Pope Francis in Napoli for a talk on the current issue of Migration Pope Francis in Napoli for a talk on the current issue of Migration 

സാമൂഹ്യപദ്ധതികള്‍ ഇനിയും ജനകീയമാക്കണം : പാപ്പാ ഫ്രാന്‍സിസ്

തെക്കെ ഇറ്റലിയിലെ കമ്പാനിയ പ്രവിശ്യയിലെ മെത്രാന്‍ സംഘം സംഘടിപ്പിച്ച പൗരാധികാരികളുടെയും അവിടത്തെ മെത്രാന്മാരുടെയും സംയുക്ത സമ്മേളനത്തിന് പാപ്പാ ഫ്രാന്‍സിസ് അയച്ച സന്ദേശത്തില്‍നിന്ന് :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജനപ്രതിനിധികളും മെത്രാന്മാരും സംഗമിച്ചപ്പോള്‍
വടക്കെ ഇറ്റലിയിലെ ബെനവേന്തോ അതിരൂപതാ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഫീലിക്സ് അക്രോക്കയുടെ നേതൃത്വത്തില്‍ കമ്പാനിയ പ്രവിശ്യയിലെ (Province of Compania) എല്ലാ മെത്രാന്മാരുടെയും ഭരണകര്‍ത്താക്കളുടെയും പ്രഥമ സംയുക്ത സംഗമത്തിന് ജൂണ്‍
20-Ɔο തിയതി വ്യാഴാഴ്ച അയച്ച സന്ദേശത്തിലാണ് സമൂഹിക പദ്ധതികളും ജനസേവനവും കൂടുതല്‍ ജനകീയമായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത്.

സാമൂഹിക പ്രതിസന്ധികള്‍ക്ക് ധാര്‍മ്മികപ്രതിവിധികള്‍
ഇക്കാലഘട്ടത്തിലെ സാമൂഹിക പ്രതിസന്ധികള്‍ക്ക് ധാര്‍മ്മികമായ പ്രതിവിധികളും കണ്ടെത്തണമെന്ന തിരിച്ചറിവ് ജനസേവകരായ എല്ലാവര്‍ക്കും ഉണ്ടായിരിക്കണ്ടതാണെന്ന് പാപ്പാ ആമുഖമായി ചൂണ്ടിക്കാട്ടി. പൊതുകാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്നവര്‍ സേവന മനസ്ഥിതിയുള്ളവരും, സുതാര്യതയും സത്യസന്ധതയും പ്രശാന്തതയുമുള്ളവരും, പൊതുവായ ആവശ്യങ്ങളില്‍ പ്രതിബദ്ധതയുള്ളവരും, സഭയുടെ സാമൂഹ്യപ്രബോധനങ്ങളെ ആദരിക്കുന്നവരുമായിരിക്കണം. മാത്രമല്ല, ആ പ്രദേശത്തെ സാംസ്കാരിക വൈവിധ്യങ്ങളോ‌ട് പൊരുത്തമുള്ളവരുമായിരിക്കണം ജനനേതാക്കളെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു.

എല്ലാപദ്ധതികളിലും പാവങ്ങള്‍ക്കു പങ്കുണ്ടാകണം
ഇന്നിന്‍റെ സാമൂഹികപരിസരത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായ പാവങ്ങളുടെ ലോലമായ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് ആ പ്രവിശ്യയിലെ സഭാപരവും, രാഷ്ട്രീയവും, വിദ്യാഭ്യാസപരവും, സാമൂഹ്യവുമായ എല്ലാ പദ്ധതികളും യാഥാര്‍ത്ഥത്തില്‍ എളിയര്‍ക്കായി തുറന്നുകൊടുക്കേണ്ടതാണെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

ആശംസയും ഉപസംഹാരവും
ഇന്ന് എവിടെയും ധാരളമായി കണ്ടുവരുന്ന പാവങ്ങളോടുള്ള കാരുണ്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും അടയാളങ്ങള്‍ നിരന്തരമായി പ്രകടമാക്കിക്കൊണ്ട്, അവരുടെ തകരുന്ന ഹൃദയങ്ങളിലെ പ്രത്യാശ വീണ്ടെടുക്കാനും പുനര്‍സ്ഥാപിക്കാനും ആവതുചെയ്യണമെന്ന്, പാപ്പാ ഭരണകര്‍ത്താക്കളുടെ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. ബെനെവേന്തോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഫീലിക്സ് അക്രോക്കാവഴിയാണ് പാപ്പാ സമ്മേളനത്തിന് സന്ദേശം അയച്ചത്. സമ്മേളനം നന്മയുടെ ഫലങ്ങള്‍ കൊയ്യട്ടെയെന്നു ആശംസിക്കുകയും, ഏവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്കുകയും ചെയ്തുക്കൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 June 2019, 10:01