തിരയുക

Vatican News
An Appeal to prayer for peace An Appeal to prayer for peace  (AFP or licensors)

സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം!

ജൂണ്‍ 8 ശനിയാഴ്ച, മദ്ധ്യാഹ്നം 1 മണിക്ക് - വിശുദ്ധനാടിന്‍റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നു പാപ്പാ ഫ്രാന്‍സിസ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനം
ജൂണ്‍ 8, ശനിയാഴ്ച മദ്ധ്യാഹ്നം 1 മണിക്ക്, ഒരു മിനിറ്റുനേരം ലോകത്ത് എവിടെയും എല്ലാവരും പലസ്തീന്‍-ഇസ്രായേല്‍ അനുരഞ്ജനത്തിനും സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു. ബുധനാഴ്ച, ജൂണ്‍ 5- Ɔο തിയതി വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് ഈ പ്രാര്‍ത്ഥനയ്ക്കുള്ള അഭ്യര്‍ത്ഥന പാപ്പാ നടത്തിയത്.

“കാത്തലിക് ആക്-ഷ”ന്‍റെ (Catholic Action) പിന്‍തുണ
പെന്തക്കൂസ്ത മഹോത്സവത്തിന്‍റെ തലേനാളാണ് ജൂണ്‍ 8, ശനിയാഴ്ച. കത്തോലിക്ക പ്രവര്‍ത്തകരുടെ രാജ്യാന്തര സംഘടനയായ കാത്തിലിക് ആക്-ഷനാണ് (Catholic Action, Azione Cattolica) പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച ഈ അഭ്യര്‍ത്ഥനയുടെ പ്രയോക്താക്കളും പ്രായോജകരും.

യഹുദരും മുസ്ലീങ്ങളും ക്രൈസ്തവരും
ഒരുമിച്ചു പ്രാര്‍ത്ഥിച്ച വേദി

വിഘടിച്ചുനില്ക്കുന്ന ഇസ്രായേല്‍, പലസ്തീന്‍ രാഷ്ട്രങ്ങളുടെ തലവന്മാരെ തന്‍റെ 2014-ലെ വിശുദ്ധനാട് അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ പ്രാര്‍ത്ഥിക്കാനും സംവദിക്കാനുമായി പാപ്പാ വത്തിക്കാനിലേയ്ക്കു ക്ഷണിച്ചിരുന്നു. അന്നത്തെ പ്രസിഡന്‍റുമാര്‍ - സീമോണ്‍ പേരസും, മുഹമ്മദ് അബ്ബാസും ആ ക്ഷണം സ്വീകരിച്ച്, അതേ വര്‍ഷം ജൂണ്‍ 8-ന് അനുരഞ്ജനപ്രാര്‍ത്ഥനയ്ക്കും സംവാദത്തിനുമായി വത്തിക്കാനില്‍ എത്തുകയുണ്ടായി. യഹുദരും മുസ്ലീങ്ങളും ക്രൈസ്തവരും
പലസ്തീന്‍ - ഇസ്രായേലിന്‍റെ സമാധാനത്തിനായി ഒരുമിച്ചു പ്രാര്‍ത്ഥിച്ച വേദി വത്തിക്കാന്‍ തോട്ടമായിരുന്നു.

സമാധാനശ്രമത്തിന്‍റെ വാര്‍ഷികം
പാപ്പാ ഫ്രാന്‍സിസ് ക്ഷണിച്ചതിന്‍റെയും, അവര്‍ ഒരുമിച്ചു പലസ്തീന പുണ്യഭൂമിയിലെ അനുരജ്ഞനത്തിനും സമാധാനത്തിനുമായി പ്രാര്‍ത്ഥിച്ചതിന്‍റെയും 5- Ɔο വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് ഒരുമിനിറ്റു പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനം പാപ്പാ ഫ്രാന്‍സിസ് ബുധനാഴ്ച വത്തിക്കാനിലെ പൊതുവേദിയില്‍ നടത്തിയത്.

സമാധാനത്തിനായി ഇനിയും പ്രാര്‍ത്ഥിക്കാം
ഇസ്രായേല്‍-പലസ്തീന്‍ ബന്ധങ്ങളില്‍ അനുരഞ്ജനം ഇനിയും ഉണ്ടാകണമെന്നും വിശുദ്ധനാട്ടില്‍ സമാധാനം വളരണമെന്നുമുള്ള അഭിവാഞ്ചയോടെയാണ്  1 നിമിഷം മൗനപ്രാര്‍ത്ഥനയ്ക്കായി, ലോകത്തെ സകലരെയും പാപ്പാ ഫ്രാന്‍സിസ്  ക്ഷണിക്കുന്നത്. ഈ ആഹ്വാനത്തിനു നമുക്കു കാതോര്‍ക്കാം, വിശുദ്ധനാടിന്‍റെ സമാധാനത്തിനായി ജൂണ്‍ 8-ന്, പെന്തക്കൂസ്ത മഹോത്സവത്തിന്‍റെ തലേനാള്‍ പാപ്പാ ഫ്രാന്‍സിസിനൊപ്പം പ്രാര്‍ത്ഥിക്കാം!
 

05 June 2019, 19:30