‍റെയും, ലോകത്തിന്‍റെയും മനോഭാവം

ഇന്ന് നാം പ്രാർത്ഥിക്കുന്നത് പോലെ ക്രിസ്തുവും പ്രാർത്ഥിച്ചു. ക്രിസ്തുവിനും അധികാരമുണ്ടായിരുന്നു. ക്രിസ്തുവും ഉപവി പ്രവർത്തികൾ ചെയ്തു. ക്രിസ്തുവും നിയമം അനുസരിച്ചു.  ക്രിസ്‌തുവും പഠിപ്പിച്ചു. തന്നെ ഭരമേല്‍പ്പിച്ചിരുന്ന ഉത്തരവാദിത്വങ്ങൾ ക്രിസ്തുവും നിർവ്വഹിച്ചു. മനുഷ്യർ അനുഭവിക്കുന്ന അവഹേളനങ്ങളും, വേദനകളും ക്രിസ്തു കൂടുതലനുഭവിക്കുകയും ചെയ്തു. ക്രിസ്തുവും മരിച്ചു. പാപവും, ഉത്ഥാനവും ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും നമ്മെ പോലെ ജീവിച്ചു. പക്ഷെ ക്രിസ്തുവിന്‍റെയും നമ്മുടെയും പ്രവർത്തനങ്ങളിൽ വ്യത്യസ്ഥമായി നിൽക്കുന്നത് ഒന്ന് മാത്രം. "മനോഭാവം" വിശുദ്ധിയെ കുറിച്ചും, നീതിയെ കുറിച്ചും, അധികാരത്തെ കുറിച്ചും നമ്മുടെ മനോഭാവമല്ല ക്രിസ്തുവിന്‍റേത്.

ലോകം അധികാരത്തെ മറ്റുള്ളവരെ അടിച്ചമർത്തുന്ന ആയുധമായി കാണുമ്പോൾ ക്രിസ്തു അധികാരത്തെ സേവനമായി കണ്ടു. ലോകം സമ്പത്തിനെ ഭാഗ്യമായി കരുതുമ്പോൾ ക്രിസ്തു ആത്മാവിൽ ഒരാൾ അനുഭവിക്കുന്ന ദാരിദ്ര്യത്തെ സമ്പത്തായി കണ്ടു. ലോകം നിയമത്തെ കഠിനമാക്കുമ്പോൾ ക്രിസ്തു നിയമത്തെ കരുണയാക്കി. ലോകം മരണത്തെ അന്ത്യമായി കാണുമ്പോൾ ക്രിസ്തു മരണത്തെ നിത്യജീവനിലേക്കുള്ള വാതിലായി കണ്ടു. ലോകം വിശുദ്ധിയെ നിയമ പാലനത്തിലും, കൃത്യമായ ആചാരാനുഷ്‌ഠാനങ്ങളിലുമൊതുക്കി നിര്‍ത്തുമ്പോൾ ക്രിസ്തു സ്നേഹത്തെ വിശുദ്ധിയുടെ വിളിയായും, ജീവിതമായും കണ്ടു. ഇങ്ങനെ ക്രിസ്തുവിന്‍റെ മനോഭാവം എപ്പോഴും ലാളിത്യം നിറഞ്ഞതും, നന്മ നിറഞ്ഞതും, അപരന്‍റെ ജീവിതത്തിനു വില നൽകുന്നതുമായ മനോഭാവമായിരുന്നു.

ആനന്ദഭരിതര്‍

64. ‘ആനന്ദഭരിതര്‍’ അല്ലെങ്കിൽ ‘അനുഗ്രഹീതര്‍’ എന്ന വാക്ക് അങ്ങനെ ‘വിശുദ്ധിയുടെ’ ഒരു പര്യായമായിത്തീരുന്നു. ദൈവത്തോടും അവിടുത്തെ വചനത്തോടും വിശ്വസ്ഥരായവര്‍, തങ്ങളുടെ ആത്മദാനത്തിലൂടെ യഥാർത്ഥ ആനന്ദം നേടുന്നു എന്ന വസ്തുത ഇത് പ്രദർശിപ്പിക്കുന്നു.

ഈ ഭാഗത്തിൽ ഫ്രാൻസിസ് പാപ്പാ നമ്മോടു പറയുന്നത് നമ്മിൽ വിശുദ്ധിയുണ്ടെങ്കിൽ നമുക്ക് ആനന്ദിക്കുവാൻ കഴിയുമെന്നാണ്. കാരണം ആനന്ദത്തിന്‍റെ ഉറവിടം ദൈവമാണ്. ദൈവത്തോടുള്ള നമ്മുടെ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് നമ്മുടെ ആനന്ദം ഉൾക്കൊണ്ടിരിക്കുന്നത്. ദൈവം നമ്മോടു തിരുവചനങ്ങളിലൂടെ ബന്ധപ്പെടുന്നു. വചനം മാംസമായ ദൈവത്തെ ദിവ്യകാരുണ്യത്തിൽ നാം കണ്ടു മുട്ടുന്നു. അതുകൊണ്ടു വചനത്തോടു വിശ്വസ്ഥരായവര്‍, തങ്ങളുടെ ആത്മദാനത്തിലൂടെ യഥാർത്ഥ ആനന്ദം നേടുന്നു എന്ന് പാപ്പാ വ്യക്തമാക്കുന്നു. ദൈവത്തോടുള്ള വിശ്വസ്ഥത മനുഷ്യരോടും വിശ്വസ്ഥരായിരിക്കാൻ നമ്മെ സഹായിക്കുന്നു. മനുഷ്യ ബന്ധങ്ങൾക്ക്‌ അതീവ പ്രാധാന്യം നൽകുന്ന പാപ്പാ നമ്മുടെ സഹോദരങ്ങളുമായുള്ള ബന്ധത്തെ ബലപ്പെടുത്താൻ വിശ്വസ്ഥത ആവശ്യമാണെന്നും സൂചിപ്പിക്കുന്നുണ്ട്. നമ്മോടു നാം പുലർത്തുന്ന വിശ്വസ്ഥതയാണ് മറ്റുള്ളവരുടെ ആത്മാർത്ഥതയെ തിരിച്ചറിയാൻ സഹായിക്കുന്ന ഉപകരണം. കാരണം മറ്റുള്ളവരെ എപ്പോഴും വിമർശിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നത് നമ്മോടു നാം വിശ്വസ്ഥരാകാതിരിക്കുന്നത് കൊണ്ടാണ്. ഇങ്ങനെയുള്ള ഗണത്തിൽ ഉള്‍പ്പെടുന്നവർ ഒരിക്കലും വിശുദ്ധിയിൽ വളരുന്നില്ലെന്ന് മാത്രമല്ല മറ്റുള്ളവരുടെ വിശുദ്ധിയുടെ യാത്രകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന തിന്മയില്‍ ജീവിക്കുന്നു.

ഒഴുക്കിനെതിരെയുള്ള പ്രയാണം

65. ʺയേശുവിന്‍റെ വാക്കുകൾ കാവ്യാത്മകമായി നമ്മെ സ്പർശിക്കാമെങ്കിലും നമ്മുടെ ലോകത്തിൽ കാര്യങ്ങൾ നിർവഹിക്കപ്പെടുന്നതിന്‍റെ കടകവിരുദ്ധമായി ആയിട്ടാണ് അവ സ്വീകരിക്കപ്പെടുന്നത്. യേശുവിന്‍റെ സന്ദേശം നമുക്ക് ആകർഷകമായി തോന്നിയാലും ലോകം മറ്റൊരു ജീവിതശൈലിയിലേക്ക് നമ്മെ തള്ളിവിടുന്നു. സുവിശേഷഭാഗ്യങ്ങൾ ഒരിക്കലും ഒരു വിരസമോ, ഒന്നും ആവശ്യപ്പെടാത്തതോ അല്ല; നേരെ മറിച്ചാണ്. പരിശുദ്ധാത്മാവ് അവിടുത്തെ ശക്തികൊണ്ട് നമ്മെ നിറയ്ക്കുകയും നമ്മുടെ ദൗർബല്യങ്ങളിൽ നിന്നും നമ്മുടെ സ്വാർത്ഥതയില്‍ നിന്നും, അഹങ്കാരത്തിൽ നിന്നും, അലംഭാവത്തിൽ നിന്നും നമ്മളെ സ്വതന്ത്രരാക്കുകയും ചെയ്താൽ മാത്രമേ അവ നമുക്ക് പരിശീലിക്കുവാൻ കഴിയുകയുള്ളു.ʺ

ക്രിസ്തു നാഥന്‍റെ സന്ദേശം നമുക്ക് ആകർഷണമായി തോന്നുന്നുവെങ്കിലും  ഈ ലോകം നൽകുന്ന ക്ഷണികമായ ആകർഷണങ്ങളിൽ നമ്മുടെ ജീവിതം പലപ്പോഴും തടവിലാക്കപ്പെടുന്നുവെന്ന് പാപ്പാ നമ്മോടു ഓര്‍മ്മപ്പെടുത്തുന്നു. അതോടൊപ്പം യേശു പഠിപ്പിച്ച മൂല്യങ്ങളിൽ നിലനിൽക്കണമെങ്കിൽ നാം അലംഭാവത്തില്‍ നിന്നും, സ്വാർത്ഥതയില്‍ നിന്നും സ്വതന്ത്രരാകണം. അതിനു പരിശുദ്ധാത്മാവിന്‍റെ കൃപ നമ്മിൽ പ്രവർത്തിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. ഇന്ന് നമ്മിലെ ദൗർബ്ബല്യങ്ങളെ തിരിച്ചറിയാത്തതും, തിരിച്ചറിഞ്ഞ ദൗർബ്ബല്യങ്ങളെ അംഗീകരിക്കാതെ മറ്റുള്ളവരുടെ ജീവിതങ്ങളെ വിമർശിച്ച് അവരെ നിരന്തരം വേട്ടയാടുന്ന ഭീരുക്കളായി മാറുമ്പോഴും വിശുദ്ധി നമുക്കെന്നും അന്യമായിത്തന്നെ നില്‍ക്കുന്നു. ഈ ലോകത്തിലെ നമ്മുടെ ജീവിതം മറ്റുള്ളവരുടെ ഇടപെടലുകളിലൂടെയും രൂപപ്പെടേണ്ടതാണ്. മനുഷ്യൻ ഒരു സമൂഹജീവി എന്ന് വ്യക്തമായി തിരിച്ചറിഞ്ഞിട്ടും നമ്മുടെ അഹങ്കാരം കൊണ്ടും, ഞാൻ എന്ന ഭാവം കൊണ്ടും, കപടതയുടെയും, വെറുപ്പിന്‍റെയും, വക്രതയുടെയും, വഞ്ചനയുടെയും മനോഭാവത്തോടെ നമ്മുടെ സഹജീവികൾക്ക് അസമാധാനം വിതയ്ക്കുവാൻ പരിശ്രമിക്കുമ്പോൾ നമുക്ക് നഷ്ടമായി പോകുന്നത് നന്മ ചെയ്യാനുള്ള നമ്മുടെ ശക്തിയും, വിശുദ്ധിയിൽ വളരാനുള്ള നമ്മുടെ പ്രയത്നവുമാണ്. ഒരാൾക്കും മറ്റുള്ളവരുടെ നന്മ നിറഞ്ഞ ജീവിതത്തിൽ  നിറഞ്ഞിരിക്കുന്ന വിശുദ്ധിയെ പിടിച്ചെടുക്കാൻ കഴിയുകയില്ല. വിശുദ്ധി സ്വന്തം പ്രയത്നം കൊണ്ടും, സമർപ്പണം കൊണ്ടും നേടിയെടുക്കേണ്ടതാണ്. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ മാത്രമേ നമുക്ക് വിശുദ്ധി സ്വന്തമാക്കൻ കഴിയുകയുള്ളുവെന്ന് പാപ്പാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

നമ്മെ വെല്ലുവിളിക്കാൻ വചനത്തെ അനുവദിക്കണം

66. ʺദിവ്യനാഥൻ അർഹിക്കുന്ന എല്ലാ സ്നേഹത്തോടും ബഹുമാനത്തോടുംകൂടി ഒരിക്കൽ കൂടി നമുക്ക് യേശുവിനെ ശ്രവിക്കാം. നമ്മെ ഇളക്കുവാനും, നമ്മെ വെല്ലുവിളിക്കാനും നമ്മുടെ ജീവിത രീതിയിലെ യഥാർത്ഥ മാറ്റം ആവശ്യപ്പെടുവാനും അവിടുത്തെ വചനങ്ങളെ നമുക്ക് അനുവദിക്കാം. ഇങ്ങനെയല്ലാത്തപക്ഷം വിശുദ്ധി എന്നത് അർത്ഥശൂന്യമായ ഒരു പദം മാത്രമായി അവശേഷിക്കും.

നമ്മുടെ ജീവിതത്തിൽ അടിഞ്ഞിരിക്കുന്ന തിന്മകളെ നിർമ്മാര്‍ജനം ചെയ്യാൻ തിരുവചനത്തിനു കഴിയുമെന്നും നാമിപ്പോൾ ജീവിക്കുന്ന ജീവിത രീതിയിൽ നിന്നും നാം ജീവിക്കേണ്ട യഥാർത്ഥ ജീവിത ശൈലിയിലേക്ക് രൂപാന്തരപ്പെടാൻ ദൈവവചനം നമ്മെ സഹായിക്കുമെന്നും പാപ്പാ നമ്മെ പ്രബോധിപ്പിക്കുമ്പോൾ തിരുവചനം നമ്മുടെ ജീവിതത്തിൽ എത്ര പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. സുവിശേഷത്തിൽ ക്രിസ്തു പഠിപ്പിക്കുന്ന അഷ്ടസൗഭാഗ്യങ്ങൾ ഓരോന്നും വിശദീകരിച്ചു കൊണ്ട് വിശുദ്ധിയിൽ വളരാനുള്ള  മാർഗ്ഗങ്ങളെ പാപ്പാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തില്‍ വ്യക്തമാക്കുന്നു. ദൈവവചന  പ്രഘോഷണത്തിൽ മാത്രം വ്യാപൃതരാകാതെ  ജീവിതത്തിന്‍റെ സത്കർമ്മങ്ങളിലൂടെ വചനത്തിനു ജീവനേകുവാൻ പരിശ്രമിക്കുമ്പോൾ നാം വിശുദ്ധിയുടെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയുവാൻ കഴിയും. സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ നമ്മുടെ കൈയിൽ കരുതേണ്ടതാണ് അഷ്ടഭാഗ്യങ്ങൾ. പിതാവായ ദൈവത്തിന്‍റെ മുന്നിൽ അന്ത്യവിധിക്കായി നിൽക്കുമ്പോൾ നമ്മെ സംരക്ഷിക്കുന്ന ഭാഗ്യങ്ങൾ. ക്രിസ്തു പഠിപ്പിച്ച അഷ്ടസൗഭാഗ്യങ്ങളെ അനുസരിച്ചു ജീവിതത്തിൽ ദൈവം നൽകുന്ന സൗഭാഗ്യങ്ങളെ സ്വന്തമാക്കാൻ പരിശ്രമിക്കാന്‍ പാപ്പാ നമ്മെ ക്ഷണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2019, 09:56