Romania Blaj - beatification of Catholic-Greek martyr bishops Romania Blaj - beatification of Catholic-Greek martyr bishops 

ക്രിസ്തു കണ്ടെത്തിയ സാമൂഹിക അന്ധത

മെയ് 2, ഞായറാഴ്ച രാവിലെ - റൊമേനിയയിലെ ബായിഷില്‍ (Blaj) പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തിലെ ചിന്തകള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കത്തോലിക്ക-ഗ്രീക്ക് സഭയില്‍പ്പെട്ട 7 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക് ഉയര്‍ത്തിയ തിരുക്കര്‍മ്മത്തില്‍ വിശുദ്ധ യോഹന്നാന്‍റെ സുവിശേഷഭാഗത്തെ ആധാരമാക്കി നല്കിയ വചനപ്രഭാഷണത്തില്‍നിന്നും എടുത്തത് :

അന്ധതയ്ക്കു കാരണം പാപമോ?
അന്ധതയ്ക്കു കാരണം കുരുടന്‍റെ പാപങ്ങളോ, അവന്‍റെ മാതാപിതാക്കളുടെ പാപങ്ങളോ? ഈശോയുടെ ശിഷ്യന്മാര്‍ ഉയര്‍ത്തിയ ചോദ്യം സമൂഹത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിഭിന്നതയ്ക്കും കാരണമായി! എന്നാല്‍ മനുഷ്യമനസ്സുകളെ അന്ധമാക്കുന്നത് എന്താണെന്നാണ് സുവിശേഷ ഭാഗത്തിലൂടെ ക്രിസ്തുതന്നെ പഠിപ്പിക്കുന്നുണ്ട് (യോഹ. 9, 1-36). ക്രിസ്തു അന്ധനു കാഴ്ച നല്കിയിട്ട്, അന്ധതയ്ക്കു കാരണം ആരുടെയും പാപമല്ലെന്നു മനസ്സിലാക്കി കൊടുത്തു.

വാര്‍ത്തയാക്കപ്പെടുന്ന പ്രതിസന്ധികള്‍
കാഴ്ച നല്കിയത് നല്ല കാര്യമായിരുന്നെങ്കിലും, സാബത്തു ദിനത്തില്‍ അതു ചെയ്തത് ശരിയായില്ല എന്നതായിരുന്ന പ്രശ്നവും, സമൂഹം ഉന്നയിച്ച ആരോപണവും. ഒരു പാവം മനുഷ്യനു കാഴ്ച ലഭിച്ചുവെന്നത് സമൂഹത്തിനു വാര്‍ത്തയല്ലായിരുന്നു. ഒരു നന്മയെച്ചൊല്ലി സമുദായ പ്രമാണികള്‍ ഉണ്ടാക്കിയ പ്രതിസന്ധിയാണ് വാര്‍ത്തയായത്. ജനങ്ങള്‍ തന്നെയാണ് കാഴ്ച ലഭിച്ചവനെ ആദ്യം ചോദ്യംചെയ്യുന്നത്, പിന്നെ പ്രമാണികളും. കാഴ്ച നല്കിയവന്‍റെ വ്യക്തിത്വത്തെയും അധികാരത്തെയും സമൂഹം ചോദ്യം ചെയ്യുന്നുണ്ട്. ഇന്നത്തെ സുവിശേഷഭാഗം അതാണ് വ്യക്തമാക്കുന്നത്.

മനുഷ്യര്‍ക്കു ലഭ്യമാകുന്ന
ദൈവത്തിന്‍റെ രക്ഷയും സ്വാതന്ത്ര്യവും

എന്നാല്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ സമൂഹത്തിന്‍റെ വിളുമ്പില്‍നിന്നും കേന്ദ്രസ്ഥാനത്തേയ്ക്കു കൊണ്ടുവരുന്നതാണ് ക്രിസ്തുവിനെ സംബന്ധിച്ച് സ്വാതന്ത്ര്യം. എന്നാല്‍ എല്ലാവരും രക്ഷപ്രാപിക്കണം എന്ന ദൈവത്തിന്‍റെ ആഗ്രഹത്തെയും ഇഷ്ടത്തെക്കാളും വലുതാണ് മതാനുഷ്ഠാനങ്ങള്‍, സാബത്ത് എന്നാണ് സമൂഹത്തിന്‍റെയും സമൂഹപ്രമാണികളുടെയും നിലപാട്. അന്ധന്‍റെ അന്ധതയെ വെല്ലുന്ന അന്ധതയാണ് ക്രിസ്തു ചുറ്റുമുള്ളവരില്‍ കാണുന്നത്. മനുഷ്യനെ കേന്ദ്രസ്ഥാനത്തു കാണുന്നതിനു പകരം, മറ്റു താല്പര്യങ്ങളാണ് ചുറ്റുമുള്ളവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.

പാര്‍ശ്വവത്ക്കരണത്തിനുള്ള പ്രത്യയ  ശാസ്ത്രങ്ങള്‍
പലപ്പോഴും നാം വ്യക്തികളെ മുദ്രയടിച്ചു തള്ളാറുണ്ട്, പാര്‍ശ്വവത്ക്കരിക്കാറുണ്ട്! അതിന്‍റെ പിന്നില്‍ പ്രത്യേക താല്പര്യങ്ങളും, ‘തിയറികളും’, പ്രത്യയശാസ്ത്രങ്ങളും കണ്ടെന്നു വരാം. എന്നാല്‍ ക്രിസ്തു അപ്രകാരം ചെയ്യുന്നില്ല, മറിച്ച് അപരന്‍റെ കണ്ണുകളില്‍ നോക്കി അയാളുടെ വ്യക്തിത്വത്തിന്‍റെ മാറ്റു നിര്‍ണ്ണയിക്കുന്നു. എന്നിട്ട് അവനോടു കരുണകാട്ടുന്നു. അയാള്‍ക്കു രക്ഷ നല്കുന്നു.

പീഡനങ്ങളിലും പ്രകടമാക്കിയ സ്വാതന്ത്ര്യവും കാരുണ്യവും
റൊമേനിയന്‍ ജനത ഒരു മേല്‍ക്കോയ്മയുടെ നുകത്തിന്‍ കീഴില്‍ പരിത്യക്തതയും അസ്വാതന്ത്ര്യവും പീഡനങ്ങളും അനുഭവിച്ചിട്ടുള്ളതാണ്. അതില്‍ കൊല്ലപ്പെട്ട 7 ഗ്രീക്ക്-കത്തോലിക്കാ മെത്രാന്മാരെ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തുകയുണ്ടായി. പീഡനങ്ങളിലും അവര്‍ മാതൃകാപരമായ വിശ്വാസവും സഹോദര സ്നേഹവും പ്രകടമാക്കി.  റൊമേനിയന്‍ ജനത  ഈ രക്തസാക്ഷികളില്‍നിന്നും അവര്‍ ജീവിച്ച സ്വാതന്ത്ര്യവും കരുണയും   നാം പഠിക്കേണ്ടതാണ്. അത് ഉള്‍ക്കൊള്ളുകയും വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടതുമാണ്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാകല്യസംസ്കൃതി 
അസ്വാതന്ത്ര്യത്തിന്‍റെയും അനീതിയുടെയും നിരീശ്വരത്വത്തിന്‍റെയും മേല്‍ക്കോയ്മയെ രക്തസാക്ഷികള്‍ ആത്മീയമായി മറികടന്നു. വൈവിധ്യങ്ങളിലും ഐക്യവും ഏകത്വവും കണ്ടെത്തുന്നതും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതമായൊരു സാകല്യസംസ്കൃതിക്കായി നിലനില്ക്കുന്നതുമാണ് യഥാര്‍ത്ഥമായ സ്വാതന്ത്ര്യമെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഘാതകരെപ്പോലും സ്നേഹിച്ച ആര്‍ദ്രത
കാരുണ്യം രക്തസാക്ഷികള്‍ പകര്‍നല്കുന്ന മറ്റൊരു ആത്മീയ പുണ്യമാണ്. ക്രിസ്തുവിനെ അനുകരിക്കുന്നതിലുള്ള അവരുടെ നിര്‍ബന്ധം മരണസമയത്തുപോലും തങ്ങളുടെ ഘാതകരെ വെറുക്കാനായിരുന്നില്ല, മറിച്ച് അവരോടു കാരുണ്യവും സഹാനുഭാവവും കാട്ടാനായിരുന്നു. “പീഡകരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുന്നതിനും, അവരോടു ക്ഷമ കാണിക്കുന്നതിനുംവേണ്ടിയാണ് തങ്ങളെ ഈ യാതനകളുടെ ഇരുട്ടില്‍ ആഴ്ത്തിയത്,” എന്നാണ് രക്തസാക്ഷികളില്‍ ഒരാളായ യൂലിയൂ ഹോസ് അവസാനമായി ഉച്ചരിച്ചത്.

നിഷേധാത്മകമായ ജീവിത പരിസരങ്ങള്‍
വെറുപ്പിന്‍റെയും പകയുടെയും പ്രതികാരത്തിന്‍റെയും പ്രത്യയശാസ്ത്രങ്ങളായ മേല്‍ക്കോയ്മകള്‍ നന്മയെ ഇല്ലാതാക്കാനും തിന്മയുടെ ആധിപത്യം സ്ഥാപിക്കാനും ഇറങ്ങി പുറപ്പെടുന്നുണ്ട്. നിരീശ്വരത്വം എന്ന പ്രത്യയശാസ്ത്രം യുവതലമുറയെ അവരുടെ പൈതൃകത്തില്‍നിന്നും സംസ്കാരത്തനിമയില്‍നിന്നും പറിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് തിന്മയുടെ കുതന്ത്രമാണ്. എല്ലാവരും താല്ക്കാലിക നേട്ടത്തിനാണ് ഇന്ന് പരിശ്രമിക്കുന്നത്. വേരുകളില്‍നിന്നും പുതിയ തലമുറയെ പിഴുതുമാറ്റി ഒറ്റപ്പെടുത്താനും വ്യക്തിയുടെയും, ജീവന്‍റെയും, വിവാഹബന്ധത്തിന്‍റെയും കുടുംബജീവിതത്തിന്‍റെയും മൂല്യങ്ങള്‍ തച്ചുടക്കാനും ശ്രമിക്കുന്ന പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും ചുറ്റും തലപൊക്കുകയും, യുവതലമുറയെ സാമൂഹികഭദ്രതയില്‍നിന്നും പിഴുതുമാറ്റാന്‍ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്.

കൂട്ടായ്മയില്‍ മുന്നേറാം!
ഇന്നും ഉയരുന്ന പീഡനത്തിന്‍റെയും മതമൗലികതയുടെയും പ്രതിസന്ധികളോട്, അതിനാല്‍ കാരുണ്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും വീക്ഷണത്തോടെയാണ് നാം പ്രതികരിക്കേണ്ടത്. ഈ വീക്ഷണം സ്വാതന്ത്ര്യവും സംവാദവും വളര്‍ത്തുകയും, വിഭജനത്തിന്‍റെയും ഭിന്നിപ്പുകളുടെയും ഭിത്തികള്‍ തകര്‍ത്ത് സമൂഹത്തില്‍‍ സ്നേഹവും സാഹോദര്യവും കൂട്ടായ്മയും സൃഷ്ടിക്കുകയും വേണം. ജീവിത മൂല്യങ്ങളും സാമൂഹിക നന്മയും വളര്‍ത്തുന്ന പ്രസ്ഥാനങ്ങളെയും പദ്ധതികളെയും തിരിച്ചറിയണം. മൂല്യച്യുതിക്കെതിരെ ശബ്ദമുയര്‍ത്തിയ യൂറോപ്പിന്‍റെ തോര്‍ദാ വിധിപ്രസ്താവം (Torda verdict of 1568) പ്രഭാഷണത്തില്‍ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ ചിന്തകള്‍ ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 June 2019, 18:14