ഫ്രാന്‍സീസ് പാപ്പായുടെ സ്നേഹ സ്പര്‍ശം, വത്തിക്കാനില്‍ ബുധനാഴ്ചത്തെ (12/06/2019) പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പായുടെ സ്നേഹ സ്പര്‍ശം, വത്തിക്കാനില്‍ ബുധനാഴ്ചത്തെ (12/06/2019) പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ 

ജീവനെ നശിപ്പിക്കുന്നതും പരീക്ഷണവസ്തുവാക്കുന്നതും നിഷിദ്ധം!

മനുഷ്യജീവന്‍ എന്നും ആദരിക്കപ്പെടുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കുക, കുടുംബാന്തരീക്ഷത്തില്‍ സുവിശേഷാത്മക മൂല്യങ്ങള്‍ക്ക് സാക്ഷ്യമേകുക, ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജീവനെ സംരക്ഷിക്കുകയും പരിചരിക്കുകയും ചെയ്യാന്‍ വിളിക്കപ്പെട്ടവരാണ് നാം എന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, ബുധനാഴ്ച (12/06/19) അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസരത്തില്‍ നടത്തിയ പ്രഭാഷണാനന്തരം വിവിധരാജ്യക്കാരെ പ്രത്യേകം പ്രത്യേകം അഭിവാദ്യം ചെയ്ത ഫ്രാന്‍സീസ് പാപ്പാ പോളണ്ടുകാരുടെ ഒരു സംഘത്തെ സംബോധന ചെയ്യുകയായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച (09/06/2019) വിവിധ രാജ്യക്കാരോടൊപ്പം പോളണ്ടുകാരും ജീവനുവേണ്ടിയുള്ള പദയാത്രയില്‍ പങ്കെടുത്തതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ജീവന്‍ ദൈവിക ദാനമാണെന്ന സന്ദേശം പേറുന്നതായിരുന്നു ഈ പദയാത്രയെന്ന് പറഞ്ഞു.

ജീവന്‍ രോഗത്താലും യാതനകളാലും മുദ്രിതമാകുമ്പോള്‍ അമ്മയുടെ ഉദരത്തില്‍ നിന്നു തുടങ്ങി എല്ലാ ഘട്ടങ്ങളിലും സംരക്ഷണവും സേവനവും അതിനു ഉറപ്പുവരുത്താന്‍ നമുക്കുള്ള കടമയെക്കുറിച്ചും പാപ്പാ ഓര്‍മ്മിപ്പിച്ചു. 

ജീവനെ നശിപ്പിക്കുന്നതും അതിനെ പരീക്ഷണവസ്തുവാക്കുന്നതും പ്രമാദപരങ്ങളായ ആശയങ്ങള്‍ക്കു വിധേയമാക്കുന്നതും നിഷിദ്ധമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

മനുഷ്യജീവന്‍ എന്നും ആദരിക്കപ്പെടുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കാനും, അങ്ങനെ, കുടുംബാന്തരീക്ഷത്തില്‍ സുവിശേഷാത്മക മൂല്യങ്ങള്‍ക്ക് സാക്ഷ്യമേകാനും ഫ്രാന്‍സീസ് പാപ്പാ എല്ലാവരേയും ക്ഷണിക്കുകയും ചെയ്തു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 June 2019, 10:08