Vatican News
ഫ്രാന്‍സീസ് പാപ്പാ, യുവജനങ്ങളുടെ പതിനൊന്നാം അന്താരാഷ്ട്ര ചര്‍ച്ചായോഗത്തില്‍ പങ്കെടുക്കുന്ന മുന്നൂറ്റിയമ്പതോളം പേരടങ്ങുന്ന സംഘത്തെ ശനിയാഴ്ച (22/06/2019) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുന്നു. ഫ്രാന്‍സീസ് പാപ്പാ, യുവജനങ്ങളുടെ പതിനൊന്നാം അന്താരാഷ്ട്ര ചര്‍ച്ചായോഗത്തില്‍ പങ്കെടുക്കുന്ന മുന്നൂറ്റിയമ്പതോളം പേരടങ്ങുന്ന സംഘത്തെ ശനിയാഴ്ച (22/06/2019) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുന്നു.   (ANSA)

ക്രിസ്തുവിന്‍റെ സ്നേഹസന്തോഷങ്ങളുടെ സംവാഹകരാകുക-പാപ്പാ യുവതയോട്!

യേശുവില്‍ പുതുജീവിതം നയിക്കുന്നതിന്‍റെ ആനന്ദം ഇനിയും അനുഭവിച്ചറിയാത്ത നിരവധിയായ തങ്ങളുടെ സമപ്രായക്കാരുടെ തമസ്സില്‍ ക്രിസ്തുവിന്‍റെ വെളിച്ചം എത്തിക്കാന്‍ യുവതീയുവാക്കള്‍ വിളിക്കപ്പെട്ടിരിക്കുന്നു- പാപ്പാ ഫ്രാന്‍സീസ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യുവജനം ലോകത്തിന്‍റെ അന്ധകാരത്തില്‍ ക്രിസ്തുവെളിച്ചം പരത്താന്‍ വിളിക്കപ്പെട്ടവരാണെന്ന് മാര്‍പാപ്പാ.

യുവജനങ്ങളുടെ പതിനൊന്നാം അന്താരാഷ്ട്ര ചര്‍ച്ചായോഗത്തില്‍ പങ്കെടുക്കുന്ന മുന്നൂറ്റിയമ്പതോളം പേരടങ്ങുന്ന സംഘത്തെ ശനിയാഴ്ച (22/06/2019) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അല്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമന്‍ കൂരിയാവിഭാഗത്തിന്‍റെ  ആഭിമുഖ്യത്തില്‍ റോമില്‍ 19-22 (19-22/06/2019) വരെ ആയിരുന്നു ഈ സമ്മേളനം.

തങ്ങളുടെ ഗുരുനാഥാനായ യേശുവിന്‍റെ കുരിശുമരാണാനന്തരം  ജറുസലേമില്‍ നിന്ന് എമ്മാവൂസിലേക്കു പോകുകയായിരുന്ന രണ്ടു ക്രിസ്തു ശിഷ്യരോടുകൂടെ ഒരു യാത്രികനെപ്പോലെ  ഉത്ഥിതന്‍ ചേരുന്നതും  യാത്രപിരിയാന്‍ നേരം ഈ ശിഷ്യരുടെ നിര്‍ബന്ധപ്രകാരം അവരോടൊപ്പം തങ്ങുന്ന അവിടന്ന് അപ്പമെടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കു കൊടുത്തപ്പോള്‍ അവരുടെ ആന്തരിക നയനങ്ങള്‍ തുറക്കപ്പെടുന്നതും  കര്‍ത്താവിനെ തിരിച്ചറിയുന്നതുമായ സുവിശേഷസംഭവം അവലംബമാക്കിയായിരുന്നു പാപ്പായുടെ പ്രഭാഷണം.

ക്രിസ്തു ആ ശിഷ്യരുടെ ജീവിതത്തെ പ്രകാശപൂരിതമാക്കിയപ്പോള്‍ ഇരുളില്‍ നടക്കാന്‍ അവര്‍ക്ക് ഭീതിയുണ്ടായില്ല എന്നും അവരെപ്പോലെ ഒരിക്കല്‍ നമ്മളും നമ്മുടെ ജീവിതപാതയില്‍ യേശുവുമായി കണ്ടുമുട്ടിയിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.

ആകയാല്‍ യേശുവില്‍ പുതുജീവിതം നയിക്കുന്നതിന്‍റെ ആനന്ദം ഇനിയും അനുഭവിച്ചറിയാത്ത നിരവധിയായ തങ്ങളുടെ സമപ്രായക്കാരുടെ തമസ്സില്‍ ക്രിസ്തുവിന്‍റെ വെളിച്ചം എത്തിക്കാന്‍ യുവതീയുവാക്കള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.

ഉത്ഥിതനുമായുള്ള കണ്ടുമുട്ടലിനു ശേഷം ആന്തരികനയനങ്ങള്‍ തുറക്കപ്പെട്ട ക്ലെയൊപ്പാസും ഇതര ശിഷ്യനും ഉടന്‍തന്നെ ജറുസലേമിലേക്കു തിരിച്ചു പോകാനും ഇതര ശിഷ്യന്മാര്‍ക്കൊപ്പമായിരിക്കാനും തീരുമാനിക്കുന്നതിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലാണ് യഥാര്‍ത്ഥ ആനന്ദം എന്നു വിശദീകരിച്ചു.

ദൈവത്തിന്‍റെയും സഭയുടെ വര്‍ത്തമാനകാലം യുവജനമാണെന്നും സഭയുടെ പൂര്‍ണ്ണ ആവിഷ്ക്കാരത്തിന് അവള്‍ക്ക് യുവതീയുവാക്കളെ ആവശ്യമുണ്ടെന്നും പാപ്പാ പറഞ്ഞു. 

2022-ലെ യുവജനസംഗമത്തിന്‍റെ പ്രമേയം “മറിയം എഴുന്നേറ്റു തിടുക്കത്തില്‍ പോയി”

2022-ല്‍,  പോര്‍ട്ടുഗലിന്‍റെ തലസ്ഥാനമായ ലിസ്ബണില്‍,  ആഗോളസഭാതലത്തില്‍ നടക്കാന്‍ പോകുന്ന ലോകയുവജനസംഗമത്തിന്‍റെ വിചിന്തനപ്രമേയമായി താന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിലെ 39-Ↄ○ വാക്യത്തില്‍ നിന്നടര്‍ത്തിയെടുത്ത “മറിയം എഴുന്നേറ്റു തിടുക്കത്തില്‍ പോയി” എന്ന വാക്യമാണെന്ന് പാപ്പാ വെളിപ്പെടുത്തി. 

എഴുന്നേല്‍ക്കാനും കര്‍ത്തവൊരുക്കിയിരിക്കുന്ന വഴികള്‍ പിന്‍ചെല്ലാനും പ്രചോദനമേകുന്ന ദൈവത്തിന്‍റെ സ്വനം അവഗണിക്കരുതെന്ന് പാപ്പാ യുവതീയുവാക്കളെ ഓര്‍മ്മിപ്പിച്ചു.

മറിയത്തെപ്പോലെയും അവളോടൊപ്പവും അനുദിനം ക്രിസ്തുവിന്‍റെ  സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും സംവാഹകരായിരിക്കാന്‍ പാപ്പാ യുവജനത്തിന് പ്രചോദനം പകരുകയും ചെയ്തു. 

 

22 June 2019, 13:15