Holy Mass in St. Joseph's Church Bucharest Holy Mass in St. Joseph's Church Bucharest 

ബുക്കാറെസ്റ്റ് നഗരമദ്ധ്യത്തിലെ സമൂഹബലിയര്‍പ്പണം

മെയ് 31 വെള്ളിയാഴ്ച - വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ബുക്കാറെസ്റ്റ് അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍

നഗരമദ്ധ്യത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഭദ്രാസനദേവാലയം
വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.45-ന് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റില്‍നിന്നും തുറന്ന പേപ്പല്‍ വാഹനത്തില്‍ 3 കിലോമിറ്റര്‍ അകലെ നഗരമദ്ധ്യത്തിലുള്ള വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ബുക്കാറെസ്റ്റ് അതിരൂപതയുടെ ഭദ്രാസന ദേവാലയത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് പുറപ്പെട്ടു. മാര്‍ഗ്ഗമദ്ധ്യേ നഗരവീഥിയില്‍ കാത്തുനിന്ന ജനാവലിയെ അഭിവാദ്യംചെയ്തുകൊണ്ടാണ് പാപ്പാ യാത്രതുടര്‍ന്നത്. വൈകുന്നേരം 6 മണിക്ക് പാപ്പാ ഭദ്രാസന ദേവാലയാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. ഉമ്മറത്ത് കാത്തുനിന്ന ബുക്കാറെസ്റ്റ് രൂപതയുടെ സഹായമെത്രാനും വികാരിയും വലിയ ജനാവലിയും പാപ്പായെ സ്വീകരിച്ചു.

സന്ദര്‍ശനത്തിരുനാളിലെ സമൂഹബലിയര്‍പ്പണം
മെയ് 31, പരിശുദ്ധ കന്യകാനാഥയുടെ സന്ദര്‍ശത്തിരുനാള്‍ ബലിയാണ് അവിടെ ലത്തീന്‍ ഭാഷയില്‍ അര്‍പ്പിക്കപ്പെട്ടത്. ആമുഖഗീതി, അനുതാപശുശ്രൂഷ, ഗ്ലോരിയഗീതം എന്നിവയിലൂടെ എന്നിവയിലൂടെ വചനശുശ്രൂഷയിലേയ്ക്കു പ്രവേശിച്ചു. ആദ്യവായന സെഫാനിയ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍നിന്നായിരുന്നു (സെഫാനിയ 3, 14-18). സിയോന്‍ പുത്രീ ആര്‍ത്തുല്ലസിക്കുക! ഇസ്രായിലിന്‍റെ രാജാവായ കര്‍ത്താവ് ഇതാ, നിങ്ങളുടെ മദ്ധ്യേ ആഗതനാകുന്നു, എന്ന മിശിഹായെക്കുറിച്ചുള്ള പ്രവചനഭാഗമാണ് റൊമേനിയന്‍ ഭാഷയില്‍ പാരായണംചെയ്യപ്പെട്ടത്. സങ്കീര്‍ത്തനവും അല്ലേലൂയ പ്രഘോഷണവും വിശ്വാസികള്‍ ചേര്‍ന്ന് ആലപിച്ചു. ചാര്‍ച്ചക്കാരിയായ എലിസബത്തിനെ സന്ദര്‍ശിക്കുന്നതും, മറിയത്തിന്‍റെ സ്തോത്രഗീതവും ഉള്‍ക്കൊള്ളുന്ന സുവിശേഷഭാഗവും (ലൂക്കാ 1, 39-56) റൊമേനിയന്‍ ഭാഷയില്‍ വായിച്ചു. പാപ്പാ വചനപ്രഭാഷണം നടത്തി.

സജീവ പങ്കാളിത്തത്തിന്‍റെ ആഘോഷം
വിശ്വാസികളുടെ പ്രാര്‍ത്ഥന, കാഴ്ചവയ്പ്, ആമുഖഗീതം, സ്ത്രോത്രയാഗ കര്‍മ്മം എന്നിവയിലൂടെ ദിവ്യബലി തുടര്‍ന്നു. ദിവ്യകാരുണ്യ സ്വീകരണത്തിന് ആമുഖമായി കര്‍തൃപ്രാര്‍ത്ഥന എല്ലാവരും ചേര്‍ന്നു ചൊല്ലി. തുടര്‍ന്നു നടന്ന ദിവ്യകാരുണ്യ സ്വീകരണകര്‍മ്മത്തിനുശേഷം, ബുക്കാറെസ്റ്റ് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഇയാന്‍ റോബു പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു. പാപ്പായുടെ സവിശേഷമായ സാന്നിദ്ധ്യം വിശ്വാസത്തിലും കൂട്ടായ്മയിലും സമാധാനത്തിലും വളരാന്‍ റൊമേനിയന്‍ ജനതയ്ക്ക് കരുത്താണെന്നു ഉച്ചരിച്ചുകൊണ്ടും പ്രസ്താവിച്ചുകൊണ്ടും, പാപ്പായുടെ ആശീര്‍വ്വാദവും പ്രാര്‍ത്ഥനയും യാചിച്ചുകൊണ്ടുമാണ് നന്ദിയുടെ വാക്കുകള്‍ ഉപസംഹരിച്ചത്. തുടര്‍ന്ന് സമാപാനാശീര്‍വ്വാദമായിരുന്നു. വിശ്വാസികള്‍ക്കൊപ്പം പാപ്പായും Salve Regina സ്വസ്തീ രാജ്ഞീ, എന്ന മരിയഗീതം ആലപിച്ചതിനുശേഷമാണ് ബലിവേദി വിട്ടിറങ്ങിയത്. ഗായകസംഘം സമാപനഗാനം ആലപിച്ചു.

വിശ്രമത്തിന് വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരം
ദേവാലയാങ്കണത്തില്‍ത്തിനിന്നും പാപ്പാ യാത്രപറഞ്ഞ് ഇറങ്ങുമ്പോള്‍ പ്രാദേശിക സമയം വൈകുന്നരം 7.40 ആയിരുന്നു. തുറന്ന പേപ്പല്‍ വാഹനത്തില്‍ ജനങ്ങളോടു യാത്രപറഞ്ഞ്, 600 മീറ്റര്‍ അകലെയുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്ക് പാപ്പാ കാറില്‍ പുറപ്പെട്ടു. മാര്‍ഗ്ഗമദ്ധ്യേ കാത്തുനിന്നവരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് നീങ്ങിയത്. അവിടെ അത്താഴം കഴിച്ച് പാപ്പാ വിശ്രമിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2019, 19:54