സ്നേഹം സകലത്തെയും  അതിജീവിക്കുന്നു. (1 കൊരി.13: 7 ) സ്നേഹം സകലത്തെയും അതിജീവിക്കുന്നു. (1 കൊരി.13: 7 )  

വിശുദ്ധിയിലേക്കുളള വിളി: നിയമത്തിന്‍റെ സംഗ്രഹം സ്നേഹം

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ രണ്ടാം അദ്ധ്യായത്തിലെ 60-62 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തിനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം:

വിശുദ്ധിയുടെ വഴിയില്‍ നാം അഭിമുഖികരിക്കേണ്ടി വരുന്ന രണ്ടു ശത്രുക്കളാണ് “ഗ്നോസ്റ്റിസിസം” (Gnosticism),പെലേജിയനിസം” (Pelagianism) എന്ന പാഷാണ്ഡതകള്‍. ഈ രണ്ടു പാഷണ്ഡതകളെയും സൂക്ഷിക്കാൻ പാപ്പാ നിർദ്ദേശിക്കുന്നു. എല്ലാം അറിയാമെന്ന ചിന്തയും, കരുണയില്ലാതെ നിയമങ്ങളിൽ മുറുകെ പിടിച്ചു നില്‍ക്കുന്ന മനോഭാവവും വിശുദ്ധിയുടെ മാർഗ്ഗത്തെ വിദൂരത്തിലാക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

നിയമത്തിന്‍റെ സമഗ്രഹം

60. “ഇത് ഒഴിവാക്കാൻ സർവ്വപ്രധാനമായത് തേടാൻ നമ്മോടു ആവശ്യപ്പെടുന്ന സുകൃതങ്ങളുടെ ഒരു ശ്രേണിയുണ്ടെന്ന് നാം നമ്മളെത്തന്നെ അനുസ്മരിപ്പിച്ചു കൊണ്ടിരിക്കുന്നത് നന്നായിരിക്കും. ദൈവിക പുണ്യങ്ങൾക്കാണ് പ്രാധാന്യം. അവയുടെ ലക്ഷ്യവും പ്രചോദനവും ദൈവമാണ്. അവയുടെ കേന്ദ്രത്തിലുള്ളത് ഉപവിയാണ്.  യഥാർത്ഥത്തിൽ പരിഗണിക്കപ്പെടുന്നത് "സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ്"(ഗലാ.5:6) എന്ന് വിശുദ്ധ പൗലോസ് പറയുന്നു. ഉപവി നിലനിർത്താൻ വേണ്ട എല്ലാ പരിശ്രമവും നടത്താൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. അയൽക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചു കഴിഞ്ഞു. അതുകൊണ്ട് “നിയമത്തിന്‍റെ പൂർത്തീകരണം സ്നേഹമാണ്”.(റോമ.13:8-10) “എന്തെന്നാൽ, നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ഒരേയൊരു കല്പനയിൽ നിയമം മുഴുവനും അടങ്ങിയിരിക്കുന്നു."(ഗലാ. 5:14)

നിയമത്തിന്‍റെ സംഗ്രഹം സ്നേഹമാണെന്നു പറഞ്ഞു കൊണ്ട് സ്നേഹത്തിലൂടെയുള്ള വിശ്വാസത്തിന് മാത്രമേ ഫലമുണ്ടാകുകയുള്ളുവെന്ന് പാപ്പാ ഈ അപ്പോസ്തോലിക പ്രബോധനത്തിൽ പറയുന്നു. ക്രിസ്തു നമ്മെ പഠിപ്പിച്ചതും സ്നേഹം മാത്രമാണ്. നിന്നെ പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന് പറഞ്ഞ ക്രിസ്തു നിയമത്തിന്‍റെ പൂർത്തീകരണം ഉൾക്കൊണ്ടിരിക്കുന്നത് സ്നേഹത്തിൽ മാത്രമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. അയൽക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തികരിച്ച് കഴിഞ്ഞുവെന്നു വിശുദ്ധ പൗലോസ് അപ്പോസ്തലന്‍റെ വാക്കുകളെ ഓർമ്മിപ്പിക്കുന്ന പാപ്പാ സ്നേഹമില്ലാത്ത ജീവിതം നിർജ്ജീവമായതാണെന്ന് നാം മനസ്സിലാക്കണമെന്നും ആവശ്യപ്പെടുന്നു. ഈ ലോകത്തിലെ നമ്മുടെ ജീവിതത്തെ നമുക്ക് വിചിന്തിനം ചെയ്യാം. വ്യക്തിപരമായി നാം നമ്മെ സ്നേഹിക്കുന്നുവെങ്കിൽ നമുക്ക് ചുറ്റിലുമുള്ളവരെ സ്നേഹിക്കാൻ നമുക്ക് കഴിയും. നമ്മുടെ കുടുംബങ്ങളിലും, നാം ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും നമ്മോടൊപ്പമുള്ളവരുമായുള്ള നമ്മുടെ ബന്ധമെങ്ങനെയാണ്? നമുക്കു സ്നേഹമുണ്ടെങ്കിൽ മറ്റുള്ളവരുടെ കുറവുകളിൽ കൂടെ നിൽക്കാനും അവരുടെ നന്മയിൽ ആനന്ദിക്കുവാനും നമുക്ക് കഴിയും. സ്നേഹം എല്ലാം ക്ഷമിക്കുന്നു. സ്നേഹം അസൂയപ്പെടുന്നില്ല,അഹങ്കരിക്കുന്നില്ല എന്ന് നമ്മെ പഠിപ്പിച്ചത് പൗലോസ് അപ്പോസ്തലനാണ്. ഇന്ന് നമ്മുടെ കൂടെയുള്ളവരോടും, നമ്മുടെ അയൽക്കാരോടും നാം പുലർത്തുന്ന വിദ്വേഷത്തിനും, വെറുപ്പിനും പ്രധാനപ്പെട്ട കാരണം അസൂയ എന്ന തിന്മയാണ്. മറ്റുള്ളവരുടെ നന്മകളിൽ പോലും തിന്മ കണ്ടെത്താനുള്ള  നമ്മുടെ പരിശ്രമങ്ങൾ നമ്മിലെ സ്നേഹത്തിന്‍റെ ശക്തിയെ നശിപ്പിക്കുകയും നമ്മുടെ ഉള്ളിനെ ഉള്ളിലുള്ള സമാധാനത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതോടൊപ്പം മറ്റുള്ളവരുടെ വളർച്ചയുടെ പാതകളെ തടയുകയും ചെയ്യുന്നു. “ഗ്നോസ്റ്റിസിസം”(Gnosticism),പെലേജിയനിസം”(Pelagianism) എന്നീ പാഷാണ്ഡതകളെ കുറിച്ച് രണ്ടാം അദ്ധ്യായത്തിൽ പഠിപ്പിക്കുന്ന പാപ്പാ അതിന്‍റെ സമാപ്തിയിൽ സ്നേഹത്തെ കുറിച്ച് പഠിപ്പിച്ചു കൊണ്ടാണ് രണ്ടാം അദ്ധ്യായത്തെ  അവസാനിപ്പിക്കുന്നത്. കാരണം പാഷാണ്ഡതകളെ അതിജീവിക്കാൻ സ്നേഹം എന്ന പുണ്യത്തിനു മാത്രമേ സാധിക്കുകയുള്ളു. നിയമത്തിന്‍റെ ബലം കൊണ്ട് നീതിയും രക്ഷയും സ്വന്തമാക്കാമെന്ന് കരുതുന്നവർക്ക്‌ സ്നേഹം എന്ന നിയമത്തിന്‍റെ സ്വാദ് ആസ്വദിക്കാൻ കഴിയുകയില്ല. അങ്ങനെ ചിന്തിക്കുന്നവർ സ്നേഹമാണ് ഏറ്റവും വലിയ നിയമമെന്നും ക്രിസ്തു സ്നേഹത്തെ പ്രതിയാണ് തന്‍റെ ജീവനെ നൽകിയതെന്നും ദൈവത്തിന്‍റെ ജീവൻ സ്നേഹമെന്ന പുണ്യത്തിൽ ജീവിക്കപ്പെടുന്നുവെന്നുമുള്ള സത്യത്തെ വിസ്മരിക്കുകയാണ് ചെയ്യുന്നത്.

കർത്താവും അയൽക്കാരനും

61. “മറ്റു വാക്കുകളിൽ പറഞ്ഞാൽ കൽപനകളുടെയും ധർമ്മോപദേശങ്ങളുടെയും നിബിഡവനത്തിന്‍റെ മദ്ധ്യേ സ്വർഗ്ഗസ്ഥനായ പിതാവിന്‍റെയും, നമ്മുടെ സഹോദരന്‍റെയുമായ രണ്ടു മുഖങ്ങൾ കാണാനുള്ള ഒരു പാത യേശു വെട്ടിത്തെളിക്കുന്നു. അവിടുന്ന് രണ്ടു സൂത്രവാക്യങ്ങൾ, കൂടിയോ രണ്ടു കൽപ്പനകൾ കൂടിയോ നൽകുന്നില്ല. അവിടുന്ന് രണ്ട് മുഖങ്ങൾ, കുറെ‍കൂടി വ്യക്തമായി പറയുകയാണെങ്കിൽ ഒരു മുഖം മാത്രം നൽകുന്നു:എത്രയോ മറ്റനേകം മുഖങ്ങളിൽ പ്രതിഫലിക്കുന്ന ദൈവത്തിന്‍റെ തിരുമുഖമാണിത്. എന്തെന്നാൽ നമ്മുടെ ഓരോ സഹോദരീ സഹോദരന്മാരിലും, പ്രത്യേകിച്ച് ഏറ്റവും ചെറിയവരിലും ഏറ്റവുമധികം ആക്രമണ വിധേയരാകുന്നവരിലും, പ്രതിരോധിക്കാൻ കഴിയാത്തവരിലും, ആവശ്യങ്ങളിലായിരിക്കുന്നവരിലും, ദൈവത്തിന്‍റെ പ്രതിച്ഛായ തന്നെ കാണാം. തീർച്ചയായും ഈ ദുർബ്ബല മനുഷ്യവർഗ്ഗത്തിന്‍റെ അവശിഷ്ടങ്ങൾകൊണ്ട് അവിടുത്തെ അന്തിമ കലാസൃഷ്ടിക്ക് കർത്താവ് രൂപം നൽകും. എന്തെന്നാൽ "എന്താണ് നിലനിൽക്കുന്നത്? ജീവിതത്തിൽ എന്തിനാണ് മൂല്യമുള്ളത്? ഏത് സമ്പത്തുകളാണ് അപ്രത്യക്ഷമാകാത്തത്?  നിശ്ചയമായും ഇവ രണ്ടും കർത്താവും, നമ്മുടെ അയൽക്കാരനും എന്ന ഈ സമ്പത്തുകൾ രണ്ടും അപ്രത്യക്ഷമാകുന്നില്ല”.

അനേകം മുഖങ്ങളിൽ പ്രതിഫലിപ്പിക്കുന്ന ഒരേ ഒരു മുഖം ദൈവത്തിന്‍റെ തിരു മുഖമാണെന്ന് പാപ്പാ നമ്മെ പഠിപ്പിക്കുന്നു. പാവപ്പെട്ടവരിലും, നീതി നിഷേധിക്കപ്പെട്ടവരിലും, നിസ്സഹായവരിലും, രോഗികളിലും, ദരിദ്രരിലും, ഏറ്റവും അധികം ആക്രമണങ്ങൾക്കു വിധേയരായവരിലും, പ്രതിരോധിക്കാൻ കഴിയാത്തവരിലും, ആവശ്യങ്ങളിലായിരിക്കുന്നവരിലും ദൈവത്തിന്‍റെ പ്രതിഛായ കാണണമെന്ന് നമ്മെ എപ്പോഴും ഓർമ്മിപ്പിക്കുന്ന പാപ്പാ ദൈവവും നമ്മുടെ അയൽക്കാരും മാത്രമാണ് ഈ ലോകത്തിൽ ഏറ്റവും വിലപ്പെട്ട മൂല്യങ്ങളും നമ്മോടൊപ്പം നിലനില്‍ക്കുന്നവയാണെന്ന് വ്യക്തമാക്കുന്നു. ജീവിതത്തിൽ എന്തിന്നാണ് വിലയുള്ളതെന്നു ചോദിക്കുന്ന പാപ്പാ ദൈവത്തിനും,വ്യക്തികൾക്കുമാണെന്നു  ഉത്തരം നൽകുകയും ചെയ്യുന്നു. ജീവിക്കണമെന്ന ലക്ഷ്യത്തോടെ വേഗത്തിൽ ഓടുന്ന മനുഷ്യൻ ജീവിക്കാൻ മറന്നു പോകൂന്നു. നമ്മുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതാണ് മറ്റുളളവരുമായുള്ള നമ്മുടെ ബന്ധങ്ങൾ. സ്വന്തം ജീവിതത്തിനു അമിത പ്രാധാന്യം നൽകുകയും മറ്റുള്ള ജീവിതങ്ങളെ കാണാതെ പോകുകയും ചെയ്യുമ്പോൾ നാം നമ്മുടെ മാത്രം ചെറിയ ലോകത്തിലിന്‍റെ തടവറയിലായി പോകുന്നു. ഈ തടവറ സൃഷ്ടിക്കുന്ന അന്ധകാരത്തിന്‍റെ വലയത്തിൽ നിന്നും പുറത്തു വരാൻ നമ്മെ സഹായിക്കേണ്ടത് മറ്റുള്ളവരെ കുറിച്ചുള്ള നമ്മുടെ അന്വേഷണവും അവർക്കു നല്കപ്പെടേണ്ട പരിഗണനയുമായിരിക്കണം. ചില സന്ദർഭങ്ങളിൽ നിയമവും നമ്മെ സ്വാർത്ഥതയുടെ തടവിലാക്കുന്നു. നിയമങ്ങളോടുള്ള അമിത സ്നേഹം നമ്മെ നിയമത്തിന്‍റെ അടിമകളാക്കുന്നു. നിലയം അതിൽ തന്നെ നല്ലതാണ്. എന്നാൽ നിയമത്തെ മാത്രം ആശ്രയിച്ചുള്ള ജീവിതം നമ്മെ അപകടങ്ങളിലേക്കാണ് നയിക്കുന്നത്. യഥാർത്ഥത്തിൽ സ്നേഹമെന്നെ നിയമമാണ് കൂടുതലും പാലിക്കപ്പെടാതെ പോകുന്നത്. എന്നാൽ സ്നേഹമാണ് എല്ലാ നിയമങ്ങളുടെയും പൂർത്തീകരണമെന്നു നാം അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഇതൊരു വിരോധാഭാസമാണ്. സ്നേഹത്തെ നിയമമാക്കിയത് ക്രിസ്തുവാണെങ്കിൽ ക്രിസ്തുവിന്‍റെ അനുയായികളായ നമുക്കെങ്ങനെ സ്നേഹത്തോടെയല്ലാതെ മറ്റുള്ളവരെ സമീപിക്കാൻ കഴിയുന്നത്? സ്നേഹത്തെ നിയമമാക്കിയവർക്കു മാത്രമേ മറ്റുള്ളവരുടെ മുഖത്തിൽ ദൈവത്തെ കാണാൻ കഴിയുകയുള്ളു.

62. “തിരുസഭയെ ഭാരപ്പെടുത്തുകയും, വിശുദ്ധിയിലേക്കുള്ള പാതയിൽ അവളുടെ പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ജ്ഞാനവാദത്തിന്‍റെയും,പെല്ലേജിയനിസത്തിന്‍റെയും ഈ പുതിയ രൂപങ്ങളിൽ നിന്ന് കർത്താവ് അവളെ സ്വതന്ത്രയാക്കട്ടെ. ഓരോ വ്യക്തിയുടെയും മനോനിലയും സ്വഭാവവുമനുസരിച്ച് ഈ വ്യതിചലനങ്ങൾ വിവിധ രൂപങ്ങൾ കൈക്കൊള്ളുന്നു. അതുകൊണ്ട്, അവരുടെ ജീവിതങ്ങളിൽ അവ സന്നിഹിതമാണോ എന്ന് കർത്താവിന്‍റെ മുമ്പിൽ വിചിന്തിനം ചെയ്യാനും വിവേചിച്ചറിയാനും എല്ലാവരെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നു.”

ഗ്നോസ്റ്റിസിസവും പെലേജിയനിസവും അടിമപ്പെടുത്താതിരിക്കണം

ഈ അദ്ധ്യായത്തിന്‍റെ അവസാന ഭാഗത്തിൽ പാപ്പാ പങ്കുവയ്ക്കുന്നത് വളരെ ശ്രദ്ധേയമാണ്. ജ്ഞാനവാദത്തിന്‍റെയും,പെല്ലേജിയനിസത്തിന്‍റെയും ഈ പുതിയ രൂപങ്ങളിൽ നിന്ന് കർത്താവ് സഭയെ സ്വതന്ത്രയാക്കട്ടെയെന്നും, ഓരോ വ്യക്തിയുടെയും മനോനിലയും സ്വഭാവവുമനുസരിച്ച് ഈ വ്യതിചലനങ്ങൾ വിവിധ രൂപങ്ങൾ കൈക്കൊള്ളുന്നു. അതുകൊണ്ട്, അവരുടെ ജീവിതങ്ങളിൽ അവ സന്നിഹിതമാണോ എന്ന് ദൈവത്തിന്‍റെ മുന്നിൽ വിചിന്തിനം ചെയ്യണമെന്നും പറയുമ്പോൾ നാം മനസ്സിലാക്കേണ്ട യാതാർത്ഥ്യമാണ്“ഗ്നോസ്റ്റിസിസം” (Gnosticism),പെലേജിയനിസം” (Pelagianism) എന്ന പാഷാണ്ഡതകള്‍ നമ്മിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന കാര്യം. മനുഷ്യരോടും നിയമത്തോടുമുള്ള നമ്മുടെ മനോഭാവം, പ്രവർത്തികൾ ഇവയെ ആശ്രയിച്ചാണ് നാം നമ്മുടെ ജീവിതത്തെ വിലയിരുത്തേണ്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 June 2019, 12:00