Vatican News
ബുക്കാറെസ്റ്റിലെ  വി. യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള കത്തോലിക്കാ കത്തീഡ്രലിൽ മാതാവി ന്‍റെ സന്ദർശന തിരുന്നാൾ ദിനത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയര്‍പ്പണ വേളയില്‍... ബുക്കാറെസ്റ്റിലെ വി. യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള കത്തോലിക്കാ കത്തീഡ്രലിൽ മാതാവി ന്‍റെ സന്ദർശന തിരുന്നാൾ ദിനത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയര്‍പ്പണ വേളയില്‍...   (Vatican Media)

ദൈവത്തിൽ സന്തോഷിക്കുന്ന രണ്ടു സ്ത്രീകൾ

ബുക്കാറെസ്റ്റിലെ വി. യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള കത്തോലിക്കാ കത്തീഡ്രലിൽ മാതാവി ന്‍റെ സന്ദർശന തിരുന്നാൾ ദിനത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ഫ്രാൻസിസ് പാപ്പാ നടത്തിയ വചന പ്രഘോഷണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മറിയവും എലിസബത്തും

സന്തോഷവും സ്തുതിപ്പുമായി പരസ്പരം കണ്ടുമുട്ടി ആശ്ലേഷിക്കുന്ന രണ്ടുസ്ത്രീകളായ മറിയത്തെയും, എലിസബത്തെയും നമ്മൾ സുവിശേഷത്തിൽ കാണുന്നു. എലിസബെത്തിന്‍റെ ഉദരത്തിൽ സന്തോഷത്താൽ കുഞ്ഞു കുതിച്ചുചാടി. തന്‍റെ സഹോദരിയുടെ മകളായ മറിയത്തെ അവളുടെ വിശ്വാസത്തെപ്രതി എലിസബെത്ത് അനുഗ്രഹിക്കുന്നു. എളിയവളായ തനിക്കു കർത്താവ് ചെയ്ത വൻകാര്യങ്ങളെക്കുറിച്ച് മറിയം സ്തോത്രഗീതം ആലപിക്കുന്നു. അത് സ്വരം നഷ്ടപ്പെട്ടു പാടാൻ കഴിയാത്തവർക്കായി ആലപിക്കപ്പെട്ട പ്രത്യാശയുടെ ഒരു മഹാകാവ്യമാണ്.

അമൂല്യമായ മൂന്ന് ധ്യാനവിഷയങ്ങള്‍

മറിയം യാത്രചെയ്യുന്നു

മറിയം കണ്ടുമുട്ടുന്നു

മറിയം സന്തോഷിക്കുന്നു

എന്നീ ധ്യാനത്തിനായുള്ള അമൂല്യമായ ഘടകങ്ങളെ ഈ ആദ്യ ശിഷ്യയിൽ കാണാം.

മറിയത്തിന്‍റെ യാത്ര

നസ്രത്തിൽ നിന്ന് സഖറിയായുടെയും, എലിസബത്തിന്‍റെയും വീട്ടിലേക്കുള്ളയാത്ര, സുവിശേഷങ്ങൾ വിവരിക്കുന്ന മറിയത്തിന്‍റെ അനേകം യാത്രകളിൽ ആദ്യത്തേതായിരുന്നു. ഗലീലിയയിൽ നിന്ന് യേശു പിറന്ന ബെദ്ലേഹേമിലേക്കും, ഹേറോദേസിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ഈജിപ്തിലേക്കും, പെസഹാത്തിരുന്നാളിനായി ജെറുസലേമിലേക്കും, യേശുവിനെ അനുഗമിച്ചു കാൽവരിയിലേക്കും അവൾ യാത്രയായി. ഈ യാത്രകളൊന്നും എളുപ്പമായിരുന്നില്ല. ധൈര്യവും, ക്ഷമയും എപ്പോഴുമാവശ്യമുള്ളതായിരുന്നു.  ജീവിതായാത്രകൾ എത്ര ബുദ്ധിമുട്ടേറിയതാണെന്നും,ക്ഷീണിപ്പിക്കുന്നതാണെന്നും മറിയത്തിനറിയാം. അതിനാൽ അവൾ നമ്മുടെ പ്രയാസങ്ങളിൽ നമുക്ക് സഹായഹസ്തം നീട്ടും. ജീവിതത്തിന്‍റെ കുഞ്ഞുകുഞ്ഞു കാര്യങ്ങളിലാണ് സ്നേഹം വളരുന്നതെന്ന് നല്ല അമ്മയായ അവൾക്കറിയാം. ആ അമ്മയുടെ സ്നേഹമാണ് പുൽക്കൂടിനെ യേശുവിന്‍റെ കുടുംബമാക്കിയത്. മറിയത്തെ ധ്യാനിക്കുമ്പോൾ നമുക്ക് തങ്ങളുടെ പരിത്യാഗത്താൽ വര്‍ത്തമാനത്തിനും, നാളകളുടെ സ്വപ്നങ്ങൾക്കും വഴിതെളിച്ച ഈ നാട്ടിലെ അനേകം സ്ത്രീകളെയും, അമ്മമാരെയും, അമ്മുമ്മമാരെയും ഓർക്കാം. മറിയത്തിന്‍റെയും, എല്ലാ അമ്മമാരുടെയും മുഖത്തേക്ക് നോക്കി നമ്മൾ പ്രത്യാശയുടെ അവബോധത്തിൽ വളരുകയും അനുഭവിക്കുകയും ചെയ്യുന്നു. നമ്മുടെ ജനങ്ങൾക്ക് ഒരുപാട് പ്രത്യാശിക്കാനിടമുണ്ട്, കാരണം മറിയം തന്‍റെ യാത്ര ഇന്നും തുടരുകയാണ്. അവളോടൊപ്പം ഒരുമിച്ച് യാത്രചെയ്യാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.

മറിയത്തിന്‍റെ കണ്ടുമുട്ടല്‍  

മറിയം എലിസബത്തിനെ കണ്ടുമുട്ടുന്നു. പ്രായത്തിൽ മുന്നിലാണെങ്കിലും എലിസബത്ത് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു സുവിശേഷഭാഗ്യങ്ങളെ ഓർമ്മിപ്പിക്കുന്ന വാക്കുകളാൽ ഭാവിയെ പ്രവചിക്കുന്നവളാകുന്നു. ഇളയവൾ മൂത്തവളെ അവളുടെ വേരുകൾ തേടി കാണാനെത്തുമ്പോൾ മൂത്തവൾ പുനർജനിച്ച് ഇളയവളുടെ ഭാവി പ്രവചിക്കുന്നു. ഇവിടെ മുതിർന്നവരും, ചെറുപ്പക്കാരും തമ്മിലുള്ള കണ്ടുമുട്ടലിൽ ആലിംഗനബദ്ധരായി രണ്ടുകൂട്ടരുടെയും നന്മകൾ ഉണർത്തുന്നു. ഇതാണ് ആരെയും തള്ളിക്കളയാതെ കർത്താവിന്‍റെ മുഖം വെളിപ്പെടാൻ എല്ലാവരും ആവശ്യമാണെന്ന സമാഗമ സംസ്കാരത്തിന്‍റെ അത്ഭുതം. ഭയലേശമില്ലാതെ ഒന്നിച്ച് സഞ്ചരിക്കാൻ   ഒരുങ്ങുമ്പോൾ ദൈവം പ്രത്യക്ഷപ്പെട്ടു അത്ഭുതങ്ങൾ പ്രവർത്തിക്കും. പരിശുദ്ധാത്മാവ് നമ്മിൽ നിന്ന് പുറത്തേക്കിറങ്ങാൻ പ്രചോദിപ്പിക്കുന്നു. മനുഷ്യരണിയുന്ന വേഷങ്ങൾക്കപ്പുറം കാണാനും, മറ്റുള്ളവരെക്കുറിച്ച് നന്മ പറയാനും, അവരെ അനുഗ്രഹിക്കാനും പരിശുദ്ധാത്മാവ് നമ്മെ പഠിപ്പിക്കുന്നു. ഇത് കിടപ്പാടമില്ലാത്ത, അപ്പമില്ലാത്തവരെ സ്വീകരിക്കുന്ന അഭയം നൽകുന്ന സൗഹൃദത്തിന്‍റെ ചൂടുള്ള ഒരു സമൂഹത്തെക്കുറിച്ച് പറയുമ്പോള്‍ വ്യക്തമാകുന്ന യാതാര്‍ത്ഥ്യമാണ്. ഇതാണ് സമാഗമസംസ്കാരം. ഇതാണ് ക്രിസ്ത്യാനികളായ നമ്മൾ അനുഭവിക്കുന്നതും, നമ്മെ അന്വേഷിച്ച്, സംരക്ഷിച്ച്   ഒന്നിപ്പിക്കുന്ന അമ്മയായ സഭയുടെ അത്ഭുതമെന്നത്. ആരാധനാസ്ഥലങ്ങളിൽ വിവിധ റീത്തിലുള്ളവർ കണ്ടുമുട്ടുമ്പോൾ ദൈവത്തെ സ്തുതിക്കാനായി ഒന്നിച്ചുവരുമ്പോൾ വലിയകാര്യങ്ങൾ സംഭവിക്കുന്നു. വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ. ദൈവം എവിടെയാണ് വസിക്കാനാഗ്രഹിക്കുന്നതെന്നു എലിസബത്തിനെ കാണാനുള്ള മറിയത്തിന്‍റ യാത്ര ഓർമ്മിപ്പിക്കുന്നു; ദൈവം വസിക്കുന്നത് അവന്‍റെ ജനത്തിന്‍റെ മദ്ധ്യത്തിലാണ്. അവിടെ നമ്മുടെയിടയിൽ ശക്തനായ രക്ഷകനായി നമ്മെ കാത്തിരിക്കുന്ന ദൈവമാണ് ക്രിസ്ത്യാനിയുടെ രഹസ്യം. ഈ ഉറപ്പു മറിയത്തെപ്പോലെ സന്തോഷത്താൽ പാടാൻ നമ്മെ ശക്തരാക്കുന്നു.

മറിയത്തിന്‍റെ ആനന്ദം

മറിയം ആനന്ദിക്കുന്നു. കാരണം അവളുടെ ഉദരത്തിൽ വഹിക്കുന്നത്  ഇമ്മാനുവൽ, "ദൈവം നമ്മോടുകൂടെ" യാണ്. ക്രിസ്തീയ ജീവിതം പരിശുദ്ധാത്മാവിലുള്ള സന്തോഷമാണ്(Gaudete et Exsultate122 )     സന്തോഷമില്ലാതെയായാല്‍ നമ്മൾ ദുഖങ്ങൾക്കടിമകളായി നിഷ്ക്രിയരാകും.  വിശ്വാസം ആടിത്തുടങ്ങും. സംശയത്തിലും, നമ്മിൽത്തന്നെ ഉൾവലിഞ്ഞും ജീവിക്കുമ്പോൾ നമ്മൾ വിശ്വാസത്തെ നിഷേധിക്കുകയാണ്.നമുക്ക് വേണ്ടി വൻകാര്യങ്ങൾ ചെയ്യുന്ന ദൈവത്തിന്‍റെ മക്കളാണ്‌ നമ്മളെന്നു മറന്നു നമ്മുടെ തന്നെ പ്രശ്നങ്ങളിലേക്ക് നമ്മൾ ചുരുങ്ങുന്നു. ഇവിടെ മറിയം നമുക്ക് തുണയായി വരും. കാരണം, കുറവുകളെ കാണിക്കാതെ അവൾ എല്ലാം വലുതാക്കി ദൈവത്തിന്‍റെ സ്തുതികൾ പാടി, ദൈവത്തിന്‍റെ മഹത്വം   വർണ്ണിക്കും.

നമ്മുടെ സന്തോഷത്തിന്‍റെ പൊരുൾ നമ്മൾ ഇവിടെ കണ്ടെത്തുന്നു. മറിയം, അവളുടെ പ്രശ്നങ്ങൾക്കുമുന്നിലും എളിമയോടെ ദൈവത്തിന്‍റെ മഹത്വത്തിൽ നിന്നാരംഭിച്ച്, എല്ലാത്തിന്‍റെയും നാഥനായ കർത്താവിൽ അവളെത്തന്നെ ഭരമേല്പിച്ചപ്പോൾ അവൾ സന്തോഷത്താൽ നിറഞ്ഞു. നമ്മുടെ ഹൃദയം ദൈവത്തിനും, സഹോദരീസഹോദരർക്കും തുറന്നുകൊടുത്താൽ ദൈവത്തിനു ഇപ്പോഴും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും. ഈ നാട്ടിലെ വിശ്വാസ സാക്ഷികളെക്കുറിച്ച് നമുക്ക് ചിന്തിക്കാം, പീഡനങ്ങളുടെ നടുവിലും ദൈവത്തിൽ ശരണം വച്ച എളിയവരായിരുന്നവർ. നമുക്ക് പാതകാട്ടിയ അവർക്കു ഞാൻ നന്ദിയർപ്പിക്കുന്നു. അവരുടെ കണ്ണീർ വെറുതെയായില്ല.

പ്രിയ സഹോദരീ സഹോദരൻമാരെ, മറിയം യാത്ര ചെയ്യുന്നു,കണ്ടുമുട്ടുന്നു, സന്തോഷിക്കുന്നു. കാരണം അവൾ അവളെക്കാൾ വലിയ ഒന്നിനെ വഹിക്കുന്നു: ഒരു അനുഗ്രഹ വാഹകയാണവൾ. അവളെപ്പോലെ നമുക്കും ഭയമില്ലാതെ റൊമേനിയായ്ക്കാവശ്യമായ ഒരനുഗ്രഹമായി മാറാം. നിങ്ങൾ ഓരോരുത്തരും അനാസ്ഥയെയും, വിഭാഗീഗതയേയും മാറ്റുന്ന കർത്താവിന്‍റെ കരുണയെ ആലപിക്കുന്ന ഒരു ലോകമാക്കി ഈ നാടിനെ മാറ്റുന്ന ഒരു  സമാഗമ സംസ്കാരത്തിന്‍റെ വക്താക്കളായി മാറട്ടെ!

 

01 June 2019, 15:56