Pope Francis celebrated Holy Mass in the Valley of Sumuleu Ciuc - Romania Pope Francis celebrated Holy Mass in the Valley of Sumuleu Ciuc - Romania 

പാപ്പാ കര്‍പ്പേത്തിയന്‍ മലഞ്ചരുവിലെ മേരിയന്‍ തിരുസന്നിധാനത്തില്‍

ജൂണ്‍ 1, ശനിയാഴ്ച - റൊമേനിയയിലെ കര്‍പ്പേത്തി താഴ്വാരത്തെ സുമുല്യോ-ച്യു മേരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദിവ്യബലിയര്‍പ്പണം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

അപ്പസ്തോലികയാത്രയുടെ രണ്ടാംദിനം
ജൂണ്‍ 1- Ɔο തിയതി ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9 മണിക്ക് പാപ്പാ ഫ്രാന്‍സിസ് തന്‍റെ വിശ്രമസ്ഥാനമായ ബുക്കാറെസ്റ്റ് നഗരമദ്ധ്യത്തിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍നിന്നും കാറില്‍ 16 കി. അകലെയുള്ള വിമാനത്താവളത്തിലേയ്ക്കു കാറില്‍ പുറപ്പെട്ടു. 9.20-ന് വിമാനത്താവളത്തില്‍ എത്തിയ പാപ്പാ ഔപചാരികതകള്‍ ഇല്ലാതെ റൊമേനിയയുടെ വടക്കു-കിഴക്കന്‍ നഗരമായ ബക്കാവോയിലേയ്ക്കു പറന്നുയര്‍ന്നു.

പ്രത്യാശയുടെ താഴ്വാരം
ബുക്കാറെസ്റ്റില്‍നിന്നും 245 കി.മി. അകലെയുള്ള നഗരമാണ് ബക്കാവു. ഇതര ക്രൈസ്തവ സമൂഹങ്ങള്‍ക്കൊപ്പം കത്തോലിക്കര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടവുമാണത്. റൊമേനിയയിലെ കത്തോലിക്കരുടെ നാലാമത്തെ മെത്രാസനമാണത്. കര്‍പ്പേത്തിയന്‍ മലനിരയുടെ താഴ്വാരത്തും, സിറെറ്റ്, ബിസ്ത്രീത്ത നദികളുടെ മടിത്തട്ടിലും കിടക്കുന്ന ശാന്തസുന്ദരമായൊരു ഭൂപ്രദേശം!
15- Ɔο നൂറ്റാണ്ടു മുതല്‍ ബക്കാവു റൊമേനിയയുടെ ചരിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അക്കാലഘട്ടം മുതല്‍ അവിടെ വളര്‍ന്നുവന്ന ക്രൈസ്തവ സ്ഥാപനങ്ങളും ദേവാലയങ്ങളും, മറ്റു വിദ്യാഭ്യാസ സാംസ്ക്കാരിക കേന്ദ്രങ്ങളും വാസ്തുഭംഗികൊണ്ടും അവയുടെ മേന്മകൊണ്ടും ബക്കാവു നഗരത്തെ സുന്ദരമാക്കിയിട്ടുണ്ട്.

ബക്കാവുവില്‍നിന്നും സുമുല്യോ-ച്യുവരെ
40 മിനിറ്റുനേരം ഒരു താരോം (TAROM B747), റൊമേനിയന്‍ വിമാനത്തില്‍ പറന്ന പാപ്പാ ഫ്രാന്‍സിസ്, പ്രാദേശിക സമയം രാവിലെ 10.25-നു ബക്കാവു വിമാനത്താവളത്തില്‍ ഇറങ്ങി. അവിടെനിന്നും ഉടനെ ഹെലികോപ്റ്ററില്‍ 86 കി. മീ. സഞ്ചരിച്ച് രാവിലെ 11 മണിയോടെ മിയെര്‍ക്യൂറിയ-ച്യൂ (Miercurea-Ciuc) മിലിട്ടറി വിമാനത്താവളത്തില്‍ ഇറങ്ങി. പാപ്പായുടെ ലക്ഷ്യസ്ഥാനം ഇനിയും മുന്നോട്ടു യാത്രചെയ്യേണ്ട, പ്രകൃതി രമണീയമായ സുമുല്യോ-ച്യുയിലെ കന്യകാനാഥയുടെ തീര്‍ത്ഥാടനത്തിന്‍റെ തിരുസന്നിധാനമാണ്. ഹങ്കേറിയന്‍ ഭാഷ സംസാരിക്കുന്ന റൊമേനിയന്‍ കത്തോലിക്കരും അവിടെ കുടിയേറിയ മറ്റു ജനങ്ങളും ചേര്‍ന്നു വികസിപ്പിച്ചെടുത്തതാണ് പുരാതനമായ സുമുല്യോ-ച്യു തീര്‍ത്ഥാടന കേന്ദ്രമെന്ന് ചരിത്രം തെളിയിക്കുന്നു. ഒരു ഫ്രാന്‍സിസ്ക്കന്‍ ആശ്രമവളപ്പില്‍ സ്ഥിതിചെയ്യുന്ന ഈ മേരിയന്‍ കേന്ദ്രത്തിന് ഇന്ന് ഒരു ചെറിയ ബസിലിക്കയുടെ സ്ഥാനമുണ്ട് (Minor Basilica). അല്‍ബാ ജൂലിയ അതിരൂപതയുടെ ഭാഗമാണ് ഈ മേരിയന്‍ തീര്‍ത്ഥാടനകേന്ദ്രം.

സുമുല്യോ-ച്യുയിലെ തിരുസന്നിധാനം
15- Ɔο നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ തദ്ദേശ വാസ്തുഭംഗിയില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ദേവാലയം. കര്‍പ്പാത്തി മലയിലെ അത്യപൂര്‍വ്വമായ തീലിയ വൃക്ഷത്തിന്‍റെ (Tilia) ഒറ്റത്തടിയില്‍ കൊത്തിയുണ്ടാക്കിയതാണ് അവിടത്തെ കന്യകാനാഥയുടെ സുന്ദരരൂപം. 1661-ലുണ്ടായ കാട്ടുതീയിന്‍ ദേവാലയം നശിപ്പിക്കപ്പെട്ടപ്പോഴും, കന്യകാനാഥയുടെ തിരുസ്വരൂപം അഗ്നിക്കിരയാകാതെ നിന്നത് അന്നാട്ടുകാരുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിച്ചു. തുടര്‍ന്നു പണിതുയര്‍ത്തിയതും ഇന്നു കാണുന്നതുമായ മനോഹര ദേവാലയം വലുതല്ലെങ്കിലും, ബറോക്ക് വാസ്തുകലയുടെ ചാരുതയുള്ളതാണ്. ദേവാലയത്തിലെ സ്ഥലപരിമിതികൊണ്ട് പുറത്തു സജ്ജമാക്കിയ മനോഹരമായ താല്ക്കാലിക വേദിയിലാണ് പാപ്പാ ഫ്രാന്‍സിസ് സമൂഹബലിയര്‍പ്പിച്ചത്. ശനിയാഴ്ച പ്രാദേശിക സമയം, രാവിലെ 11.20-ന് മിയെര്‍ക്യൂറിയ-ച്യൂ (Miercurea-Ciuc) മിലിട്ടറി കേന്ദ്രത്തില്‍നിന്നു പിന്നെയും 9 കി.മി. കാറില്‍ യാത്രചെയ്താണ് ലക്ഷ്യസ്ഥാനമായ, സുമുല്യോ-ച്യു (Csíksomlyó) മേരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പ്രാദേശിക സമയം 11.20-ന് എത്തിച്ചേര്‍ന്നത്.

സ്വര്‍ഗ്ഗരാജ്ഞിയുടെ അനുസ്മരണവും
പെസഹാക്കാലത്തിന്‍റെ പൊന്‍പ്രഭയും

തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ഉമ്മറത്ത് ഇറങ്ങിയ പാപ്പാ, തുറന്ന പേപ്പല്‍ വാഹനത്തില്‍ ജനമദ്ധ്യത്തിലൂടെ, അവരെ അഭിവാദ്യംചെയ്തുകൊണ്ട് ബലിവേദിയിലേയ്ക്ക് നീങ്ങി. സംഘാടകര്‍ ഒരുക്കിയ വേദിക്കപ്പുറത്തെ താഴ്വാരവും ചെറുകുന്നുകളും തിങ്ങിനിന്ന ജനാവലിയുടെ ദൃശ്യം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. കന്യകാനാഥയുടെ അനുസ്മരണവും പെസഹാക്കാലത്തിന്‍റെ പൊന്‍പ്രഭയും അനുസ്മരിപ്പിക്കുമാറ് വെളുത്ത പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് പാപ്പാ ഫ്രാന്‍സിസും, സഹകാര്‍മ്മികരായി നൂറുകണക്കിന് വൈദികരും ബലിവേദിയില്‍ നിറഞ്ഞുനിന്നു. സ്ഥലത്തെ മേയര്‍, നഗരത്തിന്‍റെ പ്രസിഡന്‍റ്, പ്രീഫെക്ട് ഉള്‍പ്പെടെ 10 പ്രമുഖരെ അഭിവാദ്യംചെയ്തുകൊണ്ടാണ് പ്രദക്ഷിണത്തോടു ചേര്‍ന്നു പാപ്പാ ബലിവേദിയിലേയ്ക്കു നീങ്ങിയത്. ഗായകസംഘം പ്രവേശനഗാനം ആലപിച്ചു. “മറിയം സഭയുടെ അമ്മ,” എന്ന പ്രത്യേക നിയോഗമാണ് പാപ്പാ ബലിയര്‍പ്പണത്തിന് തിര‍ഞ്ഞെടുത്തത്. ബലിവേദി ചുംബിച്ചിട്ട്, ധൂപാര്‍പ്പണം നടത്തിയതോടെ ദിവ്യബലിക്ക് തുടക്കമായി.

പാപ്പാ ഫ്രാന്‍സിസിന്‍റെ വചനസമീക്ഷ
അനുതാപശുശ്രൂഷയെ തുടര്‍ന്ന്, ആമുഖപ്രാര്‍ത്ഥന ചൊല്ലിയിട്ട് വചനശുശ്രൂഷ ആരംഭിച്ചു. ആദ്യവായന ജെറമിയ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍നിന്നായിരുന്നു (ജെറമിയ 1, 4-5, 17-19). കര്‍ത്താവിന്‍റെ വിളി അപ്രതിരോധ്യമെന്നു പറയുന്നതായിരുന്നു വചനഭാഗം. അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴെ ദൈവം മനുഷ്യനെ അറിയുന്നു. ജനിക്കുന്നതിനു മുന്നേ അവിടുന്നു അവനെ വിളിക്കുകയും വിശുദ്ധീകരിക്കുകയും നിയോഗിക്കുകയും ചെയ്യുന്നു. അതിനാല്‍ വിളിച്ചവനില്‍ പ്രത്യാശയര്‍പ്പിച്ച്, ഭയപ്പെടാതെ മുന്നേറണമെന്ന കരുത്തും പ്രത്യാശയും പകരുന്ന വചനമായിരുന്നു വേദിയില്‍ മുഴങ്ങിയത്. സങ്കീര്‍ത്തനവും അല്ലേലൂയ പ്രഘോഷണവും വിശ്വാസികള്‍ ചേര്‍ന്ന് ആലപിച്ചു. മറിയത്തെ കൃപാപൂര്‍ണ്ണേ, എന്നു വിളിച്ച്, ദൈവദൂതന്‍ ദൈവിക ദൗത്യം അറിയിക്കുന്നതിനും, ദൈവപുത്രനായ യേശുവിനെ ഉദരെ വഹിക്കുന്നതിനും, അത്യുന്നതന്‍റെ പുത്രന്‍റെ അമ്മയാകുവാനുള്ള വിളി ദൈവദൂതന്‍ നല്കി. മാത്രമല്ല, യാക്കോബിന്‍റെ ഭവനത്തെ ഭരിക്കുന്ന പരിശുദ്ധനും അത്യുന്നതനുമായവന്‍റെ രാജ്യം സുസ്ഥിരമാണെന്നും അത് അനന്തമാണെന്നും വെളിപ്പെടുത്തുന്ന സുവിശേഷഭാഗവും റൊമേനിയന്‍ ഭാഷയില്‍ പ്രഘോഷിക്കപ്പെട്ടു (ലൂക്കാ 1, 26-38). പാപ്പാ വചനപ്രഭാഷണം നടത്തി. സുമുല്യോ-ച്യുവിന്‍റെ സാസ്ക്കാരിക വൈവിധ്യത്തിന് ഇണങ്ങുമാറ്, പ്രഭാഷണത്തിന്‍റെ റൊമേനിയന്‍, ഹങ്കേറിയന്‍ പരിഭാഷകള്‍ ജനങ്ങള്‍ക്കുവേണ്ടി ഉടനെതന്നെ വായിക്കുകയുണ്ടായി.

സാംസ്ക്കാരിക വൈവിധ്യങ്ങളെ മാനിച്ച ബലിവേദി
ദേശീയ സാംസ്ക്കാരിക വൈവിധ്യം ഉള്‍ക്കൊള്ളുമാറ് വിശ്വാസികളുടെ പ്രാര്‍ത്ഥന ഹങ്കേറിയന്‍, റൊമേനോ, ജര്‍മ്മന്‍ എന്നീ ഭാഷകളിലായിരുന്നു. കാര്‍ഴ്ചവയ്പിന് ആദ്യം എത്തിയത് 5 മക്കളുള്ള കുടുംബമായിരുന്നു. മറ്റു കാഴ്ചകളും ഒറ്റയായും കൂട്ടമായും സമര്‍പ്പിക്കപ്പെട്ടു. ആമുഖഗീതി, സ്തോത്രയാഗകര്‍മ്മം എന്നിവയിലൂടെ ദിവ്യബലി തുടര്‍ന്നു. ദിവ്യകാരുണ്യ സ്വീകരണത്തിന് ആമുഖമായി റൊമേനിയന്‍ ഭാഷയിലുള്ള കര്‍തൃപ്രാര്‍ത്ഥന ഗ്രിഗോരിയന്‍ ലത്തീന്‍ ഈണം പുനരാവിഷ്ക്കരിച്ചു പാടിയതു ശ്രദ്ധേയമായിരുന്നു. ദിവ്യകാരുണ്യ സ്വീകരണകര്‍മ്മത്തിനുശേഷം പാപ്പായ്ക്കൊപ്പം വന്‍ജനാവലി പാലിച്ച നിശ്ശബ്ദതയുടെ പ്രാര്‍ത്ഥനാനിമിഷങ്ങള്‍ ഹൃദയസ്പര്‍ശിയായിരുന്നു. അല്‍ബാ ജൂലിയ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് യക്കൂബ് അന്താള്‍ ഹ്യാസ് പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു. കമ്യൂണിസ്റ്റ് ഭരണകാലത്ത് സുവിശേഷം പ്രഘോഷിച്ചതിന്‍റെ പേരില്‍ അദ്ദേഹം 13 വര്‍ഷക്കാലം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

കുന്നുകള്‍ ഏറ്റുപാടിയ  സ്തോത്രഗീതം
ദിവ്യകാരുണ്യ പ്രാര്‍ത്ഥനചൊല്ലിക്കൊണ്ട് പാപ്പാ സമാപാനാശീര്‍വ്വാദം നല്കി.
പാപ്പാ സഹകാര്‍മ്മികര്‍ക്കൊപ്പം പ്രദക്ഷിണമായി ബലിവേദി വിട്ടിറങ്ങിയപ്പോള്‍, ഗായകസംഘം ആലപിച്ച മേരിയന്‍ ഗീതം റൊമേനിയയുടെ കര്‍പ്പേത്തിയന്‍  മലകളില്‍നിന്നും ആയിരങ്ങളുടെ ആത്മഗീതമായി പ്രതിധ്വനിച്ചു. ബലിവേദിയില്‍നിന്നു ജനങ്ങളോടു യാത്രപറഞ്ഞ് കാറില്‍ 9 കി.മീ. സഞ്ചരിച്ച് പാപ്പാ, അതിതൂപതാ കേന്ദ്രത്തിലെത്തിയപ്പോള്‍ പ്രാദേശിക സമയം മദ്ധ്യാഹ്നം 1.40 ആയിരുന്നു. ആര്‍ച്ചുബിഷപ്പ് യക്കൂബിന്‍റെ ആതിഥ്യം സ്വീകരിച്ച് രൂപതാഭാരവാഹികള്‍ക്കൊപ്പം പാപ്പാ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 June 2019, 19:50