തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍ ഒരു ഗര്‍ഭസ്ഥ ശിശുവിനെ ആശീര്‍വ്വദിക്കുന്നു, 05/06/2019 ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാവേളയില്‍ ഒരു ഗര്‍ഭസ്ഥ ശിശുവിനെ ആശീര്‍വ്വദിക്കുന്നു, 05/06/2019  (ANSA)

റൊമേനിയ സന്ദര്‍ശനം-പുനരവലോകനം

സര്‍വരും സംഘതാമായി മുന്നേറുക- പാപ്പായുടെ റൊമേനിയ സന്ദര്‍ശനത്തിന്‍റെ സന്ദേശം!

ജോയി കരിവേലി, വത്തിക്കാന്‍സിറ്റി

ഇടയ്ക്കൊരു മൂടല്‍ അനുഭവപ്പെട്ടെങ്കിലും പൊതുവെ നല്ല കാലാവസ്ഥ അനുഭവപ്പെട്ട ഈ ബുധനാഴ്ച (05/06/2019). വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിനു തീര്‍ത്ഥാടകരും സന്ദര്‍ശകരും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍  ഫ്രാന്‍സീസ് പാപ്പാ അനുവദിക്കുന്ന പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. കൊറിയ, ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പാപ്പാ, തന്നെ ഏവര്‍ക്കും   കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തിലേറി എത്തിയപ്പോള്‍ ജനസഞ്ചയം കൈയ്യടിച്ചും പാട്ടുപാടിയും ആര്‍പ്പുവിളിച്ചും തങ്ങളുടെ ആനന്ദം അറിയിച്ചു.    

ചത്വരത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍ സാവധാനം നീങ്ങി. അംഗരക്ഷകര്‍ ഇടയ്ക്കിടെ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“1 നമുക്കുചറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്കു ഓടിത്തീര്‍ക്കാം.2 നമ്മുടെ വിശ്വാസത്തിന്‍റെ  നാഥനും അതിനെ പൂര്‍ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍”. (ഹെബ്രായര്‍ക്കുള്ള ലേഖനം 18: 21-22)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, മെയ് 31 മുതല്‍ ജൂണ്‍ 2 വരെ റൊമേനിയയില്‍ താന്‍ നടത്തിയ പര്യടനം പുനരവലോകനം ചെയ്തു.

ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രഭാഷണ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഞാന്‍ റൊമേനിയായില്‍ അപ്പസ്തോലികയാത്ര നടത്തി. അന്നാടിന്‍റെ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ക്ഷണപ്രകാരമായിരുന്നു ഈ ഇടയസന്ദര്‍ശനം. അവര്‍ക്ക് ഞാന്‍ ഒരിക്കല്‍ക്കൂടി നന്ദി പ്രകാശിപ്പിക്കുന്നു. പൗരാധികാരികളോടും സഭാധികാരികളോടും ഈ സന്ദര്‍ശനം സാധ്യമാക്കുന്നതിന് സഹകരിച്ച സകലരോടും ഞാന്‍ എന്‍റെ നന്ദി അറിയിക്കുന്നു. സര്‍വ്വോപരി, വിശുദ്ധ രണ്ടാം ജോണ്‍പോള്‍മാര്‍പ്പാ റൊമേനിയായില്‍ 20 വര്‍ഷം മുമ്പ് നടത്തിയ ഇടയസന്ദര്‍ശനത്തിനു ശേഷം പത്രോസിന്‍റെ പിന്‍ഗാമിക്ക് വീണ്ടും അന്നാട്ടിലെത്തുന്നതിന് അവസരമേകിയ ദൈവത്തിന് ഞാന്‍ കൃതജ്ഞതയര്‍പ്പിക്കുന്നു. ഈ സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം ഉദ്ഘോഷിക്കുന്നതുപോലെ, ചുരുക്കിപ്പറഞ്ഞാല്‍, “ഒത്തൊരുമിച്ചു ചരിക്കാന്‍” ഞാന്‍ എല്ലാവരേയും ആഹ്വാനം ചെയ്തു. വിദൂരത്തൊ, ഉന്നതത്തിലൊ ആയിരുന്നുകൊണ്ടല്ല, പ്രത്യുത, റൊമേനിയായിലെ ജനങ്ങളുടെ മദ്ധ്യേ, ആ മണ്ണില്‍ തീര്‍ത്ഥാടകന്‍ ആയിരുന്നുകൊണ്ട് അപ്രകാരം ചെയ്യാന്‍ സാധിച്ചു എന്നതാണ് എനിക്ക് സന്തോഷം പ്രദാനം ചെയ്യുന്നത്. 

ക്രൈസ്തവര്‍ വിശ്വാസത്തിന്‍റെയും ഉപവിയുടെയും തലങ്ങളിലും പൗരജനം പൗരധര്‍മ്മം നിറവേറ്റുന്ന തലത്തിലും ഒരുമയോടെ നീങ്ങേണ്ടതിന്‍റെ മൂല്യവും ആവശ്യകതയും വിഭിന്നങ്ങളായ കൂടിക്കാഴ്ചകളില്‍ തെളിഞ്ഞു നിന്നു.

ക്രൈസ്തവരെന്ന നിലയില്‍ നമുക്ക് വ്യത്യസ്ത സഭകളുമായി സാഹോദര്യബന്ധത്തിന്‍റെ  ഒരന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അനുഗ്രഹം ലഭിച്ചിരിക്കുന്നു. റൊമേനിയായിലെ വിശ്വാസികളില്‍ സിംഹഭാഗവും, ഇപ്പോള്‍, പാത്രിയാര്‍ക്കീസ് ഡാനിയേലിന്‍റെ  നേതൃത്വത്തിലുള്ള ഓര്‍ത്തഡോക്സ് സഭയിലെ അംഗങ്ങളാണ്. പാത്രിയാര്‍ക്കീസിനെ ഞാന്‍  സോഹാദര്യഭാവത്തോടും കൃതജ്ഞതയോടും സ്മരിക്കുന്നു. ജീവസുറ്റതും കര്‍മ്മനിരതവുമാണ് അന്നാട്ടിലെ ഗ്രീക്ക് കത്തോലിക്കാ സമൂഹവും ലത്തീന്‍ സമൂഹവും. ക്രൈസ്തവരുടെ ഐക്യം അപൂര്‍ണ്ണമെങ്കിലും അത് ഏക മാമ്മോദീസായില്‍ അധിഷ്ഠിതവും രക്തത്താലും പീഡനങ്ങളുടെ ഇരുണ്ടകാലങ്ങളിലെ, വിശിഷ്യ കഴിഞ്ഞ നൂറ്റാണ്ടിലെ നാസ്തിക്യ ഭരണകൂടത്തിന്‍റെ കീഴില്‍, ഒരുമിച്ചു സഹിക്കേണ്ടിവന്ന പീഢകളാലും മുദ്രിതവുമാണ്. ക്രിസ്തുവില്‍ വിശ്വസിക്കുകയും ഓര്‍ത്തഡോക്സ്കാരുമായും കത്തോലിക്കരുമായും നല്ല ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന ലൂതറന്‍ സമൂഹവുമുണ്ട്.

റൊമേനിയായിലെ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസും പ്രസ്തുത സഭയുടെ സിനഡുമായുമുള്ള കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നു. അനുരഞ്ജിതമായ സ്മരണയിലും പൂര്‍ണ്ണഐക്യോന്മുഖ യാത്രയിലും ഒരുമയോടെ നീങ്ങാന്‍ കത്തോലിക്കാസഭയ്ക്കുള്ള സന്നദ്ധത ഞാന്‍ ഈ കുടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഈ ഇടയസന്ദര്‍ശനത്തിന്‍റെ സുപ്രധാനമായ ഈ എക്യുമെനിക്കല്‍ മാനം ബുക്കാറെസ്റ്റിലെ പ്രൗഢഗംഭീരവും പുതിയതുമായ ഓര്‍ത്തഡോക്സ് ഭദ്രാസനദേവലായത്തില്‍ നടത്തപ്പെട്ട സാഘോഷമായ “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയില്‍ പരകോടിയിലെത്തി. ഇത് പ്രതീകാത്മകമൂല്യമുള്ള അതിശക്തമായ ഒരു നിമിഷമായിരുന്നു. കാരണം, “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്നത് അതിവിശിഷ്ടമായ ക്രിസ്തീയ പ്രാര്‍ത്ഥനയാണ്. അത് മാമ്മോദീസ സ്വീകരിച്ച സകലരുടെയും പൈതൃകവുമാണ്.

കത്തോലിക്കാസമൂഹമെന്ന നിലയില്‍ നമ്മള്‍ മൂന്നു ദിവ്യബലിയര്‍പ്പിച്ചു. അതില്‍ ആദ്യത്തേത് മെയ് 31 ന് മറിയത്തിന്‍റെ സന്ദര്‍ശനത്തിരുന്നാള്‍ ദിനത്തില്‍ ബുക്കറെസ്റ്റിലെ കത്തീദ്രലില്‍ ആയിരുന്നു. രണ്ടാമത്തെ ദിവ്യബലി, സുമുലെവു ചിയുക് തീര്‍ത്ഥാടന കേന്ദ്രത്തിലാണ് അര്‍പ്പിക്കപ്പെട്ടത്. റൊമേനിയായിലെ ഗ്രീക്ക് കത്തോലിക്കാസഭയൂടെ കേന്ദ്രമായ ബ്ലായ്ഷില്‍ ആയിരുന്നു മൂന്നാമത്തെ ദിവ്യപൂജ. സുവിശേഷാത്മക കാരുണ്യത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും സാക്ഷികളായ, നിണസാക്ഷികളായ 7 ഗ്രീക്ക് കത്തോലിക്കാമെത്രാന്മാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച തിരുക്കര്‍മ്മമായിരുന്നു ഇത്.

പുരാതനവും സുപ്രധാനവുമായ സാസ്ക്കാരിക കേന്ദ്രവും കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംഗമത്തിന്‍റെ വേദിയുമായ യാസിയില്‍ വച്ച് യുവജനങ്ങളുമായും കുടുംബങ്ങളുമായും നടത്തിയ കൂടിക്കാഴ്ച അതിഗംഭീരവും ഉത്സവപ്രതീതിയുളവാക്കുന്നതുമായിരുന്നു. ഈ കൂടിക്കാഴ്ചയും പരിശുദ്ധ കന്യകാമറിയത്തില്‍ കേന്ദ്രീകൃതമായിരുന്നു. ഈ കൂടിക്കാഴ്ചാവേളയില്‍ യുവതയെയും കുടുംബങ്ങളെയും ദൈവമാതാവിന് സമര്‍പ്പിക്കുകയും ചെയ്തു.

ബ്ലായിഷിലെ നാടോടികളുമായുള്ള കൂടിക്കാഴ്ചയായിരുന്നു ഈ ഇടയസന്ദര്‍ശനത്തിലെ അവസാന പരിപാടി. ആ നഗരത്തില്‍ നാടോടികള്‍ നിരവധിയാണ്. അവരെ അഭിവാദ്യം ചെയ്യുന്നതിനും വിവേചനം ഒഴിവാക്കാനും ഏതു മതവര്‍ഗ്ഗഭാഷാവിഭാത്തില്‍പ്പെട്ടവരായാലും സകല വ്യക്തികളെയും ആദരിക്കാനും  അഭ്യര്‍ത്ഥിക്കുന്നതിനും വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ച.

പ്രിയ സഹോദരീസഹോദരന്മാരേ, ഈ അപ്പസ്തോലികയാത്ര സാധ്യമായതിന് നമുക്കു ദൈവത്തിന് നന്ദി പ്രകാശിപ്പിക്കാം. ഈ യാത്ര റൊമേനിയായ്ക്കും ഈ ഭൂമിയിലെ സഭയ്ക്കും സമൃദ്ധമായ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനായി കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം വഴി നമുക്ക് ദൈവത്തോട് അപേക്ഷിക്കാം.

നന്ദി.  

കളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

ഇസ്രായേലിന്‍റെയും പലസ്തീന്‍റെയും പ്രസിഡന്‍റുമാരും പാത്രീയാര്‍ക്കീസ് ബര്‍ത്തൊലൊമെയൂസും വത്തിക്കാനില്‍ വച്ചു നടത്തിയ കൂടിക്കാഴ്ചയുടെ അഞ്ചാവാര്‍ഷികമാണ് വരുന്ന ശനിയാഴ്ച, ജൂണ്‍ 8-ന് എന്നത് പാപ്പാ അനുസ്മരിച്ചു. അന്നുച്ചയ്ക്ക് 1 മണിക്ക് “സമാധാനത്തിനുവേണ്ടി ഒരു മിനിറ്റു” പ്രാര്‍ത്ഥിക്കാന്‍ പാപ്പാ വിശ്വാസികളേവരെയും ക്ഷണിച്ചു. അവിശ്വാസികളെ ആകട്ടെ പാപ്പാ, സമാധനത്തെക്കുറിച്ച് ചിന്തിക്കാന്‍ ക്ഷണിച്ചു. ഉപരി സാഹോദര്യം വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കാന്‍ എല്ലാവരും ഒത്തൊരുമിച്ചു യത്നിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. അന്താരാഷ്ട്ര കത്തോലിക്കാപ്രവര്‍ത്തന സംഘടന ഈ സംരഭത്തിനു മുന്‍കൈയ്യെടുക്കുന്നതില്‍ തന്‍റെ നന്ദിയും പാപ്പാ അറിയിച്ചു. 

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

 

05 June 2019, 12:49