തിരയുക

ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....  

നമ്മെ ശക്തിപ്പെടുത്തുന്ന ദൈവവചനവും ദൈവാത്മാവും

ഫ്രാൻസിസ് പാപ്പായുടെ പൊതു കൂടിക്കാഴ്ച പ്രഭാഷണ സംഗ്രഹം

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

ഇറ്റലിയിലും റോമിലും തണുപ്പ് നിറഞ്ഞ ഒരു കാലാവസ്ഥയായിരുന്നു ഈ ബുധനാഴ്ച. ഫ്രാൻസിസ് പാപ്പാ പതിവുപോലെ പ്രതിവാര പൊതു ദർശനം അനുവദിച്ചു.വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ പാപ്പായെ കാണുവാനും, പ്രഭാഷണം ശ്രവിക്കുവാനും, ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ എത്തിയിരുന്നു. ജനങ്ങളെ അഭിവാദനം ചെയ്യുന്നതിന്പതിവുപോലെ പാപ്പാ തുറന്ന വാഹനത്തിൽ ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു. വാഹനത്തിൽ ഏതാനും ബാലികാബാലകന്മാരുടെ കയറ്റുകയും ചെയ്തു. അംഗരക്ഷകർ തന്‍റെയടുക്കല്‍ കൊണ്ടുവന്ന കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തലോടുകയും പിതൃവാത്സല്യത്തോടെ ചുംബിക്കുകയും ആശീർവ്വദിക്കുകയും ചെയ്തു. പ്രസംഗവേദിയെ സമീപിക്കാറായപ്പോൾ വാഹനത്തിലുണ്ടായിരുന്ന കുട്ടികളെ ഇറക്കിയതിനുശേഷം പാപ്പാ പ്രസംഗവേദിയിൽ എത്തി.പ്രാദേശിക സമയം 9. 30 ന് ഇന്ത്യയിലെ സമയം ഒരു മണിയായപ്പോൾ ത്രിത്വസ്തുതിയോടു കൂടി പ്രാൻസിസ് പാപ്പാ പൊതുദർശന പരിപാടി ആരംഭിച്ചു. തുടർന്ന് വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥത്തിൽ നിന്നുള്ള വായന വായിക്കപ്പെട്ടു.

വിശുദ്ധ ഗ്രന്ഥപാരായണം : അപ്പോസ്തല പ്രവർത്തനങ്ങള്‍.1: 3-4

3.”പീഡാനുഭവത്തിനു ശേഷം നാല്പതു ദിവസത്തേക്ക് യേശു അവരുടെയിടയിൽ പ്രത്യക്ഷനായി ദൈവരാജ്യത്തെ കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവൻ അവർക്കു വേണ്ടത്ര തെളിവുകൾ നൽകി കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു. 4.അവൻ അവരോടൊപ്പം ഭക്ഷണത്തിനിരുക്കുമ്പോൾ കൽപ്പിച്ചു: നിങ്ങൾ ജെറുസലേം വിട്ടു പോകരുത്. എന്നിൽ നിന്നു കേട്ട പിതാവിന്‍റെ വാഗ്‌ദാനം കാത്തിരിക്കുവിൻ.”

ഈ വിശുദ്ധ ഗ്രന്ഥ വായനയ്ക്കുശേഷം “അപ്പോസ്തല പ്രവർത്തനങ്ങള്‍” എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി, പരിശുദ്ധ പിതാവ് ബുധനാഴ്ച പൊതു കൂടിക്കാഴ്ച അവസരത്തിൽ നൽകുന്ന പ്രബോധനം തുടർന്നു.

പ്രിയ സഹോദരി സഹോദരങ്ങളെ ശുഭദിനാശംസകൾ!

ദൈവവചനം ചലനാത്മകമാണ്

ഇന്നു നാം അപ്പോസ്തല പ്രവർത്തനങ്ങള്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് നമ്മുടെ മതബോധന പഠനം ആരംഭിക്കുന്നത്. അപ്പോസ്തല പ്രവർത്തനങ്ങള്‍ എന്ന പുസ്തകം രചിച്ചത് സുവിശേഷകനായ വിശുദ്ധ ലൂക്കായാണ്. ഈ പുസ്തകത്തിൽ  ഈ ലോകത്തില്‍ അപ്പോസ്തലന്മാര്‍ നടത്തിയ സുവിശേഷയാത്രയെ കുറിച്ചും, സുവിശേഷ വല്‍ക്കരണത്തിന്‍റെ കാലഘട്ടത്തെ കുറിച്ചും, ദൈവവചനവും, ദൈവാത്മാവും തമ്മിലുള്ള മനോഹരമായ ഐക്യത്തെകുറിച്ചും  സുവിശേഷകൻ പ്രതിബാധിക്കുന്നു. അപ്പോസ്തലപ്രവർത്തനങ്ങള്‍ എന്ന പുസ്തകത്തില്‍ ഊർജ്ജസ്വലത നിറഞ്ഞ ദമ്പതികളായാണ് വചനവും ആത്മാവും വിശേഷിക്കപ്പെടുന്നത്.

സങ്കീർത്തകൻ (147:4) ൽ പറയുന്നു ദൈവം ഭൂമിയിൽ തന്‍റെ സന്ദേശമയക്കുന്നു. അവിടുത്തെ സന്ദേശം അതിവേഗത്തിൽ സഞ്ചരിക്കുന്നു എന്നാണ്. ദൈവവചനം ചലനാത്മകമാണ്. അത് വീഴുന്ന എല്ലാ നിലങ്ങളെയും നനവുള്ളതാക്കുന്നു.

ദൈവത്തിന്‍റെ ശക്തിയെന്താണ്? മനുഷ്യന്‍റെ വാക്ക്  ഫലപ്രദമാണെങ്കിലും നന്ദിയര്‍ഹിക്കുന്നില്ല. എന്നാൽ പരിശുദ്ധാത്മാവിന്‍റെ വചനത്തിന് നന്ദി അർപ്പിക്കണം. കാരണം അത് ദൈവത്തിന്‍റെ ശക്തിയാണ്. ബലമാണ്.  നമ്മെ വിശുദ്ധീകരിക്കാനുള്ള ശക്തി അതിനുണ്ട്. നമ്മുടെ ജീവിതത്തെ താങ്ങി നിർത്തുവാനും ദൈവാത്മാവിന്‍റെ വചനത്തിന് കഴിയും. ദൈവാത്മാവ് മനുഷ്യരെ സന്ദർശിക്കുമ്പോൾ മനുഷ്യ വചനവും ശക്തിയുള്ളതായി രൂപാന്തരപ്പെടുന്നു. ദൈവവചനം ഒരു വെടികെട്ടു പോലെ  നിന്ന് തന്‍റെ ഊർജ്ജത്താല്‍ ഹൃദയങ്ങളെ പ്രകാശിപ്പിക്കുകയും പ്രതിബന്ധങ്ങളെ പൊട്ടിത്തെറിപ്പിക്കുകയും, പുതിയ പാതകൾ തുറക്കുകയും, ദൈവജനത്തിന്‍റെ അതിർത്തികളെ വിപുലമാക്കുകയും ചെയ്യുന്നു.

പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനം

പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തിലൂടെയാണ് ദൈവപുത്രൻ ഈ ഭൂമിയിൽ അവതരിച്ചത്. ആത്മാവ് അവിടുത്തെ അഭിഷേകം ചെയ്യുകയും, തന്‍റെ ദൗത്യത്തിൽ നിലനിറുത്തുകയും ചെയ്തു. ദൈവപുത്രൻ തിരഞ്ഞെടുത്ത അപ്പോസ്തലന്മാര്‍ സുവിശേഷ പ്രഘോഷണത്തില്‍ നിലനിൽക്കുവാനും, പ്രഘോഷണം ഫലമുള്ളതാക്കാൻ ഉറപ്പുനൽകുകയും ചെയ്തു. ഈ ഉറപ്പ് പരിശുദ്ധാത്മാവ് ഇന്ന് നമുക്കും നൽകുന്നു. യേശുവിന്‍റെ ഉത്ഥാനം, സ്വർഗ്ഗാരോഹണത്തോടെ സുവിശേഷം അവസാനിക്കുമ്പോള്‍ അപ്പോസ്തലന്മാരുടെ പ്രവർത്തനങ്ങളില്‍ ശിഷ്യന്മാരുടെ വചന പ്രഘോഷണ സംഭവവിവരണങ്ങള്‍ വിവരിക്കപ്പെടുന്നു. ഉത്ഥിതനായ ക്രിസ്തുവിന്‍റെ സമ്പുഷ്ടമായ ജീവിതത്തെ  നടപടി പുസ്തകത്തിന്‍റെ ഒന്നാം അദ്ധ്യായം മൂന്നാം വാക്യത്തിൽ കാണുന്നു.

3.പീഡാനുഭവത്തിനു ശേഷം നാല്പതു ദിവസത്തേക്ക് യേശു അവരുടെയിടയിൽ പ്രത്യക്ഷനായി ദൈവരാജ്യത്തെ കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവൻ അവർക്കു വേണ്ടത്ര തെളിവുകൾ നൽകി കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു. (അപ്പോ.1:3)

സ്വയം വിരുന്നൊരുക്കുകയും തന്നെത്തന്നെ  ദിവ്യകാരുണ്യമായി പങ്കുവയ്ക്കുകയും ചെയ്ത ക്രിസ്തു മാനുഷികമായ ഭാവങ്ങളിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തുകയും, പിതാവിന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ കാത്തിരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

“എന്തെന്നാൽ യോഹന്നാൻ വെള്ളം കൊണ്ട് സ്നാനം നൽകി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനം ഏല്‍ക്കും.” (അപ്പോ.1:5)

പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം യഥാർത്ഥത്തില്‍ ദൈവവുമായുള്ള വ്യക്തിപരമായ ഐക്യത്തിൽ പ്രവേശിക്കുവാനും ആ അനുഭവത്തിൽ ജീവിക്കുവാനും സാർവത്രീകമായ രക്ഷാകര ദൗത്യത്തിൽ പങ്കുചേരുവാനും ‘ദൈവത്തിന്‍റെ മക്കൾ’ എന്ന നിലയിൽ ജീവിക്കുവാനും, കഴിവ് നൽകുന്നു. ‘ദൈവത്തിന്‍റെ മക്കൾ’ എന്നത് വ്യക്തവും, സ്വതന്ത്രവും,ഫലദായകവും, ക്രിസ്തുവിലുള്ള പ്രത്യാശയും, ദൈവത്തോടും സഹോദരങ്ങളോടുള്ള പൂർണ്ണമായ സ്നേഹത്തിന്‍റെ വിശ്വസ്ഥതയും ഉൾക്കൊണ്ടിരിക്കുന്നു. ആകയാൽ ദൈവത്തെ സ്വന്തമാക്കാൻ ബലപരീക്ഷണം നടത്തേണ്ട ആവശ്യമില്ല. സ്വതന്ത്രമായും, സമുചിതമായ സമയത്തിലും ദൈവം നമുക്ക് എല്ലാം നൽകുന്നു. ദൈവത്തിന്‍റെ സമയത്തെ മുൻകൂട്ടി അറിയാനുള്ള ആഗ്രഹങ്ങളെ കുറിച്ച് അപ്പോസ്തലപ്രവർത്തനം ഒന്നാം അദ്ധ്യായം ഏഴ് മുതൽ എട്ട് വരെയുള്ള തിരുവചനങ്ങളില്‍ പറയുന്നതിങ്ങനെയാണ്.

ദൈവത്തിന്‍റെ സമയത്തിനായി കാത്തിരിക്കണം 

7. “പിതാവ് സ്വന്തം അധികാരത്താൽ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ, കാലമോ നിങ്ങൾ അറിയേണ്ട കാര്യമല്ല. എന്നാൽ, പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. 8.ജറുസലേമിലും, യുദേയാ മുഴുവനിലും, സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും.”(അപ്പോ.1:7-8).

ഉത്ഥിതനായ ക്രിസ്തു തന്‍റെ അനുയായികളെ വർത്തമാനത്തെ ആകുലതയോടെ ജീവിക്കാനല്ലാ ക്ഷണിക്കുന്നത്. മറിച്ച് ദൈവത്തിന്‍റെ സമയവുമായി സഹകരിച്ചുകൊണ്ട് കാലത്തിന്‍റെയും, സമയത്തിന്‍റെയും അതിനാഥനായ ദൈവത്തിന്‍റെ ചുവടുവയ്പ്പുകളെ കാത്തിരിക്കുവാനാണ്.

ഉത്ഥിതനായ ക്രിസ്തു തന്‍റെ ജനത്തെ സ്വയം സുവിശേഷവൽക്കരണം നിർവഹിക്കാൻ ക്ഷണിക്കുന്നില്ല. മറിച്ച് ജറുസലേമിലും, സമരിയായിലും, ഭൂമിയുടെ അതിർത്തികൾ വരെയും ചെന്ന് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നതിനും, തന്‍റെ ആത്മാവിനെ നൽകി നമ്മുടെ ഹൃദയത്തെ ശക്തിപ്പെടുത്തുന്ന പിതാവിന്‍റെ സമയത്തിന് വേണ്ടി കാത്തിരിക്കുവാണ് ക്ഷണിക്കുന്നത്. യേശു തന്നെത്തന്നെ ദിവ്യകാരുണ്യമായി നൽകുകയും, ദൈവത്തിന്‍റെ കുടുംബം എന്ന നിലയിൽ അപ്പോസ്തലന്മാർ ഒരുമിച്ചു ജീവിക്കുകയും ചെയ്ത ദൈവദാനത്തിന്‍റെ ഓർമ്മകള്‍ ഉണർത്തുന്ന മതിലുകളായി ഇന്നും നിലനിൽക്കുന്ന സെഹിയോൻ ഊട്ടു ശാലയിൽ  ആത്മാവിന്‍റെ വരവിനായുള്ള പ്രതീക്ഷയിലാണ് അപ്പോസ്തലന്മാർ ജീവിച്ചത്.

പ്രാര്‍ത്ഥനാ നിരതരായി കാത്തിരിക്കണം 

ദൈവത്തിന്‍റെ ശക്തിക്കു വേണ്ടി നാം കാത്തിരിക്കേണ്ടതെങ്ങനെയാണ്? സ്ഥിരതയോടെ പ്രാർത്ഥിച്ചുകൊണ്ടും, നാം പലരല്ലെന്നും ഒന്നാണെന്നുള്ള വിശ്വാസത്തോടും കൂടെയാണ് ദൈവാത്മാവിനു വേണ്ടി നാം കാത്തിരിക്കേണ്ടത്. യഥാർത്ഥത്തിൽ പ്രാർത്ഥനയിലൂടെ നമ്മുടെ ഏകാന്തതയെയും, പ്രലോഭനങ്ങളെയും, അവിശ്വാസത്തെയും അതിജീവിക്കുവാനും നമ്മുടെ ഹൃദയങ്ങളെ ഐക്യത്തിലേക്ക് തുറന്നു കൊടുക്കുവാനും നമുക്ക് കഴിയും. ദൈവസ്നേഹത്തിന് വിശ്വസ്ഥരായി നിന്ന് സാക്ഷ്യം വഹിക്കുകയും, ക്രിസ്തുവിൽ നിന്നും പഠിക്കുകയും കൂട്ടായ്മയുടെ ശക്തിയോടെ എല്ലാത്തിനെയും അതിജീവിക്കുകയും ചെയ്ത ദൈവ പുത്രന്‍റെ അമ്മയായ പരിശുദ്ധമറിയവും, അവിടെ സന്നിഹിതരായിരുന്ന സ്ത്രീകളും ഇന്ന് ഈ അനുഭവത്തെ നമ്മിലേക്ക് നിവേശിപ്പിക്കുന്നു. ദൈവത്തിന്‍റെ ചുവടുവെപ്പുകൾക്ക് വേണ്ടി ക്ഷമയോടെ നമുക്ക് കാത്തിരിക്കുവാൻ പരിശുദ്ധാത്മാവിനോടു അപേക്ഷിച്ചുകൊണ്ടും, സഭാ കൂട്ടായ്മയെ പരിപോഷിപ്പിച്ചു കൊണ്ടും, ജീവിക്കാനുള്ള അനുഗ്രഹത്തിന് വേണ്ടി ദൈവത്തോടു പ്രാർത്ഥിക്കാം. ഈ വാക്കുകളിൽ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

അഭിവാദനവും, ആശംസകളും

 പ്രഭാഷണത്തിനു ശേഷം പാപ്പാ ഇറ്റാലിയൻ ഭാഷയില്‍ നല്‍കിയ പ്രഭാഷണ സംഗ്രഹം ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെട്ടു. ഓരോ വായനയുടെയും അന്ത്യത്തിൽ  അതാതു ഭാഷക്കാരെ ഇറ്റാലിയൻ ഭാഷയിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇംഗ്ലണ്ട്, സ്വേഡൻ, ഓസ്ട്രേലിയാ ന്യൂസിലാൻഡ്, മലേഷ്യാ, ഫിലിപ്പൈൻസ്,അമേരിക്കാ എന്നീ രാഷ്ട്രങ്ങളിൽ നിന്ന് വന്ന തീര്‍ത്ഥാടകരെയും പാപ്പാ അഭിവാദനം ചെയ്തു. തുടര്‍ന്ന് സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. അതിനുശേഷം ഉത്ഥിതനായ ക്രിസ്തുവിന്‍റെ സന്തോഷവും, കരുണാർദ്രമായ സ്നേഹവും അവിടെ സമ്മേളിച്ചിരുന്ന ഓരോ കുടുംബാംഗങ്ങൾക്കും എല്ലാവർക്കും ലഭിക്കട്ടെ എന്നാശംസിച്ച പാപ്പാ അവിടെ സന്നിഹിതരായ എല്ലാവരെയും ആശീർവദിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2019, 15:24