തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ കമെരീനൊയില്‍ , വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനഭാഗത്ത്, ത്രികാലജപസന്ദേശം നല്കുന്നു16/06/2019 ഫ്രാന്‍സീസ് പാപ്പാ കമെരീനൊയില്‍ , വിശുദ്ധ കുര്‍ബ്ബാനയുടെ സമാപനഭാഗത്ത്, ത്രികാലജപസന്ദേശം നല്കുന്നു16/06/2019  (ANSA)

പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാസന്ദേശം കമെരീനൊയില്‍!

ഫ്രാന്‍സീസ് പാപ്പാ, ഞായറാഴ്ച (16/06/2019) കമെരീനൊ-സാന്‍ സെവെരീനൊ മാര്‍ക്കെ അതിരൂപത സന്ദര്‍ശിക്കുകയും അവിടെ അര്‍പ്പിച്ച ദിവ്യബലിയുടെ സമാപനത്തില്‍ ത്രികാലജപം നയിക്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഈ ഞായാറാഴ്ച (16/06/19) ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ നിന്ന് 200 കിലോമീറ്ററോളം വടക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന കമെരീനൊ-സാന്‍ സെവെരീനൊ മാര്‍ക്കെ അതിരൂപതയില്‍ 2016 ആഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളിലുണ്ടായ ശക്തമായ ഭൂകമ്പത്തിന്‍റെ കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങളുടെ ചാരെയെത്തി. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 8 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 11.30-ന് പാപ്പാ  ഭൂകമ്പബാധിത പ്രദേശമായ കമെരീനോയിലേക്ക് വത്തിക്കാനില്‍ നിന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം പുറപ്പെട്ടു. താല്ക്കാലിക പാര്‍പ്പിടങ്ങളില്‍ വസിക്കുന്ന ഭൂകമ്പബാധിതരുടെ പക്കലെത്തിയ പാപ്പാ തുടര്‍ന്ന് കത്തീദ്രല്‍ സന്ദര്‍ശിക്കുകയും കമെരീനൊ-സാന്‍ സെവെരീനൊ മാര്‍ക്കെ അതിരൂപതയു‌ടെ അതിര്‍ത്തിക്കുള്ളില്‍ വരുന്ന നഗരങ്ങളുടെ അധിപന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തദ്ദനന്തരം പാപ്പാ കമെരീനൊയിലെ കാവൂര്‍ ചത്വരത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. ഈ ദിവ്യപൂജയുടെ സമാപനാശീര്‍വ്വാദത്തിനു മുമ്പാണ് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചത്. ഉച്ചതിരിഞ്ഞ് പാപ്പാ കമെരീനൊ-സാന്‍ സെവെരീനൊ മാര്‍ക്കെ അതിരൂപതയില്‍ ഇക്കൊല്ലം പ്രഥമദിവ്യകാരുണ്യം സ്വീകരിക്കാന്‍ ഒരുങ്ങുന്ന കൂട്ടികളുമായി കൂടിക്കാഴ്ച നടത്തി. പാപ്പാ വൈകുന്നേരം വത്തിക്കാനില്‍ തിരിച്ചെത്തി.

കവൂര്‍ ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ അവസാനഭാഗത്ത് പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിച്ചു. പ്രാര്‍ത്ഥനയ്ക്ക് മുമ്പ് പാപ്പാ ഒരു ഹ്രസ്വവിചിന്തനം നടത്തി.

ഇറ്റലിയില്‍, സര്‍ദേഞ്ഞ ദ്വീപിലെ പോത്സൊമജോരെയില്‍, ശനിയാഴ്ച (15/06/2019) നടന്ന വാഴ്ത്തപ്പെപദപ്രഖ്യാപനം അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ വിചിന്തനം ആരംഭിച്ചത്.

ഇന്നലെ, അതായത്, ശനിയാഴ്ച, സര്‍ദേഞ്ഞയിലെ പോത്സൊമജോരെയില്‍ ഏദ്വിജെ കര്‍ബോണി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു. ഒരു സാധാരണക്കാരിയായിരുന്ന കര്‍ബോണി അനുദിനജീവിതത്തിലെ എളിയകാര്യങ്ങളില്‍ കുരിശിനെ ആശ്ലേഷിക്കുകയും അങ്ങനെ വിശ്വാസത്തിന്‍റെയും ഉപവിയുടെയും സാക്ഷ്യം ഏകുകയും ചെയ്തു. സ്വജീവിതം പൂര്‍ണ്ണമായും ദൈവത്തിനും മറ്റുള്ളവര്‍ക്കുമായി ഉഴിഞ്ഞുവച്ച ഈ വിശ്വസ്ത ക്രിസ്തുശിഷ്യയെ ലഭിച്ചതിന് നമുക്ക് ദൈവത്തിനു നന്ദി പറയാം. നവവാഴ്ത്തപ്പെട്ടവള്‍ക്കായി നമുക്കെല്ലാവര്‍ക്കും കരഘോഷം മുഴക്കാം.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ അഭയാര്‍ത്ഥികളെ അനുസ്മരിച്ചു. ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥികള്‍ക്കായുള്ള ആഗോളദിനം ആചരിക്കുന്ന വേളയില്‍ അവരെ പ്രത്യേകം ഓര്‍ക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

അഭയാര്‍ത്ഥികള്‍ക്കായുള്ള അഭ്യര്‍ത്ഥന

യുദ്ധങ്ങളിലും പീഢനങ്ങളിലും മൗലികാവകാശങ്ങളുടെ ലംഘനങ്ങളിലും നിന്ന് പലായനം ചെയ്യുന്ന സ്ത്രീപുരുഷന്മാരോടും കുട്ടികളോടും ഐക്യദാര്‍ഢ്യം പുലര്‍ത്താന്‍ ഈ ദിനാചരണം നമ്മെ എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. അവരുടെ ആവശ്യങ്ങളിലും സഹനങ്ങളിലും നമ്മുടെ സഭാസമൂഹങ്ങളും പൗരസമൂഹങ്ങളും അവരുടെ ചാരെ ആയിരിക്കുകയും കരുതല്‍കാണിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുകയും ചെയ്തു.

പേര്‍ഷ്യന്‍ ഗള്‍ഫിലെ സംഘര്‍ഷസാധ്യതകള്‍ ആശങ്കാജനകം 

പേര്‍ഷ്യന്‍ ഗള്‍ഫില്‍ സംഘര്‍ഷ സാധ്യതകള്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നതില്‍ പാപ്പാ ആശങ്ക പ്രകടിപ്പിച്ചു. മദ്ധ്യപൂര്‍വ്വദേശത്തെ സങ്കീര്‍ണ്ണമായ പ്രശന്ങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്രോപാധികള്‍ ഉപയോഗിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. സംഭാഷണത്തിനും സമാധാനത്തിനും വഴിയൊരുക്കുന്ന സകല സാധ്യതകളും ഉപയോഗപ്പെടുത്താന്‍ പാപ്പാ അന്താരാഷ്ട്രസമൂഹത്തോട് ഹൃദയംഗമമായി ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിച്ചു.

നന്ദി പ്രകാശനം

ഈ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പാപ്പാ ദിവ്യബലിയില്‍ സംബന്ധിച്ച സകലരെയും അഭിവാദ്യം ചെയ്തു. രോഗികള്‍ക്കും വൃദ്ധജനത്തിനും, തടവുകാര്‍ക്കും റേഡിയൊ ടെലവിഷന്‍ മാദ്ധ്യമങ്ങളിലൂടെ ആദ്ധ്യാത്മികമായി ഈ ദിവ്യബലിയില്‍ പങ്കുകൊണ്ടവര്‍ക്കും പാപ്പാ തന്‍റെ സ്നേഹാഭിവാദ്യമര്‍പ്പിച്ചു. ഹ്രസ്വമെങ്കിലും തീവ്രതരമായിരുന്ന ഈ ഇടയസന്ദര്‍ശനത്തിന്‍റെ വിജയത്തിനായി കമെരീനൊ-സാന്‍ സെവെരീനൊ മാര്‍ക്കെ അതിരൂപതയോടു ഉദാരമനസ്സോടെ സഹകരിച്ചു പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും എല്ലാ വ്യക്തികള്‍ക്കും പാപ്പാ നന്ദി പറഞ്ഞു. സാന്‍ സെവെരീനൊ മാര്‍ക്കെയിലെ നിവാസികള്‍ക്ക് സവിശേഷമാംവിധം അഭിവാദ്യമര്‍പ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നു വെളിപ്പെടുത്തിയ പാപ്പാ പ്രസ്തുത നഗരത്തിനു മുകളിലൂടേ ഹെലിക്കോപ്റ്ററില്‍ പറക്കവെ താന്‍ അതു ചെയ്യുമെന്നു പറഞ്ഞുകൊണ്ട് ഇപ്രകാരം തുടര്‍ന്നു:

പ്രിയ സഹോദരീസഹോദരന്മാരേ, നിങ്ങളുടെ മണ്ണ് സമ്പന്നമായിരിക്കുന്ന വിശുദ്ധിയുടെ നിരവധിയായ സാക്ഷ്യങ്ങളോടു വിശ്വസ്തരായിരുന്നുകൊണ്ട് വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ഉപവിയുടെയും പാതയില്‍ ഒത്തൊരുമിച്ച് ആനന്ദത്തോടെ ചരിക്കാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ. വിശുദ്ധരായ വെനാന്‍സിയൊ, സെവെരീനൊ, അന്‍സോവീനൊ, തൊളെന്തീനൊയിലെ നിക്കൊളാസ്, പചീഫിക്കൊ, വാഴ്ത്തപ്പെട്ട ബത്തീസ്ത വറാനൊ എന്നിവരെ ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു. വാഴ്ത്തപ്പെട്ടവരോ, വിശുദ്ധരോ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്തവരും എന്നാല്‍ തങ്ങളുടെ ക്രിസ്തീയജീവിതത്തിന്‍റെ ശക്തികൊണ്ട് കുടുംബങ്ങളെയും സമൂഹങ്ങളെയും താങ്ങിനിറുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്ത നിരവധി പുണ്യാത്മാക്കളെയും ഞാന്‍ അനുസ്മരിക്കുന്നു.

ഇനി നമുക്ക് കര്‍ത്താവിന്‍റെ മാലാഖ എന്ന പ്രാര്‍ത്ഥന ചൊല്ലാം. ഈ രൂപതാസമൂഹത്തെ മുഴുവനും ഞാന്‍ പരിശുദ്ധ കന്യകാമറിയത്തിനു, പ്രത്യേകിച്ചു, “സാന്ത മരിയ ഇന്‍ വിയ” എന്ന അഭിധാനത്തില്‍ നിരവധി ദേവാലയങ്ങളില്‍ വണങ്ങപ്പെടുന്ന കന്യകയ്ക്ക് സമര്‍പ്പിക്കുന്നു. തന്‍റെ മാതൃസന്നിഭ സാന്നിധ്യത്താല്‍ യേശുവിന്‍റെ ആദ്യ ശിഷ്യഗണത്തെ നയിച്ച അവള്‍ ഇന്ന് സുവിശേഷത്തിന്‍റെ  നല്ല സാക്ഷ്യമേകാന്‍ സഭയെയും സഹായിക്കട്ടെ.

ഈ വാക്കുകളില്‍ തന്‍റെ സന്ദേശം ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ  മാലാഖ എന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വാദം നല്കുകയും ചെയ്തു. 

 

17 June 2019, 12:01