Pope Francis  addressed the judges from 4 Americans in Casina Pio IV in Vatican Pope Francis addressed the judges from 4 Americans in Casina Pio IV in Vatican 

നിയമ സംവിധാനങ്ങളില്‍ മാറ്റം വേണമെന്ന് പാപ്പാ ഫ്രാന്‍സിസ്

വത്തിക്കാനില്‍ സംഗമിച്ച ന്യായാധിപന്മാരുടെ സമ്മേളനത്തില്‍ നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അമേരിക്കകളില്‍നിന്നുമുള്ള ന്യായാധിപന്മാര്‍
ജൂണ്‍ 4- Ɔο തിയതി ചൊവ്വാഴ്ച വൈകുന്നേരം പിയൂസ് നാലാമന്‍ പാപ്പായുടെ നാമത്തിലുള്ള വത്തിക്കാന്‍ തോട്ടത്തിലെ മന്ദിരത്തില്‍ ചേര്‍ന്ന മൂന്നു അമേരിക്കയിലെയും ന്യായാധിപന്മാരുടെ പ്രതിനിധി സംഘത്തെ അഭിസംബോധനചെയ്തുകൊണ്ടു സ്പാനിഷില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. “പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങളും സമൂഹത്തിന്‍റെ അവകാശങ്ങളും,” എന്ന ശീര്‍ഷകത്തില്‍ വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയാണ് ത്രിദിന സമ്മേളനം സംഘടിപ്പിച്ചത്.

കാലഹരണപ്പെട്ട നിയമസംവിധാനങ്ങള്‍ നവീകരിക്കണം
ഫലവത്തായ സാമൂഹിക നീതി നടപ്പാക്കേണ്ട മൂന്നു അമേരിക്കയിനിന്നുമുള്ള (North, Central & South) ന്യായാധിപന്മാരുടെ ഉത്തരവാദിത്ത്വപൂര്‍ണ്ണമായ സ്ഥാനത്തെയും തൊഴിലിനെയും കുറിച്ചാണ് പാപ്പാ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചത്. വ്യവസ്ഥാപിതവും ചിപ്പോള്‍ കാലഹരണപ്പെട്ടതുമായ നിയമ സംവിധാനങ്ങളില്‍ പരിവര്‍ത്തനവും നവീകരണവും വേണമെന്നുതന്നെ പാപ്പാ പ്രഭാഷണത്തില്‍ സമര്‍ത്ഥിച്ചു. വത്തിക്കാന്‍റെ ക്ഷണം സ്വീകരിച്ച് 106 ന്യായാധിപന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

മനുഷ്യാവകാശ നയങ്ങളെ പഴഞ്ചനായി കാണരുത്
“പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന സാമൂഹികനീതിയുടെ ശബ്ദം,” എന്ന വിഷയത്തെ ആധാരമാക്കി 2018 ഡിസംബറില്‍ അര്‍ജന്‍റീനയിലെ ബ്യുനസ് ഐരസില്‍ സമ്മേളിച്ച അമേരിക്ക ഭൂഖണ്ഡത്തിലെ മജിസ്ട്രേട്ടുമാരുടെയും ജഡ്ജിമാരുടെയും സംഗമത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമി ന്യായാധിപന്മാരുടെ ത്രിദിന സംഗമം (ജൂണ്‍ 2-4) സംഘടിപ്പിച്ചത്. സാമൂഹിക അവകാശങ്ങളെ പഴഞ്ചനായും, കാലഹരണപ്പെട്ടതായും, സമകാലീന സമൂഹത്തില്‍ അവയ്ക്ക് പ്രസക്തിയില്ലെന്നും ചിന്തിക്കുന്ന ഒരു നിയമ സംവിധാനവും, നിയമനടപടിക്രമങ്ങളുമാണ് നിലവിലുള്ളത് എന്നാണു തന്‍റെ ഭീതിയെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രഭാഷണത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. അതുവഴി, അസമത്വവും അനീതിയും, അഴിമതിയും, നന്മയുടെ പാര്‍ശ്വവത്ക്കരണവും സമൂഹത്തില്‍ സ്വീകാര്യമാകുന്ന ഒരു സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സംവിധാനത്തിന് വഴി തുറക്കുകയാണ്. ഇതു സമൂഹത്തില്‍ നീതി തേടുന്നവര്‍ക്ക്, പ്രത്യേകിച്ച് സമൂഹത്തില്‍ നവമായ നയങ്ങള്‍ രൂപീകരിക്കേണ്ടവര്‍ക്കും, പാവങ്ങള്‍ക്കും വാസ്തവികമായും യഥാര്‍ത്ഥമായും നീതിക്കുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും, നന്മയ്ക്കും നീതിക്കുമായുള്ള അവരുടെ കരച്ചില്‍ ഒരു വനരോദനമായി മാറുകയും ചെയ്യും.

ആഗോള ധാര്‍മ്മികത അപകടാവസ്ഥയിലോ?
മാനുഷിക ധാര്‍മ്മികത അപകടാവസ്ഥയിലേയ്ക്കോ സന്നിഗ്ദ്ധസ്ഥിതിയിലേയ്ക്കോ തിരിയുന്ന ഒരു സാമൂഹിക ഘട്ടത്തില്‍ ലോകം എത്തിനില്കുകയാണ്. സാമൂഹിക ജീവിതത്തില്‍ വൈരുധ്യങ്ങള്‍ പ്രകടമായി കാണുന്ന പ്രതിസന്ധികളുടെ കാലഘട്ടവും, ജീവിതത്തിന്‍റെ സാമൂഹിക അവസരങ്ങള്‍ അപകടകരമാകുന്ന ചുറ്റുപാടിലുമാണ് നാമിന്ന്. ഒരു ഭാഗത്ത് അസാമാന്യമായ നൈയ്യാമിക വികസനങ്ങള്‍ കാണുമ്പോള്‍, മറുഭാഗത്ത് സൃഷ്ടമായ അവകാശങ്ങളുടെയും നീതിനിഷ്ഠയുടെയും വളരെ പ്രകടമായ നിഷേധവും തകര്‍ച്ചയും ആഗോളതലത്തില്‍ ദൃശ്യമാണ്. യഥാര്‍ത്ഥത്തില്‍ ഇന്ന് നവമായ നയങ്ങളുടെ കര്‍ത്താക്കളും, സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളും ആഗ്രഹിക്കുന്നത് മനുഷ്യാവകാശങ്ങളെ നിയന്ത്രിക്കുകയും, ചിലഘട്ടങ്ങളില്‍ തള്ളിക്കളയുകയോ, നിഷേധിക്കുകയോ ചെയ്യുന്ന നിയമ നടപടിക്രമങ്ങളാണ്. ഇവയുടെ പിന്നിലെ കാരണങ്ങളായി സാമ്പത്തിക മാന്ദ്യമെന്നോ, സാമൂഹിക നേട്ടമെന്നോ, അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണമായോ വ്യാഖ്യാനിക്കപ്പെടാം.

കോഴവാങ്ങുന്ന ന്യായപീഠം!
ഒരു നിര്‍ദ്ദിഷ്ട ശത്രുവിന് എതിരെ കരുനീക്കള്‍ നടത്താന്‍ നാട്ടിലെ പ്രമുഖരുടെയോ രാഷ്ട്രീയക്കാരുടെയോ പക്ഷംചേര്‍ന്ന് നീതിപീഠത്തില്‍ ഇരിക്കുന്നവര്‍ കോഴവാങ്ങുന്ന അതിക്രമത്തെ (lawfare) ജനാധിപത്യത്തെ തകര്‍ക്കുന്ന അധര്‍മ്മമെന്ന് പാപ്പാ വിശേഷിപ്പിച്ചു. ഇത് വളരുന്ന രാഷ്ട്രീയ സംവിധാനങ്ങളെയും മനുഷ്യാവകാശ നയങ്ങളെയും തരംതാഴ്ത്തകയും നശിപ്പിക്കുകയും ചെയ്യുന്ന നീക്കമാണെന്നു പാപ്പാ വിശദീകരിച്ചു.

മനുഷ്യാന്തസ്സിനു സ്ഥാനം നല്കുന്നവര്‍

സമൂഹത്തോടുള്ള ന്യായാധിപന്മാരുടെ ഉത്തരവാദിത്തം വലുതം മഹത്തരവുമാണ്. അവര്‍ സമൂഹത്തിന്‍റെ വിധിയെഴുതുന്നവരാണ്. ധൈര്യം, നീതി, മനുഷ്യാന്തസ്സിന്‍റെ പ്രാഥമ്യം എന്നിവയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ന്യായാധിപന്മാരെയും നീതിപാലകരെയും ലോകത്തിന് ആവശ്യമെന്ന പ്രസ്താവത്തോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2019, 09:24