"ചിൽഡ്രൻസ് ട്രെയിന്‍" ലെ കുട്ടികളുമായി പാപ്പാ സംഭാഷണത്തില്‍... "ചിൽഡ്രൻസ് ട്രെയിന്‍" ലെ കുട്ടികളുമായി പാപ്പാ സംഭാഷണത്തില്‍...  

"ചിൽഡ്രൻസ് ട്രെയിന്‍" ലെ കുട്ടികളുമായി പാപ്പായുടെ സംഭാഷണം

വത്തിക്കാൻ ട്രെയിൻ സ്റ്റേഷൻ "ചിൽഡ്രൻസ് ട്രെയിനിനായി" ജൂൺ പത്താം തിയതി തുറക്കപ്പെട്ടു. ഓരോ വർഷവും പാപ്പായ്ക്കൊപ്പം ചെലവഴിക്കാൻ ഒരു ചെറിയ സംഘം ആളുകള്‍ എത്താറുണ്ട്. ഈ വർഷമെത്തിയവര്‍ ഇറ്റലിയിലെ അയൽസിൽ, സാർഡിനിയാ, ജെനോവാ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയ കുട്ടികൾ സാൻ ഡമാസോ മുറ്റത്തിലിരുന്നാണ് പാപ്പായുമായി സംഭാഷണത്തിലേർപ്പെട്ടത്. ഫ്രാൻസിസ് പാപ്പായുടെ വിദ്യാഭ്യാസ കാലഘട്ടത്തിലെ ജീവിതം, യാത്രകളെ കുറിച്ചുള്ള പാപ്പായുടെ ചിന്തകൾ, ദൈവവിളി, പാപ്പായുടെ ഏറ്റവും ഹൃദയ സ്പർശിയായ യാത്ര എന്നീ ചോദ്യങ്ങളാണ് കുട്ടികൾ പാപ്പായോടുന്നയിച്ചത്. വിദ്യാഭ്യാസം വാതിലുകൾ തുറക്കുമെന്നും ജീവിതത്തെ പ്രത്യാശയോടെ മുന്നോട്ടു കൊണ്ട് പോകാൻ സഹായിക്കുമെന്നും പറഞ്ഞ പാപ്പാ നന്നായി പഠികേണ്ടതിന്‍റെ ആവശ്യകതയെയും ഓർമ്മിപ്പിച്ചു. നമ്മോടൊപ്പം പഠിക്കുന്ന സഹപാഠിയെ ഒരിക്കലും വെറുക്കരുതെന്നും, നമുക്ക് ആരോടെങ്കിലും അതൃപ്‌തി തോന്നുമ്പോൾ അവരെ കുറിച്ച് മറ്റുള്ളവരോടു മോശമായി പറയരുതെന്നും പാപ്പാ കുട്ടികളെ ഓർമ്മിപ്പിച്ചു. അപരനെ കുറിച്ച് തിന്മ പറയരുതെന്ന് തന്നെ പഠിപ്പിച്ചത് തന്‍റെ അദ്ധ്യാപകയായിരുന്നെന്നു പറഞ്ഞ പാപ്പാ നന്മ ചെയ്യാനുള്ള ആഗ്രഹം ഹൃദയത്തിൽ രൂപപെടുമ്പോൾ ശക്തിയോടെ അത് പൂർത്തീകരിക്കാൻ പരിശ്രമിക്കണമെന്നും പറഞ്ഞു. പ്രകൃതിയെ മനുഷ്യൻ ബഹുമാനിക്കാത്തതിന്‍റെ കാരണമെന്താണെന്ന ചോദ്യത്തിനു  പ്ലാസ്റ്റിക് കുപ്പികളിൽ ലഭിക്കുന്ന മധുരപാനീയങ്ങള്‍ കുടിച്ചതിനു ശേഷം പാഴ്‌വസ്‌തുക്കളിടുന്ന കൊട്ടകളിൽ നിക്ഷേപിക്കാതെ കടലിൽ നിക്ഷേപിക്കുന്നതിനെ ചൂണ്ടിക്കാണിച്ച പാപ്പാ ചില സമയങ്ങളിൽ കടലിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ കഴിച്ചു മൽസ്യങ്ങൾ ചത്തൊടുങ്ങുന്നതിനെയും,  ലോകത്തിന്‍റെ ശ്വാസകോശമായ വനങ്ങള്‍ നശിപ്പിക്കുന്നതിനെയും പാപ്പാ വ്യക്തമാക്കി. പണത്തിനായി മറ്റുള്ളവരെ കൊലപാതകം ചെയ്യുന്നതിനെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യത്തിനു ജീവിക്കുന്നതിന് പണം ആവശ്യമാണ് എന്നാല്‍ പണത്തിനു വേണ്ടി ജീവിക്കുന്നു എന്ന മനോഭാവത്തിന് മനുഷ്യന്‍ അടിമപ്പെടുമ്പോൾ  കൊലപാതകങ്ങള്‍ സംഭവിക്കുന്നുവെന്ന് പാപ്പാ ഉത്തരം നൽകി. കുട്ടികളുമായുള്ള കൂടിക്കാഴ്ചയുടെ പൂർത്തിയിൽ കുട്ടികൾ ഒരു ഗാനം ആലപിച്ചു പാപ്പായ്‌ക്ക്‌ സമർപ്പിക്കുകയും ചെയ്തു. 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 June 2019, 10:29