തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ “ചെന്തേസ്സിമൂസ് ആന്നൂസ് പ്രൊ പൊന്തേഫിച്ചെ” ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത ഒരു സംഘത്തെ വത്തിക്കാനില്‍  സ്വീകരിച്ചപ്പോള്‍, 08/06/2019 ഫ്രാന്‍സീസ് പാപ്പാ “ചെന്തേസ്സിമൂസ് ആന്നൂസ് പ്രൊ പൊന്തേഫിച്ചെ” ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത ഒരു സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍, 08/06/2019  (Vatican Media)

പ്രശ്നപരിഹൃതികള്‍ ഉപരിപ്ലവങ്ങള്‍ ആകരുത്-മനപരിവര്‍ത്തനം ആവശ്യം

പ്രകൃതി വിഭവങ്ങളുടെ അനുചിതമായ ഉപയോഗവും അനാസകലവും അസുസ്ഥിരവുമായ വികസനസമാതൃകളും ദാരിദ്ര്യത്തിനു കാരണമാകുകയും വികസനത്തിന്‍റെയും സാമൂഹ്യനീതിയുടെയും മണ്ഡലത്തില്‍ നിഷേധാത്മക ഫലങ്ങളുളവാക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മു‌‌ടെ പൊതുഭവനത്തെ കാത്തു പരിപാലിക്കേണ്ടതിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നതിന്‍റെ അടയാളങ്ങള്‍ ദൃശ്യമാണെങ്കിലും വെല്ലുവിളികളും പ്രശ്നങ്ങളും ഇനിയും നിരവധിയാണെന്ന് മാര്‍പ്പാപ്പാ.

“ചെന്തേസ്സിമൂസ് ആന്നൂസ് പ്രൊ പൊന്തേഫിച്ചെ” ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ ശനിയാഴ്ച (08/06/19) സമാപിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തവരടങ്ങിയ അഞ്ഞൂറോളം പേരുടെ ഒരു സംഘത്തെ സമാപനദിനത്തില്‍ പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

“സഭയുടെ സാമൂഹ്യ പ്രബോധനം തുടക്കം മുതല്‍ ഡിജിറ്റല്‍ യുഗം വരെ: “ലൗദാത്തൊ സീ” എപ്രകാരം പ്രായോഗികമാക്കാം” എന്നതായിരുന്നു ഈ മാസം 6-8 വരെ സംഘടിപ്പിക്കപ്പെട്ട ഈ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

“ലൗദാത്തൊ സീ” അഥവാ, “അങ്ങേയക്കു സ്തുതി” എന്ന ചാക്രികലേഖനം പാരിസ്ഥിതിക ചാക്രിക ലേഖനമല്ല പ്രത്യുത,സാമൂഹികമാണെന്ന് പാപ്പാ പ്രത്യേകം ഓര്‍മ്മപ്പെടുത്തി.

പ്രകൃതി വിഭവങ്ങളുടെ അനുചിതമായ ഉപയോഗവും അനാസകലവും അസുസ്ഥിരവുമായ വികസനസമാതൃകളും ദാരിദ്ര്യത്തിനു കാരണമാകുകയും വികസനത്തിന്‍റെയും സാമൂഹ്യനീതിയുടെയും മണ്ഡലത്തില്‍ നിഷേധാത്മക ഫലങ്ങളുളവാക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു.

സ്വാര്‍ത്ഥതയുടെയും ഉപഭോഗത്തിന്‍റെയും ധൂര്‍ത്തിന്‍റെയും അനിയന്ത്രിതഭാവങ്ങളും പൊതുനന്മയെ അപകടത്തിലാക്കുന്നുണ്ടെന്ന് പാപ്പാ മുന്നറിയിപ്പു നല്കി.

ഈയൊരു പശ്ചാത്തലത്തില്‍ പരിവര്‍ത്തനത്തിന്‍റെ പ്രാധാന്യം പാപ്പാ എടുത്തുകാട്ടി.

പ്രശ്ന പരിഹൃതി ഉപരിപ്ലവമാകരുതെന്നും ദിശമാറ്റം ആവശ്യമാണെന്നും ഹൃദയമനസ്സുകളുടെ പരിവര്‍ത്തനം അനിവാര്യമാണെന്നും പാപ്പാ വ്യക്തമാക്കി.

അരികുകളിലേക്കു ആരെയും തള്ളിവിടാതെ വ്യക്തിയെ കേന്ദ്രസ്ഥാനത്തു നിറുത്തുന്ന നവീകൃത ധാര്‍മ്മികവീക്ഷണം ആവശ്യമാണെന്നും ഇത് ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കുകയും പുറന്തള്ളുന്നതിനു പകരും ഉള്‍ച്ചേര്‍ക്കുകയും ചെയ്യുന്ന ദര്‍ശനമാണെന്നും പാപ്പാ വിശദീകരിച്ചു.

നമ്മുടെ മുന്നിലുള്ള ദൗത്യം ആഗോളവികസനമാതൃകയ്ക്ക് മാറ്റം വരുത്തുകയാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. 

 

08 June 2019, 13:03