ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....  

നിയമത്തോടുള്ള അമിത താത്പര്യം പുതിയ പെലേജിയനിസത്തിന്‍റെ അടയാളം

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിലെ 57-59 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം:

വിശുദ്ധിയുടെ വഴിയില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന രണ്ടു ശത്രുക്കളാണ് “ഗ്നോസ്റ്റിസിസം” (Gnosticism),പെലേജിയനിസം” (Pelagianism) എന്ന പാഷാണ്ഡതകള്‍. ഈ രണ്ടു പാഷണ്ഡതകളെയും സൂക്ഷിക്കാൻ പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാം അറിയാമെന്ന ചിന്തയും, കരുണയില്ലാതെ നിയമങ്ങളിൽ മുറുകെ പിടിച്ചു നില്‍ക്കുന്ന മനോഭാവവും വിശുദ്ധിയുടെ മാർഗ്ഗത്തെ വിദൂരത്തിലാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

57.   പുതിയ പെലെജിയൻമാർ

ഇനിയും മറ്റുചിലർ മറ്റൊരു മാർഗ്ഗം അവലംബിക്കാൻ നിഷ്കർഷിക്കുന്നുണ്ട്. സ്വന്തം നീതികൊണ്ട് സ്വയം നീതികരണം സാധിക്കുമെന്ന് അവർ ശഠിക്കുന്നു. ഇതാകട്ടെ മനുഷ്യ മനസ്സിന്‍റെയും, സ്വന്തം കഴിവുകളുടെയും ആരാധനയാണ്. അതിന്‍റെ ഫലം തന്നില്‍തന്നെ കേന്ദ്രീകരിച്ച് സ്നേഹമില്ലാത്ത പ്രമാണി വർഗ്ഗത്തിന്‍റെ(elitist) സ്വയം സംതൃപ്തി(self - Centred) യാണ്. ചിന്തയുടെയും, പ്രവർത്തനത്തിന്‍റെയും പരസ്പര ബന്ധമില്ലെന്ന് തോന്നുന്ന വിവിധ മാർഗ്ഗങ്ങളിൽ ഇത് ആവിഷ്കാരം കണ്ടെത്തുന്നു. നിയമത്തോടു ഒരു ഒഴിയാബാധ പോലെയുള്ള മനോഭാവം,  സാമൂഹികവും, രാഷ്ട്രീയവുമായ പ്രയോജനങ്ങളോടുള്ള ഒരു ആകർഷണം, തിരുസഭയുടെ ആരാധനാക്രമം, പ്രബോധനം, അന്തസ്സ് എന്നിവയോടു അനുഷ്ഠാനപരമായ ഒരു താല്പര്യം, പ്രായോഗിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് സംബന്ധിച്ച ഒരു പൊങ്ങച്ചം, സ്വയം സഹായത്തിന്‍റെയും, വ്യക്തിപരമായ പരിപാടികളോടുള്ള അമിതമായ ഒരു താല്പര്യം തുടങ്ങിയവയിൽ. ചില ക്രൈസ്തവർ സ്നേഹത്തിന്‍റെ മാർഗ്ഗത്തിൽ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന തങ്ങളെത്തന്നെ അനുവദിക്കുന്നതിനെക്കാൾ കൂടുതലായി സുവിശേഷത്തിന്‍റെ സൗന്ദര്യവും ആനന്ദവും അറിയുക്കുകയും ക്രിസ്തുവിനു വേണ്ടി ദാഹിക്കുന്ന വമ്പിച്ച ജനകൂട്ടങ്ങളുടെ ഇടയിൽ നഷ്ടപ്പെട്ടവരെ തിരയുകയും ചെയ്യുന്നതിനേക്കാൾ കൂടുതലായി അവരുടെ സമയവും ഊർജ്ജവും ഈ കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നു.

സ്വയം നീതികരിക്കുന്ന ശാഠ്യം

സ്വന്തം നീതി കൊണ്ട് സ്വയം നീതീകരണം സാധിക്കുമെന്ന് കരുതുന്ന പുതിയ പെലേജിയനിസത്തിന്‍റെ അനുയായികളെ കുറിച്ച് സൂചിപ്പിക്കുന്ന പാപ്പാ സ്വയം നീതികരിക്കുന്ന ശാഠ്യമാണ് സ്വയം ആരാധനയ്ക്കും സ്വയം സംതൃപ്തിക്കും കാരണമാകും എന്ന് നമ്മെ ഉത്ബോധിപ്പിക്കുന്നു.

പുതിയ പെലേജിയനിസത്തിന്‍റെ അനുയായികളായി വിശേഷിപ്പിക്കുന്ന രീതിയിൽ സ്വന്തം കഴിവുകളെ മുന്‍നിറുത്തി മറ്റുള്ളവരെ അവഹേളിക്കുകയും, ചെറുതാകുകയും ചെയ്യുന്ന ചില വ്യക്തികളെ ഇന്ന് നമ്മുടെ സമൂഹത്തിൽ കാണുവാൻ കഴിയും. മറ്റുള്ളവരോടുള്ള ഇവരുടെ ഇടപെടലുകൾ എപ്പോഴും പ്രമാണിവർഗ്ഗത്തിന്‍റെ ചിന്തയോടെയായിരിക്കും. നമ്മുടെ ജീവിതത്തിലും നാം മറ്റുള്ളവർക്ക് പെലേജിയനിസത്തിന്‍റെ അനുയായികളായി പ്രത്യക്ഷപ്പെടാതിരിക്കാൻ നമ്മുടെ ചിന്തകളെയും, മനോഭവങ്ങളെയും, പ്രവർത്തനങ്ങളെയും വിശുദ്ധീകരിക്കേണ്ടതിന്‍റെ ആവശ്യകതയെ പാപ്പാ ഈ പ്രബോധനത്തിൽ സൂചിപ്പിക്കുന്നു.

വിശ്വാസം നിയമത്തെക്കാൾ പ്രധാനം

നിയമത്തോടു ഒരു ഒഴിയാബാധ പോലെയുള്ള മനോഭാവത്തെ കുറിച്ചും പുതിയ പെലേജിയനിസത്തിന്‍റെ അടയാളമായി പാപ്പാ സൂചിപ്പിക്കുന്നു. ബലിയല്ലാ കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് പഠിപ്പിച്ച ക്രിസ്തുവിന്‍റെ വചനങ്ങളെ നിയമത്തിലും, അനുഷ്ഠാനങ്ങളിലും മാത്രം കാണാൻ ആഗ്രഹിക്കുന്ന  ഈ വർഗ്ഗക്കാർ ക്രിസ്തു പഠിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ടതും, ശ്രേഷ്ഠത നിറഞ്ഞതുമായ സ്നേഹത്തെ വിസ്മരിക്കുകയും ചെയ്യുന്നു.

“നിയമവും പ്രവാചകൻമാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു.

ഈ ദൈവനീതി വിശ്വസിക്കുന്ന എല്ലാവർക്കും ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്”.

(റോമാ.3:21-22). നാമോരോരുത്തരും സ്നേഹത്താൽ നയിക്കപ്പെടേണ്ടവരാണ്. ജീവനുള്ളപ്പോൾ മാത്രമേ നിയമത്തിന് ജീവിതം ഉണ്ടാകുകയുള്ളൂ. എന്ന് വചനം നമ്മെ ഓർമമ്മിപ്പിക്കുന്നു. “സഹോദരരെ നിയമത്തിന് ഒരു മനുഷ്യന്‍റെ മേൽ അധികാരം ഉള്ളത് അവൻ ജീവിച്ചിരിക്കുന്ന കാലത്ത് മാത്രമാണെന്ന് അറിഞ്ഞുകൂടെ”. (റോമാ.1:7)

ക്രമപരമായ ജീവിതത്തിന് നിയമങ്ങൾ ആവശ്യമാണ് എന്നാൽ സ്നേഹം കരുണ, വിശ്വാസം എന്നീ സുകൃതങ്ങളെ വിസ്മരിച്ച് നിയമത്തെ മാത്രം ജീവിതമാക്കാൻ പരിശ്രമിക്കുമ്പോൾ യഥാർത്ഥത്തിൽ നിയമത്തിന്‍റെ അടിമകളാക്കപ്പെട്ടവരായിത്തീരുന്നു. വചനം പറയുന്നത്; “നാം നിയമത്തിനു കീഴിൽ പെട്ടവരല്ല ;കൃപയ്ക്ക് കീഴ്പെട്ടവരാണ്.”(റോമാ.6:15)

സുവിശേഷത്തിന്‍റെ സ്വാദിനെ നഷ്ടമാക്കാതിരിക്കണം

58. പലപ്പോഴും പരിശുദ്ധാത്മാവിന്‍റെ പ്രേരണകൾക്കു വിരുദ്ധമായി സഭയുടെ ജീവിതത്തിന് ഒരു കാഴ്ചബoഗ്ലാവിന്‍റെ ഭാഗമോ അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേരുടെ കൈവശമുള്ള ഏന്തെങ്കിലുമോ ആകാൻ കഴിയും. ക്രൈസ്തവരുടെ ചില സംഘങ്ങൾ ചില നിയമങ്ങൾക്കോ, ആചാരങ്ങൾക്കോ, പ്രവർത്തന മാർഗ്ഗങ്ങൾക്കോ അമിതപ്രാധാന്യം നൽകുമ്പോൾ ഇത് സംഭവിക്കാം. അപ്പോൾ സുവിശേഷം അതിന്‍റെ ലാളിത്യവും,വശ്യതയും, സ്വാദും നഷ്ടപ്പെട്ട്, ചുരുക്കപ്പെടാനും, സങ്കുചിതമാകാനുള്ള പ്രവണതയിലാകുന്നു. ഇത് പെലേജിയനിസത്തിന്‍റെ ഒരു നിഗൂഢ രൂപമായിരിക്കാം. എന്തെന്നാൽ, കൃപയുടെ ജീവിതത്തെ അത് ചില മാനുഷികഘടനകൾക്ക് വിധേയമാക്കുന്നതായി കാണപ്പെടുന്നു. അതിന് സംഘങ്ങളെയും, പ്രസ്ഥാനങ്ങളെയും, സമൂഹങ്ങളെയും ബാധിക്കാൻ സാധിക്കും. പലപ്പോഴും അവർ പരിശുദ്ധാത്മാവിന്‍റെ ഒരു തീഷ്ണത ജീവിതത്തോടു കൂടി ആരംഭിക്കുകയും നിർജീവമോ, ദുഷിച്ചതോ ആയി അവസാനിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു.

നിയമങ്ങൾക്കും, ആചാരങ്ങൾക്കും, ചില പ്രവർത്തനരീതികള്‍ക്കും അമിതപ്രാധാന്യം നൽകുമ്പോഴാണ് സുവിശേഷത്തിന്‍റെ സ്വാദ് നഷ്ടപ്പെടുന്നതെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. ആദർശങ്ങളോടും നിയമങ്ങളോടും ഉള്ള അമിതമായ ഭക്തി പലപ്പോഴും നമ്മെ യാഥാർത്ഥ്യങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും, മറ്റുള്ളവരെ നമ്മെക്കാൾ  താഴ്ന്നവരായും, കഴിവില്ലാത്തവരായും കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജീവിതത്തിൽ ആരെയും വിലകുറച്ച് കാണരുത്. കാരണം നിലച്ചുപോയ

ഘടികാരം പോലും ദിവസത്തിൽ രണ്ടു പ്രാവശ്യം നമുക്ക് യഥാർത്ഥ സമയം കാണിച്ചു തരുന്നു. മറ്റുള്ളവരുടെ വിശ്വാസത്തെയും അവരുടെ ജീവിതത്തെയും അടിസ്ഥാനപ്പെടുത്തി നമ്മുടെ വിശ്വാത്തെ നിര്‍ണ്ണയിക്കുന്നത് നമ്മുടെ സമൂഹത്തില്‍ നടന്നുവരുന്ന ഒരു പ്രത്യേകതയാണ്. വ്യക്തിപരമായ ജീവിതത്തിൽ വിശ്വാസത്തിന് ഇടർച്ച സംഭവിക്കുമ്പോൾ അത് മനസ്സിലാക്കാതെ മറ്റുള്ളവരുടെ കുറ്റങ്ങളുടെ നേരേ നിൽക്കുന്നവരാണ് നാമോരോരുത്തരും. തിന്മയിലേക്കും, വിനാശത്തിലേക്കും നമ്മെ നയിക്കുന്ന അപകടം നിറഞ്ഞ  ഈ മനോഭാവങ്ങളെ സഭാമക്കൾ തിരിച്ചറിയണമെന്ന് പാപ്പാ നമ്മോടു നിർദ്ദേശിക്കുന്നു.

വിശ്വാസ സത്തയെ വിസ്മരിക്കരുത്

സഭാ നിയമങ്ങളും, ചട്ടങ്ങളും ഒരുക്കുന്നത് പോലെയുള്ള മനുഷ്യ പ്രയത്നത്തെ എല്ലാം ആശ്രയിച്ചിരിക്കുന്നു. ഇത് നാം ഒരിക്കൽ വിശ്വസിച്ചു കഴിയുമ്പോൾ, ബോധമില്ലാതെ നാം സുവിശേഷത്തെ സങ്കീർണ്ണമാക്കുകയും കൃപയുടെ പ്രവർത്തനത്തിന് വാതിലുകൾ അവശേഷിക്കാത്ത ഒരു രൂപരേഖയ്ക്ക് അടിമകളായിത്തീരുകയും ചെയ്യുന്നു. സുവിശേഷത്തോടു തിരുസഭ കൂട്ടി ചേർത്ത കൽപനകൾ മിതത്വത്തോടെ നടപ്പിലാക്കണമെന്ന് വിശുദ്ധ തോമസ് അക്വീനാസ് നമ്മെ അനുസ്മരിപ്പിച്ചു. "അല്ലാത്തപക്ഷം വിശ്വാസികളുടെ പെരുമാറ്റം ദുർവ്വഹമായിത്തീരും." അപ്പോൾ നമ്മുടെ മതം ഒരുതരം അടിമത്തമായിത്തീരും.

ക്രൈസ്തവ ജീവിതത്തിൽ അമിതമായി ആശയങ്ങള്‍ക്കും, നിയമങ്ങൾക്കും, ആചാരങ്ങൾക്കും, പ്രാധാന്യം നൽകുമ്പോൾ യഥാർത്ഥത്തിലുള്ള വിശ്വാസത്തിന്‍റെ സത്ത നമുക്ക് നഷ്ടപ്പെടുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. വിശ്വാസത്തിന്‍റെ ആചാരങ്ങളെക്കാള്‍ വിശ്വാസ ജീവിതത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് പാപ്പാ വ്യക്തമാക്കുകയും ചെയ്യുന്നു.

പാരമ്പര്യവാദികൾ

സുവിശേഷം നല്‍കുന്ന സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തി മാനുഷിക വികാരങ്ങള്‍ക്ക് വിലനല്‍കാതെ എല്ലാറ്റിനെയും നിയമത്തിന്‍റെ  കണ്ണുകളിലൂടെ മാത്രം കണ്ട് മനുഷ്യരെ വിധിക്കുന്ന അവസ്ഥ സമൂഹങ്ങളെയും, പ്രസ്ഥാനങ്ങളെയും, ഒരു വ്യക്തിയുടെ വ്യക്തിജീവിതത്തെയും സാരമായി ബാധിക്കുന്നുവെന്ന അപകടത്തെക്കുറിച്ച് പാപ്പായുടെ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന അപ്പോസ്തോലിക  പ്രബോധനം വ്യക്തമാക്കുന്നു.

പരിശുദ്ധാത്മാവിന്‍റെ തീഷ്ണതയോടെ ജീവിക്കേണ്ടതിനെ വിസ്മരിച്ച് ആചാരങ്ങളിൽ മാത്രം മുറുകെ പിടിക്കുന്ന ചില പാരമ്പര്യവാദികൾ നമ്മുടെ സമൂഹത്തിലും, സഭയിലും നിലനിൽക്കുന്നതായി നമുക്ക് കാണുവാൻ കഴിയും. നിയമങ്ങളുടെ പുറകെ ചെന്ന് കാരുണ്യ പ്രവർത്തനങ്ങളെ വിസ്മരിച്ച് മറ്റുള്ളവരോടു നിയമം പാലിക്കുവാനും സ്വന്തം ജീവിതത്തിൽ നിയമം ലംഘിക്കുകയും ചെയ്തു കൊണ്ട് നിയമത്തിന്‍റെ അടിമകളായിത്തീരാതിരിക്കാനാണ്പാപ്പാ നമ്മോടു ആഹ്വാനം ചെയ്യുന്നത്.

മറ്റുള്ളവരുടെ കരുണ കൊണ്ടും, സമർപ്പണം കൊണ്ടും രൂപപ്പെട്ടതാണ് നമ്മുടെ ജീവിതം. ഒരു വ്യക്തിയുടെ വളർച്ചയും, രൂപീകരണവും മറ്റുള്ളവരുമായുള്ള വ്യക്തി ബന്ധങ്ങളിൽ നിന്നും, ജീവിതത്തിൽ നിന്നും ആരംഭിക്കപ്പെടുന്നുവെന്ന  കാര്യം നാം മറന്നുപോകരുത്. നിയമത്തിന്‍റെ നന്മയെ സ്വീകരിക്കുന്നത് പകരം നിയമത്തിന്‍റെ കാഠിന്യത്തെ മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുവാൻ പരിശ്രമിക്കുന്ന ഇന്നത്തെ ലോകത്തിന്‍റെ കെണികളിൽ അകപ്പെടാതിരിക്കാൻ സഭാ പ്രബോധനങ്ങളുടെ സംരക്ഷണം നമ്മെ സഹായിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2019, 12:56